Saturday, December 20, 2008

പുനര്‍ജ്ജനിയുടെ തീരങ്ങളില്‍

എന്നത്തേയും പോലെ പുലര്‍ച്ചെ 5 മണിക്ക് തുടങ്ങിയ ഓട്ടമാണ്..മോളും ഗൌതവും ഇറങ്ങിയ ശേഷം ന്യൂസ് പേപ്പറും എടുത്തു ഒരു കപ്പു കാപ്പിയുമായി ഈ ബാല്‍ക്കണിയില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരമായി..കാട് കയറിയ ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത് സെല്‍ ഫോണിന്റെ തുടരെ ഉള്ള ബെല്‍ അടിയാണ്..ഫോണ്‍ കാതിനോട് ചേര്‍ക്കും മുന്‍പേ അതാരെന്നു നോക്കാന്‍ പോലും തോന്നിയില്ല...അങ്ങേത്തലയ്ക്കല്‍ നിന്ന് സുധിയുടെ ശബ്ദം..പവി നീ എപ്പോളാണ് ഇറങ്ങുക.ട്രാഫിക്കില്‍ പെടരുത്..ക്ലയന്റ് വിസിറ്റ് മറന്നിട്ടില്ലലോ.."ഇല്ല ..ദാ ഇറങ്ങുകയായി "എന്ന് പറഞ്ഞു ഫോണ്‍ വച്ചു..സത്യത്തില്‍ ഓഫീസ് ,ക്ലയന്റ് ഒന്നും പവിത്രയുടെ ചിന്തകളില്‍ ഉണ്ടായിരുന്നില്ല...

വിസ്തരിച്ചൊന്നു
കുളിച്ചു..മുടിയിഴകളില്‍ ഹെര്‍ബല്‍ എസ്സെന്സിന്റെ സുഗന്ധം..കറുപ്പില്‍ കോപ്പര്‍ ബോര്‍ഡര്‍ ഉള്ള സാരി ഉടുത്തു..ചുണ്ടില്‍ അല്പം ലിപ്ഗ്ലോസ്..കണ്‍ കോണുകളില്‍ ലാക്മേ പകര്‍ന്ന കറുപ്പ് നിറം..നെറ്റിയില്‍ ചെറിയ ഒരു കറുപ്പ് പൊട്ടും..സുധിയുടെ ഭാഷയില്‍ പവി എന്നും സിമ്പിള്‍ ആന്‍ഡ് എലഗന്ട് അല്ലെ..അപ്പോള്‍ ഇത് മതി.. രാവിലത്തെ തിരക്കിനിടയില്‍ പലയിടത്തായി ചിതറിക്കിടന്ന മോളുടെ പുസ്തകങ്ങളും ഗൌതമിന്റെ വസ്ത്രങ്ങളും ഒക്കെ അടുക്കി വച്ച ശേഷം ഫ്ലാറ്റ് പൂട്ടി പാര്‍ക്കിങ്ങിലെയ്ക്ക് നടന്നു...ഗസലുകള്‍ കേട്ട് തിരക്കുകള്‍ക്കിടയിലൂടെ പവിത്ര മെല്ലെ ഡ്രൈവ് ചെയ്തു..തിരയൊഴിഞ്ഞ കടല്‍ പോലെ മനസ്സ് ശാന്തമായിരുന്നു..

പവി നിന്റെ പഞ്ച്ലൈനും ഡിസൈനും ഒക്കെ അവര്‍ക്ക് ഇഷ്ടമായി...അതിലേറെ നിന്റെ പ്രസന്റേഷന്‍ ...സുധി പിശുക്കില്ലാതെ പ്രശംസിച്ചു കൊണ്ടിരുന്നു..നിനക്കെന്തു ട്രീറ്റ്‌ വേണം പവി ..പറയൂ..സുധി എനിക്ക് ഒരാഴ്ച ലീവ് വേണം..പക്ഷെ അതൊരു ഒഫീഷ്യല്‍ ട്രിപ്പ്‌ ആയെ മറ്റുള്ളവര്‍ അറിയാവൂ..ഞെട്ടല്‍ മറച്ചു സുധി ചോദിച്ചു നീ എവ്ടെയ്ക്ക് മുങ്ങാന്‍ പോകുന്നു?...ആരോടും ഉത്തരം പറയണ്ടാത്ത ഒരാഴ്ച എനിക്ക് കടം തരാമോ എന്നല്ലേ സുധി ഞാന്‍ നിന്നോട് ചോദിച്ചത്...അതില്‍ നീ തന്നെ ചോദ്യങ്ങള്‍ കൊണ്ട് നിറച്ചാലോ.അല്‍പ നേരത്തെ ആലോചനയ്ക്ക് ശേഷം സുധി പറഞ്ഞു -എഗ്രീഡ്‌ പവി..നിനക്ക് അത് സന്തോഷം നല്‍കുമെങ്കില്‍ ആയിക്കോള്..പുതിയ അസയ്ന്മേന്റ്നു വേണ്ടി ഉള്ള യാത്രയെന്ന് മാത്രം മറ്റുള്ളവര്‍ അറിഞ്ഞാല്‍ മതി..

ഗൌതമിനെ ഫോണില്‍ വിളിച്ചു പറഞ്ഞു...ഏതോ തിരക്കിട്ട മീടിങ്ങില്‍ ആയിരുന്നത് കൊണ്ട് പോകുന്നത് എങ്ങോട്റെയ്ക്ക് ആണെന്ന് കൂടെ ചോദിച്ചില്ല..ബൈ..ടേക്ക് കെയര്‍...പിന്നെ ഫോണ്‍ കട്ട് ആയതിന്റെ ബീപ് ശബ്ദം മാത്രം.. മോളെ സ്കൂളില്‍ ചെന്നൊന്നു കണ്ടു..യാത്രയുടെ കാര്യം പറഞ്ഞപ്പോള്‍ ..ഓക്കേ മമ്മ ക്യാരി ഓണ്‍ ...ഹാപ്പി ജേര്‍ണി എന്നാശംസിച്ചു അവള്‍ ..സാരി തുമ്പില്‍ നിന്ന് വിടാതെ നടന്ന അമ്മകുട്ടി യില്‍ നിന്ന് മാളവിക എത്ര പെട്ടന്നാണ് വലിയ പെണ്‍കുട്ടി ആയതു..ജീവിതത്തില്‍ ഭാവങ്ങള്‍ മാറാത്ത ഏതെങ്കിലും ഒരു ബന്ധം ഉണ്ടോ.കണ്ടു മുട്ടുന്ന മാത്ര മുതല്‍ അവസാന ശ്വാസം വരെ ചേര്‍ത്ത് വയ്ക്കാവുന്ന ഏതെങ്കിലും ഒന്ന്.ഹൃദയത്തോട് ചേര്‍ത്ത് വയ്ച്ചവര്‍ ഒക്കെ നിമിഷാര്‍ധത്തില്‍ അന്യരായി നടന്നകലുന്നത് ജീവിതത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന ഒരു തമാശ മാത്രം.

പണ്ടെന്നോ ലോഫ്ടിനുള്ളിലെക്ക്ക് എടുത്തിട്ട മുണ്ടും നേര്യതും തപ്പി എടുത്തു...എയര്‍ ബാഗിനുള്ളിലെയ്ക്ക് അതും കൂടെ എടുത്തു വച്ചു..രണ്ടര മണിക്കൂര്‍ കൊണ്ട് ഫ്ലൈറ്റ് ഡല്‍ഹിയില്‍ എത്തി..മൂന്നു മണിക്കൂര്‍ ഇടവേള ...അവിടെ നിന്ന് ബനാറസ്..എയര്‍പോര്‍ട്ടില്‍ നിന്നും അരമണിക്കൂര്‍ ടാക്സിയില്‍...ഭേദപ്പെട്ടതെന്നു തോന്നിയ ഒരു ഹോട്ടലില്‍ മുറിയെടുത്തു...വെയില്‍ മാഞ്ഞു തുടങ്ങിയപ്പോള്‍ ഇറങ്ങി നടന്നു..ഇടുങ്ങിയ ഗലികളില്‍ കൂടെ വിശ്വനാഥ ക്ഷേത്രതിലെയ്ക്...മോക്ഷം തേടി ജനസഞ്ചയങ്ങള്‍ എത്തുന്ന സന്നിധി..കൈകൂപ്പി നിന്നപ്പോള്‍ മനസ്സ് ശൂന്യമായിരുന്നു..അല്‍പ നേരം ഉള്ളില്‍ ചുറ്റി നടന്നു ..പുറത്തു കടന്നു ഗംഗയുടെ തീരത്തേയ്ക്ക്..വരാന്‍ കൊതിച്ചത് അവിടെയ്ക്ക് ആയിരുന്നല്ലോ..നൂറു കണക്കിനുള്ള ഘാട്ടുകള്‍.സന്ധ്യ സമയം ആയിരുന്നതിനാല്‍ പ്രത്യേക പൂജകളും ആരതിയും ഒക്കെ നടന്നു കൊണ്ടിരുന്നു...നദിയിലേക്ക് ഒഴുക്കി വിട്ടു കൊണ്ടിരുന്ന ദീപങ്ങള്‍ ഗംഗയെ സുന്ദരിയാക്കിയിരുന്നോ? അതോ ഉള്ളില്‍ കനല്‍ പൂവുകള്‍ ഒതുക്കി വച്ചു പുറമേയ്ക്ക് ചിരിക്കുക ആണോ ഗംഗയും..ഇരുള്‍ പരന്നു തുടങ്ങിയിരുന്നു...കണ്ണെത്തും ദൂരത്തോളം നദീ തീരത്ത് എരിയുന്ന ചിതകള്‍..

പൂജയും ഹോമവും ഒക്കെ കഴിഞ്ഞു തിരക്കൊഴിഞ്ഞു തുടങ്ങിയിരുന്നു.എരിഞ്ഞു തീരാറായ ചിതകളെയും ,നദിയുടെ നെഞ്ചിലൂടെ ഒഴുകുന്ന കത്തി തീരാറായ ദീപങ്ങളെയും നോക്കി അവള്‍ ആ പടവുകളില്‍ ഇരുന്നു...ചിന്തകള്‍ പവിത്രയെ ഏതോ ലോകത്തേയ്ക്ക് ചുഴറ്റി എറിഞ്ഞിരിക്കണം ..അടുത്തിരുന്ന സന്യാസിയുടെ സംസാരം ആണ് അവളെ ഉണര്‍ത്തിയത്...ഹിന്ദിയും ഇംഗ്ലിഷും കൂടി കുഴഞ്ഞ ഭാഷയില്‍ അയാള്‍ പലതും സംസാരിച്ചു.അല്ലെന്കിലും ഹൃദയത്തിന്റെ ഭാഷ വാക്കുകള്‍ക്കു അതീതമാണല്ലോ..."മകളെ...ഈ പ്രായത്തില്‍ , ഈ പടവുകളില്‍ നിന്നെ എത്തിച്ചത് എന്തെന്ന് എനിക്കറിയില്ല..എങ്കിലും ഒന്ന് പറയാം..ഈ ജന്മത്തിലെയോ കഴിഞ്ഞ ജന്മത്തിലെയോ തെറ്റുകളുടെ ശിക്ഷ അല്ല നീ അനുഭവിക്കുന്നത്...വരാനുള്ള എത്രയോ ജന്മങ്ങളില്‍ നിന്നുള്ള മോചനമാണ്‌..ഗീതയിലെ ശ്ലോകങ്ങളും അവയുടെ അര്‍ത്ഥവും നിര്‍ത്താതെ പറഞ്ഞു കൊണ്ടേ ഇരുന്നു...ഒരു രാവ് മുഴുവന്‍ അങ്ങനെ പോയി...എപ്പോളോ അവള്‍ മയങ്ങി പോയി..കണ്ണ് തുറന്നപ്പോള്‍ അരികില്‍ ആരും ഉണ്ടായിരുന്നില്ല..

സന്ന്യാസി പോലും ഒരു സ്വപ്നത്തിന്റെ ഭാഗമായിരുന്നോ എന്നവള്‍ സംശയിച്ചു.ഇവിടെ ഈ മണികര്‍ണിക യില്‍ എരിഞ്ഞു തീരാന്‍ ആയാല്‍ ..പുനര്‍ജനികള്‍ ഇല്ലാതെ ഇരിക്കാമല്ലോ.ഗംഗയിലെയ്ക്ക് മെല്ലെ ഇറങ്ങുമ്പോള്‍ പാപം മുഴുവന്‍ അവിടെ സമര്‍പ്പിച്ചു ഒര്‌ മടങ്ങി വരവ് ആഗ്രഹിച്ചിരുന്നില്ല..ഈ ജീവിതത്തില്‍ പവിയെ പിടിച്ചു നിര്‍ത്താന്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം...കഴുത്തൊപ്പം വെള്ളത്തില്‍ എത്തി..ഒഴുക്കില്‍ വഴുതി വീണു...കണ്ണുകള്‍ അടഞ്ഞു...അമ്മെ ഗംഗേ ...സ്വീകരിക്കൂ...ആത്മാവിനെ പൊതിഞ്ഞു നിന്ന ഓരോ ബന്ധങ്ങളും ബന്ധനങളും അവിടെ അഴിഞ്ഞു വീഴുക ആയിരുന്ന.."ഏതൊരു പെണ്ണിനേം പോലെ ആണ് പവിത്രയും ? എക്സ് ഓര്‍ വൈ ഓര്‍ പവി...ടസിന്റ്റ് മയ്ക്സ് എനി ദിഫ്ഫെരെന്‍സ് ഫോര്‍ ഗൌതം.."..ആത്മ നിന്ദയോടെയാണ് എന്നും അത് കേട്ട് നിന്നിട്ടുള്ളത്.അറിയാതെ കണ്ണ് നിറയുമ്പോള്‍ ഒക്കെ...പവി,വില്‍ യു പ്ലീസ് സ്റ്റോപ്പ് ദിസ് സെന്റിമെന്റല്‍ മെലോഡ്രാമ.കാലം ചെല്ലവേ സെന്റിമെന്റല്‍ അല്ലാത്ത ഒരു മാനസികാവസ്ഥയിലേക്ക് പവി വളര്‍ന്നു തുടങ്ങി ..

പിന്നെ മോള്‍ വന്നപ്പോള്‍...അമ്മയ്കാന്‍ പോകുന്നെവെന്നു അറിഞ്ഞ നിമിഷം മുതല്‍ ചുറ്റുപാടുള്ള ഒന്നിനും പവിത്രയെ നോവിക്കാന്‍ കഴിഞ്ഞിരുന്നില്ല..പക്ഷെ മോള്‍ വളര്‍ന്നു വരുംതോറും അവര്‍ക്കിടയില്‍ അകലങ്ങള്‍ സൃഷ്ടിക്കാന്‍ പലരും വല്ലാതെ ശ്രമിച്ചു..പിടിവലികള്‍ക്കിടയില്‍ അവളുടെ കുഞ്ഞു മനസ്സ് നോവതിരിക്കാന്‍ പവി വിട്ടു കൊടുത്തു...സ്നേഹമെന്നാല്‍ പിടിച്ചു വാങ്ങല്‍ അല്ല വിട്ടു കൊടുക്കല്‍ ആണെന്ന് പവി വീണ്ടും വീണ്ടും അറിഞ്ഞു കൊണ്ടേ ഇരുന്നു ..

പിന്നേ....മായാന്‍ മടിച്ചു...അഴിയാന്‍ മടിച്ചു എന്നത്തേയും പോലെ ദത്തന്‍..ജീവിതത്തിന്റെ ഒഴുക്കില്‍ പല തവണ കാമുകിയുടെയും സുഹൃത്തിന്റെയും വേഷങ്ങള്‍ മാറി മാറി കളിച്ചു...ചതുരംഗ കളത്തിലെ കരുവിനെ പോലെ..കളിക്കാരന്റെ ഇഷ്ടതിനൊപ്പം കളം മാറി കൊണ്ടേ ഇരുന്നു..എങ്കിലും ഇലയനക്കങ്ങള്‍ പോലും അവന്റെ കാലടി ഒച്ചയെന്നു കരുതി പോകും പവി..സ്വന്തമല്ലാത്ത ഒന്നിനെയും സ്നേഹിക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ..എന്ത് കൊണ്ടോ ഈ തത്വങ്ങള്‍ ഒന്നും പവിക്ക് മാത്രം ബാധകം ആവുന്നില്ല...പക്ഷെ അവസാനം ആ കെട്ടും അഴിഞ്ഞു...സ്നേഹത്തിനും സുരക്ഷിതത്വത്തിനും ഒക്കെ ആയി എന്നും ഉണ്ടായിരുന്ന മനസ്സ് കൊണ്ടുള്ള ആ കാത്തിരിപ്പ് അവിടെ അവസാനിച്ചു....

മുങ്ങി നിവര്‍ന്ന പവി...വെറും പവി മാത്രം ആയിരുന്നു...ഗൌതമിന്റെ ,മാളവികയുടെ,ദത്തന്റെ ..ഒന്നും നിഴല്‍ പാടുകള്‍ പോലും ഇല്ലാത്ത പവി..അഴിഞ്ഞു വീണ ബന്ധങ്ങള്‍ക്കൊന്നും ഇനി തന്നെ നോവിക്കാനാകില്ല..ഉള്‍ക്കൊള്ളുന്ന പാത്രത്തിന്റെ രൂപം സ്വീകരിക്കാന്‍ കഴിവുള്ള ജലത്തെ പോലെ തന്റെ ആത്മസത്തയില്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ അവര്‍ക്കൊക്കെ വേണ്ടി ഏതു വേഷവും ഏതു സാഹചര്യത്തിലും എടുത്തണിയാന്‍ പവിക്ക്ക് ഇനി കഴിയും...ഇവിടെ ഈ മണികര്‍ണിക യില്‍ അവസാനിക്കേണ്ടത് അല്ല ജീവിതം എന്ന തിരിച്ചറിവില്‍ പവി ഗംഗയില്‍ നിന്ന് പടിക്കെട്ടുകള്‍ കയറി മുകളിലേയ്ക്ക് നടന്നു തുടങ്ങി..

Wednesday, November 26, 2008

സ്വപ്നാടനം

ഓരോ ഉറക്കവും , ഒരു കൊച്ചു മരണമെന്നാരോ പറഞ്ഞത്...

നേരെന്നു കരുതുവാനാവില്ലിനി..


ഉണര്‌വ്വിനേക്കാളെത്ര ജീവിച്ചു ഞാനാ കൊച്ചു മരണങ്ങളില്‍...


ദൃഢമാര്‍ന്നോരാ കൈ വിരലുകള്‍ ചേര്‍ത്തു പിടിച്ചൊരുസ്വപ്നത്തിന്‍ ചിറകില്..,


എവിടേയ്ക്ക് ഞാനൊരു യാത്ര പോയ്‌...



പൂക്കളായ്‌ വിരിഞ്ഞുലഞ്ഞൊരാ നക്ഷത്രങ്ങളും

സ്നേഹം നിലാ മഴയായ്‌ പെയ്തിറങ്ങിയൊരാ

മേഘങ്ങള്‍ മറ തീര്‍ത്ത വഴിത്താരയില്‍...

എത്ര കാതമൊന്നായലിഞ്ഞു നടന്നുവേന്നോ നാം ..


അറിയാതെ കണ്ചിമ്മി തുറന്ന മാത്രയില്‍ മാഞ്ഞു പോയ് നക്ഷത്രങ്ങള് ....

പൂക്കളും സ്നേഹനിലാവും...

കണ്ണൊന്നു ഇറുക്കി തിരികെ നടക്കാന്‍ കൊതിക്കവേ..

നമുക്കിടയിലൂടൊഴുകുന്ന പ്രകാശ വര്‍ഷങ്ങള്‍

എന്റെ നിദ്രയും തട്ടി പറിച്ചെടുത്തെങ്ങോ മറഞ്ഞു ....

Friday, October 24, 2008

സമാന്തര രേഖകള്‍

"ഓരോ ജീവിതവും ഇങ്ങനെ സ്നേഹം തേടിയുള്ള അലച്ചില്‍ മാത്രമാണൊ?കടല്‍ കരയിലൂടെ അലസമായി നടക്കുമ്പോള്‍ എപ്പോളെങ്കിലും അരികില്‍ വന്നു അടിഞ്ഞേക്കാവുന്ന ഒരു ശംഖ് പോലെ .തിരകള്‍ക്കപ്പുറം എവിടെയോ അതുണ്ട്.മനസ്സ് തേടി അലയുന്ന സ്നേഹം.വ്യവസ്ഥകളില്ലാതെ എന്നും കൂടെ ഉണ്ടാവുന്ന ഒന്ന്.മനസ്സ് കൊണ്ടെങ്കിലും എന്നും കൂടെ ചേര്‍ത്ത് വയ്ക്കാന്‍ ഒരാള്‍...ഒരിക്കലും പക്ഷെ ഈ ജീവിത യാത്രയില്‍ കണ്ടെത്താന്‍ ആവണം എന്നില്ല.ആഗ്രഹിക്കാം ..കാത്തിരിക്കാം ..അത് മനസ്സിന്റെ മാത്രം അവകാശമാണ്.പക്ഷെ കിട്ടണമെന്ന് ശഠിക്കരുത്..." ഇതായിരുന്നു ആ ഡയറിയിലെ അവസാനത്തെ വരികള്‍.

അഞ്ചാം
ക്ലാസ് മുതല്‍ എഴുതിയിരുന്ന ഡയറി കുറിപ്പുകള്‍ അവിടെ അവസാനിച്ചു.പിന്നെ ആ മനസ്സിന്റെ സുതാര്യത നഷ്ടമായി പോയോ?പിന്നെയും കുറെ കുറിപ്പുകള്‍ കണ്ടു.ചില ചിതറിയ ചിന്തകളും കവിത ശകലങ്ങളും ഇഷ്ടമായ വാചകങ്ങളും ഒക്കെ അവിടവിടെയായി കണ്ടിരുന്നു.പിന്നെ എപ്പോളോ മഞ്ഞ പനി പിടിച്ചു ആശുപത്രിയില്‍ ചിലവാക്കിയ ദിവസങ്ങളില്‍ ..ഒറ്റക്കായപ്പോള്‍ അവള്‍ എഴുതി കൂട്ടിയ പലതും.കഥയോ യാഥാര്‍ത്ഥ്യമോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല..വീണ്ടും വീണ്ടും ആ വരികളില്‍ കൂടെ കടന്നു പോയപ്പോള്‍ സ്വന്തം കൈ രേഖകള്‍ പോലെ ആ മനസ്സ് തെളിഞ്ഞു വന്നു.

പേജുകള്‍ക്കിടയില്‍ നിന്നും ഊര്‍ന്നു വീണ പനിനീര്‍ പൂവിന്റെ കരിഞ്ഞ ഇതളുകള്‍.ക്രോസ് സ്ടിച്ചിന്റെ തുണിയില്‍ പാതി തയ്ച്ചു നിര്‍ത്തിയ കുറെ അക്ഷരങ്ങള്‍..പെറ്റു പെരുകാനായി മാനം കാണാതെ കാത്തു വച്ചൊരു മയില്‍ പീലി തുണ്ട് ..അവള്‍ സമ്മാനിച്ച്‌ പോയതാണ് ഇവയൊക്കെ.

ശ്രദ്ധിക്കപ്പെടാന്‍ ഒന്നും ഉണ്ടായിരുന്നില്ല അവളില്‍.ഒരു സാധാരണക്കാരി..അത് കൊണ്ട് തന്നെ ആവണം ഒന്നിച്ചു പഠിച്ച മൂന്നു വര്‍ഷങ്ങളില്‍ ഒരിക്കല്‍ പോലും അവള്‍ മനസ്സിലേക്ക് കടന്നു വരാതിരുന്നത്.തന്റേതു വളരെ വിശാലമായ ലോകമായിരുന്നല്ലോ.പ്രസ്ഥാനവും ആദര്‍ശങ്ങളും പിരിയാതെ ഒപ്പം ഉണ്ടാവാറുള്ള വലിയൊരു സുഹൃദ് വലയവും ഒരിക്കലും അവസാനിക്കാത്ത ചര്‍ച്ചകളും..തിരക്കുകള്‍ ഒഴിഞ്ഞ നേരം ഇല്ലായിരുന്നു.അതിനിടക്ക് പലപ്പോളും പഠനം ഒരു സൈഡ് ബിസിനസ് ആയി മാറുന്നുണ്ടായിരുന്നു.ക്ലാസ് തീര്‍ന്നു പിരിഞ്ഞ അവസാന ദിവസം.എല്ലാവരും സാഹിത്യ ചുവയുള്ള വാചകങ്ങളില്‍ യാത്രാമൊഴികള്‍ പറഞ്ഞപ്പോള്‍ അവള്‍ മാത്രം മൗനം കൊണ്ടെന്തോ പറയാതെ പറയുന്നുണ്ടായിരുന്നു.അതെന്തെന്നു മനസ്സിലക്കാന്‍ തനിക്കു കഴിഞ്ഞില്ലന്നു മാത്രം.ബസ് വളവു തിരിഞ്ഞു കാഴ്ചയില്‍ നിന്ന് മറയും വരെ അവള്‍ പിന്തിരിഞ്ഞു നോക്കി കൊണ്ടേ ഇരുന്നു.ആ നേരത്ത് എന്തിനെന്നറിയാത്ത ഒരു അസ്വസ്ഥത മനസ്സില്‍ പടര്‍ന്നു കയറി..

ജീവിതത്തിന്റെ ഇരു ദിശകളിലേക്ക് നടന്നു തുടങ്ങിയപ്പോള്‍ ആയിരുന്നു അവര്‍ പരസ്പരം അറിഞ്ഞു തുടങ്ങിയത്.അവളുടെ കത്തുകള്‍ ഒക്കെ കവിതയും സ്വപ്നവും കൂടി കുഴഞ്ഞ ഒരു മായിക ലോകമാണ് അയാള്‍ക്ക് മുന്‍പില്‍ തുറന്നു വച്ചത്..തിരിച്ചു ഹരിയുടെ കത്തുകളില്‍ നിറയെ രാഷ്ട്രീയവും..പ്രസ്ഥാനത്തിന്റെ സ്വപ്നങ്ങളും ആദര്‍ശങ്ങളും ഒക്കെ ആയിരുന്നു.മറുപടി അയച്ചാലും ഇല്ലെന്കിലും അവളുടെ കത്തുകള്‍ വന്നു കൊണ്ടേ ഇരുന്നു.പുതിയതായി വായിച്ച പുസ്തകത്തെ പറ്റി,രാത്രിയില്‍ തിമിര്‍ത്തു പെയ്ത മഴയുടെ സംഗീതത്തെ പറ്റി,അമ്പലകുളത്തിലെ മീന്‍ കുഞ്ഞുങ്ങളുടെ കുറുമ്പിനെ പറ്റി....അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത വിഷയങ്ങള്‍ ഉണ്ടായിരുന്നു അവള്‍ക്കു എഴുതുവാന്‍..തിരക്കുകള്‍ക്കിടയില്‍ അവന്‍ എഴുതാന്‍ മറന്നതോ,വരികളിലെ പിശുക്കോ ഒന്നും അവള്‍ കര്യമാക്കിയതില്ല.

പിന്നെ ജോലി കിട്ടി ചെന്നൈ നഗരത്തിന്‍റെ തിരക്കുകളില്‍ അലിഞ്ഞു.ജീവ ശ്വാസം പോലെ കൊണ്ട് നടന്ന രാഷ്ട്രീയം പോലും മറന്നു.ആദര്‍ശങ്ങള്‍ പലതും കാറ്റില്‍ പറന്നു.പെണ്ണിനേക്കാള്‍ പൊന്നും പണവും മാറ്റ് കൂട്ടിയ ഒരു വിവാഹവും നടന്നു ഇതിനിടയില്‍.അപ്രതീക്ഷിതമായി വീണ്ടും അവളെ കണ്ടു മുട്ടി..നഗരത്തില്‍ പുതിയതാണെന്ന് വിളിച്ചോതുന്ന എടുപ്പും നടപ്പുമെല്ലാം.കണ്ട നേരം അവള്‍ടെ കണ്ണുകളില്‍ നക്ഷത്രങ്ങള്‍ പൂത്തു ഉലഞ്ഞത് കണ്ടില്ലെന്നു നടിച്ചു..അപൂര്‍വമായി കണ്ടു മുട്ടിയ നേരങ്ങളില്‍ ഒക്കെയും ധൃതിയില്‍ നടന്നു അകലാന്‍ ആയിരുന്നു താന്‍ ശ്രമിച്ചത്.അകലാന്‍ ശ്രമിക്കും തോറും അടുക്കുന്നത് പോലെ..എന്തിനെ ആണ് ഭയപ്പെടുന്നത്..ഒരു സൌഹൃദത്തിനു അപ്പുറം ഒന്നും ഉണ്ടായിട്ടില്ലലോ.വാക്കിലോ പ്രവര്‍ത്തിയിലോ മറിച്ചൊരു സൂചന അവളില്‍ നിന്നും ഉണ്ടായിട്ടില്ല.പിന്നെയും എന്താണ്?സ്വന്തം മനസ്സിനെ ആണോ താന്‍ ഭയക്കുന്നത്.ചിന്തിക്കാന്‍ പോലും ആഗ്രഹിക്കാത്ത എന്തോ ഒന്ന് മനസ്സില്‍ ഒളിപ്പിച്ചിട്ടുണ്ടോ?മനസ്സിനെ ശാസിച്ചു ഉറങ്ങാന്‍ ശ്രമിച്ചു .

ഒരു ഞായറാഴ്ച വൈകുന്നേരം ..സമയം കൊല്ലാനായി മറീന ബീച്ചില്‍ ചുറ്റി തിരിഞ്ഞപ്പോള്‍ വീണ്ടും അവള്‍ മുന്‍പില്‍.വെറുതെ എന്തൊക്കെയോ പറഞ്ഞു.ഭാര്യ ,കുട്ടികള്‍ ,അച്ഛന്‍ ,അമ്മ എല്ലാവരെയും പറ്റി അവള്‍ ചോദിച്ചു..എന്തെങ്കിലും തിരികെ ചോദിക്കാതിരുന്നാല്‍ മോശമല്ലേ..അവള്‍ സംസാരിച്ചു നിര്‍ത്തുമ്പോള്‍ തങ്ങള്‍ക്കിടയില്‍ നിറയുന്ന നിശബ്ദതയെ അയാള്‍ ഭയന്നിരുന്നു..മടിച്ചാണെങ്കിലും ചോദിച്ചു കുടുംബം?അവള്‍ ചിരിച്ചു.അച്ഛനും അമ്മയും നാട്ടിലാണ്.വിവാഹം?ചോദ്യം ഇടയില്‍ മുറിഞ്ഞു.കഴിച്ചില്ല..എന്ത് കൊണ്ടെന്നു ചോദിയ്ക്കാന്‍ ഉള്ള ധൈര്യം തനിക്കു നഷ്ടമായി..ചോദിയ്ക്കാന്‍ മറന്ന ഒരു പാട് ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മനസ്സിലേക്ക് തിരയടിച്ചു കയറുക ആയിരുന്നു ആ നേരത്ത്..

അവള്‍ എന്തൊക്കെ ആണ് പറഞ്ഞത്.ഒന്നും കേട്ടില്ല.നഷ്ടപ്പെടുത്താന്‍ ആവാത്ത പോലെ തീവ്രമായി ആരും പ്രണയിച്ചില്ല എന്ന് എപ്പോളോ പറഞ്ഞിരുന്നോ.ഓര്‍മ്മയില്ല.ഒന്ന് തൊടാന്‍ ആഗ്രഹിച്ചു നീട്ടിയ വിരല്‍ തുമ്പുകള്‍ ശൂന്യതയില്‍ ചിത്രം വരച്ചു.എപ്പോളാണ് അവള്‍ യാത്ര പറഞ്ഞു പിരിഞ്ഞത്..ഒന്നും ഓര്‍മ്മയില്ല.

തിരിഞ്ഞു
നടന്നു ഒന്നു ചേരാന്‍ കഴിയാത്ത വണ്ണം ഒരു പാട് ദൂരം എതിര്‍ ദിശകളിലേയ്ക്ക് നമ്മള്‍ നടന്നിരിക്കുന്നു ഹരി..ഇത്ര നാളും എന്‍റെ മാത്രം സ്വകാര്യമായ അഹങ്കാരമായി ഞാന്‍ കൊണ്ട് നടന്നിരുന്നു ഈ സ്നേഹം..അതെനിക്കെന്നും കൂട്ടായിരുന്നു.പക്ഷെ ഇന്നലെ ആ ജ്വലകളെ ഞാന്‍ നിന്റെ കണ്ണില്‍ കണ്ടു..എല്ലാം പറയാതെ പറയുന്നുണ്ടായിരുന്നു നിന്‍റെ കണ്ണുകള്‍.ആ കുറച്ചു നിമിഷങ്ങളില്‍ നമ്മള്‍ ഒരു ജന്മം ഒന്നിച്ചു ജീവിച്ചു തീര്‍ത്തത് പോലെ.നീ പലപ്പോളും പറയാറില്ലേ ..കൈകുമ്പിളിലെ വെള്ളം പോലെ ആണ് സ്നേഹമെന്ന്.അമര്‍ത്തി പിടിച്ചു സ്വന്തമാക്കാന്‍ നോക്കുമ്പോള്‍ തുള്ളിയില്ലാതെ നഷ്ടമാവുമെന്ന്.എനിക്കെന്നെ ഭയമാണ് ഹരി..ഇത്രയരികെ നീ ഉള്ളപ്പോള്‍...ആ സ്നേഹം ഞാന്‍ അറിഞ്ഞു കഴിഞ്ഞപ്പോള്‍..വെറും സാധാരണക്കാരിയായ എനിക്ക് പിടിച്ചു നില്ക്കാന്‍ ആയെന്നു വരില്ല..അറിയാതെ എങ്കിലും ഒരു നിമിഷം ഇറുക്കി അടച്ചു സ്വന്തമാക്കാന്‍ ശ്രമിച്ചു പോയെങ്കിലോ?കൈകുമ്പിളില്‍ ഒരു നിമിഷതെയ്ക്ക് എങ്കിലും നിറഞ്ഞു തുളുമ്പിയ ഈ സ്നേഹം നഷ്ടപ്പെടുത്താന്‍ എനിക്ക് വയ്യ..അത് കൊണ്ട് ഈ കുറിപ്പുകള്‍ നിനക്ക് സമ്മാനിച്ച്‌ ഞാന്‍ യാത്ര ആവുകയാണ്....ഇനിയൊരു ജന്മത്തിനായി കാത്തിരിക്കാം എന്നും ഞാന്‍ പറയുന്നില്ല.കാരണം ഒരിക്കലും ഒന്ന് ചേരാന്‍ ആവാത്ത സമാന്തര രേഖകള്‍ ആണ് നമ്മള്‍..ഇത്ര അരികെ ഉണ്ടായിരുന്നിട്ടും...ഇത്ര മേല്‍ പരസ്പരം അറിഞ്ഞിട്ടും ഒന്ന് ചേരാന്‍ ആവാത്ത നാം ഇനിയൊരു ജന്മത്തില്‍ ഒന്നിക്കുമെന്ന് വിശ്വസിക്കുവാന്‍ എനിക്കെന്തു കൊണ്ടോ കഴിയുന്നില്ല..അവളുടെ കത്തിലെ കറുത്ത അക്ഷരങ്ങള്‍ അവന്‍റെ ഹൃദയത്തിലേയ്ക്ക് നടന്നു കയറി .

Monday, September 22, 2008

ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും..

പതിവ് പോലെ മോളെയും കൂട്ടി വൈകുന്നേരത്തെ നടപ്പിനു ഇറങ്ങിയതാണ് ദേവ.എങ്ങോട്ട് ആണെന്ന് ദേവക്കു അറിയില്ല?മോള്‍ പറയും പോലെ..അല്ലെങ്കില്‍ ഭര്‍ത്താവു പറയും പോലെ.ആഗ്രഹങ്ങളും ലക്ഷ്യങ്ങളും എന്നോ നഷ്ടമായതാണ് ദേവയ്ക്ക്.ചരട് പൊട്ടിയ പട്ടം പോലെ കാറ്റിനൊപ്പം പറന്നു പറന്നു..പുതിയ ഫ്ലാറ്റിന്റെ പണി നടക്കുന്നതിനാല്‍ ക്ഷേത്രത്തിലേയ്ക്കുള്ള വഴിയാകെ പൊടി മൂടി ഇരിക്കുന്നു..മോള്‍ടെ കയ്യും പിടിച്ചു മെല്ലെ നടന്നു..

പണിക്കു വേണ്ടി തമിഴ് നാട്ടില്‍ നിന്നും വന്ന ഒരു പാട് ആളുകള്‍..കല്ല്‌ അടിക്കുകയും കട്ട ചുമക്കുകയും ഒക്കെ ചെയ്യുന്നു.കാഴ്ചകള്‍ പതിവുള്ളത് തന്നെ.പക്ഷെ അവളുടെ രൂപം എന്ത് കൊണ്ടോ മനസ്സില്‍ ഉടക്കി ..മരത്തിന്റെ കൊമ്പില്‍ കെട്ടിയ തൊട്ടിലില്‍ ഉറങ്ങി കിടക്കുന്ന കുഞ്ഞും..എന്തോ വാശി പോലെ ഒരു നിമിഷം പോലും ഇളയ്ക്കാതെ ആഞ്ഞു ആഞ്ഞു കല്ലിലേക്ക് പതിയുന്ന ചുറ്റികയും ..വളകള്‍ ഒന്നും ഇടാത്ത കൈകളും ..മുറുക്കി ചുവപ്പിക്കാത്ത ചുണ്ടുകളും ..അവളുടെ അടുത്ത് പുസ്തക താളില്‍ സ്വയം മറന്നിരിക്കുന്ന ഒരു ചെറിയ ആണ്‍ കുട്ടിയും ...

എന്‍റെ പുഞ്ചിരി അവള്‍ കണ്ടില്ലെന്നു നടിച്ചു..പിന്നെയും പല വൈകുന്നേരങ്ങളിലും അവളെയും കുട്ടികളെയും കണ്ടു..ചിലപ്പോള്‍ പണി കഴിഞ്ഞു സാധനങളും വാങ്ങി വരുന്നത് .മറ്റു ചിലപ്പോള്‍ അവരുടെ ചെറിയ കൂരയ്ക്ക് മുന്നിലെ അടുപ്പില്‍ പാചകത്തിന്റെ തിരക്കില്‍...ഉറക്കം പിണങ്ങി നില്‍ക്കുന്ന രാത്രികളില്‍ ബാല്‍ക്കണി യിലെ ചാരുകസേരയില്‍ മാനത്തെ നക്ഷത്രങ്ങളെ നോക്കി ഇരിക്കവേ കുഞ്ഞുങ്ങളെ കൂരയ്ക്കുള്ളില്‍ ഉറക്കി ,കീറിയൊരു കമ്പിളി പുതപ്പില്‍ നക്ഷത്രങ്ങളുടെ താഴെ അവള്‍ ഉറങ്ങുന്നു...പകലത്തെ അധ്വാനത്തിന്റെ ക്ഷീണത്തില്‍ അല്ലലില്ലാതെ സ്വസ്ഥമായി... അങ്ങനെ എല്ലാം മറന്നു സ്വസ്ഥമായി ഒന്ന് ഉറങ്ങിയിട്ട് എത്ര കാലമായെന്ന് ദേവ ചിന്തിച്ചു പോയി..

ഇടയ്ക്ക് ഫ്ലാറ്റിന്റെ പണി മുടങ്ങിയപ്പോള്‍ ബാക്കി ഉള്ള പണിക്കാര്‍ ഒക്കെ പുതിയ സ്ഥലത്തേയ്ക്ക് പോയി..പക്ഷെ അവളും കുഞ്ഞുങ്ങളും അവിടെ തന്നെ ഉണ്ടായിരുന്നു... അപ്പര്ട്മെന്ടില് പല വീടുകളിലും അവള്‍ ജോലിക്ക് വന്നു പോകുന്നു ...ഭര്‍ത്താവു ഒഫീഷ്യല്‍ ട്രിപ്പ്‌ നും മോള്‍ ടൂറിനും പോയ സമയം..ദേവ പനി പിടിച്ചു കിടപ്പിലായി..അങ്ങനെ ദേവയുടെ കൂട്ടുകാരിയാണ്‌ അവളെ അവിടെ കൊണ്ടാക്കിയത്‌ ..ഭര്‍ത്താവു വരും വരെ ദേവയെ നോക്കാന്‍.....മെല്ലെ മെല്ലെ ദേവയോട് അവള്‍ സ്വന്തം കാര്യങ്ങള്‍ പറയാന്‍ തുടങ്ങി...

പഠിക്കാന്‍ മിടുക്കിയായിരുന്നിട്ടും ചെറിയ പ്രായത്തിലെ വിവാഹം കഴിപ്പിച്ചത്..പക്വത എത്താത്ത പ്രായത്തില്‍ 2 കുട്ടികളുടെ അമ്മ ആയതു..സ്നേഹമോ കരുതലൊ എന്തെന്നറിയാത്ത ഒരു മനുഷ്യന്റെ ഭാര്യ ആയി കാലങ്ങള്‍ കഴിച്ചത്...സഹനത്തിന്റെ അവസാന പടിയും കടന്നപ്പോള്‍ താലി പൊട്ടിച്ചെറിഞ്ഞു കുഞ്ഞുങ്ങളെയും കൊണ്ട് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഇറങ്ങിയത്‌....ഒരു തണല്‍ ആവാന്‍ അച്ഛനമ്മമാരോ സഹോദരങ്ങളോ തയ്യാര്‍ ആകാഞ്ഞത്...അല്ലെന്കിലും അത് പെണ്ണിന്റെ മാത്രം വിധിയാണല്ലോ.. ചില നേരങ്ങളില്‍ ജനിച്ചു വളര്‍ന്ന വീട്ടിലും ചെന്ന് കയറിയിടത്തും എല്ലാം ഒരേ പോലെ അവള്‍ അന്യയായി പോകുന്നു...അക്കാ മരിക്കാന്‍ എളുപ്പമാണ് ...ജീവിക്കാന്‍ ഒരു പാട് ബുദ്ധിമുട്ടും...ഒരൊറ്റ നിമിഷത്തെ ധൈര്യം മതി എല്ലാം മതിയാക്കാന്‍..പക്ഷെ എന്‍റെ കുഞ്ഞുങ്ങള്‍..വാശിയാണ് തോന്നിയത് ജീവിതത്തോട്..തോറ്റു കൊടുക്കാന്‍ എനിക്ക് മനസ്സില്ല..അവളുടെ വാക്കുകള്‍ക്ക് അനുഭവത്തിന്റെ ചൂട് ...

ഒരു ആണ്‍ തുണയില്ലാതെ ഒരു സുരക്ഷിതത്വവുമില്ലാതെ നീ എങ്ങനെ കഴിയുന്നു ?അക്കാ താലിയുടെ ധാര്‍ഷ്ട്യത്തില്‍ എന്‍റെ ഭര്‍ത്താവു പിടിച്ചു വാങ്ങിയതോ രാത്രിയ്ടെ മറവില്‍ എന്‍റെ നിസ്സഹായതയില്‍ ഭയപ്പെടുത്തി തട്ടിയെടുക്കുന്നതോ ഒന്നും എനിക്കൊരു നഷ്ടവും വരുത്തുന്നില്ല..പെണ്ണിന് മാത്രമായി ഈ ലോകത്ത് ഒരു പരിശുദ്ധിയും ഇല്ല..എന്നെങ്കിലുമൊരിക്കല്‍ എന്‍റെ മനസ്സറിഞ്ഞു ഒപ്പം ജീവിക്കാന്‍ തന്റേടം ഉണ്ടെന്നു പറയാന്‍ ഒരാള്‍ ഉണ്ടായാല്‍ അയാളെ ഞാന്‍ പ്രണയിക്കുക തന്നെ ചെയ്യും ..അയാളുടെ ഒപ്പം ഞാന്‍ ജീവിക്കുകയും ചെയ്യും ..അവളുടെ വാക്കുകള്‍ ദേവയെ ഞെട്ടിക്കുക തന്നെ ചെയ്തു..സത്യമല്ലേ..പെണ്ണിന് മാത്രമായി എന്താണുള്ളത്?അവളുടെ മനസ്സറിയാതെ സ്നേഹം നേടാതെ തട്ടിയെടുക്കപ്പെടുന്നതില്‍ അവള്‍ക്കെന്തു വിശുദ്ധി നഷ്ടമാവാനാണ്‌...?
പനി മരുന്നുങ്ങള്‍ കാരണമോ എന്തോ ദേവ അന്ന് രാത്രി ശാന്തമായി ഉറങ്ങി..രാത്രിയുടെ നിറവില്‍ ,ആകാശത്ത് നിന്ന് നക്ഷത്രങ്ങളുടെ തേരില്‍ അവളെ കാണാനായി മാത്രം താഴേയ്ക്ക് വരുന്നൊരു ഗന്ധര്‍വനെ സ്വപ്നം കണ്ടു മയങ്ങി ....

Friday, September 5, 2008

വെറുമൊരു നിഴല്‍ യുദ്ധം

നോവലുകളിലും സിനിമകളിലും ആക്ഷേപവും പരിഹാസവും നിറഞ്ഞ സാഹചര്യങ്ങളില്‍ മാത്രം കണ്ടു പരിചയിച്ച കഥ പാത്രങ്ങള്‍.പൌരുഷവും സ്ത്രൈണതയും വേര്‍പിരിയാനാവാതെ കൂടിച്ചേര്‍ന്നു ,മനസ്സും ശരീരവും ഇരു ദിശകളിലേയ്ക്ക് സഞ്ചരിക്കുന്ന ജീവിതം.

ആദ്യമായി അങ്ങനെ ഒരു സംഘം കണ്ണില്‍ പെട്ടത് ഹൈദരബാദിലെയ്ക്കു ഉള്ള യാത്രകളിലാണ്.സ്റ്റേഷനു തൊട്ടു മുന്‍പ് ക്രോസ്സിങ്ങിനായി ട്രെയിന്‍ നിര്‍ത്തിയിട്ടപ്പോള്‍..ആദ്യം കേട്ടത് ഒരു കയ്യടിയുടെ ശബ്ദമാണ്. അല്പം അതിര് വിട്ട അംഗ ചലനങ്ങളുമായി കുറെ ആളുകള്‍..പുരുഷ വേഷത്തിലും സ്ത്രീ വേഷത്തിലും കംപര്ട്ട്മെന്റുകള്‍ കയറി ഇറങ്ങുന്നു..പൈസ ചോദിച്ചു വാങ്ങുന്നു..അവരടുത്തു എത്തിയപ്പോള്‍ മീരയുടെ ഭര്‍ത്താവു ഉറക്കം നടിച്ചു കണ്ണടച്ചു.അവളുടെ കണ്ണില്‍ അതിശയമോ സഹതാപമോ ആയിരുന്നു.ആദ്യം കയ്യില്‍ തടഞ്ഞ നോട്ട് തന്നെ അവളെടുത്തു കൊടുത്തു.

പുതിയ ഓഫീസിലേക്ക് മാറ്റം കിട്ടി വന്നതിനു ശേഷം അതൊരു പതിവ് കാഴ്ച ആയി..ബസ് സ്റ്റോപ്പില്‍ നിന്ന് ഇരുപതു മിനിട്ടിന്റെ നടപ്പുണ്ട് വീട്ടിലേയ്ക്ക്‌..ഒരു ഓട്ടോ പിടിച്ചു പോകാവുന്ന ദൂരം..മീരയ്ക്ക് നടക്കാന്‍ ഒരു പാട് ഇഷ്ടമായിരുന്നു.കൂട്ടുകാരോടൊപ്പം കഥ പറഞ്ഞു നടക്കാനും.ആരും കൂട്ടില്ലാത്ത നേരത്ത് ദിവാസ്വപ്നങ്ങളില്‍ മുഴുകി നടക്കാനും ഒക്കെ.അല്ലെങ്കിലും ചുറ്റും കാണുന്ന പതിവ് കാഴ്ചകള്‍ പോലും അവളില്‍ കൗതുകം നിറച്ചിരുന്നല്ലോ.ഒരിക്കല്‍ വഴി മുറിച്ചു കടക്കവേ കയ്യിലെ കവറില്‍ നിന്നും താഴേയ്ക്ക് ഓടി രക്ഷപെടാന്‍ ശ്രമിച്ച തക്കാളി കുഞ്ഞന്മാരുടെ പിന്നാലെ ഓടിയ നേരത്താണ് ആദ്യമായി മല്ലിക്കിനെ ശ്രദ്ധിച്ചത്.തക്കാളി പെറുക്കി തന്നു എന്നത് മാത്രമല്ല.അതിലൊന്നെടുത്ത്‌ അനുവാദം കൂടാതെ കഴിക്കയും ചെയ്തു.അതും പോരാഞ്ഞ് പൈസയ്ക്കായി കൈ നീട്ടി..പാന്ച് രുപ്യാ ദോ നാ...ചായ് കെ ലിയേ...ഒന്നും പറയാതെ അവള്‍ പൈസ കൊടുത്തു നടന്നകന്നു..

പിന്നെ അതൊരു പതിവ് കൂടികാഴ്ച ആയി..ഒരിക്കല്‍ ഓട്ടോ കിട്ടാതെ വിഷമിച്ചു കയ്യിലുള്ള നാലഞ്ചു കവറുമായി ബദ്ധപ്പെട്ടു നടന്നു തുടങ്ങിയപ്പോള്‍ അനുവാദം ചോദിയ്ക്കാതെ രണ്ടു കവര്‍ കയ്ക്കലാക്കി കൂടെ നടന്നു വന്നു.കുടയെടുക്കാന്‍ മറന്നൊരു വൈകുന്നേരം,കോരി ചൊരിഞ്ഞ മഴയില്‍ ആകെ കുതിര്‍ന്നു സാരി കൊണ്ടൊന്നു പുതച്ചു നില്‍ക്കുമ്പോള്‍ ആരോടോ കടമായി വാങ്ങിയ ഒരു കുട വച്ച് നീട്ടി.ഞങ്ങള്‍ക്കിടയില്‍ സംഭാഷണമേ ഉണ്ടായിരുന്നില്ല..ശമ്പളം കിട്ടിയ ദിവസം ചായ കുടിക്കാന്‍ ഇരിക്കട്ടെയെന്നു പറഞ്ഞു കയ്യിലേക്ക് വയ്ക്കാന്‍ ശ്രമിച്ച നോട്ടുകള്‍ മല്ലിക് വാങ്ങിയില്ല.മറുപടിയായി ഒരു നോട്ടം മാത്രം..എന്തായിരുന്നു ആ കണ്ണുകളില്‍..അര്‍ഥങ്ങള്‍ തേടാതെ ഇരിക്കാനായിരുന്നു മീരയുടെ ശ്രമവും.

അടുത്ത ദിവസം മോള്‍ക്കൊരു ഉടുപ്പ് തിരയുന്നതിനിടയില്‍ വീണ്ടും കണ്ടു..മോളുമായി പെട്ടന്ന് കൂട്ടായി..ഒരു ഡ്രസ്സ് എടുത്തു കൊടുത്താലോ?പക്ഷെ ഏതു? ആകെയൊരു ആശയ കുഴപ്പം.അവസാനം ചോദിച്ചു.മല്ലിക് ഞാന്‍ ഒരു ഡ്രസ്സ് എടുത്ത് തരട്ടെ?ഏതാണ്‌ ഇഷ്ടം എന്ന് പറയൂ..കണ്‍ കോണുകളില്‍ പടര്‍ന്ന നനവിനെ ഒരു പുഞ്ചിരിയുടെ തിളക്കത്തില്‍ ഒളിപ്പിച്ചു പറഞ്ഞു മീരേ നീ വാങ്ങി തരുമ്പോള്‍ അതൊരു ഷര്‍ട്ട്‌ തന്നെ ആയിക്കോട്ടെ..രണ്ടു പേരും ചിരിച്ചു..മടങ്ങിയപ്പോള്‍ ഇരുട്ട് പടര്‍ന്നു തുടങ്ങിയിരുന്നു.വീടോളം ഒപ്പം നടന്നു വന്നു.മോളെയും തോളിലേറ്റി..അകത്തേയ്ക്കു ക്ഷണിച്ചില്ല..അതിനായി കാത്തു നിന്നതുമില്ല.ഗേറ്റ് തുറന്നതിനു ശേഷം പിന്തിരിഞ്ഞു നോക്കിയപ്പോള്‍ നടന്ന്‌ തുടങ്ങിയിരുന്നു.മുകളിലെ മുറിയുടെ ജനാലയില്‍ കൂടെ ഇടവഴി തിരിഞ്ഞു പോകുന്ന മല്ലിക്കിന്റെ രൂപം കാണാമായിരുന്നു . ഇരുളും വെളിച്ചവും മാറി മാറി ചിത്രങ്ങള്‍ വരച്ച വഴിയില്‍ അകന്നകന്നു പോകുന്ന ആ നിഴല്‍ നോക്കി അവള്‍ നിന്നു.

ബസ് സ്റ്റോപ്പിലെ ചായക്കടയ്ക്ക് മുന്‍പിലെ ആള്‍ക്കൂട്ടം ആദ്യം ഞങ്ങളെ തുറിച്ചു നോക്കി..സംഘത്തിലെ പുതിയ അംഗം എന്ന് കരുതി അര്‍ഥം വച്ച പരിഹാസങ്ങളും ദേഹം തുളയ്ക്കുന്ന നോട്ടവും മീരയുടെ നേര്‍ക്ക്‌ നീണ്ടു വന്നു.പിന്നെ എപ്പോളോ അങ്ങനെ അല്ലെന്നു അറിഞ്ഞപ്പോള്‍ കൌതുകവും അതിശയവും.പിന്നെ അവരതു മറന്നുവെന്നു തോന്നി.പുതിയ കാഴ്ചകളില്‍ മനസ്സുടക്കിയതുമാവാം.ഒരിക്കല്‍ ബുക്ക് സ്ടോള്ളില്‍ പുസ്തകങ്ങളുടെ ലോകത്ത് സ്വയം മറന്നു നില്‍ക്കുമ്പോള്‍ ആഹ മീര വായിക്കുമായിരുന്നോ എന്നൊരു ചോദ്യവുമായി മുന്‍പില്‍.അവിടെ നിന്നിറങ്ങി ഒന്നിച്ചു നടക്കുമ്പോള്‍ എന്നത്തേയും പോലെ മൌനത്തെ കൂട്ട് പിടിച്ചു.മീരേ ഒന്ന് ഞാന്‍ പറഞ്ഞോട്ടെ..പരിഹാസവും വെറുപ്പും നിറഞ്ഞ മുഖങ്ങളെ ഞാന്‍ കണ്ടിട്ടുല്ല്ളൂ.പലരും മുഖത്തേയ്ക്കൊന്നു നോക്കാറ് പോലുമില്ല.ശരീരത്തിലേയ്ക്ക് മാത്രം തുളഞ്ഞു കയറുന്ന നോട്ടങ്ങള്‍.അതിനിടയില്‍ നീ മാത്രമെന്തേ ഇങ്ങനെ?ഒരിക്കല്‍ പോലും വെറുപ്പിന്റെ നേരിയൊരു ലാഞ്ചന പോലും നിന്‍റെ കണ്ണുകളില്‍ ഞാന്‍ കണ്ടിട്ടില്ല.എന്‍റെ കണ്ണിലേയ്ക്കു നീ നോക്കുമ്പോള്‍ അതില്‍ നിറയുന്ന സ്നേഹവും കരുണയും മാത്രമേ ഞാന്‍ അറിയുന്നുള്ളൂ..

മീരേ നിന്നോട് സംസാരിച്ചിരിക്കുന്ന നേരങ്ങളില്‍ ഒക്കെയും ജയവും തോല്‍വിയും ഇല്ലാത്തൊരു മല്‍സരമാണ് എന്‍റെ മനസ്സില്‍.ഒരേ സമയം തന്നെ സഹോദരിയായും സുഹൃത്തായും കാമുകിയായും ഒക്കെ എന്‍റെ മനസ്സില്‍ നീ നിറയുന്നു.അര്‍ത്ഥശൂന്യമായൊരു നിഴല്‍ യുദ്ധമാണ് മനസ്സില്‍..മരിക്കുവോളം എനിക്കതില്‍ നിന്നു മോചനവുമില്ല.പുരുഷനും സ്ത്രീക്കുമിടയില്‍ എവിടെയോ പെട്ട് പോയൊരു ജന്മമാണ് ഞാന്‍.വേര്‍തിരിക്കാനാവാത്ത വികാര വിചാരങ്ങള്‍.ആര്‍ക്കും മനസ്സിലാകണം എന്നില്ല.നാടും വീടും വിട്ടു ഈ സംഘത്തിനൊപ്പം അലഞ്ഞു തിരിയുമ്പോള്‍ ഒരു മുഖവും മനസ്സില്‍ തങ്ങി നില്‍ക്കാറില്ല.അച്ഛന്‍ അമ്മ സഹോദരങ്ങള്‍ ആരുമില്ല ഓര്‍മ്മയില്‍..മദ്യത്തെയും മയക്കു മരുന്നിനെയും കൂട്ട് പിടിച്ചു മയങ്ങുന്ന രാവുകള്‍.ഈയിടെയായി ഒക്കെ മാറുന്നു..നിന്നെ ഒരു നോക്ക് കാണാന്‍ ആയി വൈകുന്നെരംങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുന്നു.ചുറ്റും പെയ്തൊഴിയുന്ന മഴയും തിളയ്ക്കുന്ന വെയിലും ഒന്നും ഞാന്‍ അറിയുന്നില്ല.ആരാണ് എനിയ്ക്ക് നീ എന്ന ചോദ്യത്തിന് ഉത്തരമില്ല..ആരാണ് ഞാന്‍ എന്ന ചോദ്യത്തിന് പോലും ഉത്തരമില്ലല്ലോ?ഒരു ദിവസമെങ്കിലും നിന്റെയും കുട്ടികളുടെയും ഒപ്പം നിന്നെ മാത്രം സ്നേഹിക്കുന്ന പുരുഷനായി കഴിയാന്‍ ആയെങ്കിലെന്നു...മല്ലിക്കിന്റെ ശബ്ദം ഇടറി..വാക്കുകള്‍ മുറിഞ്ഞു..കണ്ണുനീരില്‍ മറഞ്ഞ കാഴ്ചയില്‍ സിഗ്നലിന്റെ ചുവപ്പ് നിറം മുങ്ങി പോയി...ഇടമുറിയാതെ ഒഴുകുന്ന വാഹനങ്ങളുടെ ഇടയിലേയ്ക്കു മീര നടന്നു കയറി..

Sunday, August 24, 2008

തിരകള്‍ക്കപ്പുറം

കടല്‍ കാറ്റു ഏറ്റു ഇരുന്നപ്പോള്‍ ക്ഷീണമൊക്കെ പോയത് പോലെ .ഈ യാത്ര തനിച്ചാക്കിയത് മനഃപൂര്‍വ്വം ആയിരുന്നല്ലോ.കൂട്ടുകാരെയും ബന്ധുക്കളെയും എന്തിനു അച്ഛനെ പോലും കൂട്ടാതെ തനിയെ പോന്നു.യാത്ര തുടങ്ങിയപ്പോള്‍ എന്ത് ചെയ്യണമെന്നോ എങ്ങനെ ഒക്കെ ചെയ്യണമെന്നോ ഒന്നും ഒരു എത്തും പിടിയും ഉണ്ടായിരുന്നില്ല.മനസ്സില്‍ അമ്മയുടെ മുഖം മാത്രമായിരുന്നു.

ബസ് ഇറങ്ങി..തീരത്തേക്ക് വന്ന്‌ ആള്‍ തിരക്കില്ലാത്ത ഒരിടത്ത് ഇരിക്കുമ്പോള്‍ മനസ്സും കടല്‍ പോലെ തന്നെ അശാന്തമായിരുന്നു.അമ്മ എന്നാല്‍ എനിക്ക് കൂട്ടുകാരിയും പിന്നെ നിര്‍വച്ചനങ്ങള്‍ക്ക് അതീതമായ ആരൊക്കെയോ കൂടിയും ആയിരുന്നു..അമ്മയില്ലാത്ത ഒരു ദിവസത്തെ കുറിച്ച് ആലോചിക്കുവാന്‍ പോലും കഴിഞ്ഞിരുന്നില്ല..എന്നും എവിടെ നിന്നും എപ്പോളും എനിക്ക് മടങ്ങിയെത്താന്‍ ഒരു അത്താണി..സ്നേഹത്തിന്റെ കടല്‍ ..പരാതി പറഞ്ഞു പിണങ്ങാത്ത സ്നേഹിത ..കുറ്റം പറയാതെ എന്തും കേള്‍ക്കാന്‍ ക്ഷമയുള്ള ശ്രോതാവ്..അങ്ങനെ എണ്ണിയാലൊടുങ്ങാത്ത വാക്കുകളില്‍ വരച്ചു കാണിക്കാനാവാത്ത എന്തെല്ലാമോ ആയിരുന്നു..ആരെയും വേദനിപ്പിക്കാതെ സ്വന്തം ശരികളില്‍ എങ്ങനെ ഉറച്ചു ജീവിക്കാം ന്നു ഞാന്‍ പഠിച്ചത് അമ്മയില്‍ നിന്ന് മാത്രമാണ്.കഥയും കവിതയും ഒക്കെയായി ഏതോ സ്വപ്ന ലോകത്തായിരുന്നു അമ്മ എപ്പോളും.അമ്മമ്മയുടെ വാക്കുകളില്‍ പറഞ്ഞാല്‍ വഴി തെറ്റി ഭൂമിയില്‍ എത്തി പെട്ട് പോയ ഒരു സ്വപ്നജീവി.

ജോലി തിരക്കുകളില്‍ പെട്ട് അമ്മയെ വിളിക്കാന്‍ മറക്കുന്ന ദിവസങ്ങള്‍.ഒരു പരിഭവമോ വഴക്കോ പ്രതീക്ഷിച്ചു ഫോണ്‍ വിളിക്കുമ്പോള്‍.. നിന്റെ തിരക്കുകള്‍ എനിക്കറിയില്ലേ കണ്ണാ.നന്നായോന്നുറങ്ങി ക്ഷീണം തീര്‍ക്കു.അമ്മയ്ക്കിവിടെ സുഖം തന്നെയാണെന്നു പറയും.പക്ഷെ മൂന്നു മാസം മുന്‍പ് ,ഒരു ശനിയാഴ്ചയുടെ ആലസ്യത്തില്‍ ഞാന്‍ കിടക്കുമ്പോള്‍ അമ്മയുടെ ഫോണ്‍ കാള്‍..കണ്ണാ എനിക്ക് നിന്നെ ഒന്ന് കാണണം..കുറച്ചു കാര്യങ്ങള്‍ സംസാരിക്കാനുണ്ട്..എന്താണെന്റെ അമ്മക്കുട്ടിയുടെ ശബ്ദത്തിലിത്ര ഗൌരവമെന്നു കളിയാക്കുകയും ചെയ്തു.എങ്കിലും ഫോണ്‍ വച്ച ഉടന്‍ തന്നെ ഏറ്റം അടുത്ത ദിവസത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു..ഇങ്ങനെ ഒരാവശ്യം ഒരിക്കലും ഉണ്ടാവാത്തതാണ്..മനസ്സൊന്നു പിടഞ്ഞു..എങ്കിലും ഒന്നുമില്ലന്നു സ്വയം ആശ്വസിപ്പിച്ചു..

വീടെത്തിയപോള്‍ എന്നത്തേയും പോലെ അടുക്കളയില്‍ തിരക്കിലായിരുന്നു അമ്മ..എനിക്കേറ്റം പ്രിയപ്പെട്ട ഉണ്ണിയപ്പവും പാലടയുമൊക്കെ അങ്ങനെ എന്നെ കാത്തിരിക്കുന്നു.ഊണ് കഴിച്ചു ഒന്ന് കിടന്നോള് കണ്ണാ.വൈകുന്നേരം സംസാരിക്കാം..ഉറക്കം കഴിഞ്ഞു കണ്ണ് തുറന്നപ്പോള്‍ അമ്മ ഉണ്ടാരുന്നു അരികില്‍.കണ്ണാ മരണം എല്ലാവര്‍ക്കുമുണ്ട്..ചിലര്‍ക്ക് ഒന്ന് യാത്ര പറയാനുള്ള അവസരം പോലും കിട്ടുന്നില്ല..മറ്റു ചിലര്‍ക്കോ മുന്കൂട്ടിയറിഞ്ഞു ,ചെയ്യാനുള്ളതൊക്കെ ചെയ്തു തീര്‍ത്തു സമാധാനമായി യാത്ര പറഞ്ഞു പോകാന്‍ ഉള്ള ഭാഗ്യം ഉണ്ടാവും..എത്ര ലളിതമായ വാക്കുകളില്‍ അമ്മ എല്ലാം പറഞ്ഞു തീര്‍ത്തു..മുഖത്ത് ഭയമോ വേദനയോ ഒന്നുമുണ്ടായില്ല..കണ്ണ് നീരിന്റെ നനവില്ലാതെ പുഞ്ചിരിയോടെയാണ് അമ്മ ഒക്കെ പറഞ്ഞു തീര്‍ത്തത്...തൊണ്ടയില്‍ കുടുങ്ങിയ കരച്ചില്‍ പുറത്തേയ്ക്ക് വരാനാവാതെ നെഞ്ചില്‍ ഒതുങ്ങി.

വിരലില്‍ എണ്ണാന്‍ കഴിയുന്ന ദിവസങ്ങളെ അവിടെ ആര്‍ സി സി യില്‍ കഴിക്കെണ്ട്തായി വന്നുള്ളൂ..ക്ഷീണവും വിളര്‍ച്ചയും ഏറി വന്നപ്പോളും മുഖത്തെ പുഞ്ചിരി മാഞ്ഞിരുന്നില്ല.അധികം ആളുകളെ ഒന്നും കാണാന്‍ അമ്മ ആഗ്രഹിച്ചില്ല..ഞാനും അമ്മയും തനിച്ചരുന്നു ഏറിയ നേരവും..ഓരോ ദിവസവും അമ്മ ഓരോ കഥകള്‍ പറഞ്ഞു തന്നു.വീണ്ടുമൊരിക്കല്‍ കൂടെ ഞാന്‍ എന്‍റെ ബാല്യകാലതിലെയ്ക്ക് യാത്ര പോയി..യാത്ര ചെയ്യാന്‍ ഏറെ കൊതിച്ചിട്ടും അത് നടക്കാതെ വന്നപ്പോള്‍ അമ്മ മനസ്സ് കൊണ്ട് യാത്ര പോയ സ്ഥലങ്ങള്‍...എഴുതാന്‍ കഴിയാതെ പോയ കഥകളും കഥാപാത്രങ്ങളും..എവ്ടെയോ ദൂരെ ഒരു വേള പോലും നേരില്‍ കാണാതിരുന്നിട്ടും മനസ്സ് കൊണ്ട് മകളായി കണ്ട ഏതോ ഒരു പെണ്‍കുട്ടിയെ പറ്റിയും ...പിന്നെ വര്‍ഷങ്ങള്‍ക്കപ്പുറം കന്യാകുമാരിയില്‍ പോയതും ...അവിടെ വിവേകാനന്ദ പാറ യിലെ ധ്യാന മന്ദിരത്തില്‍ സ്വയം മറന്നിരുന്നതും..

ചുറ്റും ഇരുട്ട് പടര്‍ന്നു..സൂര്യന്‍ അസ്തമിക്കാറയിരിക്കുന്നു
.മെല്ലെ തിരകളിലെക്ക് നടന്നിറങ്ങി..വെള്ളം മുട്ടിനു മേലെ എത്തിയപ്പോള്‍ നടപ്പ് നിര്‍ത്തി ..മെല്ലെ കുനിഞ്ഞു ആ ഭസ്മം തിരകളെ ഏല്പിച്ചു..അമ്മയുടെ ആഗ്രഹം പോലെ തന്നെ ചടങ്ങുകള്‍ ഒന്നും തന്നെ ഇല്ലാതെ..അമ്മ ഏറെ സ്നേഹിച്ചിരുന്ന കന്യാകുമാരിയിലെ തിരകളില്‍ അലിഞ്ഞു കൊള്ളട്ടെ..പലയാവര്‍ത്തി വായിച്ചു മനപാഠമയ ആ പഴയ ഡയറിയും നിറം മാഞ്ഞു തുടങ്ങിയ ഒരു മോതിരവും കൂടെ ആ തിരകള്‍ക്കു സമ്മാനിച്ചു.തിരികെ കരയില്‍ വന്നിരിക്കുമ്പോള്‍ ചന്ദ്രന്‍ ഉദിച്ചിരുന്നു.അമ്മക്കേറ്റം ഇഷ്ടപ്പെട്ട സമയം..എത്രയോ വൈകുന്നേരങ്ങളില്‍ അമ്മയോടോന്നിച്ചു ഇങ്ങനെ നിലാവ് പരക്കുന്ന നേരം വരെ കടല്‍ തീരത്ത് ഇരുന്നിട്ടുണ്ട്...ഇപ്പോളും ഞാന്‍ തനിച്ചല്ലല്ലോ..തിരകള്‍ക്കപ്പുറം അമ്മയുണ്ട്‌ ...കടലോളം സ്നേഹമുണ്ട്..

Sunday, August 17, 2008

ഇതൊരു പ്രണയമോ?

പുറത്തു പെയ്യുന്ന മഞ്ഞു മനസ്സിലേക്കും അരിച്ചു കയറുന്നത് പോലെ..രംഗ ബോധമില്ലാത്ത കോമാളിയെന്നു പറയേണ്ടത് പ്രണയത്തെ അല്ലേയെന്ന് അയാള്‍ സംശയിച്ചു..സ്വയം വിശ്വസിക്കാന്‍ കഴിയുന്നില്ല .ഇതൊക്കെ സംഭവിക്കുന്നത്‌ തന്റെ ജീവിതത്തില്‍ തന്നെ ആണോ?അതും ഈ പ്രായത്തില്‍..ആരെന്നറിയാത്ത ,ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത..ശബ്ദം പോലും കേട്ടിട്ടില്ലാത്ത ഒരാള്‍ക്ക് മനസ്സ് പൂര്‍ണമായും നഷ്ടമായെന്ന് സമ്മതിച്ചു കൊടുക്കാന്‍ നന്ദന് കഴിയുമായിരുന്നില്ല..തിരക്കുകള്‍ക്കിടയില്‍ എപ്പോളാണ് പ്രണയാതുരമായ ചിന്തകള്‍ക്ക് മനസ്സില്‍ ഇടം തേടാന്‍ ആയതു?ആദ്യമൊന്നും പ്രത്യേകിച്ചൊന്നും തോന്നിയില്ലെന്നതാണ് സത്യം.രാത്രി ഏറെ വൈകി യു എസ് കോളുകള്‍ക്ക് വെയിറ്റ് ചെയ്തിരിക്കുമ്പോള്‍ ഉറക്കത്തെ അകലെ നിര്‍ത്താനായി പലരോടും ചാറ്റ് ചെയ്തിരുന്നു.അത് പോലെ മറ്റൊരാള്‍..അങ്ങനെയേ അവളെയും കണ്ടിരുന്നുള്ളൂ..പിന്നെ പിന്നെ ബാക്കി ഉള്ളവരുടെ മെസ്സേജ് ഒക്കെ ഒഴിവാക്കി തുടങ്ങി..സംസാരിച്ചു മതിയാവുന്നുണ്ടാരുന്നില്ല.ഇഷ്ടങ്ങള്‍ ഒരേ പോലെ..സ്വപ്‌നങ്ങള്‍ ഒരേ പോലെ..പലതും താന്‍ അങ്ങോട്ടേയ്ക്ക് ടൈപ്പ് ചെയ്തു തുടങ്ങുമ്പോള്‍ അവള്‍ടെ മെസ്സേജ് ആയി വരുന്നു..വല്ലാത്തൊരു അതിഭാവുകത്വം..

പകലത്തെ തിരക്കുകള്‍ക്കിടയില്‍ പോലും അവളെ വല്ലാതെ ഓര്‍മ്മ വന്നു തുടങ്ങി..രാത്രികള്‍ക്കായി കാത്തിരുന്നു തുടങ്ങിയോ?അറിയില്ല.ബോര്‍ അടിപ്പിക്കുന്ന മീറ്റിങ്ങുകളിലും ,ട്രെയിനിംഗ് ക്ലാസ്സുകളിലും ഒക്കെ അവള്‍ടെ കവിതകള്‍ കേള്‍ക്കാന്‍ തുടങ്ങി..അതും ഒരിക്കല്‍ പോലും താന്‍ കേട്ടിട്ടില്ലാത്ത അവളുടെ ശബ്ദത്തില്‍.ഒരു രാത്രി സംസാരിച്ചു പിരിയുമ്പോള്‍ പകല്‍ പറ്റിയാല്‍ മെയില്‍ അയക്ക് എന്ന് പറഞ്ഞു ഓഫീസ് മെയില്‍ ഐഡി കൊടുത്തു.പിറ്റേന്ന് മെയില്‍ ബോക്സ് തുറന്നപ്പോള്‍ പ്രതീക്ഷിച്ചത് പോലെ തന്നെ അവളുടെ മെയില്‍ ഉണ്ടായിരുന്നു.ഏറ്റം ഞെട്ടിച്ചത് അതിലെ വരികളായിരുന്നു."നോക്കുമ്പോള്‍ എന്റെ മെയില്‍ കണ്ടില്ലെന്കില്‍ നന്ദന് വിഷമം ആയാലോ എന്നൊരു തോന്നല്‍..ചിലപ്പോള്‍ എന്റെ വെറും ഭ്രാന്തമായ തോന്നലുകള്‍ ആയിരിക്കും..എന്നാലും എഴുതാന്‍ തന്നെ തോന്നുന്നു.."നന്ദന്‍റെ നെറ്റിയില്‍ വിയര്‍പ്പു പൊടിഞ്ഞു.ഇവളാര്? എന്‍റെ മനസ്സ് വായിക്കുന്ന മന്ത്രവാദിനിയോ?

പിന്നീടുള്ള ദിവസങ്ങള്‍ അവളെ മറക്കാനുള്ള തീവ്ര ശ്രമം തന്നെ ആയിരുന്നു.ഇതെന്താണ് ഈ പ്രായത്തില്‍ ഇങ്ങനെയൊരു വിഡ്ഢിത്തരം .സ്വയം ശാസിച്ചു.തിരക്കുകളില്‍ സ്വയമലിഞ്ഞു നടക്കാനൊരു വിഫല ശ്രമം.എത്രയേറെ മറക്കാന്‍ ശ്രമിച്ചോ അത്രയേറെ ശക്തമായി അവളുടെ ഓര്‍മ്മകള്‍ മനസ്സിലേക്ക് വന്നു കൊണ്ടിരുന്നു.അത് മനസ്സിന്‍റെ മാത്രം കഴിവാണല്ലോ...മനസ്സിലെ ഇഷ്ടം ആദ്യം മുതലേ അവള്‍ പറയാതെ പറയുന്നുണ്ടാരുന്നു..അയക്കുന്ന കഥകളും കവിതകളും ഒക്കെ ആ മനസ്സ് കാണിച്ചു തരുന്നുണ്ടാരുന്നു.എന്നിട്ടും ഒന്നും മനസ്സിലാവാത്ത നാട്യത്തില്‍ കഴിഞ്ഞു കൂടി..പിന്നീടൊരിക്കല്‍ എല്ലാ നിയന്ത്രണവും നഷ്ടമായി...അവള്‍ പറഞ്ഞു നന്ദാ എനിക്കൊരുപാട് ഇഷ്ടമാണ് ..മറുപടിയായി ഒന്ന് മൂളാന്‍ മാത്രമേ നന്ദന് കഴിഞ്ഞുള്ളു..ഞെട്ടലൊന്നും തോന്നിയില്ല..അവളെക്കാള്‍ ഏറെയായി താന്‍ അത് അറിഞ്ഞിരുന്നല്ലോ.പിന്നെന്തു ഞെട്ടാന്‍..

നന്ദാ തെറ്റോ ശെരിയോ എന്നൊന്നും എനിക്കറിയില്ല..പക്ഷെ ഞാന്‍ പ്രണയിച്ചു പോകുന്നു..എന്‍റെ മനസ്സിലുള്ളത് ഒളിച്ചു വയ്ക്കാന്‍ തോന്നുന്നില്ല.. തുറന്നു പറയാതെ ഒരു സൌഹൃദത്തിന്റെ മുഖം മൂടിക്കുള്ളില്‍ കഴിയാന്‍ വളരെ എളുപ്പമായിരിക്കും.പക്ഷെ എനിക്കെന്തു കൊണ്ടോ അങ്ങനെ ഒളിച്ചിരിക്കാന്‍ തോന്നുന്നില്ല..ഈ സ്നേഹവും അതിനായുള്ള അത്യാര്‍ത്തിയും വിങ്ങലുമൊക്കെ ജീവിചിരിക്കുവോളമല്ലേ ഉള്ളൂ..അതിനെ മനസ്സിലടക്കി അത് ആഗ്രഹിച്ച ആള്‍ക്ക്ക് കൊടുക്കാതെ മരിക്കാന്‍ എനിയ്ക്ക് മനസ്സില്ല..തിരിച്ചു സ്നേഹിച്ചാലും ഇല്ലെങ്കിലും എനിയ്ക്ക് പ്രണയമാണ്..എനിക്ക് നിന്‍റെ മുന്‍പില്‍ എന്‍റെ പ്രണയത്തെ തുറന്നു സമ്മതിക്കാന്‍ ഒരു മടിയുമില്ല..ഒന്നുമില്ലന്നു എത്ര അഭിനയിച്ചാലും ആ സ്നേഹം ഞാന്‍ അനുഭവിക്കുന്നുണ്ട് ..നന്ദന്‍റെ അനുവാദം ചോദിയ്ക്കാതെ അവയെന്റെ മനസ്സില്‍ കൂട് കൂട്ടിയിട്ടുമുണ്ട്..

ഒരിക്കലും സ്വന്തമാകില്ലെന്നു അറിഞ്ഞിട്ടും..പങ്കു വയ്ക്കപ്പെടുന്ന സ്നേഹമാണെന്ന് അറിഞ്ഞിട്ടും മെല്ലെ മെല്ലെ മനസ്സ് പൂര്‍ണമായും ആ പ്രണയത്തില്‍ മുങ്ങുക തന്നെ ചെയ്തു..ഈ ദിവസങ്ങളെ ഈ നിമിഷങ്ങളെ മാത്രമേ ആഗ്രഹിക്കാവൂ എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാന്‍ ശ്രമിച്ചു ..നാളെ ഒരു നാള്‍ അവള്‍ പോയ് മറഞ്ഞെക്കാം..ഒരിക്കല്‍ പോലും കണ്ടെന്നു വരില്ല..ശബ്ദം പോലും കേട്ടുവെന്നു വരില്ല..കാലം തെറ്റി പൂത്ത ഗുല്‍മോഹര്‍ മരങ്ങളുടെ തണലില്‍ ഈ സ്വപ്നത്തിലെങ്കിലും അവള്‍ക്കൊപ്പം ഇരിക്കാമല്ലോ. ഒരു മഴവില്ല് പോലെ എല്ലാം മാഞ്ഞു പോയേക്കാം..ആ ദിവസം അകലെയല്ല..അറിയാം.പക്ഷെ ഈ നിമിഷങ്ങളും ഈ സ്വപ്നങ്ങളും ഞങ്ങളുടേത് മാത്രം...അതിനെ കൈ വിടാന്‍ വയ്യ..നാളെ ഒരിക്കല്‍ പരസ്പരം പൂര്‍ണമായും അന്യരായി തീരുമ്പോള്‍ ഓര്‍മ്മിക്കാനായി ഈ നിമിഷങ്ങളെ ഉണ്ടാവൂ..കൂട്ടിനായി ഈ നിറങ്ങളെ ഉണ്ടാവൂ...

Saturday, August 9, 2008

പ്രവാസം

പത്തൊന്‍പതാം വയസ്സില്‍ ജനിച്ചു വളര്‍ന്ന വീട് വിട്ടു വിശാലമായ ഈ ലോകത്തേയ്ക്ക് നടന്നു ഇറങ്ങുമ്പോള്‍ ആ നഷ്ടത്തിന്റെ ആഴം എത്ര വലുതാണെന്ന് അവള്‍ തിരിച്ചറിഞ്ഞിരുന്നില്ല.ആ വീടും തൊടിയും അവിടുത്തെ ഓരോ പുല്‍ക്കൊടിയും അവളുടെ ആത്മാവിന്റെ ഭാഗം തന്നെ ആയിരുന്നു.സ്നേഹം നനച്ചു അവള്‍ വളര്‍ത്തിയ എണ്ണമറ്റ ചെടികള്‍ .തുമ്പയും തുളസിയും മുക്കുറ്റിയും...സുഗന്ധം കൊണ്ട് മനം മയക്കുന്ന ഗന്ധരാജനും..അവളുടെ പ്രണയം പോലെ പൂത്തുലഞ്ഞ ചെമ്പകവും.മൊട്ടുകള്‍ വിടരാറുള്ള നേരത്ത് അവള്‍ കൂട്ടിരിക്കാറുള്ള മുല്ലകളും..എണ്ണമറ്റ തരത്തിലുള്ള ചെമ്പരത്തികളും ...രാവിന്‍റെ പ്രണയിനിയായ നിശാഗന്ധിയും.

അവരെ കൂടാതെ ഒരു ലോകത്തെ പറ്റിയിട്ടു അവള്‍ക്കു ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല.തോര്‍ത്ത്‌ മുണ്ടില്‍ കുഞ്ഞു മീനുകളെ പിടിക്കാനായി അവളിറങ്ങി കളിക്കാറുള്ള കൈതോടും.ഉയരെ ഉള്ള ചില്ല മേല്‍ തൂങ്ങി അവളെ കൊതിപ്പിക്കാറുള്ള നീണ്ട വാളന്‍ പുളികളും.കാറ്റൊന്നു വീശുമ്പോള്‍ ഞാനിപ്പോള്‍ താഴേയ്ക്ക് വരാംന്ന് പറഞ്ഞു പറ്റിക്കുന്ന കിളിച്ചുണ്ടന്‍ മാമ്പഴവും..മുറ്റത്തും തൊടിയിലും ആകെ തിരക്കിലെന്നു നടിച്ചു ചിക്കി പെറുക്കി നടക്കാറുള്ള കോഴിയമ്മയും കുട്ട്യോളും.വയ്ക്കോല്‍ കഴിക്കാന്‍ എന്നെ കിട്ടില്ലെന്ന് പറഞ്ഞു പച്ച പുല്ലിനായി വാശി പിടിക്കുന്ന പുള്ളി പയ്യും അവളുടെ കുറുമ്പന്‍ പാല്‍ കൊതിയന്‍ കുട്ടിയും..അവളോളം പ്രായമുണ്ടെന്നു പറഞ്ഞു കിണറ്റിനുള്ളില്‍ മത്സരിച്ചു നീന്തി തുടിക്കുന്ന വാക മീനും.കാണുന്ന നേരത്തെല്ലാം കുരച്ചും തൊടിയിലാകെ ഇട്ടു ഓടിച്ചും അവളെ പേടിപ്പിക്കാന്‍ നോക്കണ നായക്കുട്ടിയും.അതായിരുന്നു അവളുടെ ലോകം.

എല്ലാവരും ഒരു ഉച്ച മയക്കത്തിന്റെ ആലസ്യത്തില്‍ മുഴുകുമ്പോള്‍ അവള്‍ മാത്രം തൊടിയാകെ ചുറ്റി നടക്കുന്നുണ്ടാവും.തിളയ്ക്കുന്ന വെയിലില്‍ വിരസത മാറ്റാനായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന കോഴിയമ്മയെ നോക്കിയിരിക്കും ചിലപ്പോള്‍.ഇല്ലെങ്കില്‍ തോടിന്റെ കരയിലെ പാറ മേല്‍ ഇരുന്നു താഴെ വെള്ളംത്തില്‍ തുള്ളി കളിക്കുന്ന കുഞ്ഞു മീനുകളെ കണ്ടിരിക്കും.ഇടയ്ക്കു ചിലപ്പോള്‍ ഒഴുകി വരുന്ന പഴുത്ത കുടംപുളിയിലൊന്നു പൊട്ടിച്ചു നുണഞ്ഞും... ചാമ്പ മരത്തിനു താഴെ പുളിയുറുമ്പുകള്‍ കൂട് കൂട്ടണത് കണ്ടു രസിച്ചും..കഴിച്ചു നിറഞ്ഞു ഉറക്കം നടിച്ചിരിക്കണ പയ്യിനു മുകളില്‍ രാജാവ് ചമയണ കാക്കയുടെ കുറുമ്പും....ഉച്ച ഉറക്കംത്തില്‍ ആണ്ടു കിടക്കുന്ന മുത്തശ്ശിയുടെ വെറ്റില ചെല്ലംതില്‍ നിന്നൊന്നു മുറുക്കി ചുണ്ട് ചുവപ്പിച്ചും ഒക്കെ അവള്‍ കഴിഞ്ഞു പോന്നു ....

പക്ഷെ അവളെ കാത്തിരുന്നത് അവസാനമില്ലാത്ത പ്രവാസമായിരുന്നു.എത്രയെത്ര മഹാനഗരങ്ങള്‍..സുഖങ്ങളുടെ നടുവിലും കരയിലിട്ട മീന്‍ പോലെ അവള്‍ടെ മനസ്സ് പിടച്ചു കൊണ്ടേ ഇരുന്നു.ജനിച്ചു വളര്‍ന്ന നാടും വീടും നഷ്ടപ്പെട്ടു ഒരു നാടോടിയായി അലഞ്ഞു നടന്നു..ഒരു വീടും നഗരവും അവള്‍ക്കു സ്വന്തമായതില്ല .വേരുകള്‍ നഷ്‌ടമായ വൃക്ഷമായി അവള്‍ടെ ജീവിതം.അന്തമില്ലാത്ത പ്രവാസത്തിനൊടുവില്‍ അലിഞ്ഞു ചേരാനായി ജനിച്ച നാട്ടില്‍ ഒരു പിടി മണ്ണ് ,കാലം അവള്‍ക്കായി കാത്തു വയ്ക്കുമോ ?

Tuesday, July 22, 2008

ഒരു മഴക്കഥ

ഉറക്കെ ഒന്ന് കാറ്റ് വീശിയാല്‍ കറന്റ് പോവുന്ന നാടാണ്.മടിയോടെ എങ്കിലും വായിച്ചു കൊണ്ടിരുന്ന പുസ്തകം മടക്കി ദേവിക ഉറങ്ങാന്‍ തീരുമാനിച്ചു .പുറത്തു മഴ പെയ്തു തകര്‍ക്കുകയാണ്.ജനാല തുറന്നു മെല്ലെ കൈ നീട്ടിയൊന്നു തൊട്ടു.പരിഭവമോ പരാതിയോ എന്തായിരുന്നു അപ്പോള്‍ ആ മുഖത്ത്?അവളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയെന്നോണം മഴ ശക്തി പ്രാപിച്ചു .ഇപ്പോള്‍ ചെരിഞ്ഞു വീണു കയ്യും മുഖവും കിടക്കയുടെ വിരിപ്പുമൊക്കെ നനയ്ക്കുന്നുണ്ട്.നേരിയ നിലാവുള്ള രാത്രികളിലെ മഴയ്ക്ക്‌ വല്ലാത്ത സൗന്ദര്യം ആണെന്ന് ആരോ പറഞ്ഞത് അവള്‍ ഓര്‍മ്മിച്ചു..നനഞ്ഞ വിരല്‍ തുമ്പു കൊണ്ട് ഭിത്തിയില്‍ നീണ്ടു ഭംഗിയുള്ള പീലികള്‍ ഉള്ള കണ്ണുകള്‍ കോറിയിട്ടു.


മഴ കാണുമ്പോള്‍ ആദ്യം ഓര്‍മ്മ വരുക സ്കൂളിലേക്കുള്ള യാത്രകളാണ്.പുതിയ ഉടുപ്പും പുസ്തകവുമൊക്കെയായി സ്കൂള്‍ തുറക്കാനായി കാത്തിരിക്കും.എന്നിട്ടോ ആദ്യത്തെ ദിവസം തന്നെ കൂട്ടിനു മഴയും വരും .നനഞ്ഞു ഒട്ടിയാവും ക്ലാസ്സില്‍ എത്തുന്നത്‌.പകലൊക്കെ ചെറുതായൊന്ന് ചാറിയും മറ്റും മഴ പിണങ്ങി നില്‍ക്കും.വീണ്ടും കുട്ടികള്‍ സ്കൂള്‍ വിട്ടിറങ്ങുമ്പോള്‍ എത്തുകയായി ആര്‍ത്തലച്ചു.വീട്ടില്‍ അമ്മയുടെ അരികില്‍ എത്തിച്ചിട്ടെ പിന്നെ മടക്കമുള്ളൂ..എന്നാലും ഒരിക്കലും പിണക്കം തോന്നിയതേയില്ല.വളര്‍ന്നു വലുതായപ്പോള്‍ ഇഷ്ടത്തിന്റെ വര്‍ണ്ണങ്ങളും മാറി.


മേല്‍ക്കൂരയിലെ ഓടിനു മുകളിലെ മഴയുടെ താളം കേട്ട് ഉറങ്ങിയ എത്രയോ രാവുകള്‍.തോരാതെ പെയ്യുന്ന കര്‍ക്കിടക മഴയ്ക്ക്‌,ഒരു കള്ള പനിയുടെ പേരും പറഞ്ഞു സ്കൂള്‍ മുടക്കി ഇളം തിണ്ണയില്‍ മഴയോട് കലപില പറഞ്ഞിരുന്ന എത്രയോ ദിവസങ്ങള്‍.മഴ ഓര്‍മ്മകള്‍ക്ക് അമ്മ ഉണ്ടാക്കി തരുന്ന കട്ടന്‍ കാപ്പിയുടെയും കപ്പ ഉപ്പെരിയുടെയും മണം ഉള്ളത് പോലെ.മാനത്ത് ഉരുണ്ടു കൂടുന്ന മഴക്കാറ് കണ്ടു "പയ്യിനെ ഒന്ന് അഴിച്ചു കെട്ടു " എന്ന് അമ്മ പറയേണ്ട താമസം അവള്‍ ഓടി തൊടിയിലെതും.കയറഴിച്ചു വിട്ടു പയ്യിന്റെ പിന്നാലെ തൊടി മുഴുവന്‍ ഓടി അലഞ്ഞു മഴയില്‍ കുതിര്‍ന്നു ആവും തിരികെ എത്തുക.ഇപ്പോളും മനസ്സ് കൊണ്ട് മഴയില്‍ അലിഞ്ഞു ആ പറമ്പിലാകെ ഇല്ലാത്ത പയ്യിന്റെ പിന്നാലെ ഓടി നടക്കാറുണ്ട് അവള്‍.കാറ്റിനും മഴക്കും താഴെ വീണു കിടക്കുന്ന ഇലഞ്ഞി പൂക്കള്‍ പെറുക്കിയെടുത്തു തലയിണയില്‍ ആകെ വിതറിയിട്ട് ഉറങ്ങാന്‍ കിടക്കാറുണ്ട്..



പിന്നെ ഏതോ ഒരു സ്റ്റഡി ലീവിന്റെ സമയത്ത്...ജനാലക്കപ്പുറത്തെ മഴ തുള്ളികളോട് കഥ പറഞ്ഞിരുന്ന നേരത്താണ് അറിയാതെ അവന്‍റെ മുഖം മനസ്സിലേയ്ക്ക് വന്നത്.കാലം തെറ്റി വന്ന പ്രണയമെന്നു സ്വയം പരിഹസിച്ചു പുസ്തകത്താളുകളില്‍ മുഖം പൂഴ്ത്തി .പക്ഷെ പുസ്തക താളുകള്‍ക്കോ ,പക്വതയുടെ മുഖം മൂടിക്കോ ഒന്നും ആ പ്രണയ മഴയ്ക്ക്‌ മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല.അത് പെയ്യുക തന്നെ ചെയ്തു.അതിന്‍റെ എല്ലാ ഭംഗിയോടും കൂടെ തന്നെ.എത്രയധികം തടുക്കാന്‍ ശ്രമിച്ചോ അത്രയധികം ശക്തിയോടെ.എത്ര അധികം അകലാന്‍ ശ്രമിച്ചോ,അത്രയേറെ സ്വന്തമാക്കി കൊണ്ട്..എല്ലാ പ്രതിബന്ധങ്ങളെയും തട്ടിത്തകര്‍ത്തു..മുഴുവന്‍ നനച്ചുലച്ചു ..സ്നേഹത്തിന്‍റെ ഒരു വറ്റാത്ത കടല്‍ അവളില്‍ സമ്മാനിച്ചേ അത് പെയ്തൊഴിഞ്ഞുള്ളൂ..




മഴയെ പറ്റി ഞാന്‍ വാ തോരാതെ സംസാരിക്കുമ്പോള്‍ ഒക്കെ,ഇന്ദ്രന്റെ ആന ഐരാവതം ദേവലോകത്തിന്റെ നടുമുറ്റത്ത്‌ നിന്ന് ശൂശു വയ്ക്കുന്നതാണ് മഴ എന്ന് പറഞ്ഞു എന്നെ ചൊടിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ക്കായി സമര്‍പ്പിക്കയാണ് ഈ മഴകഥ

Saturday, July 19, 2008

കണ്ണാടി

എത്ര വലിയ നോവിനും ഒരു രാവിന്‍റെ ആയുസ്സ് മാത്രം

രണ്ടു തുള്ളി കണ്ണുനീരിന്റെ ദൈര്‍ഘ്യം മാത്രം

പിന്നെയതൊരു കല്ലായി മനസ്സിന്‍റെ താഴ്വരയിലെവിടെയോ

പുലരുമ്പോള്‍ വീണ്ടുമൊരു പുഞ്ചിരി സ്വന്തമാക്കി

അഭിനയത്തിന്‍റെ പുതിയ അധ്യായങ്ങള്‍ തേടുന്നു

കണ്ണുനീര്‍ മാറ്റ് കൂട്ടുന്ന തിളക്കമുള്ള പുഞ്ചിരികള്‍

മുഖം മനസ്സിന്‍റെ കണ്ണാടി എന്ന് പറഞ്ഞതൊരു പഴങ്കഥ

മനസ്സിന്‍റെ മറയാണ് മുഖമെന്നത് പുതിയ നേര്

Monday, July 14, 2008

പെണ്‍ജന്മം

ഒരു പെണ്ണായി ജനിച്ചതില്‍ ഞാനെന്നും സന്തോഷിച്ചിട്ടെ ഉള്ളൂ..അഭിമാനിച്ചിട്ടെ ഉണ്ടായിരുന്നുള്ളൂ.വളര്‍ച്ചയുടെ ഓരോ പടവുകളെയും കാല്പനികതയുടെ നിറം ചേര്‍ത്ത് ആസ്വദിക്കുക തന്നെ ആയിരുന്നു.മുത്തശ്ശിയുടെ പ്രിയപ്പെട്ട പേരക്കുട്ടി.അച്ഛനും അമ്മയ്ക്കും വാ തോരാതെ സംസാരിക്കുന്ന കിലുക്കാം പെട്ടി.കൂട്ടുകാര്‍ക്കിടയിലെ സ്നേഹത്തിന്‍റെ കണ്ണി..കൂട്ടുകാരെല്ലാം പ്രണയത്തിന്‍റെ മഴവില്‍ നിറങ്ങളില്‍ മുങ്ങി നിവര്‍ന്നപ്പോള്‍ ഞാന്‍ പുസ്തകങ്ങളുടെ ലോകത്തായിരുന്നു.കഥാപാത്രങ്ങള്‍ കളിക്കൂട്ടുകാരായി.രാവുകള്‍ പകലാക്കി പുസ്തകങ്ങളുമായി ചങ്ങാത്തം കൂടി.എന്നെങ്കിലും ഒരിക്കല്‍ പ്രണയത്തിന്‍റെ മായാത്ത സുഗന്ധവുമായി വന്നു ചേരാവുന്ന രാജകുമാരനെ സ്വപ്നത്തില്‍ കണ്ടു...

ജനിച്ചു
വീണപ്പോള്‍ അയ്യോ പെണ്‍കുട്ടിയെന്ന് ആരും പരിഭവിച്ചില്ല.പിന്നെ വളര്‍ന്നു വലുതായപ്പോള്‍ അവളുടെ ഇഷ്ടങ്ങള്‍ക്ക് വേണ്ടി എല്ലാവരും സ്നേഹിച്ചു മത്സരിച്ചു.പെണ്‍കുട്ടിയെന്ന് കരുതി എവിടെയും അവള്‍ രണ്ടാം തരക്കാരിയായില്ല.വയറു നിറഞ്ഞു കവട്ടി ഒഴുകിയ മുലപ്പാലില്‍ ...സ്നേഹം കൂട്ടിക്കുഴച്ചു ഊട്ടിയ ചോറ് ഉരുളകളില്‍..നെഞ്ചോടു ചേര്‍ത്ത് പാടിയുറക്കിയ താരാട്ട് പാട്ടുകളില്‍ ..കവിളില്‍ എണ്ണാതെ തന്ന ഉമ്മകളില്‍ ...പല വര്‍ണ്ണങ്ങളില്‍ കൈ നിറഞ്ഞു കിടന്ന കുപ്പി വളകളില്‍..എന്നും എന്നും അവള്‍ ഒന്നാം സ്ഥാനക്കാരിയായിരുന്നു..അവളുടെ നീണ്ട മുടിപ്പിന്നലുകള്‍ അമ്മയുടെ സ്നേഹം തന്നെ ആയിരുന്നു.

സ്നേഹത്തിലും മുലപ്പാലിലും വേര്‍തിരിവ് കാട്ടാതിരുന്ന അമ്മയെ സംരക്ഷിക്കാന്‍ പെണ്‍കുട്ടിയായ നിനക്ക് അവകാശമില്ലെന്ന് പറയുന്ന സമൂഹമേ എനിക്ക് നിന്നോട് അറപ്പും വെറുപ്പുമാണ്.എന്തിനാണ് അമ്മെ ഒരു പെണ്ണായി എന്നെ ജനിപ്പിച്ചത്?ആണായി ജനിച്ചിരുന്നെങ്കിലെന്നു ആദ്യമായി ആഗ്രഹിച്ചു പോവുകയാണ്.സ്നേഹത്തിന്‍റെ പേര് പറഞ്ഞു വന്നു ചേര്‍ന്ന ബന്ധങ്ങളൊക്കെ എനിക്കെന്‍റെ അമ്മയെ നഷ്ടമാക്കിയല്ലോ.നെഞ്ച് തകര്‍ക്കുന്ന നോവിലും കരയാതെ ചിരിക്കാന്‍ അമ്മ തന്ന പാഠങ്ങള്‍ എനിക്ക് ശക്തിയാവുകയാണ്.
മുറിഞ്ഞ പൊക്കിള്‍ കൊടിയുടെ നോവ്‌ ഒരു വാരമേ നീണ്ടു നിന്നുള്ളൂ..മുറിഞ്ഞു പോയ ഈ ആത്മബന്ധം മരണത്തോളം എന്‍റെ നോവാണ്..എന്‍റെ ആദ്യത്തെയും അവസാനത്തെയും കൂട്ടുകാരിയും ബന്ധുവും അമ്മ മാത്രമെന്ന് ഞാന്‍ തിരിച്ചറിയുകയാണ്..

Saturday, July 12, 2008

കണക്കുകള്‍

അവള്‍ക്കു ശ്വാസം മുട്ടുന്നുണ്ടായിരുന്നു.കണക്കുകള്‍..
.കണക്കുകള്‍..ഒരിക്കലും അവസാനിക്കാത്ത അക്കങ്ങളുടെ കളികള്‍..പാലിന്‍റെ കണക്കു ..പത്രത്തിന്‍റെ കണക്കു,പച്ചക്കറി വാങ്ങിയതിന്‍റെ കണക്കു..അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കണക്കുകള്‍..അവളുടെ ദിവസത്തിന്‍റെ തുടക്കവും ഒടുക്കവും ഈ അക്കങ്ങളോട് ഉള്ള മല്‍സരം തന്നെയായിരുന്നു.."നീ അനാവശ്യമായി ചിലവാക്കി കളയുന്നതൊക്കെ ബാങ്കില്‍ ഇട്ടിരുന്നെങ്കില്‍ എത്ര പലിശ കിട്ടിയിട്ടുണ്ടാവും .നീ ഇങ്ങനെ ചിലവാക്കുന്നത് കൊണ്ടാണ്..ഇല്ലെങ്കില്‍ വീടിനു ഒരു നില കൂടെ കെട്ടാമായിരുന്നു..കാര്‍ ഒന്ന് മാറ്റി വാങ്ങാമായിരുന്നു..ഇത്രയേറെ ചിലവുകള്‍ അടുക്കളയില്‍ വരുന്നതെങ്ങനെ" .അവള്‍ക്കു തല ചുറ്റി.ബോധം മറഞ്ഞു താഴേയ്ക്ക് വീണു .കുഞ്ഞിനു കൊടുക്കാനായി കയ്യിലെടുത്ത പാല്‍ താഴെയാകെ പരന്നൊഴുകി,അവളുടെ പാറിപ്പറന്ന മുടിയെ നനച്ചു..


ഒരു നോട്ടു കൂമ്പാരത്തിലാണ് ചെന്ന് വീണതെന്ന് തോന്നി.ചുറ്റും എത്രയൊക്കെയോ അക്കങ്ങള്‍ എഴുതിയ നോട്ടുകള്‍ പറന്നു കളിക്കുന്നുണ്ടായിരുന്നു.അവള്‍ കണ്ണുകള്‍ ഇറുക്കെ അടച്ചു.പണം കാണുന്നത് പോലും ഭയമായിരിക്കുന്നു.കണക്കു കുറിയ്ക്കുന്ന പേനയും പേപ്പറും അവളെ ഉറക്കത്തില്‍ പോലും വേട്ടയാടി..ഒരു കൂട് പൊട്ടു വാങ്ങിയാല്‍ ഒരു വര്‍ഷത്തിനു മേലെ ഉപയോഗിക്കും.അല്ലെങ്കില്‍ തന്നെ ഇപ്പോള്‍ പൊട്ടു വയ്ക്കാറും ഇല്ല.പിന്നെ മുടിയിലിടാന്‍ രണ്ടോ മുന്നോ ക്ലിപ്പുകള്‍..അതും കറുത്ത നിറമായതിനാല്‍ മാറ്റി മാറ്റി വാങ്ങേണ്ട കാര്യമേയില്ല.ആരോടൊക്കെയോ ഉള്ള വാശി പോലെ നീണ്ട മുടി വെട്ടി ചെറുതാക്കിയിരുന്നു.ഇനി അതിന്റെ മേലെ ചിലവുകള്‍ വേണ്ട..ഇളം നിറത്തിലെ രണ്ടോ മൂന്നോ സാരികള്‍...നനച്ചാലും നനച്ചാലും നിറം കുറയാത്തത്ര ഇളം നിറങ്ങളിലെ മനോഹരമായ സാരികള്‍ ..ഇതൊക്കെയാണ് പറഞ്ഞാലും പറഞ്ഞാലും തീരാത്ത അവളുടെ അധിക ചിലവുകള്‍ ..


ബോധം വീണപ്പോള്‍ അവള്‍ ചുറ്റും നോക്കി..താന്‍ കിടന്നത് നോട്ടുകളുടെ മുകളില്‍ ആയിരുന്നില്ലേ..അതൊരു തോന്നല്‍ മാത്രമായിരുന്നോ ..ആശ്വാസം തോന്നി..ഒരു ദിവസമെങ്കിലും എണ്ണിയാല്‍ തീരാത്ത കണക്കുകള്‍ ഇല്ലാത്തൊരു ലോകത്ത് ജീവിച്ചു മരിച്ചെങ്കില്‍...

Saturday, June 28, 2008

കണ്ണന്‍റെ രാധ

എന്നാണ് രാധയുടെ ജീവിതത്തിലേയ്ക്കും സങ്കല്പങ്ങളിലെയ്ക്കും കണ്ണന്‍ കടന്നു വന്നത്.അറിയില്ല.ഏതോ ഒരു അവധിക്കാലത്ത്‌ പിരിഞ്ഞു പോയ കൂട്ടുകാരിയുടെ സമ്മാനമായിട്ടാണ് കണ്ണന്‍ അവളുടെ വീട്ടിലേക്കു വിരുന്നുകാരനായി വന്നത്.പിന്നെ പൂജ മുറിയിലേക്കും അവിടെ നിന്ന് രാധയുടെ മനസ്സിലേക്കും സ്വപ്നങ്ങളിലേക്കും കണ്ണന്‍ മെല്ലെ കടന്നു കയറി.സന്തോഷവും സങ്കടവും പരാതിയും പരിഭവവും ഒക്കെ കണ്ണനോട് പറയല്‍ ഒരു പതിവായി.ആദ്യം ചെറിയ ചെറിയ ആവശ്യങ്ങളായിരുന്നു അവളുടേത്‌.കണ്ണാ ഇന്ന് ബസ് കിട്ടണേ.എട്ടു മണിക്കത്തെ പോയാല്‍ പിന്നെ അങ്ങനെ നില്‍ക്കണം മുക്കാല്‍ മണിക്കൂര്‍.വൈകി ക്ലാസ്സില്‍ ചെല്ലാന്‍ എനിക്കിഷ്ടമല്ലെന്ന് അറിയാല്ലോ..അല്ലെങ്കില്‍..കണ്ണാ ഇന്നത്തെ ടെസ്റ്റ് പേപ്പര്‍ ഒന്ന് മാറ്റി വയ്പ്പിച്ചു കൂടെ .ഒരു മാര്‍ക്ക് കൂടെ കുറഞ്ഞാല്‍ ദേവി ടീച്ചര്‍ ചെവി വട്ടം കിഴുക്കും.പിന്നെ ഇന്ന് മുഴുവന്‍ തീരെ തട്ടില്ലാത്ത അവളുടെ ചെവി ചുവന്നു വേദനിച്ചു കൊണ്ടേ ഇരിക്കും..സ്നേഹവും അധികാരവും ചേര്‍ന്ന സ്വരത്തില്‍ രാധ അങ്ങനെ കണ്ണനോട് ഓരോന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു.

പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞപ്പോള്‍ രാധ ഇടയ്ക്കിടയ്ക്ക് കണ്ണനെ ഓര്‍മ്മിപ്പിച്ചു കൊണ്ടേ ഇരുന്നു.അഞ്ഞൂറിനു മേലെ മാര്‍ക്ക് കിട്ടിയില്ലേല്‍ മോശമാണ് കേട്ടോ ..എനിക്ക് മാര്‍ക്ക് കുറഞ്ഞാല്‍ കണ്ണാ നിനക്കാണ് കുറച്ചില്‍.മുഖത്ത് വരുന്ന ചിരിയൊതുക്കി കണ്ണന്‍ അങ്ങനെ രാധയെ നോക്കിയിരിക്കും.സന്ധ്യക്ക്‌ കുളിച്ചു കുറിയിട്ട് വിളക്കിനു മുന്‍പില്‍ ചമ്രം പടഞ്ഞിരുന്നു നാമം ജപിക്കുന്ന രാധയെ നോക്കിയപ്പോള്‍ കണ്ണന്റെ ഉള്ളില്‍ അറിയാത്തൊരു കുസൃതി ചിന്ത "എന്‍റെ രാധ ഒരു കൊച്ചു സുന്ദരി ആയിട്ടുണ്ട്"..രാവിലെ പൂമാല ഇടുകയും വിളക്കിലെ തിരി മാറ്റുകയുമൊക്കെ ചെയ്യുമ്പോള്‍ അവളുടെ മുടിതുമ്പില്‍ നിന്ന് അറിയാതെ വീഴുന്ന മഴത്തുള്ളികളെ അവന്‍ പ്രണയിച്ചു തുടങ്ങിയിരുന്നോ ...?

ഒരു ദിവസം നാമം ജപിച്ച ശേഷവും ഏറെ നേരം രാധ പൂജാമുറിയില്‍ തന്നെ ഇരുന്നു..ഒന്നും പറയാതെ..ആ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടോ.എന്‍റെ കണ്ണാ എനിക്കവനെ ജീവനാണ്.പക്ഷെ അര്‍ഹിക്കാത്ത എന്തോ ആഗ്രഹിക്കുന്നുവെന്ന് മനസ്സ് പറയുന്നുവല്ലോ.പറയാന്‍ മറ്റാരുമില്ല കണ്ണാ.നിന്നെ പോലെ എന്നെ അറിയുന്ന ആരുണ്ട്‌..എനിക്ക് മുന്‍പില്‍ ഒരു വഴി കാണിച്ചു തരൂ..അവനില്ലാതെ എനിക്കാവില്ല..എനിക്ക് വേണം കണ്ണാ.അവന്‍റെ ഒപ്പം ഒരു ജീവിതം..അത് മാത്രം മതി..രാധയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.അത് കാണാന്‍ ആവാതെ കണ്ണുകള്‍ ഇറുക്കെ അടച്ചു താന്‍ ഒരു വിഗ്രഹം മാത്രമാണെന്നു കണ്ണന്‍ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

കണ്ണ്
തുറന്നപ്പോള്‍ പൂജ മുറിയില്‍ രാധ ഉണ്ടായിരുന്നില്ല.നിലവിളക്ക് കരിന്തിരി കത്തി പുകയുക ആയിരുന്നു.പുക കയറി കണ്ണന്റെ കണ്ണുകളും കലങ്ങിയിരുന്നു.രാജ്യ തന്ത്രങ്ങള്‍ മെനഞ്ഞു മഹാ യുദ്ധങ്ങള്‍ വിജയിപ്പിച്ചവനാണ്.യുദ്ധ ഭൂമിയില്‍ തളര്‍ന്നിരുന്ന അര്‍ജുനന് ആത്മധൈര്യം നല്കിയവനാണ്..എങ്കിലും ഇന്ന് ആദ്യമായി സ്വന്തമാക്കലല്ല നഷ്ടപ്പെടലാണ് വിജയമെന്ന് കണ്ണന്‍ അറിഞ്ഞു.ഏതോ മായയില്‍ കുരുങ്ങി അവന്‍റെ സ്നേഹം അറിയാതെ പോയ രാധയുടെ അറിവില്ലായ്മയെ പോലും കണ്ണന്‍ പ്രണയിച്ചു കൊണ്ടേ ഇരുന്നു....

Sunday, June 22, 2008

അമ്മയ്ക്ക് വേണ്ടി

ഒരു ദുസ്വപ്നമാണ് അവളെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയത്.പരിചയം ഉള്ള ആരുമില്ലാത്ത ഒരിടത്തേയ്ക്ക്,ഭാഷ പോലും അറിയാത്ത ഒരിടത്തേയ്ക്ക് അമ്മ തനിയെ പോയെന്ന്.കണ്ണില്‍ നിന്ന് മറഞ്ഞപ്പോള്‍ മാത്രമാണ് അങ്ങനെ തനിച്ചൊരു യാത്ര ചെയ്യാന്‍ അമ്മയ്ക്ക് ആവില്ലന്നു തിരിച്ചറിഞ്ഞത്.ഓടി എത്തിയപ്പോളെക്കും അമ്മ ആള്‍ക്കൂട്ടത്തിനിടയില്‍ മറഞ്ഞിരുന്നു.ഞെട്ടി കണ്ണ് തുറന്നപ്പോള്‍ അടുത്തെങ്ങും അമ്മയെ കാണാന്‍ ഇല്ല.അടുക്കളയിലുമില്ല.ഭ്രാന്തു പിടിക്കും പോലെ തോന്നി.പുറത്തു അമ്മയുടെ ചെരിപ്പിന്റെ ശബ്ദം.രാവിലത്തെ നടപ്പ് കഴിഞ്ഞു വരികയാണ്‌.ഓടി ചെന്ന് കെട്ടിപ്പിടിക്കാന്‍ മനസ്സ് പറഞ്ഞു.പക്ഷെ വളര്‍ച്ചയുടെ പടവുകളില്‍ എവിടെയോ ആ കുട്ടിത്തം നഷ്ടമയിരുന്നല്ലോ.ഈ തണുപ്പത്ത് സ്വെറ്റര്‍ ഇടാതെയാണോ നടക്കുന്നതെന്ന് മാത്രം ചോദിച്ചു.


പഠിച്ച പുസ്തകതിലെവിടെയോ ഊര്‍മ്മിളയെ പറ്റി വായിച്ചൊരു വരിയുണ്ടായിരുന്നു ."ചോദ്യമില്ലാതെ പരാതിയില്ലാതെ അന്തപുരത്തിന്റെ ഒരു കോണില്‍ കഴിയുമ്പോള്‍ ദുഖത്തിന് അവകാശമില്ലലോ ".പുസ്തകത്തിലെ ഈ വരികള്‍ വായിച്ചപ്പോള്‍ അമ്മയുടെ മുഖമായിരുന്നോ മനസ്സില്‍?പരാതിയും പരിഭവവും സങ്കടവും ഒന്നും പറയാത്ത പാവം അമ്മ.ചെറുപ്പത്തിലെ അച്ഛനെയും പിന്നെ അമ്മയെയും നഷ്ടമായത് കൊണ്ടാവാം പരാതികളൊന്നും പറയാതെ ഒതുങ്ങി ജീവിക്കാന്‍ അമ്മ പഠിച്ചത്.നാളെ അമ്മ പോവുകയാണ്.വേദനയുടെയും അപമാനത്തിന്റെയും മുറിവുകളെ മനസ്സിലൊതുക്കി.എത്ര വേദനിച്ചാലും ഇനി കരയില്ലെന്ന് തീരുമാനിച്ചത് പോലെ.ഒരു പാട് നിറഞ്ഞൊഴുകിയ ആ കണ്ണുകളില്‍ ശൂന്യതയും മരവിപ്പും മാത്രമേ കാണാനുള്ളൂ..കണ്ണുനീര്‍ നിറഞ്ഞു അവള്‍ക്കു അമ്മയുടെ മുഖം പോലും കാണാതെ ആയിരിക്കുന്നു.അമ്മയുടെ മുന്‍പില്‍ കരയരുതെന്ന് മാത്രമാണ് ആഗ്രഹം.അത് കൊണ്ട് തന്നെ ഏറെ നേരം കുളിമുറിയില്‍ ചിലവാക്കുന്നത് ഒരു പതിവായിരിക്കുന്നു.ഇത്ര നേരം കുളിച്ചാല്‍ പനിയും നീര്‍ക്കെട്ടും വരുമെന്ന് അമ്മ വഴക്ക് പറഞ്ഞു കൊണ്ടേ ഇരുന്നു.അമ്മ പടിയിറങ്ങുന്ന നിമിഷം ...ആ ഒരൊറ്റ നിമിഷം പിടിച്ചു നില്‍ക്കണം എന്ന് മാത്രമേ അവള്‍ ആഗ്രഹിച്ചുള്ളൂ..പിന്നെ അവള്‍ക്കു സങ്കല്പ ലോകത്തെ രാജകുമാരിയാവം.

Friday, June 13, 2008

യാത്ര

തീവണ്ടിയുടെ താളത്തിനു കാതോര്‍ത്ത്‌ കിടക്കുകയായിരുന്നു.എപ്പോളാണ് ഉറക്കത്തിലേക്കു വീണതെന്നു അറിയില്ല.കണ്ണു തുറന്നു പുറത്തേയ്ക്ക് നോക്കിയപ്പോള്‍ പച്ചപ്പു..നാടെത്തി..വെള്ളി വീണു തുടങ്ങിയ മുടിയിഴകള്‍ ഒതുക്കി മെല്ലെ ജനാലയോട് ചേര്‍ന്നിരുന്നു.ഓരോ യാത്രയിലും കൂടുതല്‍ കൂടുതല്‍ സ്നേഹത്തോടെ കാണാന്‍ കാത്തിരുന്ന സ്റ്റേഷന്‍ എത്തി. എത്രയോ തവണ എത്രയോ യാത്രകളുടെ ഭാഗമായി ആ സ്റ്റേഷന്‍ കടന്നു പോയിരിക്കുന്നു.ഒരിക്കല്‍ പോലും അവിടെ ഇറങ്ങിയിട്ടില്ല.എങ്കിലും കണ്ണിമയ്ക്കാതെ അങ്ങനെ നോക്കി ഇരിക്കാറുണ്ട്.എത്രയെങ്കിലും തവണ അവന്‍ ഇവിടെ വന്നിട്ടുണ്ടാവില്ലേ.അവിടുത്തെ മണല്‍ തരികളോട് പോലും അസൂയ തോന്നാറുണ്ട്.

എന്നും തനിച്ചു തന്നെ ആയിരുന്നില്ലേ യാത്ര.തനിച്ചോ?ചോദ്യം സ്വന്തം മനസ്സിനോട്‌ തന്നെ ആയിരുന്നു.ചുറ്റും ഉള്ളവര്‍ക്ക്‌ അങ്ങനെ തോന്നിയിരിക്കാം.പക്ഷെ ഒരിക്കലും തനിച്ചായിരുന്നില്ലല്ലോ.അതിനു സമ്മതിച്ചിട്ട് വേണ്ടേ.ഒരു നിമിഷത്തേക്ക് പോലും മനസ്സില്‍ നിന്ന് മാഞ്ഞിരുന്നുവോ?ഒരേ ഭൂമിയില്‍...ഒരേ നക്ഷത്രങ്ങള്‍ക്ക് താഴെ നമ്മള്‍ എന്നും ഒന്നിച്ചു തന്നെ ആയിരുന്നില്ലേ..നിനക്കൊരിക്കലും എന്നെ ഒറ്റയ്ക്ക് ആക്കാന്‍ കഴിയില്ല.എത്ര അകലെ ആയാലും..ഒരു നോക്ക് പോലും കാണാതെ വര്‍ഷങ്ങള്‍ കൊഴിഞ്ഞാലും.ഒരു വരി പോലും എഴുതിയില്ലെങ്കിലും...ഒരു വാക്ക് പോലും മിണ്ടിയില്ലെങ്കിലും..മനസ്സു കൊണ്ട് എന്നും എന്‍റെ ഒപ്പം തന്നെ ഉണ്ടായിരുന്നല്ലോ..

നേരിയ തണുപ്പ് ഉണ്ടായിരുന്നെങ്കിലും ജനാല തുറന്നു തന്നെ വച്ചു.കാറ്റിനു സുഗന്ധമുണ്ടോ?അവള്‍ക്കു മനസ്സില്‍ ചിരി പൊട്ടി.പ്രായം എത്ര കടന്നാലും മനസ്സിനെയും ചിന്തകളേയും അതു തീര്‍ത്തും ബാധിക്കില്ല എന്നത് നേര് തന്നെയാണ്.

തീവണ്ടി സ്റ്റേഷന്‍ വിട്ടു നീങ്ങി തുടങ്ങി.ചായയും പലഹാരങ്ങളുമൊക്കെ വില്‍ക്കുന്നവരുടെ തിക്കി തിരക്ക്.യാത്ര അയക്കാനായി വന്നവരുടെ മങ്ങിയ മുഖങ്ങള്‍.അവള്‍ മെല്ലെ മനസ്സു കൊണ്ട് യാത്ര പറഞ്ഞു.അവിടുത്തെ മണല്തരികളോട് പോലും.വരാം..ഇനിയൊരു ജന്മത്തില്‍..എല്ലാ കടങ്ങളും വീട്ടാന്‍ ...

Thursday, June 5, 2008

കാത്തിരിപ്പ്‌

ഇവിടെ ഇങ്ങനെ തിരകളെ നോക്കിയിരിക്കുമ്പോള്‍ മനസ്സു മെല്ലെ ശാന്തമാവുന്നത് പോലെ.കൈ കോര്‍ത്ത് നടക്കുന്ന ജോടികള്‍...കടലയും മുല്ലപ്പൂവും വിറ്റു നടക്കുന്ന ചെറിയ കുട്ടികള്‍.കടലമ്മയെ കള്ളിയെന്നു വിളിച്ചു ദേഷ്യം പിടിപ്പിക്കാന്‍ നോക്കുന്ന ചെറുപ്പക്കാരുടെ സംഘം.കാഴ്ചകള്‍ പതുവുള്ളത് തന്നെ.
എല്ലാത്തില്‍ നിന്നും മാറി സ്വന്തമായി ഒരു സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞ സന്തോഷത്തില്‍ അവളിരുന്നു.എന്നാണ് ഈ സൗഹൃദം ആരംഭിച്ചതെന്ന് അറിയില്ല..ഇതിനെ സൗഹൃദം എന്ന് വിളിക്കാമോ.അതും അറിയില്ല.അതോ പ്രണയമോ.ആര്‍ക്കും ആരോടും എപ്പോള്‍ വേണമെന്കിലും അങ്ങനെ ഒന്ന് തോന്നാന്‍ പാടുണ്ടോ.അല്ലെങ്കിലും മനസ്സിന്റെ സഞ്ചാരം എല്ലായ്പോളും നിയമങ്ങള്‍ക്കും നിര്വ്വച്ചനങ്ങള്‍ക്കും അതീതമാണല്ലോ.
മനസ്സു കലങ്ങി മറിയുമ്പോള്‍,വല്ലാതെ ഒറ്റയ്ക്കാണെന്ന് തോന്നുമ്പോള്‍ ഒക്കെ ഇങ്ങനെ ഈ കടല്‍ത്തീരത്ത്‌ വന്നിരിക്കാറുണ്ട് .മറ്റാരോടും പറയാനാവാത്ത വിശേഷങ്ങള്‍ ഒക്കെ ഇങ്ങനെ നിന്‍റെ ചെവിയില്‍ മാത്രം പറയാന്‍.അല്ലെങ്കില്‍ തന്നെ മറ്റാരോട് പറയാനാണ്.എല്ലാവരും തിരക്കുകളില്‍ സ്വയം അലിഞ്ഞു കഴിയുകയല്ലേ..ഉപദേശങ്ങളും കുറ്റപ്പെടുതലുകളും ഇല്ലാതെ ശാന്തമായിരുന്നു എല്ലാം കേള്‍ക്കാന്‍ നിനക്കെ കഴിയൂ.
എത്രയൊക്കെ അടക്കിപ്പിടിക്കാന്‍ ശ്രമിച്ചിട്ടും അറിയാതെ കണ്ണു നനയുന്ന നിമിഷങ്ങളില്‍ ഒരു തിരയായി കാലില്‍ തൊട്ടു മടങ്ങും.തനിച്ചല്ലെന്നു അവള്‍ക്കു തോന്നുന്നത് ആ നിമിഷങ്ങളില്‍ മാത്രമാണ്.സ്നേഹത്തിന്റെ ആ നേരിയ സ്പര്‍ശനം..അതു നല്‍കുന്ന ധൈര്യത്തില്‍ മനസ്സിനെ അടക്കി ,തിരിച്ചു കിട്ടിയ ആത്മവിശ്വാസവുമായി അവള്‍ മടങ്ങും.വീണ്ടും വരാമെന്ന പ്രതീക്ഷയില്‍..

Monday, May 26, 2008

കുപ്പിവളകള്‍

ഉറക്കമില്ലാത്ത അവളുടെ രാത്രികള്‍ക്ക് കൂട്ടായുള്ളത് പുസ്തകങ്ങള്‍ മാത്രമാണ് .ഈയിടെ ആയി പുസ്തകങ്ങളോട് വല്ലാത്ത ഒരു ഭ്രമം തന്നെ ആയിരിക്കുന്നു.സ്വയം മറന്നു കഥാപാത്രങ്ങളായി മാറുന്ന ഈ പുതിയ കളി അവള്‍ക്കു ഇഷ്ടമായി തുടങ്ങിയിരുന്നു.
എത്രയോ കാലമായി ഒന്നു എല്ലാം മറന്നു ഉറങ്ങിയിട്ട് .ഒരു കുഞ്ഞിനെ പോലെ.മനസ്സില്‍ പേടിയും അരക്ഷിതത്വവും ഇല്ലാതെ..ഇന്നെന്തോ പുസ്തകം വായിച്ചു കിടക്കാന്‍ തോന്നിയില്ല.ജനാലയുടെ വിരിപ്പ് മാറ്റി ആകാശത്തേക്ക് നോക്കി.നിറയെ നക്ഷത്രങ്ങള്‍..ഇങ്ങനെ കിടക്കയില്‍ ഇരുന്നു തന്നെ പുറത്തേക്ക് നോക്കി നക്ഷത്രങ്ങളെയും മഴയേയും ഒക്കെ കാണാന്‍ അവള്‍ക്കെന്നും വലിയ ഇഷ്ടമയിരുന്നല്ലോ.

നക്ഷത്രങ്ങളെ കണ്ടപ്പോള്‍ ഹോസ്റ്റെലിലെ പഴയ ഒരു തമാശ ഓര്‍മ്മ വന്നു.ഏഴ് രാത്രികള്‍ ഏഴ് നക്ഷത്രത്തെ കണ്ടു പ്രാര്‍ത്ഥിച്ചു കിടന്നാല്‍ ഏഴാം നാള്‍ രാത്രിയില്‍ വിവാഹം കഴിക്കാന്‍ പോകുന്ന ആളെ സ്വപ്നം കാണും എന്നൊരു കണ്ടെത്തല്‍ .അവള്‍ കണ്ടതോ അവരുടെ പ്രധാന അധ്യാപകനെ.ക്ലാസ് മുഴുവന്‍ കുസൃതി ചിരി മുഴങ്ങിയ ആ ദിവസം ഇന്നലെ എന്ന പോലെ ഓര്‍ക്കുന്നു.

ഇന്ന് പുസ്തകം വായന ഒന്നുമില്ലേ എന്ന് ചോദിച്ചു മുറിയിലേക്ക് മരുന്നുകളുമായി കടന്നു വന്ന ഈ പെണ്‍കുട്ടി ഏതാണ്.ഒരു പതിനെട്ടുകാരിയുടെ സ്വപ്നങ്ങളിലായിരുന്നു അവളുടെ മനസ്സപ്പോള്‍.ആദ്യമായി അവള്‍ക്കു നിറം മങ്ങിയ ആ അന്തരീക്ഷത്തോടും മരുന്നുകളുടെ ലോകത്തോടും അകല്‍ച്ച തോന്നി.

അവളുടെ മനസ്സില്‍ അപ്പോള്‍ കുപ്പിവളകളുടെ കിലുക്കമായിരുന്നു..താളം തെറ്റിയ മനസ്സിലും എന്നും കൂട്ടായി കൊണ്ട് നടന്ന പഴയ എതോ പാട്ടിന്‍റെ വരികളായിരുന്നു.