Monday, May 26, 2008

കുപ്പിവളകള്‍

ഉറക്കമില്ലാത്ത അവളുടെ രാത്രികള്‍ക്ക് കൂട്ടായുള്ളത് പുസ്തകങ്ങള്‍ മാത്രമാണ് .ഈയിടെ ആയി പുസ്തകങ്ങളോട് വല്ലാത്ത ഒരു ഭ്രമം തന്നെ ആയിരിക്കുന്നു.സ്വയം മറന്നു കഥാപാത്രങ്ങളായി മാറുന്ന ഈ പുതിയ കളി അവള്‍ക്കു ഇഷ്ടമായി തുടങ്ങിയിരുന്നു.
എത്രയോ കാലമായി ഒന്നു എല്ലാം മറന്നു ഉറങ്ങിയിട്ട് .ഒരു കുഞ്ഞിനെ പോലെ.മനസ്സില്‍ പേടിയും അരക്ഷിതത്വവും ഇല്ലാതെ..ഇന്നെന്തോ പുസ്തകം വായിച്ചു കിടക്കാന്‍ തോന്നിയില്ല.ജനാലയുടെ വിരിപ്പ് മാറ്റി ആകാശത്തേക്ക് നോക്കി.നിറയെ നക്ഷത്രങ്ങള്‍..ഇങ്ങനെ കിടക്കയില്‍ ഇരുന്നു തന്നെ പുറത്തേക്ക് നോക്കി നക്ഷത്രങ്ങളെയും മഴയേയും ഒക്കെ കാണാന്‍ അവള്‍ക്കെന്നും വലിയ ഇഷ്ടമയിരുന്നല്ലോ.

നക്ഷത്രങ്ങളെ കണ്ടപ്പോള്‍ ഹോസ്റ്റെലിലെ പഴയ ഒരു തമാശ ഓര്‍മ്മ വന്നു.ഏഴ് രാത്രികള്‍ ഏഴ് നക്ഷത്രത്തെ കണ്ടു പ്രാര്‍ത്ഥിച്ചു കിടന്നാല്‍ ഏഴാം നാള്‍ രാത്രിയില്‍ വിവാഹം കഴിക്കാന്‍ പോകുന്ന ആളെ സ്വപ്നം കാണും എന്നൊരു കണ്ടെത്തല്‍ .അവള്‍ കണ്ടതോ അവരുടെ പ്രധാന അധ്യാപകനെ.ക്ലാസ് മുഴുവന്‍ കുസൃതി ചിരി മുഴങ്ങിയ ആ ദിവസം ഇന്നലെ എന്ന പോലെ ഓര്‍ക്കുന്നു.

ഇന്ന് പുസ്തകം വായന ഒന്നുമില്ലേ എന്ന് ചോദിച്ചു മുറിയിലേക്ക് മരുന്നുകളുമായി കടന്നു വന്ന ഈ പെണ്‍കുട്ടി ഏതാണ്.ഒരു പതിനെട്ടുകാരിയുടെ സ്വപ്നങ്ങളിലായിരുന്നു അവളുടെ മനസ്സപ്പോള്‍.ആദ്യമായി അവള്‍ക്കു നിറം മങ്ങിയ ആ അന്തരീക്ഷത്തോടും മരുന്നുകളുടെ ലോകത്തോടും അകല്‍ച്ച തോന്നി.

അവളുടെ മനസ്സില്‍ അപ്പോള്‍ കുപ്പിവളകളുടെ കിലുക്കമായിരുന്നു..താളം തെറ്റിയ മനസ്സിലും എന്നും കൂട്ടായി കൊണ്ട് നടന്ന പഴയ എതോ പാട്ടിന്‍റെ വരികളായിരുന്നു.