Saturday, June 28, 2008

കണ്ണന്‍റെ രാധ

എന്നാണ് രാധയുടെ ജീവിതത്തിലേയ്ക്കും സങ്കല്പങ്ങളിലെയ്ക്കും കണ്ണന്‍ കടന്നു വന്നത്.അറിയില്ല.ഏതോ ഒരു അവധിക്കാലത്ത്‌ പിരിഞ്ഞു പോയ കൂട്ടുകാരിയുടെ സമ്മാനമായിട്ടാണ് കണ്ണന്‍ അവളുടെ വീട്ടിലേക്കു വിരുന്നുകാരനായി വന്നത്.പിന്നെ പൂജ മുറിയിലേക്കും അവിടെ നിന്ന് രാധയുടെ മനസ്സിലേക്കും സ്വപ്നങ്ങളിലേക്കും കണ്ണന്‍ മെല്ലെ കടന്നു കയറി.സന്തോഷവും സങ്കടവും പരാതിയും പരിഭവവും ഒക്കെ കണ്ണനോട് പറയല്‍ ഒരു പതിവായി.ആദ്യം ചെറിയ ചെറിയ ആവശ്യങ്ങളായിരുന്നു അവളുടേത്‌.കണ്ണാ ഇന്ന് ബസ് കിട്ടണേ.എട്ടു മണിക്കത്തെ പോയാല്‍ പിന്നെ അങ്ങനെ നില്‍ക്കണം മുക്കാല്‍ മണിക്കൂര്‍.വൈകി ക്ലാസ്സില്‍ ചെല്ലാന്‍ എനിക്കിഷ്ടമല്ലെന്ന് അറിയാല്ലോ..അല്ലെങ്കില്‍..കണ്ണാ ഇന്നത്തെ ടെസ്റ്റ് പേപ്പര്‍ ഒന്ന് മാറ്റി വയ്പ്പിച്ചു കൂടെ .ഒരു മാര്‍ക്ക് കൂടെ കുറഞ്ഞാല്‍ ദേവി ടീച്ചര്‍ ചെവി വട്ടം കിഴുക്കും.പിന്നെ ഇന്ന് മുഴുവന്‍ തീരെ തട്ടില്ലാത്ത അവളുടെ ചെവി ചുവന്നു വേദനിച്ചു കൊണ്ടേ ഇരിക്കും..സ്നേഹവും അധികാരവും ചേര്‍ന്ന സ്വരത്തില്‍ രാധ അങ്ങനെ കണ്ണനോട് ഓരോന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു.

പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞപ്പോള്‍ രാധ ഇടയ്ക്കിടയ്ക്ക് കണ്ണനെ ഓര്‍മ്മിപ്പിച്ചു കൊണ്ടേ ഇരുന്നു.അഞ്ഞൂറിനു മേലെ മാര്‍ക്ക് കിട്ടിയില്ലേല്‍ മോശമാണ് കേട്ടോ ..എനിക്ക് മാര്‍ക്ക് കുറഞ്ഞാല്‍ കണ്ണാ നിനക്കാണ് കുറച്ചില്‍.മുഖത്ത് വരുന്ന ചിരിയൊതുക്കി കണ്ണന്‍ അങ്ങനെ രാധയെ നോക്കിയിരിക്കും.സന്ധ്യക്ക്‌ കുളിച്ചു കുറിയിട്ട് വിളക്കിനു മുന്‍പില്‍ ചമ്രം പടഞ്ഞിരുന്നു നാമം ജപിക്കുന്ന രാധയെ നോക്കിയപ്പോള്‍ കണ്ണന്റെ ഉള്ളില്‍ അറിയാത്തൊരു കുസൃതി ചിന്ത "എന്‍റെ രാധ ഒരു കൊച്ചു സുന്ദരി ആയിട്ടുണ്ട്"..രാവിലെ പൂമാല ഇടുകയും വിളക്കിലെ തിരി മാറ്റുകയുമൊക്കെ ചെയ്യുമ്പോള്‍ അവളുടെ മുടിതുമ്പില്‍ നിന്ന് അറിയാതെ വീഴുന്ന മഴത്തുള്ളികളെ അവന്‍ പ്രണയിച്ചു തുടങ്ങിയിരുന്നോ ...?

ഒരു ദിവസം നാമം ജപിച്ച ശേഷവും ഏറെ നേരം രാധ പൂജാമുറിയില്‍ തന്നെ ഇരുന്നു..ഒന്നും പറയാതെ..ആ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടോ.എന്‍റെ കണ്ണാ എനിക്കവനെ ജീവനാണ്.പക്ഷെ അര്‍ഹിക്കാത്ത എന്തോ ആഗ്രഹിക്കുന്നുവെന്ന് മനസ്സ് പറയുന്നുവല്ലോ.പറയാന്‍ മറ്റാരുമില്ല കണ്ണാ.നിന്നെ പോലെ എന്നെ അറിയുന്ന ആരുണ്ട്‌..എനിക്ക് മുന്‍പില്‍ ഒരു വഴി കാണിച്ചു തരൂ..അവനില്ലാതെ എനിക്കാവില്ല..എനിക്ക് വേണം കണ്ണാ.അവന്‍റെ ഒപ്പം ഒരു ജീവിതം..അത് മാത്രം മതി..രാധയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.അത് കാണാന്‍ ആവാതെ കണ്ണുകള്‍ ഇറുക്കെ അടച്ചു താന്‍ ഒരു വിഗ്രഹം മാത്രമാണെന്നു കണ്ണന്‍ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

കണ്ണ്
തുറന്നപ്പോള്‍ പൂജ മുറിയില്‍ രാധ ഉണ്ടായിരുന്നില്ല.നിലവിളക്ക് കരിന്തിരി കത്തി പുകയുക ആയിരുന്നു.പുക കയറി കണ്ണന്റെ കണ്ണുകളും കലങ്ങിയിരുന്നു.രാജ്യ തന്ത്രങ്ങള്‍ മെനഞ്ഞു മഹാ യുദ്ധങ്ങള്‍ വിജയിപ്പിച്ചവനാണ്.യുദ്ധ ഭൂമിയില്‍ തളര്‍ന്നിരുന്ന അര്‍ജുനന് ആത്മധൈര്യം നല്കിയവനാണ്..എങ്കിലും ഇന്ന് ആദ്യമായി സ്വന്തമാക്കലല്ല നഷ്ടപ്പെടലാണ് വിജയമെന്ന് കണ്ണന്‍ അറിഞ്ഞു.ഏതോ മായയില്‍ കുരുങ്ങി അവന്‍റെ സ്നേഹം അറിയാതെ പോയ രാധയുടെ അറിവില്ലായ്മയെ പോലും കണ്ണന്‍ പ്രണയിച്ചു കൊണ്ടേ ഇരുന്നു....

Sunday, June 22, 2008

അമ്മയ്ക്ക് വേണ്ടി

ഒരു ദുസ്വപ്നമാണ് അവളെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയത്.പരിചയം ഉള്ള ആരുമില്ലാത്ത ഒരിടത്തേയ്ക്ക്,ഭാഷ പോലും അറിയാത്ത ഒരിടത്തേയ്ക്ക് അമ്മ തനിയെ പോയെന്ന്.കണ്ണില്‍ നിന്ന് മറഞ്ഞപ്പോള്‍ മാത്രമാണ് അങ്ങനെ തനിച്ചൊരു യാത്ര ചെയ്യാന്‍ അമ്മയ്ക്ക് ആവില്ലന്നു തിരിച്ചറിഞ്ഞത്.ഓടി എത്തിയപ്പോളെക്കും അമ്മ ആള്‍ക്കൂട്ടത്തിനിടയില്‍ മറഞ്ഞിരുന്നു.ഞെട്ടി കണ്ണ് തുറന്നപ്പോള്‍ അടുത്തെങ്ങും അമ്മയെ കാണാന്‍ ഇല്ല.അടുക്കളയിലുമില്ല.ഭ്രാന്തു പിടിക്കും പോലെ തോന്നി.പുറത്തു അമ്മയുടെ ചെരിപ്പിന്റെ ശബ്ദം.രാവിലത്തെ നടപ്പ് കഴിഞ്ഞു വരികയാണ്‌.ഓടി ചെന്ന് കെട്ടിപ്പിടിക്കാന്‍ മനസ്സ് പറഞ്ഞു.പക്ഷെ വളര്‍ച്ചയുടെ പടവുകളില്‍ എവിടെയോ ആ കുട്ടിത്തം നഷ്ടമയിരുന്നല്ലോ.ഈ തണുപ്പത്ത് സ്വെറ്റര്‍ ഇടാതെയാണോ നടക്കുന്നതെന്ന് മാത്രം ചോദിച്ചു.


പഠിച്ച പുസ്തകതിലെവിടെയോ ഊര്‍മ്മിളയെ പറ്റി വായിച്ചൊരു വരിയുണ്ടായിരുന്നു ."ചോദ്യമില്ലാതെ പരാതിയില്ലാതെ അന്തപുരത്തിന്റെ ഒരു കോണില്‍ കഴിയുമ്പോള്‍ ദുഖത്തിന് അവകാശമില്ലലോ ".പുസ്തകത്തിലെ ഈ വരികള്‍ വായിച്ചപ്പോള്‍ അമ്മയുടെ മുഖമായിരുന്നോ മനസ്സില്‍?പരാതിയും പരിഭവവും സങ്കടവും ഒന്നും പറയാത്ത പാവം അമ്മ.ചെറുപ്പത്തിലെ അച്ഛനെയും പിന്നെ അമ്മയെയും നഷ്ടമായത് കൊണ്ടാവാം പരാതികളൊന്നും പറയാതെ ഒതുങ്ങി ജീവിക്കാന്‍ അമ്മ പഠിച്ചത്.നാളെ അമ്മ പോവുകയാണ്.വേദനയുടെയും അപമാനത്തിന്റെയും മുറിവുകളെ മനസ്സിലൊതുക്കി.എത്ര വേദനിച്ചാലും ഇനി കരയില്ലെന്ന് തീരുമാനിച്ചത് പോലെ.ഒരു പാട് നിറഞ്ഞൊഴുകിയ ആ കണ്ണുകളില്‍ ശൂന്യതയും മരവിപ്പും മാത്രമേ കാണാനുള്ളൂ..കണ്ണുനീര്‍ നിറഞ്ഞു അവള്‍ക്കു അമ്മയുടെ മുഖം പോലും കാണാതെ ആയിരിക്കുന്നു.അമ്മയുടെ മുന്‍പില്‍ കരയരുതെന്ന് മാത്രമാണ് ആഗ്രഹം.അത് കൊണ്ട് തന്നെ ഏറെ നേരം കുളിമുറിയില്‍ ചിലവാക്കുന്നത് ഒരു പതിവായിരിക്കുന്നു.ഇത്ര നേരം കുളിച്ചാല്‍ പനിയും നീര്‍ക്കെട്ടും വരുമെന്ന് അമ്മ വഴക്ക് പറഞ്ഞു കൊണ്ടേ ഇരുന്നു.അമ്മ പടിയിറങ്ങുന്ന നിമിഷം ...ആ ഒരൊറ്റ നിമിഷം പിടിച്ചു നില്‍ക്കണം എന്ന് മാത്രമേ അവള്‍ ആഗ്രഹിച്ചുള്ളൂ..പിന്നെ അവള്‍ക്കു സങ്കല്പ ലോകത്തെ രാജകുമാരിയാവം.

Friday, June 13, 2008

യാത്ര

തീവണ്ടിയുടെ താളത്തിനു കാതോര്‍ത്ത്‌ കിടക്കുകയായിരുന്നു.എപ്പോളാണ് ഉറക്കത്തിലേക്കു വീണതെന്നു അറിയില്ല.കണ്ണു തുറന്നു പുറത്തേയ്ക്ക് നോക്കിയപ്പോള്‍ പച്ചപ്പു..നാടെത്തി..വെള്ളി വീണു തുടങ്ങിയ മുടിയിഴകള്‍ ഒതുക്കി മെല്ലെ ജനാലയോട് ചേര്‍ന്നിരുന്നു.ഓരോ യാത്രയിലും കൂടുതല്‍ കൂടുതല്‍ സ്നേഹത്തോടെ കാണാന്‍ കാത്തിരുന്ന സ്റ്റേഷന്‍ എത്തി. എത്രയോ തവണ എത്രയോ യാത്രകളുടെ ഭാഗമായി ആ സ്റ്റേഷന്‍ കടന്നു പോയിരിക്കുന്നു.ഒരിക്കല്‍ പോലും അവിടെ ഇറങ്ങിയിട്ടില്ല.എങ്കിലും കണ്ണിമയ്ക്കാതെ അങ്ങനെ നോക്കി ഇരിക്കാറുണ്ട്.എത്രയെങ്കിലും തവണ അവന്‍ ഇവിടെ വന്നിട്ടുണ്ടാവില്ലേ.അവിടുത്തെ മണല്‍ തരികളോട് പോലും അസൂയ തോന്നാറുണ്ട്.

എന്നും തനിച്ചു തന്നെ ആയിരുന്നില്ലേ യാത്ര.തനിച്ചോ?ചോദ്യം സ്വന്തം മനസ്സിനോട്‌ തന്നെ ആയിരുന്നു.ചുറ്റും ഉള്ളവര്‍ക്ക്‌ അങ്ങനെ തോന്നിയിരിക്കാം.പക്ഷെ ഒരിക്കലും തനിച്ചായിരുന്നില്ലല്ലോ.അതിനു സമ്മതിച്ചിട്ട് വേണ്ടേ.ഒരു നിമിഷത്തേക്ക് പോലും മനസ്സില്‍ നിന്ന് മാഞ്ഞിരുന്നുവോ?ഒരേ ഭൂമിയില്‍...ഒരേ നക്ഷത്രങ്ങള്‍ക്ക് താഴെ നമ്മള്‍ എന്നും ഒന്നിച്ചു തന്നെ ആയിരുന്നില്ലേ..നിനക്കൊരിക്കലും എന്നെ ഒറ്റയ്ക്ക് ആക്കാന്‍ കഴിയില്ല.എത്ര അകലെ ആയാലും..ഒരു നോക്ക് പോലും കാണാതെ വര്‍ഷങ്ങള്‍ കൊഴിഞ്ഞാലും.ഒരു വരി പോലും എഴുതിയില്ലെങ്കിലും...ഒരു വാക്ക് പോലും മിണ്ടിയില്ലെങ്കിലും..മനസ്സു കൊണ്ട് എന്നും എന്‍റെ ഒപ്പം തന്നെ ഉണ്ടായിരുന്നല്ലോ..

നേരിയ തണുപ്പ് ഉണ്ടായിരുന്നെങ്കിലും ജനാല തുറന്നു തന്നെ വച്ചു.കാറ്റിനു സുഗന്ധമുണ്ടോ?അവള്‍ക്കു മനസ്സില്‍ ചിരി പൊട്ടി.പ്രായം എത്ര കടന്നാലും മനസ്സിനെയും ചിന്തകളേയും അതു തീര്‍ത്തും ബാധിക്കില്ല എന്നത് നേര് തന്നെയാണ്.

തീവണ്ടി സ്റ്റേഷന്‍ വിട്ടു നീങ്ങി തുടങ്ങി.ചായയും പലഹാരങ്ങളുമൊക്കെ വില്‍ക്കുന്നവരുടെ തിക്കി തിരക്ക്.യാത്ര അയക്കാനായി വന്നവരുടെ മങ്ങിയ മുഖങ്ങള്‍.അവള്‍ മെല്ലെ മനസ്സു കൊണ്ട് യാത്ര പറഞ്ഞു.അവിടുത്തെ മണല്തരികളോട് പോലും.വരാം..ഇനിയൊരു ജന്മത്തില്‍..എല്ലാ കടങ്ങളും വീട്ടാന്‍ ...

Thursday, June 5, 2008

കാത്തിരിപ്പ്‌

ഇവിടെ ഇങ്ങനെ തിരകളെ നോക്കിയിരിക്കുമ്പോള്‍ മനസ്സു മെല്ലെ ശാന്തമാവുന്നത് പോലെ.കൈ കോര്‍ത്ത് നടക്കുന്ന ജോടികള്‍...കടലയും മുല്ലപ്പൂവും വിറ്റു നടക്കുന്ന ചെറിയ കുട്ടികള്‍.കടലമ്മയെ കള്ളിയെന്നു വിളിച്ചു ദേഷ്യം പിടിപ്പിക്കാന്‍ നോക്കുന്ന ചെറുപ്പക്കാരുടെ സംഘം.കാഴ്ചകള്‍ പതുവുള്ളത് തന്നെ.
എല്ലാത്തില്‍ നിന്നും മാറി സ്വന്തമായി ഒരു സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞ സന്തോഷത്തില്‍ അവളിരുന്നു.എന്നാണ് ഈ സൗഹൃദം ആരംഭിച്ചതെന്ന് അറിയില്ല..ഇതിനെ സൗഹൃദം എന്ന് വിളിക്കാമോ.അതും അറിയില്ല.അതോ പ്രണയമോ.ആര്‍ക്കും ആരോടും എപ്പോള്‍ വേണമെന്കിലും അങ്ങനെ ഒന്ന് തോന്നാന്‍ പാടുണ്ടോ.അല്ലെങ്കിലും മനസ്സിന്റെ സഞ്ചാരം എല്ലായ്പോളും നിയമങ്ങള്‍ക്കും നിര്വ്വച്ചനങ്ങള്‍ക്കും അതീതമാണല്ലോ.
മനസ്സു കലങ്ങി മറിയുമ്പോള്‍,വല്ലാതെ ഒറ്റയ്ക്കാണെന്ന് തോന്നുമ്പോള്‍ ഒക്കെ ഇങ്ങനെ ഈ കടല്‍ത്തീരത്ത്‌ വന്നിരിക്കാറുണ്ട് .മറ്റാരോടും പറയാനാവാത്ത വിശേഷങ്ങള്‍ ഒക്കെ ഇങ്ങനെ നിന്‍റെ ചെവിയില്‍ മാത്രം പറയാന്‍.അല്ലെങ്കില്‍ തന്നെ മറ്റാരോട് പറയാനാണ്.എല്ലാവരും തിരക്കുകളില്‍ സ്വയം അലിഞ്ഞു കഴിയുകയല്ലേ..ഉപദേശങ്ങളും കുറ്റപ്പെടുതലുകളും ഇല്ലാതെ ശാന്തമായിരുന്നു എല്ലാം കേള്‍ക്കാന്‍ നിനക്കെ കഴിയൂ.
എത്രയൊക്കെ അടക്കിപ്പിടിക്കാന്‍ ശ്രമിച്ചിട്ടും അറിയാതെ കണ്ണു നനയുന്ന നിമിഷങ്ങളില്‍ ഒരു തിരയായി കാലില്‍ തൊട്ടു മടങ്ങും.തനിച്ചല്ലെന്നു അവള്‍ക്കു തോന്നുന്നത് ആ നിമിഷങ്ങളില്‍ മാത്രമാണ്.സ്നേഹത്തിന്റെ ആ നേരിയ സ്പര്‍ശനം..അതു നല്‍കുന്ന ധൈര്യത്തില്‍ മനസ്സിനെ അടക്കി ,തിരിച്ചു കിട്ടിയ ആത്മവിശ്വാസവുമായി അവള്‍ മടങ്ങും.വീണ്ടും വരാമെന്ന പ്രതീക്ഷയില്‍..