Tuesday, July 22, 2008

ഒരു മഴക്കഥ

ഉറക്കെ ഒന്ന് കാറ്റ് വീശിയാല്‍ കറന്റ് പോവുന്ന നാടാണ്.മടിയോടെ എങ്കിലും വായിച്ചു കൊണ്ടിരുന്ന പുസ്തകം മടക്കി ദേവിക ഉറങ്ങാന്‍ തീരുമാനിച്ചു .പുറത്തു മഴ പെയ്തു തകര്‍ക്കുകയാണ്.ജനാല തുറന്നു മെല്ലെ കൈ നീട്ടിയൊന്നു തൊട്ടു.പരിഭവമോ പരാതിയോ എന്തായിരുന്നു അപ്പോള്‍ ആ മുഖത്ത്?അവളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയെന്നോണം മഴ ശക്തി പ്രാപിച്ചു .ഇപ്പോള്‍ ചെരിഞ്ഞു വീണു കയ്യും മുഖവും കിടക്കയുടെ വിരിപ്പുമൊക്കെ നനയ്ക്കുന്നുണ്ട്.നേരിയ നിലാവുള്ള രാത്രികളിലെ മഴയ്ക്ക്‌ വല്ലാത്ത സൗന്ദര്യം ആണെന്ന് ആരോ പറഞ്ഞത് അവള്‍ ഓര്‍മ്മിച്ചു..നനഞ്ഞ വിരല്‍ തുമ്പു കൊണ്ട് ഭിത്തിയില്‍ നീണ്ടു ഭംഗിയുള്ള പീലികള്‍ ഉള്ള കണ്ണുകള്‍ കോറിയിട്ടു.


മഴ കാണുമ്പോള്‍ ആദ്യം ഓര്‍മ്മ വരുക സ്കൂളിലേക്കുള്ള യാത്രകളാണ്.പുതിയ ഉടുപ്പും പുസ്തകവുമൊക്കെയായി സ്കൂള്‍ തുറക്കാനായി കാത്തിരിക്കും.എന്നിട്ടോ ആദ്യത്തെ ദിവസം തന്നെ കൂട്ടിനു മഴയും വരും .നനഞ്ഞു ഒട്ടിയാവും ക്ലാസ്സില്‍ എത്തുന്നത്‌.പകലൊക്കെ ചെറുതായൊന്ന് ചാറിയും മറ്റും മഴ പിണങ്ങി നില്‍ക്കും.വീണ്ടും കുട്ടികള്‍ സ്കൂള്‍ വിട്ടിറങ്ങുമ്പോള്‍ എത്തുകയായി ആര്‍ത്തലച്ചു.വീട്ടില്‍ അമ്മയുടെ അരികില്‍ എത്തിച്ചിട്ടെ പിന്നെ മടക്കമുള്ളൂ..എന്നാലും ഒരിക്കലും പിണക്കം തോന്നിയതേയില്ല.വളര്‍ന്നു വലുതായപ്പോള്‍ ഇഷ്ടത്തിന്റെ വര്‍ണ്ണങ്ങളും മാറി.


മേല്‍ക്കൂരയിലെ ഓടിനു മുകളിലെ മഴയുടെ താളം കേട്ട് ഉറങ്ങിയ എത്രയോ രാവുകള്‍.തോരാതെ പെയ്യുന്ന കര്‍ക്കിടക മഴയ്ക്ക്‌,ഒരു കള്ള പനിയുടെ പേരും പറഞ്ഞു സ്കൂള്‍ മുടക്കി ഇളം തിണ്ണയില്‍ മഴയോട് കലപില പറഞ്ഞിരുന്ന എത്രയോ ദിവസങ്ങള്‍.മഴ ഓര്‍മ്മകള്‍ക്ക് അമ്മ ഉണ്ടാക്കി തരുന്ന കട്ടന്‍ കാപ്പിയുടെയും കപ്പ ഉപ്പെരിയുടെയും മണം ഉള്ളത് പോലെ.മാനത്ത് ഉരുണ്ടു കൂടുന്ന മഴക്കാറ് കണ്ടു "പയ്യിനെ ഒന്ന് അഴിച്ചു കെട്ടു " എന്ന് അമ്മ പറയേണ്ട താമസം അവള്‍ ഓടി തൊടിയിലെതും.കയറഴിച്ചു വിട്ടു പയ്യിന്റെ പിന്നാലെ തൊടി മുഴുവന്‍ ഓടി അലഞ്ഞു മഴയില്‍ കുതിര്‍ന്നു ആവും തിരികെ എത്തുക.ഇപ്പോളും മനസ്സ് കൊണ്ട് മഴയില്‍ അലിഞ്ഞു ആ പറമ്പിലാകെ ഇല്ലാത്ത പയ്യിന്റെ പിന്നാലെ ഓടി നടക്കാറുണ്ട് അവള്‍.കാറ്റിനും മഴക്കും താഴെ വീണു കിടക്കുന്ന ഇലഞ്ഞി പൂക്കള്‍ പെറുക്കിയെടുത്തു തലയിണയില്‍ ആകെ വിതറിയിട്ട് ഉറങ്ങാന്‍ കിടക്കാറുണ്ട്..



പിന്നെ ഏതോ ഒരു സ്റ്റഡി ലീവിന്റെ സമയത്ത്...ജനാലക്കപ്പുറത്തെ മഴ തുള്ളികളോട് കഥ പറഞ്ഞിരുന്ന നേരത്താണ് അറിയാതെ അവന്‍റെ മുഖം മനസ്സിലേയ്ക്ക് വന്നത്.കാലം തെറ്റി വന്ന പ്രണയമെന്നു സ്വയം പരിഹസിച്ചു പുസ്തകത്താളുകളില്‍ മുഖം പൂഴ്ത്തി .പക്ഷെ പുസ്തക താളുകള്‍ക്കോ ,പക്വതയുടെ മുഖം മൂടിക്കോ ഒന്നും ആ പ്രണയ മഴയ്ക്ക്‌ മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല.അത് പെയ്യുക തന്നെ ചെയ്തു.അതിന്‍റെ എല്ലാ ഭംഗിയോടും കൂടെ തന്നെ.എത്രയധികം തടുക്കാന്‍ ശ്രമിച്ചോ അത്രയധികം ശക്തിയോടെ.എത്ര അധികം അകലാന്‍ ശ്രമിച്ചോ,അത്രയേറെ സ്വന്തമാക്കി കൊണ്ട്..എല്ലാ പ്രതിബന്ധങ്ങളെയും തട്ടിത്തകര്‍ത്തു..മുഴുവന്‍ നനച്ചുലച്ചു ..സ്നേഹത്തിന്‍റെ ഒരു വറ്റാത്ത കടല്‍ അവളില്‍ സമ്മാനിച്ചേ അത് പെയ്തൊഴിഞ്ഞുള്ളൂ..




മഴയെ പറ്റി ഞാന്‍ വാ തോരാതെ സംസാരിക്കുമ്പോള്‍ ഒക്കെ,ഇന്ദ്രന്റെ ആന ഐരാവതം ദേവലോകത്തിന്റെ നടുമുറ്റത്ത്‌ നിന്ന് ശൂശു വയ്ക്കുന്നതാണ് മഴ എന്ന് പറഞ്ഞു എന്നെ ചൊടിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ക്കായി സമര്‍പ്പിക്കയാണ് ഈ മഴകഥ

Saturday, July 19, 2008

കണ്ണാടി

എത്ര വലിയ നോവിനും ഒരു രാവിന്‍റെ ആയുസ്സ് മാത്രം

രണ്ടു തുള്ളി കണ്ണുനീരിന്റെ ദൈര്‍ഘ്യം മാത്രം

പിന്നെയതൊരു കല്ലായി മനസ്സിന്‍റെ താഴ്വരയിലെവിടെയോ

പുലരുമ്പോള്‍ വീണ്ടുമൊരു പുഞ്ചിരി സ്വന്തമാക്കി

അഭിനയത്തിന്‍റെ പുതിയ അധ്യായങ്ങള്‍ തേടുന്നു

കണ്ണുനീര്‍ മാറ്റ് കൂട്ടുന്ന തിളക്കമുള്ള പുഞ്ചിരികള്‍

മുഖം മനസ്സിന്‍റെ കണ്ണാടി എന്ന് പറഞ്ഞതൊരു പഴങ്കഥ

മനസ്സിന്‍റെ മറയാണ് മുഖമെന്നത് പുതിയ നേര്

Monday, July 14, 2008

പെണ്‍ജന്മം

ഒരു പെണ്ണായി ജനിച്ചതില്‍ ഞാനെന്നും സന്തോഷിച്ചിട്ടെ ഉള്ളൂ..അഭിമാനിച്ചിട്ടെ ഉണ്ടായിരുന്നുള്ളൂ.വളര്‍ച്ചയുടെ ഓരോ പടവുകളെയും കാല്പനികതയുടെ നിറം ചേര്‍ത്ത് ആസ്വദിക്കുക തന്നെ ആയിരുന്നു.മുത്തശ്ശിയുടെ പ്രിയപ്പെട്ട പേരക്കുട്ടി.അച്ഛനും അമ്മയ്ക്കും വാ തോരാതെ സംസാരിക്കുന്ന കിലുക്കാം പെട്ടി.കൂട്ടുകാര്‍ക്കിടയിലെ സ്നേഹത്തിന്‍റെ കണ്ണി..കൂട്ടുകാരെല്ലാം പ്രണയത്തിന്‍റെ മഴവില്‍ നിറങ്ങളില്‍ മുങ്ങി നിവര്‍ന്നപ്പോള്‍ ഞാന്‍ പുസ്തകങ്ങളുടെ ലോകത്തായിരുന്നു.കഥാപാത്രങ്ങള്‍ കളിക്കൂട്ടുകാരായി.രാവുകള്‍ പകലാക്കി പുസ്തകങ്ങളുമായി ചങ്ങാത്തം കൂടി.എന്നെങ്കിലും ഒരിക്കല്‍ പ്രണയത്തിന്‍റെ മായാത്ത സുഗന്ധവുമായി വന്നു ചേരാവുന്ന രാജകുമാരനെ സ്വപ്നത്തില്‍ കണ്ടു...

ജനിച്ചു
വീണപ്പോള്‍ അയ്യോ പെണ്‍കുട്ടിയെന്ന് ആരും പരിഭവിച്ചില്ല.പിന്നെ വളര്‍ന്നു വലുതായപ്പോള്‍ അവളുടെ ഇഷ്ടങ്ങള്‍ക്ക് വേണ്ടി എല്ലാവരും സ്നേഹിച്ചു മത്സരിച്ചു.പെണ്‍കുട്ടിയെന്ന് കരുതി എവിടെയും അവള്‍ രണ്ടാം തരക്കാരിയായില്ല.വയറു നിറഞ്ഞു കവട്ടി ഒഴുകിയ മുലപ്പാലില്‍ ...സ്നേഹം കൂട്ടിക്കുഴച്ചു ഊട്ടിയ ചോറ് ഉരുളകളില്‍..നെഞ്ചോടു ചേര്‍ത്ത് പാടിയുറക്കിയ താരാട്ട് പാട്ടുകളില്‍ ..കവിളില്‍ എണ്ണാതെ തന്ന ഉമ്മകളില്‍ ...പല വര്‍ണ്ണങ്ങളില്‍ കൈ നിറഞ്ഞു കിടന്ന കുപ്പി വളകളില്‍..എന്നും എന്നും അവള്‍ ഒന്നാം സ്ഥാനക്കാരിയായിരുന്നു..അവളുടെ നീണ്ട മുടിപ്പിന്നലുകള്‍ അമ്മയുടെ സ്നേഹം തന്നെ ആയിരുന്നു.

സ്നേഹത്തിലും മുലപ്പാലിലും വേര്‍തിരിവ് കാട്ടാതിരുന്ന അമ്മയെ സംരക്ഷിക്കാന്‍ പെണ്‍കുട്ടിയായ നിനക്ക് അവകാശമില്ലെന്ന് പറയുന്ന സമൂഹമേ എനിക്ക് നിന്നോട് അറപ്പും വെറുപ്പുമാണ്.എന്തിനാണ് അമ്മെ ഒരു പെണ്ണായി എന്നെ ജനിപ്പിച്ചത്?ആണായി ജനിച്ചിരുന്നെങ്കിലെന്നു ആദ്യമായി ആഗ്രഹിച്ചു പോവുകയാണ്.സ്നേഹത്തിന്‍റെ പേര് പറഞ്ഞു വന്നു ചേര്‍ന്ന ബന്ധങ്ങളൊക്കെ എനിക്കെന്‍റെ അമ്മയെ നഷ്ടമാക്കിയല്ലോ.നെഞ്ച് തകര്‍ക്കുന്ന നോവിലും കരയാതെ ചിരിക്കാന്‍ അമ്മ തന്ന പാഠങ്ങള്‍ എനിക്ക് ശക്തിയാവുകയാണ്.
മുറിഞ്ഞ പൊക്കിള്‍ കൊടിയുടെ നോവ്‌ ഒരു വാരമേ നീണ്ടു നിന്നുള്ളൂ..മുറിഞ്ഞു പോയ ഈ ആത്മബന്ധം മരണത്തോളം എന്‍റെ നോവാണ്..എന്‍റെ ആദ്യത്തെയും അവസാനത്തെയും കൂട്ടുകാരിയും ബന്ധുവും അമ്മ മാത്രമെന്ന് ഞാന്‍ തിരിച്ചറിയുകയാണ്..

Saturday, July 12, 2008

കണക്കുകള്‍

അവള്‍ക്കു ശ്വാസം മുട്ടുന്നുണ്ടായിരുന്നു.കണക്കുകള്‍..
.കണക്കുകള്‍..ഒരിക്കലും അവസാനിക്കാത്ത അക്കങ്ങളുടെ കളികള്‍..പാലിന്‍റെ കണക്കു ..പത്രത്തിന്‍റെ കണക്കു,പച്ചക്കറി വാങ്ങിയതിന്‍റെ കണക്കു..അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കണക്കുകള്‍..അവളുടെ ദിവസത്തിന്‍റെ തുടക്കവും ഒടുക്കവും ഈ അക്കങ്ങളോട് ഉള്ള മല്‍സരം തന്നെയായിരുന്നു.."നീ അനാവശ്യമായി ചിലവാക്കി കളയുന്നതൊക്കെ ബാങ്കില്‍ ഇട്ടിരുന്നെങ്കില്‍ എത്ര പലിശ കിട്ടിയിട്ടുണ്ടാവും .നീ ഇങ്ങനെ ചിലവാക്കുന്നത് കൊണ്ടാണ്..ഇല്ലെങ്കില്‍ വീടിനു ഒരു നില കൂടെ കെട്ടാമായിരുന്നു..കാര്‍ ഒന്ന് മാറ്റി വാങ്ങാമായിരുന്നു..ഇത്രയേറെ ചിലവുകള്‍ അടുക്കളയില്‍ വരുന്നതെങ്ങനെ" .അവള്‍ക്കു തല ചുറ്റി.ബോധം മറഞ്ഞു താഴേയ്ക്ക് വീണു .കുഞ്ഞിനു കൊടുക്കാനായി കയ്യിലെടുത്ത പാല്‍ താഴെയാകെ പരന്നൊഴുകി,അവളുടെ പാറിപ്പറന്ന മുടിയെ നനച്ചു..


ഒരു നോട്ടു കൂമ്പാരത്തിലാണ് ചെന്ന് വീണതെന്ന് തോന്നി.ചുറ്റും എത്രയൊക്കെയോ അക്കങ്ങള്‍ എഴുതിയ നോട്ടുകള്‍ പറന്നു കളിക്കുന്നുണ്ടായിരുന്നു.അവള്‍ കണ്ണുകള്‍ ഇറുക്കെ അടച്ചു.പണം കാണുന്നത് പോലും ഭയമായിരിക്കുന്നു.കണക്കു കുറിയ്ക്കുന്ന പേനയും പേപ്പറും അവളെ ഉറക്കത്തില്‍ പോലും വേട്ടയാടി..ഒരു കൂട് പൊട്ടു വാങ്ങിയാല്‍ ഒരു വര്‍ഷത്തിനു മേലെ ഉപയോഗിക്കും.അല്ലെങ്കില്‍ തന്നെ ഇപ്പോള്‍ പൊട്ടു വയ്ക്കാറും ഇല്ല.പിന്നെ മുടിയിലിടാന്‍ രണ്ടോ മുന്നോ ക്ലിപ്പുകള്‍..അതും കറുത്ത നിറമായതിനാല്‍ മാറ്റി മാറ്റി വാങ്ങേണ്ട കാര്യമേയില്ല.ആരോടൊക്കെയോ ഉള്ള വാശി പോലെ നീണ്ട മുടി വെട്ടി ചെറുതാക്കിയിരുന്നു.ഇനി അതിന്റെ മേലെ ചിലവുകള്‍ വേണ്ട..ഇളം നിറത്തിലെ രണ്ടോ മൂന്നോ സാരികള്‍...നനച്ചാലും നനച്ചാലും നിറം കുറയാത്തത്ര ഇളം നിറങ്ങളിലെ മനോഹരമായ സാരികള്‍ ..ഇതൊക്കെയാണ് പറഞ്ഞാലും പറഞ്ഞാലും തീരാത്ത അവളുടെ അധിക ചിലവുകള്‍ ..


ബോധം വീണപ്പോള്‍ അവള്‍ ചുറ്റും നോക്കി..താന്‍ കിടന്നത് നോട്ടുകളുടെ മുകളില്‍ ആയിരുന്നില്ലേ..അതൊരു തോന്നല്‍ മാത്രമായിരുന്നോ ..ആശ്വാസം തോന്നി..ഒരു ദിവസമെങ്കിലും എണ്ണിയാല്‍ തീരാത്ത കണക്കുകള്‍ ഇല്ലാത്തൊരു ലോകത്ത് ജീവിച്ചു മരിച്ചെങ്കില്‍...