Monday, September 22, 2008

ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും..

പതിവ് പോലെ മോളെയും കൂട്ടി വൈകുന്നേരത്തെ നടപ്പിനു ഇറങ്ങിയതാണ് ദേവ.എങ്ങോട്ട് ആണെന്ന് ദേവക്കു അറിയില്ല?മോള്‍ പറയും പോലെ..അല്ലെങ്കില്‍ ഭര്‍ത്താവു പറയും പോലെ.ആഗ്രഹങ്ങളും ലക്ഷ്യങ്ങളും എന്നോ നഷ്ടമായതാണ് ദേവയ്ക്ക്.ചരട് പൊട്ടിയ പട്ടം പോലെ കാറ്റിനൊപ്പം പറന്നു പറന്നു..പുതിയ ഫ്ലാറ്റിന്റെ പണി നടക്കുന്നതിനാല്‍ ക്ഷേത്രത്തിലേയ്ക്കുള്ള വഴിയാകെ പൊടി മൂടി ഇരിക്കുന്നു..മോള്‍ടെ കയ്യും പിടിച്ചു മെല്ലെ നടന്നു..

പണിക്കു വേണ്ടി തമിഴ് നാട്ടില്‍ നിന്നും വന്ന ഒരു പാട് ആളുകള്‍..കല്ല്‌ അടിക്കുകയും കട്ട ചുമക്കുകയും ഒക്കെ ചെയ്യുന്നു.കാഴ്ചകള്‍ പതിവുള്ളത് തന്നെ.പക്ഷെ അവളുടെ രൂപം എന്ത് കൊണ്ടോ മനസ്സില്‍ ഉടക്കി ..മരത്തിന്റെ കൊമ്പില്‍ കെട്ടിയ തൊട്ടിലില്‍ ഉറങ്ങി കിടക്കുന്ന കുഞ്ഞും..എന്തോ വാശി പോലെ ഒരു നിമിഷം പോലും ഇളയ്ക്കാതെ ആഞ്ഞു ആഞ്ഞു കല്ലിലേക്ക് പതിയുന്ന ചുറ്റികയും ..വളകള്‍ ഒന്നും ഇടാത്ത കൈകളും ..മുറുക്കി ചുവപ്പിക്കാത്ത ചുണ്ടുകളും ..അവളുടെ അടുത്ത് പുസ്തക താളില്‍ സ്വയം മറന്നിരിക്കുന്ന ഒരു ചെറിയ ആണ്‍ കുട്ടിയും ...

എന്‍റെ പുഞ്ചിരി അവള്‍ കണ്ടില്ലെന്നു നടിച്ചു..പിന്നെയും പല വൈകുന്നേരങ്ങളിലും അവളെയും കുട്ടികളെയും കണ്ടു..ചിലപ്പോള്‍ പണി കഴിഞ്ഞു സാധനങളും വാങ്ങി വരുന്നത് .മറ്റു ചിലപ്പോള്‍ അവരുടെ ചെറിയ കൂരയ്ക്ക് മുന്നിലെ അടുപ്പില്‍ പാചകത്തിന്റെ തിരക്കില്‍...ഉറക്കം പിണങ്ങി നില്‍ക്കുന്ന രാത്രികളില്‍ ബാല്‍ക്കണി യിലെ ചാരുകസേരയില്‍ മാനത്തെ നക്ഷത്രങ്ങളെ നോക്കി ഇരിക്കവേ കുഞ്ഞുങ്ങളെ കൂരയ്ക്കുള്ളില്‍ ഉറക്കി ,കീറിയൊരു കമ്പിളി പുതപ്പില്‍ നക്ഷത്രങ്ങളുടെ താഴെ അവള്‍ ഉറങ്ങുന്നു...പകലത്തെ അധ്വാനത്തിന്റെ ക്ഷീണത്തില്‍ അല്ലലില്ലാതെ സ്വസ്ഥമായി... അങ്ങനെ എല്ലാം മറന്നു സ്വസ്ഥമായി ഒന്ന് ഉറങ്ങിയിട്ട് എത്ര കാലമായെന്ന് ദേവ ചിന്തിച്ചു പോയി..

ഇടയ്ക്ക് ഫ്ലാറ്റിന്റെ പണി മുടങ്ങിയപ്പോള്‍ ബാക്കി ഉള്ള പണിക്കാര്‍ ഒക്കെ പുതിയ സ്ഥലത്തേയ്ക്ക് പോയി..പക്ഷെ അവളും കുഞ്ഞുങ്ങളും അവിടെ തന്നെ ഉണ്ടായിരുന്നു... അപ്പര്ട്മെന്ടില് പല വീടുകളിലും അവള്‍ ജോലിക്ക് വന്നു പോകുന്നു ...ഭര്‍ത്താവു ഒഫീഷ്യല്‍ ട്രിപ്പ്‌ നും മോള്‍ ടൂറിനും പോയ സമയം..ദേവ പനി പിടിച്ചു കിടപ്പിലായി..അങ്ങനെ ദേവയുടെ കൂട്ടുകാരിയാണ്‌ അവളെ അവിടെ കൊണ്ടാക്കിയത്‌ ..ഭര്‍ത്താവു വരും വരെ ദേവയെ നോക്കാന്‍.....മെല്ലെ മെല്ലെ ദേവയോട് അവള്‍ സ്വന്തം കാര്യങ്ങള്‍ പറയാന്‍ തുടങ്ങി...

പഠിക്കാന്‍ മിടുക്കിയായിരുന്നിട്ടും ചെറിയ പ്രായത്തിലെ വിവാഹം കഴിപ്പിച്ചത്..പക്വത എത്താത്ത പ്രായത്തില്‍ 2 കുട്ടികളുടെ അമ്മ ആയതു..സ്നേഹമോ കരുതലൊ എന്തെന്നറിയാത്ത ഒരു മനുഷ്യന്റെ ഭാര്യ ആയി കാലങ്ങള്‍ കഴിച്ചത്...സഹനത്തിന്റെ അവസാന പടിയും കടന്നപ്പോള്‍ താലി പൊട്ടിച്ചെറിഞ്ഞു കുഞ്ഞുങ്ങളെയും കൊണ്ട് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഇറങ്ങിയത്‌....ഒരു തണല്‍ ആവാന്‍ അച്ഛനമ്മമാരോ സഹോദരങ്ങളോ തയ്യാര്‍ ആകാഞ്ഞത്...അല്ലെന്കിലും അത് പെണ്ണിന്റെ മാത്രം വിധിയാണല്ലോ.. ചില നേരങ്ങളില്‍ ജനിച്ചു വളര്‍ന്ന വീട്ടിലും ചെന്ന് കയറിയിടത്തും എല്ലാം ഒരേ പോലെ അവള്‍ അന്യയായി പോകുന്നു...അക്കാ മരിക്കാന്‍ എളുപ്പമാണ് ...ജീവിക്കാന്‍ ഒരു പാട് ബുദ്ധിമുട്ടും...ഒരൊറ്റ നിമിഷത്തെ ധൈര്യം മതി എല്ലാം മതിയാക്കാന്‍..പക്ഷെ എന്‍റെ കുഞ്ഞുങ്ങള്‍..വാശിയാണ് തോന്നിയത് ജീവിതത്തോട്..തോറ്റു കൊടുക്കാന്‍ എനിക്ക് മനസ്സില്ല..അവളുടെ വാക്കുകള്‍ക്ക് അനുഭവത്തിന്റെ ചൂട് ...

ഒരു ആണ്‍ തുണയില്ലാതെ ഒരു സുരക്ഷിതത്വവുമില്ലാതെ നീ എങ്ങനെ കഴിയുന്നു ?അക്കാ താലിയുടെ ധാര്‍ഷ്ട്യത്തില്‍ എന്‍റെ ഭര്‍ത്താവു പിടിച്ചു വാങ്ങിയതോ രാത്രിയ്ടെ മറവില്‍ എന്‍റെ നിസ്സഹായതയില്‍ ഭയപ്പെടുത്തി തട്ടിയെടുക്കുന്നതോ ഒന്നും എനിക്കൊരു നഷ്ടവും വരുത്തുന്നില്ല..പെണ്ണിന് മാത്രമായി ഈ ലോകത്ത് ഒരു പരിശുദ്ധിയും ഇല്ല..എന്നെങ്കിലുമൊരിക്കല്‍ എന്‍റെ മനസ്സറിഞ്ഞു ഒപ്പം ജീവിക്കാന്‍ തന്റേടം ഉണ്ടെന്നു പറയാന്‍ ഒരാള്‍ ഉണ്ടായാല്‍ അയാളെ ഞാന്‍ പ്രണയിക്കുക തന്നെ ചെയ്യും ..അയാളുടെ ഒപ്പം ഞാന്‍ ജീവിക്കുകയും ചെയ്യും ..അവളുടെ വാക്കുകള്‍ ദേവയെ ഞെട്ടിക്കുക തന്നെ ചെയ്തു..സത്യമല്ലേ..പെണ്ണിന് മാത്രമായി എന്താണുള്ളത്?അവളുടെ മനസ്സറിയാതെ സ്നേഹം നേടാതെ തട്ടിയെടുക്കപ്പെടുന്നതില്‍ അവള്‍ക്കെന്തു വിശുദ്ധി നഷ്ടമാവാനാണ്‌...?
പനി മരുന്നുങ്ങള്‍ കാരണമോ എന്തോ ദേവ അന്ന് രാത്രി ശാന്തമായി ഉറങ്ങി..രാത്രിയുടെ നിറവില്‍ ,ആകാശത്ത് നിന്ന് നക്ഷത്രങ്ങളുടെ തേരില്‍ അവളെ കാണാനായി മാത്രം താഴേയ്ക്ക് വരുന്നൊരു ഗന്ധര്‍വനെ സ്വപ്നം കണ്ടു മയങ്ങി ....

Friday, September 5, 2008

വെറുമൊരു നിഴല്‍ യുദ്ധം

നോവലുകളിലും സിനിമകളിലും ആക്ഷേപവും പരിഹാസവും നിറഞ്ഞ സാഹചര്യങ്ങളില്‍ മാത്രം കണ്ടു പരിചയിച്ച കഥ പാത്രങ്ങള്‍.പൌരുഷവും സ്ത്രൈണതയും വേര്‍പിരിയാനാവാതെ കൂടിച്ചേര്‍ന്നു ,മനസ്സും ശരീരവും ഇരു ദിശകളിലേയ്ക്ക് സഞ്ചരിക്കുന്ന ജീവിതം.

ആദ്യമായി അങ്ങനെ ഒരു സംഘം കണ്ണില്‍ പെട്ടത് ഹൈദരബാദിലെയ്ക്കു ഉള്ള യാത്രകളിലാണ്.സ്റ്റേഷനു തൊട്ടു മുന്‍പ് ക്രോസ്സിങ്ങിനായി ട്രെയിന്‍ നിര്‍ത്തിയിട്ടപ്പോള്‍..ആദ്യം കേട്ടത് ഒരു കയ്യടിയുടെ ശബ്ദമാണ്. അല്പം അതിര് വിട്ട അംഗ ചലനങ്ങളുമായി കുറെ ആളുകള്‍..പുരുഷ വേഷത്തിലും സ്ത്രീ വേഷത്തിലും കംപര്ട്ട്മെന്റുകള്‍ കയറി ഇറങ്ങുന്നു..പൈസ ചോദിച്ചു വാങ്ങുന്നു..അവരടുത്തു എത്തിയപ്പോള്‍ മീരയുടെ ഭര്‍ത്താവു ഉറക്കം നടിച്ചു കണ്ണടച്ചു.അവളുടെ കണ്ണില്‍ അതിശയമോ സഹതാപമോ ആയിരുന്നു.ആദ്യം കയ്യില്‍ തടഞ്ഞ നോട്ട് തന്നെ അവളെടുത്തു കൊടുത്തു.

പുതിയ ഓഫീസിലേക്ക് മാറ്റം കിട്ടി വന്നതിനു ശേഷം അതൊരു പതിവ് കാഴ്ച ആയി..ബസ് സ്റ്റോപ്പില്‍ നിന്ന് ഇരുപതു മിനിട്ടിന്റെ നടപ്പുണ്ട് വീട്ടിലേയ്ക്ക്‌..ഒരു ഓട്ടോ പിടിച്ചു പോകാവുന്ന ദൂരം..മീരയ്ക്ക് നടക്കാന്‍ ഒരു പാട് ഇഷ്ടമായിരുന്നു.കൂട്ടുകാരോടൊപ്പം കഥ പറഞ്ഞു നടക്കാനും.ആരും കൂട്ടില്ലാത്ത നേരത്ത് ദിവാസ്വപ്നങ്ങളില്‍ മുഴുകി നടക്കാനും ഒക്കെ.അല്ലെങ്കിലും ചുറ്റും കാണുന്ന പതിവ് കാഴ്ചകള്‍ പോലും അവളില്‍ കൗതുകം നിറച്ചിരുന്നല്ലോ.ഒരിക്കല്‍ വഴി മുറിച്ചു കടക്കവേ കയ്യിലെ കവറില്‍ നിന്നും താഴേയ്ക്ക് ഓടി രക്ഷപെടാന്‍ ശ്രമിച്ച തക്കാളി കുഞ്ഞന്മാരുടെ പിന്നാലെ ഓടിയ നേരത്താണ് ആദ്യമായി മല്ലിക്കിനെ ശ്രദ്ധിച്ചത്.തക്കാളി പെറുക്കി തന്നു എന്നത് മാത്രമല്ല.അതിലൊന്നെടുത്ത്‌ അനുവാദം കൂടാതെ കഴിക്കയും ചെയ്തു.അതും പോരാഞ്ഞ് പൈസയ്ക്കായി കൈ നീട്ടി..പാന്ച് രുപ്യാ ദോ നാ...ചായ് കെ ലിയേ...ഒന്നും പറയാതെ അവള്‍ പൈസ കൊടുത്തു നടന്നകന്നു..

പിന്നെ അതൊരു പതിവ് കൂടികാഴ്ച ആയി..ഒരിക്കല്‍ ഓട്ടോ കിട്ടാതെ വിഷമിച്ചു കയ്യിലുള്ള നാലഞ്ചു കവറുമായി ബദ്ധപ്പെട്ടു നടന്നു തുടങ്ങിയപ്പോള്‍ അനുവാദം ചോദിയ്ക്കാതെ രണ്ടു കവര്‍ കയ്ക്കലാക്കി കൂടെ നടന്നു വന്നു.കുടയെടുക്കാന്‍ മറന്നൊരു വൈകുന്നേരം,കോരി ചൊരിഞ്ഞ മഴയില്‍ ആകെ കുതിര്‍ന്നു സാരി കൊണ്ടൊന്നു പുതച്ചു നില്‍ക്കുമ്പോള്‍ ആരോടോ കടമായി വാങ്ങിയ ഒരു കുട വച്ച് നീട്ടി.ഞങ്ങള്‍ക്കിടയില്‍ സംഭാഷണമേ ഉണ്ടായിരുന്നില്ല..ശമ്പളം കിട്ടിയ ദിവസം ചായ കുടിക്കാന്‍ ഇരിക്കട്ടെയെന്നു പറഞ്ഞു കയ്യിലേക്ക് വയ്ക്കാന്‍ ശ്രമിച്ച നോട്ടുകള്‍ മല്ലിക് വാങ്ങിയില്ല.മറുപടിയായി ഒരു നോട്ടം മാത്രം..എന്തായിരുന്നു ആ കണ്ണുകളില്‍..അര്‍ഥങ്ങള്‍ തേടാതെ ഇരിക്കാനായിരുന്നു മീരയുടെ ശ്രമവും.

അടുത്ത ദിവസം മോള്‍ക്കൊരു ഉടുപ്പ് തിരയുന്നതിനിടയില്‍ വീണ്ടും കണ്ടു..മോളുമായി പെട്ടന്ന് കൂട്ടായി..ഒരു ഡ്രസ്സ് എടുത്തു കൊടുത്താലോ?പക്ഷെ ഏതു? ആകെയൊരു ആശയ കുഴപ്പം.അവസാനം ചോദിച്ചു.മല്ലിക് ഞാന്‍ ഒരു ഡ്രസ്സ് എടുത്ത് തരട്ടെ?ഏതാണ്‌ ഇഷ്ടം എന്ന് പറയൂ..കണ്‍ കോണുകളില്‍ പടര്‍ന്ന നനവിനെ ഒരു പുഞ്ചിരിയുടെ തിളക്കത്തില്‍ ഒളിപ്പിച്ചു പറഞ്ഞു മീരേ നീ വാങ്ങി തരുമ്പോള്‍ അതൊരു ഷര്‍ട്ട്‌ തന്നെ ആയിക്കോട്ടെ..രണ്ടു പേരും ചിരിച്ചു..മടങ്ങിയപ്പോള്‍ ഇരുട്ട് പടര്‍ന്നു തുടങ്ങിയിരുന്നു.വീടോളം ഒപ്പം നടന്നു വന്നു.മോളെയും തോളിലേറ്റി..അകത്തേയ്ക്കു ക്ഷണിച്ചില്ല..അതിനായി കാത്തു നിന്നതുമില്ല.ഗേറ്റ് തുറന്നതിനു ശേഷം പിന്തിരിഞ്ഞു നോക്കിയപ്പോള്‍ നടന്ന്‌ തുടങ്ങിയിരുന്നു.മുകളിലെ മുറിയുടെ ജനാലയില്‍ കൂടെ ഇടവഴി തിരിഞ്ഞു പോകുന്ന മല്ലിക്കിന്റെ രൂപം കാണാമായിരുന്നു . ഇരുളും വെളിച്ചവും മാറി മാറി ചിത്രങ്ങള്‍ വരച്ച വഴിയില്‍ അകന്നകന്നു പോകുന്ന ആ നിഴല്‍ നോക്കി അവള്‍ നിന്നു.

ബസ് സ്റ്റോപ്പിലെ ചായക്കടയ്ക്ക് മുന്‍പിലെ ആള്‍ക്കൂട്ടം ആദ്യം ഞങ്ങളെ തുറിച്ചു നോക്കി..സംഘത്തിലെ പുതിയ അംഗം എന്ന് കരുതി അര്‍ഥം വച്ച പരിഹാസങ്ങളും ദേഹം തുളയ്ക്കുന്ന നോട്ടവും മീരയുടെ നേര്‍ക്ക്‌ നീണ്ടു വന്നു.പിന്നെ എപ്പോളോ അങ്ങനെ അല്ലെന്നു അറിഞ്ഞപ്പോള്‍ കൌതുകവും അതിശയവും.പിന്നെ അവരതു മറന്നുവെന്നു തോന്നി.പുതിയ കാഴ്ചകളില്‍ മനസ്സുടക്കിയതുമാവാം.ഒരിക്കല്‍ ബുക്ക് സ്ടോള്ളില്‍ പുസ്തകങ്ങളുടെ ലോകത്ത് സ്വയം മറന്നു നില്‍ക്കുമ്പോള്‍ ആഹ മീര വായിക്കുമായിരുന്നോ എന്നൊരു ചോദ്യവുമായി മുന്‍പില്‍.അവിടെ നിന്നിറങ്ങി ഒന്നിച്ചു നടക്കുമ്പോള്‍ എന്നത്തേയും പോലെ മൌനത്തെ കൂട്ട് പിടിച്ചു.മീരേ ഒന്ന് ഞാന്‍ പറഞ്ഞോട്ടെ..പരിഹാസവും വെറുപ്പും നിറഞ്ഞ മുഖങ്ങളെ ഞാന്‍ കണ്ടിട്ടുല്ല്ളൂ.പലരും മുഖത്തേയ്ക്കൊന്നു നോക്കാറ് പോലുമില്ല.ശരീരത്തിലേയ്ക്ക് മാത്രം തുളഞ്ഞു കയറുന്ന നോട്ടങ്ങള്‍.അതിനിടയില്‍ നീ മാത്രമെന്തേ ഇങ്ങനെ?ഒരിക്കല്‍ പോലും വെറുപ്പിന്റെ നേരിയൊരു ലാഞ്ചന പോലും നിന്‍റെ കണ്ണുകളില്‍ ഞാന്‍ കണ്ടിട്ടില്ല.എന്‍റെ കണ്ണിലേയ്ക്കു നീ നോക്കുമ്പോള്‍ അതില്‍ നിറയുന്ന സ്നേഹവും കരുണയും മാത്രമേ ഞാന്‍ അറിയുന്നുള്ളൂ..

മീരേ നിന്നോട് സംസാരിച്ചിരിക്കുന്ന നേരങ്ങളില്‍ ഒക്കെയും ജയവും തോല്‍വിയും ഇല്ലാത്തൊരു മല്‍സരമാണ് എന്‍റെ മനസ്സില്‍.ഒരേ സമയം തന്നെ സഹോദരിയായും സുഹൃത്തായും കാമുകിയായും ഒക്കെ എന്‍റെ മനസ്സില്‍ നീ നിറയുന്നു.അര്‍ത്ഥശൂന്യമായൊരു നിഴല്‍ യുദ്ധമാണ് മനസ്സില്‍..മരിക്കുവോളം എനിക്കതില്‍ നിന്നു മോചനവുമില്ല.പുരുഷനും സ്ത്രീക്കുമിടയില്‍ എവിടെയോ പെട്ട് പോയൊരു ജന്മമാണ് ഞാന്‍.വേര്‍തിരിക്കാനാവാത്ത വികാര വിചാരങ്ങള്‍.ആര്‍ക്കും മനസ്സിലാകണം എന്നില്ല.നാടും വീടും വിട്ടു ഈ സംഘത്തിനൊപ്പം അലഞ്ഞു തിരിയുമ്പോള്‍ ഒരു മുഖവും മനസ്സില്‍ തങ്ങി നില്‍ക്കാറില്ല.അച്ഛന്‍ അമ്മ സഹോദരങ്ങള്‍ ആരുമില്ല ഓര്‍മ്മയില്‍..മദ്യത്തെയും മയക്കു മരുന്നിനെയും കൂട്ട് പിടിച്ചു മയങ്ങുന്ന രാവുകള്‍.ഈയിടെയായി ഒക്കെ മാറുന്നു..നിന്നെ ഒരു നോക്ക് കാണാന്‍ ആയി വൈകുന്നെരംങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുന്നു.ചുറ്റും പെയ്തൊഴിയുന്ന മഴയും തിളയ്ക്കുന്ന വെയിലും ഒന്നും ഞാന്‍ അറിയുന്നില്ല.ആരാണ് എനിയ്ക്ക് നീ എന്ന ചോദ്യത്തിന് ഉത്തരമില്ല..ആരാണ് ഞാന്‍ എന്ന ചോദ്യത്തിന് പോലും ഉത്തരമില്ലല്ലോ?ഒരു ദിവസമെങ്കിലും നിന്റെയും കുട്ടികളുടെയും ഒപ്പം നിന്നെ മാത്രം സ്നേഹിക്കുന്ന പുരുഷനായി കഴിയാന്‍ ആയെങ്കിലെന്നു...മല്ലിക്കിന്റെ ശബ്ദം ഇടറി..വാക്കുകള്‍ മുറിഞ്ഞു..കണ്ണുനീരില്‍ മറഞ്ഞ കാഴ്ചയില്‍ സിഗ്നലിന്റെ ചുവപ്പ് നിറം മുങ്ങി പോയി...ഇടമുറിയാതെ ഒഴുകുന്ന വാഹനങ്ങളുടെ ഇടയിലേയ്ക്കു മീര നടന്നു കയറി..