Saturday, December 20, 2008

പുനര്‍ജ്ജനിയുടെ തീരങ്ങളില്‍

എന്നത്തേയും പോലെ പുലര്‍ച്ചെ 5 മണിക്ക് തുടങ്ങിയ ഓട്ടമാണ്..മോളും ഗൌതവും ഇറങ്ങിയ ശേഷം ന്യൂസ് പേപ്പറും എടുത്തു ഒരു കപ്പു കാപ്പിയുമായി ഈ ബാല്‍ക്കണിയില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരമായി..കാട് കയറിയ ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത് സെല്‍ ഫോണിന്റെ തുടരെ ഉള്ള ബെല്‍ അടിയാണ്..ഫോണ്‍ കാതിനോട് ചേര്‍ക്കും മുന്‍പേ അതാരെന്നു നോക്കാന്‍ പോലും തോന്നിയില്ല...അങ്ങേത്തലയ്ക്കല്‍ നിന്ന് സുധിയുടെ ശബ്ദം..പവി നീ എപ്പോളാണ് ഇറങ്ങുക.ട്രാഫിക്കില്‍ പെടരുത്..ക്ലയന്റ് വിസിറ്റ് മറന്നിട്ടില്ലലോ.."ഇല്ല ..ദാ ഇറങ്ങുകയായി "എന്ന് പറഞ്ഞു ഫോണ്‍ വച്ചു..സത്യത്തില്‍ ഓഫീസ് ,ക്ലയന്റ് ഒന്നും പവിത്രയുടെ ചിന്തകളില്‍ ഉണ്ടായിരുന്നില്ല...

വിസ്തരിച്ചൊന്നു
കുളിച്ചു..മുടിയിഴകളില്‍ ഹെര്‍ബല്‍ എസ്സെന്സിന്റെ സുഗന്ധം..കറുപ്പില്‍ കോപ്പര്‍ ബോര്‍ഡര്‍ ഉള്ള സാരി ഉടുത്തു..ചുണ്ടില്‍ അല്പം ലിപ്ഗ്ലോസ്..കണ്‍ കോണുകളില്‍ ലാക്മേ പകര്‍ന്ന കറുപ്പ് നിറം..നെറ്റിയില്‍ ചെറിയ ഒരു കറുപ്പ് പൊട്ടും..സുധിയുടെ ഭാഷയില്‍ പവി എന്നും സിമ്പിള്‍ ആന്‍ഡ് എലഗന്ട് അല്ലെ..അപ്പോള്‍ ഇത് മതി.. രാവിലത്തെ തിരക്കിനിടയില്‍ പലയിടത്തായി ചിതറിക്കിടന്ന മോളുടെ പുസ്തകങ്ങളും ഗൌതമിന്റെ വസ്ത്രങ്ങളും ഒക്കെ അടുക്കി വച്ച ശേഷം ഫ്ലാറ്റ് പൂട്ടി പാര്‍ക്കിങ്ങിലെയ്ക്ക് നടന്നു...ഗസലുകള്‍ കേട്ട് തിരക്കുകള്‍ക്കിടയിലൂടെ പവിത്ര മെല്ലെ ഡ്രൈവ് ചെയ്തു..തിരയൊഴിഞ്ഞ കടല്‍ പോലെ മനസ്സ് ശാന്തമായിരുന്നു..

പവി നിന്റെ പഞ്ച്ലൈനും ഡിസൈനും ഒക്കെ അവര്‍ക്ക് ഇഷ്ടമായി...അതിലേറെ നിന്റെ പ്രസന്റേഷന്‍ ...സുധി പിശുക്കില്ലാതെ പ്രശംസിച്ചു കൊണ്ടിരുന്നു..നിനക്കെന്തു ട്രീറ്റ്‌ വേണം പവി ..പറയൂ..സുധി എനിക്ക് ഒരാഴ്ച ലീവ് വേണം..പക്ഷെ അതൊരു ഒഫീഷ്യല്‍ ട്രിപ്പ്‌ ആയെ മറ്റുള്ളവര്‍ അറിയാവൂ..ഞെട്ടല്‍ മറച്ചു സുധി ചോദിച്ചു നീ എവ്ടെയ്ക്ക് മുങ്ങാന്‍ പോകുന്നു?...ആരോടും ഉത്തരം പറയണ്ടാത്ത ഒരാഴ്ച എനിക്ക് കടം തരാമോ എന്നല്ലേ സുധി ഞാന്‍ നിന്നോട് ചോദിച്ചത്...അതില്‍ നീ തന്നെ ചോദ്യങ്ങള്‍ കൊണ്ട് നിറച്ചാലോ.അല്‍പ നേരത്തെ ആലോചനയ്ക്ക് ശേഷം സുധി പറഞ്ഞു -എഗ്രീഡ്‌ പവി..നിനക്ക് അത് സന്തോഷം നല്‍കുമെങ്കില്‍ ആയിക്കോള്..പുതിയ അസയ്ന്മേന്റ്നു വേണ്ടി ഉള്ള യാത്രയെന്ന് മാത്രം മറ്റുള്ളവര്‍ അറിഞ്ഞാല്‍ മതി..

ഗൌതമിനെ ഫോണില്‍ വിളിച്ചു പറഞ്ഞു...ഏതോ തിരക്കിട്ട മീടിങ്ങില്‍ ആയിരുന്നത് കൊണ്ട് പോകുന്നത് എങ്ങോട്റെയ്ക്ക് ആണെന്ന് കൂടെ ചോദിച്ചില്ല..ബൈ..ടേക്ക് കെയര്‍...പിന്നെ ഫോണ്‍ കട്ട് ആയതിന്റെ ബീപ് ശബ്ദം മാത്രം.. മോളെ സ്കൂളില്‍ ചെന്നൊന്നു കണ്ടു..യാത്രയുടെ കാര്യം പറഞ്ഞപ്പോള്‍ ..ഓക്കേ മമ്മ ക്യാരി ഓണ്‍ ...ഹാപ്പി ജേര്‍ണി എന്നാശംസിച്ചു അവള്‍ ..സാരി തുമ്പില്‍ നിന്ന് വിടാതെ നടന്ന അമ്മകുട്ടി യില്‍ നിന്ന് മാളവിക എത്ര പെട്ടന്നാണ് വലിയ പെണ്‍കുട്ടി ആയതു..ജീവിതത്തില്‍ ഭാവങ്ങള്‍ മാറാത്ത ഏതെങ്കിലും ഒരു ബന്ധം ഉണ്ടോ.കണ്ടു മുട്ടുന്ന മാത്ര മുതല്‍ അവസാന ശ്വാസം വരെ ചേര്‍ത്ത് വയ്ക്കാവുന്ന ഏതെങ്കിലും ഒന്ന്.ഹൃദയത്തോട് ചേര്‍ത്ത് വയ്ച്ചവര്‍ ഒക്കെ നിമിഷാര്‍ധത്തില്‍ അന്യരായി നടന്നകലുന്നത് ജീവിതത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന ഒരു തമാശ മാത്രം.

പണ്ടെന്നോ ലോഫ്ടിനുള്ളിലെക്ക്ക് എടുത്തിട്ട മുണ്ടും നേര്യതും തപ്പി എടുത്തു...എയര്‍ ബാഗിനുള്ളിലെയ്ക്ക് അതും കൂടെ എടുത്തു വച്ചു..രണ്ടര മണിക്കൂര്‍ കൊണ്ട് ഫ്ലൈറ്റ് ഡല്‍ഹിയില്‍ എത്തി..മൂന്നു മണിക്കൂര്‍ ഇടവേള ...അവിടെ നിന്ന് ബനാറസ്..എയര്‍പോര്‍ട്ടില്‍ നിന്നും അരമണിക്കൂര്‍ ടാക്സിയില്‍...ഭേദപ്പെട്ടതെന്നു തോന്നിയ ഒരു ഹോട്ടലില്‍ മുറിയെടുത്തു...വെയില്‍ മാഞ്ഞു തുടങ്ങിയപ്പോള്‍ ഇറങ്ങി നടന്നു..ഇടുങ്ങിയ ഗലികളില്‍ കൂടെ വിശ്വനാഥ ക്ഷേത്രതിലെയ്ക്...മോക്ഷം തേടി ജനസഞ്ചയങ്ങള്‍ എത്തുന്ന സന്നിധി..കൈകൂപ്പി നിന്നപ്പോള്‍ മനസ്സ് ശൂന്യമായിരുന്നു..അല്‍പ നേരം ഉള്ളില്‍ ചുറ്റി നടന്നു ..പുറത്തു കടന്നു ഗംഗയുടെ തീരത്തേയ്ക്ക്..വരാന്‍ കൊതിച്ചത് അവിടെയ്ക്ക് ആയിരുന്നല്ലോ..നൂറു കണക്കിനുള്ള ഘാട്ടുകള്‍.സന്ധ്യ സമയം ആയിരുന്നതിനാല്‍ പ്രത്യേക പൂജകളും ആരതിയും ഒക്കെ നടന്നു കൊണ്ടിരുന്നു...നദിയിലേക്ക് ഒഴുക്കി വിട്ടു കൊണ്ടിരുന്ന ദീപങ്ങള്‍ ഗംഗയെ സുന്ദരിയാക്കിയിരുന്നോ? അതോ ഉള്ളില്‍ കനല്‍ പൂവുകള്‍ ഒതുക്കി വച്ചു പുറമേയ്ക്ക് ചിരിക്കുക ആണോ ഗംഗയും..ഇരുള്‍ പരന്നു തുടങ്ങിയിരുന്നു...കണ്ണെത്തും ദൂരത്തോളം നദീ തീരത്ത് എരിയുന്ന ചിതകള്‍..

പൂജയും ഹോമവും ഒക്കെ കഴിഞ്ഞു തിരക്കൊഴിഞ്ഞു തുടങ്ങിയിരുന്നു.എരിഞ്ഞു തീരാറായ ചിതകളെയും ,നദിയുടെ നെഞ്ചിലൂടെ ഒഴുകുന്ന കത്തി തീരാറായ ദീപങ്ങളെയും നോക്കി അവള്‍ ആ പടവുകളില്‍ ഇരുന്നു...ചിന്തകള്‍ പവിത്രയെ ഏതോ ലോകത്തേയ്ക്ക് ചുഴറ്റി എറിഞ്ഞിരിക്കണം ..അടുത്തിരുന്ന സന്യാസിയുടെ സംസാരം ആണ് അവളെ ഉണര്‍ത്തിയത്...ഹിന്ദിയും ഇംഗ്ലിഷും കൂടി കുഴഞ്ഞ ഭാഷയില്‍ അയാള്‍ പലതും സംസാരിച്ചു.അല്ലെന്കിലും ഹൃദയത്തിന്റെ ഭാഷ വാക്കുകള്‍ക്കു അതീതമാണല്ലോ..."മകളെ...ഈ പ്രായത്തില്‍ , ഈ പടവുകളില്‍ നിന്നെ എത്തിച്ചത് എന്തെന്ന് എനിക്കറിയില്ല..എങ്കിലും ഒന്ന് പറയാം..ഈ ജന്മത്തിലെയോ കഴിഞ്ഞ ജന്മത്തിലെയോ തെറ്റുകളുടെ ശിക്ഷ അല്ല നീ അനുഭവിക്കുന്നത്...വരാനുള്ള എത്രയോ ജന്മങ്ങളില്‍ നിന്നുള്ള മോചനമാണ്‌..ഗീതയിലെ ശ്ലോകങ്ങളും അവയുടെ അര്‍ത്ഥവും നിര്‍ത്താതെ പറഞ്ഞു കൊണ്ടേ ഇരുന്നു...ഒരു രാവ് മുഴുവന്‍ അങ്ങനെ പോയി...എപ്പോളോ അവള്‍ മയങ്ങി പോയി..കണ്ണ് തുറന്നപ്പോള്‍ അരികില്‍ ആരും ഉണ്ടായിരുന്നില്ല..

സന്ന്യാസി പോലും ഒരു സ്വപ്നത്തിന്റെ ഭാഗമായിരുന്നോ എന്നവള്‍ സംശയിച്ചു.ഇവിടെ ഈ മണികര്‍ണിക യില്‍ എരിഞ്ഞു തീരാന്‍ ആയാല്‍ ..പുനര്‍ജനികള്‍ ഇല്ലാതെ ഇരിക്കാമല്ലോ.ഗംഗയിലെയ്ക്ക് മെല്ലെ ഇറങ്ങുമ്പോള്‍ പാപം മുഴുവന്‍ അവിടെ സമര്‍പ്പിച്ചു ഒര്‌ മടങ്ങി വരവ് ആഗ്രഹിച്ചിരുന്നില്ല..ഈ ജീവിതത്തില്‍ പവിയെ പിടിച്ചു നിര്‍ത്താന്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം...കഴുത്തൊപ്പം വെള്ളത്തില്‍ എത്തി..ഒഴുക്കില്‍ വഴുതി വീണു...കണ്ണുകള്‍ അടഞ്ഞു...അമ്മെ ഗംഗേ ...സ്വീകരിക്കൂ...ആത്മാവിനെ പൊതിഞ്ഞു നിന്ന ഓരോ ബന്ധങ്ങളും ബന്ധനങളും അവിടെ അഴിഞ്ഞു വീഴുക ആയിരുന്ന.."ഏതൊരു പെണ്ണിനേം പോലെ ആണ് പവിത്രയും ? എക്സ് ഓര്‍ വൈ ഓര്‍ പവി...ടസിന്റ്റ് മയ്ക്സ് എനി ദിഫ്ഫെരെന്‍സ് ഫോര്‍ ഗൌതം.."..ആത്മ നിന്ദയോടെയാണ് എന്നും അത് കേട്ട് നിന്നിട്ടുള്ളത്.അറിയാതെ കണ്ണ് നിറയുമ്പോള്‍ ഒക്കെ...പവി,വില്‍ യു പ്ലീസ് സ്റ്റോപ്പ് ദിസ് സെന്റിമെന്റല്‍ മെലോഡ്രാമ.കാലം ചെല്ലവേ സെന്റിമെന്റല്‍ അല്ലാത്ത ഒരു മാനസികാവസ്ഥയിലേക്ക് പവി വളര്‍ന്നു തുടങ്ങി ..

പിന്നെ മോള്‍ വന്നപ്പോള്‍...അമ്മയ്കാന്‍ പോകുന്നെവെന്നു അറിഞ്ഞ നിമിഷം മുതല്‍ ചുറ്റുപാടുള്ള ഒന്നിനും പവിത്രയെ നോവിക്കാന്‍ കഴിഞ്ഞിരുന്നില്ല..പക്ഷെ മോള്‍ വളര്‍ന്നു വരുംതോറും അവര്‍ക്കിടയില്‍ അകലങ്ങള്‍ സൃഷ്ടിക്കാന്‍ പലരും വല്ലാതെ ശ്രമിച്ചു..പിടിവലികള്‍ക്കിടയില്‍ അവളുടെ കുഞ്ഞു മനസ്സ് നോവതിരിക്കാന്‍ പവി വിട്ടു കൊടുത്തു...സ്നേഹമെന്നാല്‍ പിടിച്ചു വാങ്ങല്‍ അല്ല വിട്ടു കൊടുക്കല്‍ ആണെന്ന് പവി വീണ്ടും വീണ്ടും അറിഞ്ഞു കൊണ്ടേ ഇരുന്നു ..

പിന്നേ....മായാന്‍ മടിച്ചു...അഴിയാന്‍ മടിച്ചു എന്നത്തേയും പോലെ ദത്തന്‍..ജീവിതത്തിന്റെ ഒഴുക്കില്‍ പല തവണ കാമുകിയുടെയും സുഹൃത്തിന്റെയും വേഷങ്ങള്‍ മാറി മാറി കളിച്ചു...ചതുരംഗ കളത്തിലെ കരുവിനെ പോലെ..കളിക്കാരന്റെ ഇഷ്ടതിനൊപ്പം കളം മാറി കൊണ്ടേ ഇരുന്നു..എങ്കിലും ഇലയനക്കങ്ങള്‍ പോലും അവന്റെ കാലടി ഒച്ചയെന്നു കരുതി പോകും പവി..സ്വന്തമല്ലാത്ത ഒന്നിനെയും സ്നേഹിക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ..എന്ത് കൊണ്ടോ ഈ തത്വങ്ങള്‍ ഒന്നും പവിക്ക് മാത്രം ബാധകം ആവുന്നില്ല...പക്ഷെ അവസാനം ആ കെട്ടും അഴിഞ്ഞു...സ്നേഹത്തിനും സുരക്ഷിതത്വത്തിനും ഒക്കെ ആയി എന്നും ഉണ്ടായിരുന്ന മനസ്സ് കൊണ്ടുള്ള ആ കാത്തിരിപ്പ് അവിടെ അവസാനിച്ചു....

മുങ്ങി നിവര്‍ന്ന പവി...വെറും പവി മാത്രം ആയിരുന്നു...ഗൌതമിന്റെ ,മാളവികയുടെ,ദത്തന്റെ ..ഒന്നും നിഴല്‍ പാടുകള്‍ പോലും ഇല്ലാത്ത പവി..അഴിഞ്ഞു വീണ ബന്ധങ്ങള്‍ക്കൊന്നും ഇനി തന്നെ നോവിക്കാനാകില്ല..ഉള്‍ക്കൊള്ളുന്ന പാത്രത്തിന്റെ രൂപം സ്വീകരിക്കാന്‍ കഴിവുള്ള ജലത്തെ പോലെ തന്റെ ആത്മസത്തയില്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ അവര്‍ക്കൊക്കെ വേണ്ടി ഏതു വേഷവും ഏതു സാഹചര്യത്തിലും എടുത്തണിയാന്‍ പവിക്ക്ക് ഇനി കഴിയും...ഇവിടെ ഈ മണികര്‍ണിക യില്‍ അവസാനിക്കേണ്ടത് അല്ല ജീവിതം എന്ന തിരിച്ചറിവില്‍ പവി ഗംഗയില്‍ നിന്ന് പടിക്കെട്ടുകള്‍ കയറി മുകളിലേയ്ക്ക് നടന്നു തുടങ്ങി..