Friday, December 4, 2009

നിഴല്‍


നീ ആണ് എന്‍റെ നിഴല്‍

ആദ്യത്തെ മിടിപ്പ് മുതല്‍

അവസാന ശ്വാസം വരെ.

ഇരുളിലും വെളിച്ചത്തിലും

ഉണര്‍വ്വിലും ഉറക്കത്തിലും...

എന്‍റെ തെറ്റിലും

ശരിയിലും ..വാക്കുകള്‍ തെറ്റിച്ചു

സ്നേഹത്തിനു വില പറഞ്ഞു

അടര്‍ന്നു അകന്നു പോകുന്ന

ബന്ധങ്ങളെക്കാള്‍ ...

കാതലില്‍ ആഴ്ന്നിറങ്ങി...

ജീവ രക്തം ഊറ്റിക്കുടിച്ചു

മെല്ലെ മെല്ലെ പടര്‍ന്നു കയറി

ഒന്നിച്ചൊരു അസ്തമയം കാട്ടുന്ന

നിന്നെയാണ് എനിക്കിഷ്ടം ...


Tuesday, November 24, 2009

ഇത് മഞ്ഞു കാലം

                                                    കണ്ണെത്താ ദൂരെത്തോളം മഞ്ഞു പുതച്ചു കിടക്കുന്ന ഭൂമി.ശനിയാഴ്ചയുടെ ആലസ്യത്തില്‍ ഉറക്കത്തിനു നീളം കൂടിയിരുന്നു.ഇടക്കൊന്നുണര്‍ന്നു ഒരു ബ്ലാക്ക്‌ കോഫീ കുടിച്ചതിനു ശേഷം വീണ്ടും കംഫോര്ടര്‍നുള്ളിലെ ചൂടില്‍ ചുരുണ്ട് കൂടി.ഉറക്കത്തിനും ഉണര്വ്വിനുമിടയില്‍ മനസ്സില്‍ ഓര്‍മ്മകളുടെ വേലിയേറ്റം.അതോ ഇറക്കമോ?

                                                         വാരാന്ത്യങ്ങള്‍ വിരസതയുടെതിനെക്കാള്‍ ആത്മ വിശകലനത്തിന്റെതാണ്.ഏകാന്തതയും ഒറ്റപ്പെടലും ഒന്നാണോ?ഒരിക്കലുമില്ല.ആദ്യത്തേത് ആസ്വദിക്കാന്‍ കഴിയുന്ന ഒരു അവസ്ഥയാണെങ്കില്‍ രണ്ടാമത്തേത് സഹിച്ചു കൂടാന്‍ വയ്യാത്ത ഒന്നും.ജീവിതത്തിലെന്നും താന്‍ രണ്ടാമത്തെ അവസ്ഥയിലായിരുന്നല്ലോ.എന്നും എപ്പോളും ഒരു കൂട്ടിനായി തിരഞ്ഞു തിരഞ്ഞു..കണ്ടുമുട്ടി അടുത്തവര്‍ പലരും പല വേഷങ്ങള്‍ കളിച്ചു.ഏട്ടന്‍,ഏട്ടത്തി,അനിയന്‍,അനിയത്തി,ആത്മ സുഹൃത്ത്‌ അങ്ങനെ എന്തൊക്കെ....

                                                       മുത്തശ്ശി പറയാറുള്ള പോലെ ഉപ്പോളം വരുമോ ഉപ്പിലിട്ടത്‌?ഒന്നും വന്നില്ല എന്നതാണ് സത്യം.അവസാനം ഞാന്‍ ഞാന്‍ മാത്രമായി.ഹൃദയത്തോട് ചേര്‍ത്ത് വച്ചവര്‍,ഹൃദയത്തില്‍ വേരുറപ്പിച്ചവര്‍ ഒക്കെ അടര്‍ന്നു അകന്നു പോയി.ആഴങ്ങളില്‍ വേരോടിയവയൊക്കെ അടര്ന്നപ്പോള്‍ ഹൃദയഭിത്തിയില്‍ പൊട്ടലുകളും കുഴികളും തീര്‍ത്തു ..

                                                          നാളെ ഞായറാഴ്ച ആണ്.ഒന്ന് നടക്കാന്‍ പോകണം.ഒരു മൈല്‍ നടന്നാല്‍ ഒരു പള്ളി ഉണ്ട് .ഈശ്വരന്‍ അമ്പലത്തിലോ പള്ളിയിലോ ആണെന്ന് വിശ്വസിക്കുന്നില്ലെങ്കിലും ഇവിടെ വന്നതിനു ശേഷം അതും ഒരു ശീലമായി.പുതിയ നാടും പുതിയ ശീലങ്ങളും.കാലം കടന്നു പോകുന്നത് നമ്മള്‍ അറിയുകയേ ഇല്ല.

                                                        ആദ്യമായി ഈ നഗരത്തില്‍ എത്തുമ്പോള്‍ ഇലകള്‍ക്ക് പച്ച നിറമായിരുന്നു.പിന്നെ അവയുടെ നിറം മാറി തുടങ്ങി.ഓറഞ്ച്,ഇളം ചുവപ്പ്,ബ്രൌണ്‍..മാറുന്ന ബന്ധങ്ങള്‍ പോലെ.പിന്നെ അവ കൊഴിഞ്ഞു.മരങ്ങളെ തീര്‍ത്തും നഗ്നരാക്കി.പിന്നെ എന്നോ ഒരിക്കല്‍ മഞ്ഞു പൊഴിഞ്ഞു തുടങ്ങി..ഇപ്പോള്‍ കണ്ടാല്‍ ഭൂമിയെ മുഴുവന്‍ പഞ്ഞിക്കെട്ടില്‍ പൊതിഞ്ഞത് പോലെ. ഇല പൊഴിച്ച മരങ്ങളും മഞ്ഞു മൂടിയ ഭൂമിയും പലരിലും depression ഉണ്ടാക്കുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

                                   പള്ളിയില്‍ നിന്നും നേരെ റെയില്‍വേ സ്റ്റേഷന്‍ലേയ്ക്ക് പോകണം.ക്യാബ് വേണ്ട.പൊട്ടിച്ചു കളയാന്‍ പണമില്ല.ഒരു പത്തു മിനിട്ട് നേരത്തെ കൂടി കാഴ്ചക്ക് അതിലേറെ പ്രധാന്യവുമില്ലെന്നു സ്വയം വിശ്വസിക്കാന്‍ ശ്രമിച്ചു. ഉറക്കം വന്നതേയില്ല.മൊബൈല്‍ ഫോണില്‍ സമയം നോക്കി കിടന്നു.ഡ്രസ്സ്‌ തിരയാന്‍ ആവശ്യത്തിലേറെ സമയം ചിലവഴിച്ചോ എന്ന് സംശയിച്ചു.കര്‍ട്ടന്‍ മാറ്റി നോക്കിയപ്പോള്‍ ശക്തിയായി മഞ്ഞു വീഴുന്നുണ്ട്‌.എല്ല് പോലും തുളഞ്ഞു കയറുന്ന തണുപ്പാണ്.പുറമേയ്ക്ക് ഒരു നീളന്‍ കോട്ട് എടുത്തിട്ടു..ഗ്ലൌസും.മഞ്ഞില്‍ നടക്കുമ്പോള്‍ വഴുതി വീഴാതിരിക്കാനുള്ള ബൂട്സും...

                                      വളരെ വേഗത്തില്‍ തന്നെ നടന്നു.പള്ളിയില്‍ കയറിയില്ല.മനസ്സില്‍ പ്രാര്‍ത്ഥനകള്‍ ഒന്നും ഉണ്ടായിരുന്നില്ല.ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് ആക്കി തരാമോ എന്ന നാറാണത്ത്‌ ഭ്രാന്തന്റെ ചോദ്യം പോലെ ഉചിതമായതൊന്നും ചോദിക്കാന്‍ ഉണ്ടായിരുന്നില്ല എനിക്ക്.എനിക്ക് ഞാന്‍ ആയിരുന്നാല്‍ മതി,ഇങ്ങനെ തന്നെ ആയിരുന്നാല്‍ മതി..

                           റെയില്‍വേ സ്റ്റേഷന്‍ലെ തടി ബെഞ്ചില്‍ ഇരുന്നു.തിരക്കില്ല.സൈഡിലെ dunkin donuts ഇല്‍ നിന്ന് ചൂടുള്ള ഒരു കാപ്പി വാങ്ങി കുടിച്ചു .തൊണ്ട പൊള്ളിച്ചത് താഴോട്ട് ഒഴുകി.. ആംട്രാക്ക് വന്നു നിന്നു.എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല.ഞാന്‍ ആരെയും കാത്തു നില്‍ക്കുക അല്ലല്ലോ. തൊട്ടു മുന്‍പിലത്തെ കമ്പാര്‍ട്ട്മെന്റില്‍ നിന്ന് വിളറിയൊരു ചിരിയുമായി അവന്‍ മുന്‍പില്‍.വര്‍ഷങ്ങള്‍ കോറിയിട്ട മാറ്റങ്ങളൊന്നും എനിക്കവനെ മനസ്സിലാകുന്നതിനു തടസ്സമായില്ല.

"നീ വല്ലാതെ തടിച്ചു, മുടി എന്താ ഇങ്ങനെ..ഉള്ളും ഇല്ല..നീളവും കുറഞ്ഞു..അതോ വെട്ടി കുറച്ചതോ..ഇവിടുത്തെ ഭക്ഷണ രീതിക്ക് തടി വയ്ക്കാന്‍ എളുപ്പമാണ് "

നമുക്കിടയില്‍ മൌനം നിറയാതിരിക്കാന്‍ പണിപ്പെടുകയാണോ നീ.

"ഈ അവസ്ഥയില്‍ തുടരാന്‍ വയ്യ.നല്ലൊരു ആലോചന വന്നു..ഞാന്‍ സമ്മതിച്ചു.എനിക്ക് നിന്നെ നല്ലൊരു സുഹൃത്തായി കാണാന്‍ കഴിയും.നിനക്കും കഴിയുമെന്ന് എനിക്കറിയാം."

അവസാനത്തെ വാചകത്തിന് അവന്‍ കൂടുതല്‍ ഊന്നല്‍ കൊടുത്തുവോ.
"നന്നായി.. വിവാഹം അറിയിക്കണം..വരാന്‍ കഴിഞ്ഞില്ലെങ്കിലും പ്രാര്തിക്കാമല്ലോ.."

ശേഷിച്ച നിമിഷങ്ങള്‍ പെണ്‍കുട്ടിയുടെ വിശേഷങ്ങള്‍ കൊണ്ട് നിറഞ്ഞു.ഒരു നാട്ടിന്‍പുറത്തുകാരി.അവന്‍റെ സ്വപ്നങ്ങളിലെ തുമ്പപൂവ് ..തുളസിക്കതിര് ..

ട്രെയിന്‍ അകന്നു തുടങ്ങിയപ്പോള്‍ കൈ വീശി യാത്ര പറഞ്ഞു.അവന്‍റെ മുഖത്ത് ആശ്വാസമായിരുന്നു.കണ്ണുനീരും,കൈ വിടരുതെന്ന അപേക്ഷയും ഭയന്ന് എത്തിയവന് മംഗളാശംസകള്‍ നേരാന്‍ കഴിഞ്ഞല്ലോ.ശക്തമായി പൊഴിഞ്ഞു കൊണ്ടിരുന്ന മഞ്ഞു കാഴ്ച്ചയെ മറച്ചു..അവളുടെ മുഖത്ത് വീണു അലിഞ്ഞൊരു ചെറു പുഴ തീര്‍ത്തു..

Monday, November 16, 2009

കുരുക്കുകള്‍

ജ്വലിക്കുന്ന അഗ്നി നാളങ്ങളെ
ഉള്ളില്‍ ഏറ്റിയവന്‍...

പെണ്ണിന്‍റെ മാനത്തിനു വില പറഞ്ഞ കണ്ണുകളെ
ചൂഴ്ന്നെടുക്കാന്‍ കെല്പ്പുള്ളതാണ് ആ കരങ്ങള്‍.

ഒരു തുണ്ട് കയറില്‍ അവസാനത്തെ കൊയ്ത്തിനു ഇറങ്ങിയ
കര്‍ഷകന്‍റെ ഹൃദയ താളവും അവനായിരുന്നു.

പ്രഭാതത്തിലെ ചായക്ക് ചൂട് പകരുന്നതിനപ്പുറം
വാര്‍ത്തകളെ നെഞ്ചിലെ തീയായി ജ്വലിപ്പിച്ചവന്‍...

അധികാര തിമിരം ബാധിച്ചവര്‍ക്ക്‌ മുന്‍പില്‍
അഹിംസയെന്നാല്‍ തോല്‍വി മാത്രമെന്ന തിരിച്ചറിവില്‍
കുരുതിക്കളങ്ങള്‍ തീര്‍ത്തവന്‍...!

അവിടെയും അന്ത്യത്താഴത്തിനു തീന്മേശ ഒരുക്കിയത്
നിലാവിന്‍റെ നൂലുകളാല്‍ നെയ്ത പ്രണയം തന്നെ ആയിരുന്നു.

കൊമ്പിന്റെ ഭംഗി കാട്ടി കുടുക്കിയതൊരു മാന്‍പേട.

അവളുടെ സ്വപ്നങ്ങളില്‍ ഇപ്പോഴും
വെടിയൊച്ചകള്‍ മുഴങ്ങുന്നുണ്ടാവുമോ?

Thursday, November 5, 2009

കൂട്..

ഒരു കൂട്..
കാറ്റിനു വിറളി പിടിപ്പിക്കാന്‍ ആവാത്തത്ര താഴെ
മണ്ണിന്‍റെ നെഞ്ചോടു ചേര്‍ന്നൊരു കൂട്
അര്‍ത്ഥശൂന്യമായ വാക്കുകള്‍ കൊണ്ട് നിറയാത്ത
മൗനം നിറഞ്ഞു തുളുമ്പുന്ന ഒരു കൂട്

തിരക്കുകള്‍ക്കിടയില്‍ സ്വയം നഷ്ടമാവുമ്പോള്‍ ഒക്കെയും
ഓടി അണയാന്‍, എനിക്ക് ഞാന്‍ ആയിരിക്കാന്‍
വിലക്കുകള്‍ ഇല്ലാത്തൊരു
ഏകാന്തതയുടെ തുരുത്ത്..

ആര്‍ത്തിരമ്പി വന്നു,നിമി നേരം കൊണ്ട് കയ്യടക്കി
തല്ലിത്തകര്‍ത്തു പതഞ്ഞൊഴുകി
നിര്‍വ്വികാരമായി മടങ്ങുന്ന
കടലിന്‍റെ കാണപ്പുറത്തു ഒരു കൂട്

ദുഃഖങ്ങള്‍ എല്ലാമൊരു തുണ്ട് കടലാസ്സില്‍ ആക്കി
തീനാമ്പുകളെ ഊട്ടി
ഓര്‍മ്മകളുടെ മേലെ ഒരു കമ്പിളി പുതപ്പിട്ട്
സ്വച്ചമായുറങ്ങാന്‍ എനിക്കൊരിടം
അവിടെ നിലാവിന്‍റെ കുളിരും
കാറ്റിന്‍റെ ഈണവും മാത്രം...

Thursday, October 8, 2009

ഒരു ചോദ്യം

പൂവുകളില്‍ ചുവപ്പ് പടരുന്ന കാലം
അയോഗ്യമാക്കപ്പെടുന്ന ദിനങ്ങള്‍
പ്രാര്‍ത്ഥനക്കും പൂജാമന്ത്രങ്ങള്‍ക്കും
നാവിന്‍ തുമ്പില്‍ പോലും വിലക്ക്

കാഴ്ചയില്‍ നിന്നകന്നു നില്‍ക്കണം
എന്റെ അശുദ്ധിയില്‍
കരിഞ്ഞു തുടങ്ങുന്ന കറിവേപ്പും
വാടി നില്‍ക്കുന്ന തുളസിയും

എട്ടു രാത്രികള്‍ക്ക് അപ്പുറം
വിശുദ്ധിയുടെ ദിനങ്ങള്‍ വീണ്ടെടുക്കാം
സൃഷ്ടാവിനും സൃഷ്ടിക്കുമിടയില്‍
ശുദ്ധ അശുദ്ധങ്ങള്‍ക്ക് എന്തര്‍ത്ഥം

ദ്വൈതമല്ല നീയും ഞാനും എന്നിരിക്കെ
എന്റെ അശുദ്ധികള്‍ നിന്നിലേയ്ക്കും പടരുമോ

Tuesday, August 18, 2009

അണയാത്തൊരു കൈത്തിരി


തോറ്റു മടങ്ങുവാന്‍ മനസ്സില്ലയെനിക്കെന്നു
പറയുക നീയീ ജീവിതത്തോട്
പെയ്യാന്‍ കൊതിക്കുന്ന മിഴികളെന്നാകിലും
വിതുമ്പല്‍ ഒതുക്കുന്ന ചൊടികള്‍ എന്നാകിലും
നിറം മാഞ്ഞോരീ രക്ത പുഷ്പങ്ങളെ
ഉള്ളില്‍ അടക്കുക നീ
വാടാത്ത പുഞ്ചിരി പൂവൊന്ന് ഈ
ചൊടികളില്‍ തിരുകി വച്ചീടുക നീ

നോവിന്റെ കടലാണ് മുന്‍പില്‍ എന്നാകിലും
മിഴി നീര്‍ തുടച്ചു ഒന്ന് നോക്കുക ചുറ്റിലും
നിന്നെയും കാത്തൊരു തോണി കിടപ്പുണ്ട്
തുഴയുക മറുകര അരികിലാണ്

നിഴല്‍ പോലും അന്യയായി
അകലുന്ന വേളയില്‍
ഇരുള്‍ മുറിച്ചിര തേടും
ചെന്നായ്ക്കള്‍ ഉണ്ടിവിടെ
തോറ്റു മടങ്ങുവാന്‍
മരണത്തില്‍ ഒളിക്കുവാന്‍
എത്രയെളുപ്പം സഖീ..

ഇരുള്‍ വീണ പാതയില്‍
ഇടറാതെ ചരിയ്ക്കുവാന്‍
ഉള്ളിലെ കൈത്തിരി
അണയാതെ കാക്കുക നീ...

Thursday, July 23, 2009

ഒരിടത്തൊരിടത്തൊരു...

കടപ്പാടുകളുടെ കഥ പറഞ്ഞു
പരസ്പരം അന്യരാക്കി നടന്നകന്നവര്‍
ജീവിതം വിരസമായപ്പോള്‍
പൊടി തട്ടി എടുത്തത്‌
നിറം മാഞ്ഞൊരു പ്രണയ പുസ്തകമാണ്

തുറന്നു നോക്കപ്പെടാത്ത ദളങ്ങള്‍ക്കിടയില്‍
കൈ മാറാന്‍ മറന്ന
മയില്‍പ്പീലികള്‍
മാനം കാണാതെ കാത്തു വച്ചിട്ടും
കുഞ്ഞുങ്ങളെ പ്രസവിക്കാഞ്ഞവ

മുഷിഞ്ഞ വസ്ത്രങ്ങള്‍ക്കും
എച്ചില്‍ പാത്രങ്ങള്‍ക്കുമിടയില്‍
പ്രണയം തളിര്‍ക്കില്ലെന്നു അവള്‍ക്കും
അടഞ്ഞു തീരാത്ത കടങ്ങള്‍ക്കും
അവസാനിക്കാത്ത തിരക്കുകള്‍ക്കുമിടയില്‍
ഞെരിഞ്ഞു അമരുന്നൊരു സ്വപ്നം
മാത്രമാണിതെന്ന് അവനും അറിയാം ..

കൈപ്പിടിയില്‍ അമരാത്തതിനോടുള്ള
അടങ്ങാത്തൊരു ആവേശം മാത്രമാവം
പ്രണയമെന്ന പേരില്‍
അവരെ കൊരുത്തിട്ടതു

Wednesday, July 1, 2009

ഒരു ചാറ്റല്‍ മഴ പോലെ

പെയ്തൊഴിയാന്‍ വൈകിയൊരു മഴ
മാനത്തിന്‍ നെഞ്ചില്‍ തീര്‍ത്തത്
അടര്‍ന്നു അകലാന്‍ മടി കാട്ടുന്ന
ഉപ്പു പരലുകളാണ്

അടര്‍ത്തി മാറ്റാന്‍ വൈകും തോറും
ഹൃദയ ഭിത്തിയുടെ കാഠിന്യം കൂട്ടി
മരണമെന്ന സത്യത്തിലേക്ക്
വിരല്‍ ചൂണ്ടി തുടങ്ങുന്നു

ആര്‍ത്തലച്ചു പെയ്യാന്‍ വെമ്പി
മാനത്തേക്ക് ഉയര്‍ന്നുവെന്നാകിലും
കടന്നു പോകുന്ന ഗ്രീഷ്മ
വസന്തങ്ങള്‍ അറിയാതെ
മണ്ണില്‍ മുഖം ചേര്‍ക്കാന്‍ കൊതിച്ചു
കാറ്റിന്‍ ഗതിക്കൊപ്പം അലയാതെ
ജാലകത്തിനപ്പുറം തേങ്ങി കരയുന്നൊരു
ചാറ്റല്‍ മഴയാവുക ....

Monday, May 25, 2009

കിളിപ്പാട്ട്

കറുപ്പിലും വെളുപ്പിലും വീണു

കൊഴിഞ്ഞകലുന്ന ദിനരാത്രങ്ങള്‍


ഇലകള്‍ ഉരിഞ്ഞു നഗ്നമാക്കപ്പെട്ട മരക്കൊമ്പില്‍

മുറിഞ്ഞ ചിറകുകളും

ദിശ മറന്ന മനസ്സുമായി

മടങ്ങി വരാത്ത നിന്നെ കാത്തിരിക്കയല്ല ഞാന്‍


നിന്റെ ഹൃദയത്തോളം തണുപ്പില്ലാത്ത ഹിമകണങ്ങള്‍ക്കു

എന്നോടു എന്തു ചെയ്യുവാനാകും


ഇതൊരിടവേള മാത്രം

ചിറകുകള്‍ വളരാന്‍

കണ്ണും കാതും പൂട്ടി പറന്നെത്തിയ

മലമുകളിലെ ,ഒറ്റക്കൊമ്പിലെ ശൂന്യതയ്ക്കപ്പുറം

എന്നെ കാത്തിരിക്കുന്നതു നീലാകാശവും

അവിടുത്തെ കാണാകാഴ്ചകളുമാണു...

Saturday, February 28, 2009

മുഖം മൂടികള്‍

മറക്കാന്‍ ഒരു മരുന്ന് ...
വ്യര്‍ഥമായ അലച്ചിലിനൊടുവില്‍
വഴി വാണിഭക്കാരന്റെ കയ്യിലെ
മാന്ത്രിക മുഖം മൂടി വാങ്ങി..

വില
പേശുവനായി പറഞ്ഞതാവാം
ഒരു വേള ധരിച്ചാല്‍ പിന്നെ മാറ്റുകയെ വേണ്ട
വെള്ളത്തില്‍ അലിയില്ല..
കൊടുംകാറ്റിലും പറക്കില്ല..
പഴയ മുഖം വേണമെന്ന് ശറിക്കരുതെന്ന് മാത്രം

കൂട്ടത്തില്‍ ചന്തമുള്ളത് ഒന്നെടുത്തു
മായാത്ത ചിരി വേണം
കണ്‍ കോണുകളില്‍ മഴ ചാറല്‍ ഇല്ലാത്ത ഒന്ന്
പാകമായ ഒന്നെടുത്തു ..
വേഗത്തില്‍ മുഖം ഒളിപ്പിച്ചു

മാറിയ മുഖമറിയാതെ എന്നെ തിരഞ്ഞു
ഓര്‍മ്മകള്‍ പല വഴി ചിതറി ഓടുന്നത് കണ്ടു‌

Friday, February 6, 2009

ഹൃദയം

എരിഞ്ഞടങ്ങുന്ന ഓരോ പകലിലും
ആര്‍ത്തിയോടെ നീ കൊത്തി വലിച്ചു
വിശപ്പടക്കുന്നതെന്റെ ഹൃദയമാണ്
ഓരോ പ്രഭാതത്തിലും നിന്റെ കൊക്കിന്റെ കാഠിന്യം
ഉരച്ചു നോക്ക്കുവാനുള്ള വാശിയോടെ
പുനര്‍ജനിക്കുന്നതും എന്റെ ഹൃദയമാണ്
രാവിന്റെ ശൈത്യവും
കടല്‍ കാറ്റിലെ ഉപ്പും
പുനര്‍ജനിക്ക് കാവലിരിക്കുമ്പോള്‍
നീണ്ടു കൂര്‍ത്ത നിന്റെ കൊക്കുകള്‍
എന്നെ ഭയപ്പെടുത്തുന്നില്ല...

Saturday, January 24, 2009

നീ എനിക്ക് ആരാണ് ?

നീ എനിക്ക് ആരാണ് ?

ചോദ്യങ്ങള്‍ എന്റെ നേരെ നീളുമ്പോള്‍

നിശബ്ദതയില്‍ കൂട് കൂട്ടുന്നു ഞാന്‍

ആരോ ഒരാള്‍ ...

വഴിയാത്രക്കാരിയെന്നോ സഹയാത്രികയെന്നോ

എന്താണ് പറയേണ്ടത് ?


ബന്ധങ്ങള്‍..

ഇപ്പോള്‍ തീര്‍ത്തും ലളിതമായ വലകളല്ലേ

പഴയവ പൊട്ടിച്ചെറിഞ്ഞു നിമിഷര്ധത്തില്‍ പുതിയവ മെനയാം

കാഴ്ചയില്‍ നിന്ന് മറയും മുന്‍പേ മറവിയില്‍ പെടുന്നു പലരും


ഒരേ വേഗതയില്‍ ഇരു ദിശകളിലേക്ക് നടന്നു

അടുക്കുകയും അകലുകയും ചെയ്യുന്ന വെറും രൂപങ്ങള്‍

വന്നു ചേരലിന്റെ ലഹരിയില്‍ നഷ്ടങ്ങള്‍ അറിയുന്നതേയില്ല ആരും

ഉപേക്ഷിച്ചവരും ഉപേക്ഷിക്കപ്പെട്ടവരും


മുഖങ്ങള്‍ മാത്രമേ മാറുന്നുള്ളൂ

കഥയും കഥാപാത്രങ്ങളും ഒന്ന് തന്നെ

ഇവിടെ നഷ്ടപ്പെടലും സ്വന്തമാക്കലുമില്ല

വെറും ഒഴുക്ക്ക് മാത്രം

നീയും ഞാനും ഇല്ല

നമ്മുടെതായി സ്നേഹവും സങ്കല്‍പങ്ങളും ഇല്ല


ഒന്നില്‍ നിന്നും മറ്റൊന്നിലേയ്ക്ക് ഒഴുകി മാറുന്ന രൂപങ്ങള്‍ മാത്രം

പഴയവ ഫോര്‍മാറ്റ് ചെയ്തു

പുതിയ തുടക്കങ്ങളിലെയ്ക്ക്

നമുക്കൊരുമിച്ചു നടന്നു കയറാം


ചൊല്ലി വിളിക്കാന്‍ ഒരു പേരില്ലാ എങ്കിലും

ഈ സ്നേഹ തണലില്‍ കഴിഞ്ഞു പോകാം ...