Monday, May 24, 2010

കണ്പീലികള്‍ പറയാന്‍ മറന്നത് ..

                                         അവള്‍..എന്നായിരുന്നു അവള്‍ എന്‍റെ ജീവിതത്തിലേക്ക് വന്നത്.ഓര്‍മ്മിച്ചെടുക്കാന്‍ നോക്കും തോറും വഴുതി മാറി കൊണ്ടിരുന്നു.അവളെ പോലെ തന്നെ.pdc ക്ലാസ്സില്‍ അവള്‍ ഉണ്ടായിരുന്നോ? ഒരിക്കലും കണ്ടില്ല എന്നാണോ? അങ്ങനെ വരാന്‍ ന്യായമില്ല.ചുറ്റുമുള്ള ഓരോ പുല്ലിനെയും പുല്‍ക്കൊടിയെയും വരെ മനസ്സ് നിറയെ കണ്ടു നടന്ന എന്‍റെ മനസ്സില്‍ ഉടക്കാന്‍ മാത്രം ഒന്നുമുണ്ടായിരുന്നില്ല അവളില്‍ എന്നതാണ് നേര്..എല്ലാവരെയും കണ്ടു,എന്നാല്‍ ആരെയും കാണാത്ത പോലെ ഒരു രാജ്ഞിയുടെ തലയെടുപ്പോടെ മാത്രമേ ഞാന്‍ എവിടെയും നടന്നിരുന്നുള്ളൂ..പിന്തുടര്‍ന്ന് എത്തുന്ന നോട്ടങ്ങള്‍ പലതും കണ്ടില്ലെന്നു നടിച്ചു.


ആ നോട്ടങ്ങള്‍ ഒന്നും മനസ്സിലേയ്ക്ക് കടന്നില്ല.ഹോസ്റ്റലില്‍ സ്ഥിരം പറയാറുള്ളത് പോലെ -"അതൊന്നുമല്ല എന്‍റെ മനസ്സിന് ഇണങ്ങിയ ആള്‍".മീശയില്ലാത്ത എന്ത് പൌരുഷമാണ്.എന്നെ നോക്കി എന്‍റെ പിന്നാലെ നടക്കുന്ന ഒരാളോട് എനിക്ക് ആരാധന തോന്നില്ല..


എനിക്ക് ബഹുമാനവും ആരാധനയും തോന്നുന്ന ഒരാളോടെ പ്രണയം തോന്നൂ..ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ ഇത് വരെ അങ്ങനെ ആരും ഉണ്ടായില്ല.ആ പോട്ടെ..പ്രണയത്തോട് ആണ് എനിക്ക് പ്രണയം..അത് ആളുകളോട് ആവുമ്പോള്‍ നമ്മുടെ ഗീതു നടക്കുന്ന പോലെ നിലാവാത്തിട്ട കോഴിയെ പോലെ..അതൊന്നും എനിക്ക് ശെരിയാവില്ല.പക്ഷെ ഒരു കാര്യം എനിക്കുറപ്പാണ് എന്നെങ്കിലും അങ്ങനെ ഒന്നുണ്ടായാല്‍, ഈ ലോകത്ത് ആര് പ്രണയിച്ചതിനെക്കാളും തീവ്രമായി എനിക്ക് പ്രണയിക്കണം..

"രാവിലെ തന്നെ ഫിലോസഫി പറഞ്ഞു കൊല്ലല്ലേ"..നീലിമ ഓടി രക്ഷപെട്ടു..
പറഞ്ഞു വന്നത് എന്നെ പറ്റിയല്ലല്ലോ.അവളെ പറ്റിയല്ലേ..പാദസ്പര്‍ശം പോലും ഭൂമിക്കൊരു നോവാകരുതെന്നു കരുതി അത്ര മേല്‍ മൃദുലമായ വാക്കും പ്രവര്‍ത്തികളും ഒക്കെയായി ഒരാള്‍.ഇങ്ങനെ ഒരാള്‍ ഇവിടെ കഴിയുന്നു എന്നൊരു തോന്നല്‍ ആരിലും ഉണ്ടാക്കാത്ത വണ്ണം  സൌമ്യമായ ഒരാള്‍..


വൈകുന്നേരത്തെ കത്തി വയ്ക്കല്‍ കാര്യമായി പുരോഗമിക്കുമ്പോള്‍ ആണ്,നടുമുറ്റം കടന്നു ഒരാള്‍,കൈ തണ്ടയില്‍ അലക്കിയ തുണികളും തൂക്കി കടന്നു വരുന്നു.നീലിമയോട് ചോദിച്ചു "ആരാടീ ഈ സ്മ്രിതിലയം?".ഉം നീ അറിഞ്ഞില്ലേ. literature ഇലെ ആണ്..ഒരു മിണ്ടാപ്രാണി..
വൈകുന്നേരത്തെ TT കളിക്കിടയില്‍ കാഴ്ചക്കാരുടെ കൂട്ടത്തില്‍ അവള്‍ ഉണ്ടാകും..വാശിയോടെ ഞാന്‍ ജയിച്ചു കയറുമ്പോള്‍ ഒക്കെ ഉയര്‍ന്നു വരുന്ന കയ്യടികള്‍..പിന്നെ birthday പാര്‍ടികളിലെ ഞങ്ങള്‍ടെ തട്ടിക്കൂട്ട് നാടകങ്ങളിലെ താല്‍ക്കാലിക നായിക ആയി പലപ്പോളും അവളെത്തി.മൌനത്തോളം വാചാലമായി ഒന്നുമില്ലെന്ന് എന്നെ പഠിപ്പിച്ചത് അവളാണ്.കാമ്പസിലെ സ്ഥിരം നാലുമണി കൂട്ടങ്ങളില്‍,മറ്റുള്ളവര്‍ക്കായി കാത്തു നിന്നപ്പോള്‍ പലപ്പോളും ഞങ്ങള്‍ തനിച്ചായത്‌ നിമിത്തമാണോ?അര്‍ത്ഥ ശൂന്യമായ വാക്കുകള്‍ ചിതറി വീഴാതെ ആ നിമിഷങ്ങളെ അവള്‍ കാത്തു സൂക്ഷിക്കുമായിരുന്നു.


ഇടക്കൊക്കെ മാത്രം കണ്ണുകള്‍ ഇടഞ്ഞു.ആത്മവിലെയ്ക്കെന്ന പോലെ ഉള്ള അവളുടെ നോട്ടങ്ങള്‍.അര്‍ത്ഥമറിയാതെ ഞാന്‍ പകച്ചു.

എന്തിനും ഏതിനും,വാക്കുകള്‍ കൊണ്ട് മായാജാലം കാട്ടിയിരുന്ന ഞാന്‍ ..എനിക്ക് സംസാരിക്കാന്‍ വിഷയം ഇല്ലാതെ ആയി..ഞങ്ങള്‍ക്കിടയില്‍ മൌനം ഉറഞ്ഞു കൂടുമ്പോള്‍,എന്‍റെ മനസ്സില്‍ പേരറിയാത്തൊരു പേടി നിഴല്‍ വിരിച്ചു..

ഒരിക്കല്‍ നാടക റിഹെര്സലിനു ഇടയില്‍ ഞാന്‍ വെറുതെ തമാശക്ക്  ചോദിച്ചു..കൊച്ചെ ഇതെന്തു എണ്ണയാണ് നീ മുടിയില്‍ വയ്ക്കുന്നത്? കാട്ട് മുല്ലയുടെ മണം ആണല്ലോ നിനക്ക്? അവളുടെ കണ്ണുകളില്‍ നക്ഷത്രങ്ങള്‍?

"കാട്ട് മുല്ല കണ്ടിട്ടുണ്ടോ?" "എവിടുന്നു? പക്ഷെ ഇത് തന്നെ ആവും ആ മണം.എനിക്കങ്ങനെ തോന്നി". ഒരു നിമിഷം അരങ്ങിലെ വേഷം ആടി തിമിര്‍ത്തു..

പിന്നെയുള്ള ദിവസങ്ങളില്‍ അവളുടെ മുഖത്ത് നോക്കാതെ ആയി നടപ്പ്.കോളേജ് അടക്കുകയാണ്.അവധി ദിവസങ്ങളില്‍ ഓടി അണയാന്‍ സ്നേഹം തുളുമ്പുന്ന ഒരു കൂടും,അവിടെ കടല്‍ പോലെ സ്നേഹവുമായി ഒരമ്മയും ഇല്ലാത്തതു കൊണ്ട് കാമ്പസില്‍ തന്നെ ആവും എന്‍റെ അവധിക്കാലവും.ആദ്യത്തെ കുറെ ദിവസങ്ങളില്‍ പുസ്തകങ്ങളുടെ ലോകത്ത് മുങ്ങി പോയിരുന്നു ഞാന്‍. ayn rand ന്റെ "The Fountain Head" .


എത്രാമത്തെ തവണ ആണത് വായിക്കുന്നത്?ഇന്ന് വരെ തോന്നിയതില്‍ ഏറ്റം തീവ്രമായ പ്രണയം അതിലെ നായകനായ ഹോവാര്‍ഡ് റോര്‍ക്ക് ഇനോട് ആയിരുന്നു.കഥ പുരോഗമിക്കവേ അതിലെ ഏതെങ്കിലുമൊരു നിമിഷം അയാള്‍ മുന്‍പില്‍ വന്നിരുന്നെങ്കില്‍,വേര്‍പിരിയാനാവാത്ത പോലെ ഞങ്ങള്‍ ഒന്നായേനെ എന്ന് പോലും തോന്നിയിട്ടുണ്ട് ..അയാളോട് തോന്നിയത് ഒരു പ്ലാടോനിക് ലവ് ഒന്നും ആയിരുന്നില്ല.
മനസ്സിന്‍റെ വിശപ്പ്‌ അടങ്ങിയ  ഒരു ദിവസം, കുളിച്ചു ഒന്ന് പുറത്തേയ്ക്ക് ഇറങ്ങാന്‍ തീരുമാനിച്ചു.വെറുതെ ചുറ്റി തിരിഞ്ഞു അമ്പലത്തിന്റെ അരികില്‍ എത്തി.അകത്തേയ്ക്ക് കയറിയില്ല..കാറ്റ് കൊണ്ട് ആല്‍ത്തറയില്‍ ഇരുന്നു.ദീപാരാധന കഴിഞ്ഞു.ഇല ചീന്തില്‍ പായസവുമായി അവള്‍..ഒരു നിമിഷം കാലം കീഴ്മേല്‍ മറിഞ്ഞു.ഓര്‍മ്മ തിരികെ കിട്ടുമ്പോള്‍ കാല്‍ കീഴില്‍ വാടിയൊരു ഇലച്ചീന്തില്‍ മണ്‍തരികള്‍ കുഴഞ്ഞു പായസം.


പിന്നെ ഒരു ഓട്ടം ആയിരുന്നു.എന്നില്‍ നിന്ന്.അവളില്‍ നിന്ന്..ആലിലകള്‍ സാക്ഷി നിന്ന ആ ഓര്‍മ്മകളില്‍ നിന്ന്..കൂമ്പി നിന്ന വാചാലമായ അവളുടെ കണ്പീലികളില്‍ നിന്ന്..ഊരും പേരും തിരയാതെ,ബന്ധുക്കള്‍ കണ്ടെത്തിയ ഏതോ ഒരാള്‍ക്ക് മുന്‍പില്‍ കഴുത്ത്‌ നീട്ടിയ അന്ന് മുതല്‍ ഈ നിമിഷം വരെ..
സ്നേഹം തിരയരുതെന്നു പഠിപ്പിച്ചു തന്ന ജീവിതം..വച്ചും വിളമ്പിയും വല്ലാതെ തളരുമ്പോള്‍,ഒന്ന് മുഖം ചേര്‍ക്കാന്‍ ഒരു സ്നേഹ സാന്ത്വനവും ഇല്ലാത്തപ്പോള്‍,ചിലപ്പോളെങ്കിലും എനിക്ക് നിന്നെ ഓര്‍മ്മ വരുന്നു..തെറ്റും ശെരിയും തിരഞ്ഞു മടുത്ത ഈ ജീവിതത്തില്‍,ഈ ഓര്‍മ്മകളെ ശെരിയുടെ ഭാഗത്ത്‌ ചേര്‍ത്ത് വയ്ക്കാനാണ് എനിക്കിഷ്ടം..