Monday, November 29, 2010

ഭ്രമം

ആവര്‍ത്തിച്ചു പറഞ്ഞു കള്ളങ്ങളെ
സത്യമാക്കുന്ന മാന്ത്രിക വിദ്യ
നീ എന്ത് കാണണം,കേള്‍ക്കണം,
ചിന്തിക്കണം
അതെന്‍റെ കൈപ്പിടിയിലാണ്
നിനക്കൊന്നുമറിയില്ല
കാഴ്ച്ചയുടെ മായാജാലങ്ങളില്‍ പെട്ട്
സ്വയം നഷ്ടമായത് തിരിച്ചറിയാത്ത വിഡ്ഢി

ത്രിസന്ധ്യകള്‍ വിഡ്ഢിപ്പെട്ടിക്കു മുന്‍പില്‍
കണ്ണും മനവും പൂഴ്ത്തുമ്പോള്‍
പോരും പകയും നുരയുന്ന കഥകളില്‍
ആവേശത്തോടെ മുഴുകുമ്പോള്‍
ഉള്ളിലെ വിളക്കില്‍ കരിന്തിരി എരിഞ്ഞു മണത്തു
ദാഹനീര്‍ കിട്ടാത്തൊരു തുളസി കരിഞ്ഞു
കഥയ്ക്കും കവിതയ്ക്കുമായി കാതോര്‍ത്തു
കാത്തിരുന്ന കുഞ്ഞു മനസ്സും
സ്നേഹ വാല്സല്യങ്ങളോടെ
കഥ പറയാന്‍ കൊതിച്ചൊരു
മുത്തശ്ശിയും മറവിയില്‍ മാഞ്ഞു പോയി

Tuesday, November 23, 2010

അവസ്ഥാന്തരങ്ങള്‍


വാശി പിടിച്ചൊരു കുട്ടിയെപ്പോലെന് ഹൃദയം 
ചായാന്‍ ചുമലുള്ള നേരത്ത് 
ക്ഷീണമേറിയും
താങ്ങാന്‍  കയ്യുള്ളപ്പോള്‍ മാത്റം 
ഇടറി വീണും  
 
മഴയായി പെയ്തിറങ്ങാന്‍ നീ - 
കൊതിപൂണ്ട നേരം 
വരണ്ടുണങ്ങിയ മരുഭൂമിയായും 
വാത്സല്യം നിറഞ്ഞോരച്ഛനായ് നീ 
അരികിലെത്തുമ്പോള്‍  മകളായും 
പ്രണയത്തിന്‍ മഴവില്ലായി നീ 
വിരിയുന്ന വേളയില്‍ 
കാറൊഴിഞ്ഞൊരു  നീലാകാശമായും
 
തനിച്ചാകുന്ന നേരമൊക്കെയും
തിരയൊഴിഞ്ഞ കടല്‍പോല്‍ ശാന്തമായ് 
സ്വച്ഛമായ്
താങ്ങോ തണലോ കൊതിക്കാതെ 
വേനലും വറുതിയുമറിയാതെ
തോല്‍ക്കാന്‍ മനസ്സില്ലെന്ന വീറോടെ 
മുന്പോട്ടൊഴുകുന്ന പുഴപോലെന് ഹൃദയം...