Saturday, February 26, 2011

മൗനം

കൂടെ കൂട്ടാമോ എന്ന ചോദ്യമില്ലാതെ അവളും
കൂടെ പോരൂ എന്ന ഉത്തരമില്ലാതെ അവനും

വഴിവക്കില്‍ കണ്ട അപരിചിതരെ പോലെ
കണ്ടില്ലെന്ന ഭാവത്തില്‍ നടന്നകലുന്നു
മൌനത്തിന്‍ ചിമിഴില്‍ മറഞ്ഞിരിക്കാന്‍
അവളുടെ വിഫലശ്രമം
പുഞ്ചിരിയുടെ മുഖം മൂടിയില്‍
എല്ലാമൊളിപ്പിച്ചു അവനും

കാലം ഏറെ ചെല്ലുമ്പോള്‍
ജീവിതം ചുളിവുകള്‍ തീര്‍ത്ത
കയ്യില്‍ മുറുകെ പിടിച്ചു
അവള്‍ പറഞ്ഞേക്കാം
"നീ എനിക്കെന്റെ പ്രാണന്‍ ആണെന്ന്"
പലവുരു പറയാതെ
അടക്കിപ്പിടിച്ച വാക്കുകള്‍
വാശിയോടെ ഒഴുകിയേക്കാം

അപ്പോഴും മൗനത്തിന്റെ  കൂട്ടില്‍
ഒളിച്ചിരിക്കുമോ അവന്‍?

Wednesday, February 16, 2011

എത്ര കരുത്തുണ്ട് നിങ്ങളുടെ പ്രണയത്തിനു?

എത്ര കരുത്തുണ്ട് നിങ്ങളുടെ പ്രണയത്തിനു?

ഒരു കുഞ്ഞുറുമ്പ്‌ പോലും  അറിയില്ലെങ്കില്‍,
ഒരു മുടി നാരിഴ പോലും നഷ്ടമാവില്ലെങ്കില്‍,
ഒരു മൗസ് ക്ലിക്കില്‍ മായ്ക്കാവുന്നതെങ്കില്‍,
അങ്ങനെ എങ്കില്‍ മാത്രം പ്രണയിക്കുന്നവര്‍!!

ചേര്‍ത്ത് പിടിച്ച വിരലുകള്‍ അകന്നു പോകുമ്പോള്‍
ഓര്‍മ്മകളില്‍ പോലും കണ്ണ് നീര്‍ പൊടിയാതെ 
പ്രായോഗികത എന്ന പേരിട്ടു 
മറ്റൊരു കൈത്തലം ചൂടാറാതെ ചേര്‍ത്ത് പിടിക്കുന്നു

പ്രണയിച്ചതിനു,
ഒന്നാകാന്‍ കൊതിച്ചതിനു,
ജനക്കൂട്ടം ഒന്നായി കല്ലെറിഞ്ഞുകൊന്ന
ഒരാണും പെണ്ണും

ഒരിക്കലും ജയിക്കില്ലെന്ന് അറിഞ്ഞിട്ടും
ഒരു സമൂഹത്തിനും
വ്യവസ്ഥിതിക്കുമെതിരെ
ജീവന്‍ കൊടുത്തു പ്രണയിച്ചവര്‍..
മാധ്യമങ്ങളില്‍ കൌതുകം
നിറച്ചൊരു വാര്‍ത്തയായി മാഞ്ഞു പോയവര്‍

അവര്‍ക്ക് വിഡ്ഢികള്‍ എന്നല്ലാതെ
മറ്റെന്തു പേരാകും നമ്മുടെ നിഘണ്ടുവില്‍.

Monday, February 14, 2011

മഴച്ചതുരങ്ങള്‍

മഴ നാരുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചൊരു മുഖം
പെയ്തൊഴിയുമ്പോഴെല്ലാം എന്നെ വിട്ടകലുന്നു
വീണ്ടും അടുത്ത കാര്‍മേഘ കൂട്ടത്തെ കാത്തു
വേവുന്ന മനസ്സോടെ ഞാന്‍
ഓരോ മഴയിലും
മുഴുവന്‍ തെളിയാതെ
ചതുരക്കള്ളികളില്‍
ഒരു കണ്ണ്,പാതി മൂക്ക്,
വിടര്‍ന്ന ചുണ്ടുകള്‍
അന്തമില്ലാത്ത അലച്ചിലും
കാത്തിരിപ്പും
പൂര്‍ണ്ണമായൊരു ചിത്രത്തിന്
ഒരു പുഞ്ചിരിക്ക്
കാതോടു ചേര്‍ന്നൊരു നിശ്വാസത്തിനു
കാത്തു  കാത്തു ഞാനിരിക്കുന്നു
ഒരു മഴ തോര്ച്ചയിലും നഷ്ടമാവാതെ
സ്വന്തമാക്കാന്‍.

Sunday, February 6, 2011

പോര്

പോര് കോഴിയുടെ വീറോടെ
നീ ആഞ്ഞു ആഞ്ഞു കൊത്തുമ്പോള്‍
ചോര കിനിയുന്ന മുഖവുമായി
ഞാന്‍ വീണ്ടും വീണ്ടും തോല്‍ക്കുന്നു.

ജീവിതമെന്നെ വലിയ കളിയില്‍
തോല്‍ക്കാതിരിക്കാതിരിക്കാന്‍
ഈ മുറിവുകളെ ഞാന്‍
നെഞ്ചോടു ചേര്‍ക്കുന്നു

അവസാനം,അരങ്ങും
ആരവവും ഒഴിയുമ്പോള്‍
ആര്‍ക്കു വേണ്ടിയായിരുന്നു
ഈ പോര് ?
ആരാണ് ഇതില്‍ ജയിച്ചതും തോറ്റതും?