Tuesday, August 30, 2011

ഒരു സ്വപ്നാടനം

അര മണിക്കൂര്‍ കൊണ്ട് ഓടിയെത്താവുന്ന ദൂരം ഒന്നര മണിക്കൂര്‍ ആയതില്‍ പരിഭവമില്ലാത്ത ഒരേയൊരാള്‍ താന്‍ ആണെന്ന് തോന്നും ആ ബസില്‍ ഉള്ളവരുടെ ഭാവം കണ്ടാല്‍..ഒന്ന് തൊട്ടാല്‍ പൊട്ടിത്തെറിച്ചു പോകുമെന്നെ ഭാവത്തിലാണ് കുറച്ചു സ്ത്രീകള്‍.ആരും തൊടണ്ട.ബസ്‌ ഒന്ന് ഗുട്ടറില്‍ ചാടിയാല്‍,ഒന്ന് ഉലഞ്ഞാല്‍ ഒക്കെ ദേഷ്യം തന്നെ.ഇനി കുറെ ആളുകള്‍ കാതില്‍ വയറുകള്‍ കയറ്റി വച്ച് റോബോട്ടിനെ ഓര്‍മ്മിപ്പിക്കുന്നു..അടുത്തിരിക്കുന്നവര്‍ക്ക് കൂടെ കേള്‍ക്കാവുന്ന ഉച്ചത്തില്‍ അതില്‍ നിന്ന് സംഗീതം ഒഴുകുന്നു...ഇനി മറ്റു ചിലര്‍ ഫോണില്‍ സംസാരത്തിലാണ്.തിരക്കുകള്‍ക്കിടയില്‍ അകന്നു പോയ കണ്ണികളെ ചേര്‍ത്ത് കെട്ടാനുള്ള ശ്രമം..ഇതിനെല്ലാം പുറമേ ബസിനുള്ളില്‍ റേഡിയോ ഉച്ചത്തില്‍ ശബ്ദിക്കുന്നു.കന്നടയില്‍ ആയതിനാല്‍ അതെന്റെ മനസ്സിനെയോ ചിന്തകളെയോ സ്പര്‍ശിക്കുന്നില്ല.എട്ടു വര്‍ഷമായി ഈ നഗരത്തില്‍.എന്നിട്ടും ഭാഷ അറിയില്ല.മോശം മോശം.എന്റെ ആത്മഗതം ലേശം ഉച്ചത്തില്‍ ആയെന്നു തോന്നുന്നു.അടുത്തിരുന്ന ആള്‍ ലാപ്ടോപില്‍ നിന്ന് ശ്രദ്ധ മാറ്റി എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി.
മഴ ഉച്ചസ്ഥായിലേക്കായി.ട്രാഫിക്‌ ബ്ലോക്ക്‌ എല്ലാ അര്‍ത്ഥത്തിലും.അനക്കമില്ലാതെ വരി വരിയായി ബസ്സുകള്‍.തിമിര്‍ത്തു പെയ്യുന്ന മഴ.അയാള്‍ ഇപ്പോള്‍ എന്ത് ചെയ്യുകയാവും?അയാള്‍ എന്ന ഒറ്റ വാക്ക് കൊണ്ട് നിങ്ങളുടെ ചിന്തകള്‍ എങ്ങോട്ടെങ്കിലും ഒക്കെ പോയിരിക്കാം.അത് കണ്ടു രസിക്കുന്നു ഞാന്‍ ഇപ്പോള്‍.എങ്കിലും അധികം കയറൂരി വിടുന്നില്ല ഞാന്‍.പേരും ഊരും ഒന്നുമറിയാത്ത ഒരാള്‍.എന്റെ ബസ്‌ സ്റ്റോപ്പ്‌ നു എതിരെ ഉള്ള ചായക്കടയില്‍ രാവിലെ എട്ടു മുപ്പതിന് മുടങ്ങാതെ വരുന്നവന്‍.എണ്ണ പുരളാത്ത നീണ്ട ചെമ്പന്‍ മുടിയും കുഴിഞ്ഞതെങ്കിലും തിളങ്ങുന്ന കണ്ണുകളും ഉള്ളവന്‍.ആളുകളുടെ കലപിലകളില്‍ പെടാതെ,ചാവാലി പട്ടികള്‍ക്ക് ബിസ്കറ്റ് ഇട്ടു കൊടുത്തു അവയെ തൊട്ടു തലോടി ഇരിക്കുന്നവന്‍..ആദ്യത്തെ ദിവസം അത്ര ശ്രദ്ധിച്ചില്ല.പക്ഷെ പിന്നീട് ഉള്ള ദിവസങ്ങള്‍ കൌതുകവും ആരധനയുമൊക്കെയായി അത് വളര്‍ന്നു.ഒരു ചായ വാങ്ങി അയാള്‍ കുടിക്കും.അയാളെ കാണുമ്പൊള്‍ തെരുവ് നായ്ക്കള്‍ ഒക്കെ ഓടിയെത്തും.ഒരു പാക്കറ്റ് ബിസ്കറ്റ് വാങ്ങി എല്ലാവര്‍ക്കുമായി വീതം വയ്ക്കും..ഇടയ്ക്ക് തലയിലും ദേഹത്തും ഒക്കെ തലോടുന്നു.അവറ്റകള്‍ അയാളോട് ചേര്‍ന്ന് നില്‍ക്കുന്നു..അയാളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമെന്ന പോലെ.

ഇങ്ങനെ ഒരു സ്നേഹമോ?ഒരു പൂച്ചക്കുട്ടിയെ സ്നേഹിക്കാന്‍ കഴിയുന്നവര്‍ക്ക് ലോകത്ത് എന്തിനെയും  സ്നേഹിക്കാം എന്നല്ലേ.അതില്‍ പിന്നെ ബസിലെ തിരക്കിനുള്ളിലെയ്ക്ക് ഊളിയിടും മുന്‍പ് ഈ കാഴ്ച ഒരു ഊര്‍ജ്ജമായി.

സ്നേഹം എന്നാല്‍ എന്താണ്? പല തവണ പല ആവര്‍ത്തി സ്വയം ചോദിച്ചു പല തരം ഉത്തരങ്ങളില്‍ എത്തി ചേര്‍ന്നിട്ടുണ്ട്.ഒരു പാട് അടുപ്പം തോന്നിയവരോട് പലപ്പോഴായി ചോദിച്ചിട്ടുണ്ട് സ്നേഹമെന്നാല്‍ നിങ്ങള്ക്ക് എന്താണെന്നും,ആരോടാണ് ഏറ്റം സ്നേഹമെന്നും.മനസ്സ് നിറയുന്ന ഒരുതരം,ഇനിയോരവര്‍ത്തി ഇതേ ചോദ്യം ആവര്‍ത്തിക്കാതെ ഇരിക്കുവാന്‍ മാത്രം സംതൃപ്തി നല്‍കിയ ഒന്നും ഉണ്ടായില്ല എന്നതാണ് നേര്.നമ്മള്‍ കണ്ടിട്ടുള്ള സ്നേഹം ഏറിയ കൂറും ഒരു ഉടമ്പടി പോലെ ആണ്..നോക്ക് എനിക്കിതൊക്കെ വേണം,അതൊക്കെ നീ നല്‍കുന്നതിനാല്‍ എനിക്ക് സ്നേഹമാണ്.തിരിച്ചും ഏകദേശം കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ തന്നെ..ആ പറഞ്ഞതൊക്കെ എനിക്ക് സമ്മതം,എന്റെ ചില ആവശ്യങ്ങള്‍ ഉണ്ട് അത് കൂടെ സാധിച്ചു തരു .അപ്പോള്‍ സ്നേഹം പൂര്‍ണ്ണമായി..ഇത്തരം വ്യവസ്ഥകള്‍ ഇല്ലാത്ത സ്നേഹത്തെ തേടിയല്ലേ നമ്മള്‍ എല്ലാവരും അലയുന്നത്.ജീവന്റെ ഒറ്റ കോശം ആയിരുന്നപ്പോള്‍ തുടങ്ങുന്ന ഒരു തിരച്ചില്‍ ആണത്..മരണത്തിനു അപ്പുറത്തെയ്ക്കും നീളുന്നു എന്ന് ഞാന്‍ കരുതുന്ന ഒന്ന്.അവസാനിക്കാത്ത ദാഹവും അന്വേഷണവും.


ജീവിതത്തില്‍ കണ്ടു മുട്ടുന്ന ഓരോ പൂവിനോടും പുല്‍ക്കൊടിയോടും നമ്മള്‍ ഈ ബന്ധം സ്ഥാപിക്കാന്‍ നോക്കുന്നു..കാലമേറെ ചെല്ലുമ്പോള്‍ മനസ്സ് തളരുമ്പോള്‍ പലരും ഈ അന്വേഷണം ഉപേക്ഷിക്കുന്നു.പ്രായമായി ഇനിയെന്ത്..വിവാഹം കഴിഞ്ഞു ഇനിയെന്ത് ..അങ്ങനെ ഒക്കെ ചോദ്യങ്ങള്‍.സമൂഹത്തിന്റെ ചൂരല്‍ കാട്ടിയുള്ള നില്‍പ്പ്.ബന്ധങ്ങള്‍ക്ക് എത്ര മാനം ഉണ്ട്.ശരീരം,മനസ്സ്,ആത്മാവ്..അങ്ങനെ...അതിലേതു പടിയിലാണ് നമ്മളൊക്കെ.പലപ്പോളും ആദ്യത്തെ പടി കടക്കാനാവാതെ എത്ര ജന്മങ്ങള്‍.

എനിക്കെന്നാണ് പുനര്‍ജന്മത്തില്‍ വിശ്വാസം വന്നത്.പുനര്‍ജന്മത്തില്‍ എന്നല്ല ജീവിതത്തില്‍ തന്നെ വലിയ വിശ്വാസമില്ലാതിരുന്ന ഞാന്‍ ആണ്.മാറ്റം ഉണ്ടാവാതിരിക്കുന്നത് മാറ്റത്തിന് മാത്രം ആണല്ലോ.ഈയിടെയായി നിമിത്തങ്ങളില്‍,ജീവിതത്തില്‍,പുനര്‍ജന്മത്തില്‍ ഒക്കെ എനിക്ക് വിശ്വാസം ഉണ്ടായി വരുന്നു.

കാരണം ചോദിച്ചാല്‍ അവിശ്വസനീയം ആണ്.എങ്കിലും പറയാം.നിങ്ങളോടല്ലാതെ ആരോടാണ് ഇതൊക്കെ പറയുക..എന്റെ കഥകള്‍ ഒക്കെ ഒരു നിമിഷത്തിന്റെ സന്തതികള്‍ ആണെന്ന് ഞാന്‍ പറയും.ആവേശമായി മനസ്സില്‍ നിറഞ്ഞു കവിഞ്ഞു പുറത്തേക്കൊഴുകുന്ന നദികള്‍.അവയ്ക്കങ്ങനെ ആരുമായോ ഒന്നുമായോ ബന്ധം ഉണ്ടാകണം എന്നില്ല. ഈയടുത്ത് പൂര്‍ണ്ണമായും സങ്കല്പത്തില്‍ നിന്നൊരു കഥ എഴുതുക ഉണ്ടായി.അതിന്റെ പിന്നാലെ എന്റെ വിമര്‍ശകര്‍ എന്നെ നല്ലോണം തല്ലുകയും ചെയ്തു.സാധ്യമല്ലാത്ത സങ്കല്‍പ്പങ്ങള്‍ കാണിച്ചു വായനക്കാരനില്‍ വിഷാദം നിറയ്ക്കുന്നു എന്നൊക്കെ ശക്തമായി വാദിച്ചവരും ഉണ്ട്..എഴുത്തിന്റെ നിമിഷങ്ങളിലെ ആത്മസുഖത്തിനു അപ്പുറം അവകാശ വാദങ്ങള്‍ ഒന്നും ഞാന്‍ നിരത്താറില്ല.പക്ഷെ പൊടുന്നനെ ഒരു ദിവസം എന്റെ ജീവിതത്തിലേക്ക് അതിലെ കഥാപാത്രങ്ങള്‍ കടന്നു കയറി തുടങ്ങി..ആദ്യമൊക്കെ തമാശയായി കണ്ടു.അല്പം ജ്യോതിഷം വശമുണ്ടെന്ന് കൂട്ടിക്കോള് എന്ന് തമാശയും പറഞ്ഞു..എങ്കിലും എന്റെ
ഊണും  ഉറക്കവും കെടുത്തി,അവരെന്റെ കൂടെ കൂടുന്നു.കഥ ഒരു പെരുവഴിയില്‍ അവസാനിപ്പിച്ചതിനാല്‍ അവര്‍ക്കിനി എവിടേക്ക് പോകണം എന്ന് നിശ്ചയമില്ലെന്ന്.എന്ന് മാത്രമല്ല ശുഭ പര്യവസായി ആയൊരു കഥ എഴുതാന്‍ പോലും കെല്‍പ്പില്ലാത്ത എന്നെ അതിലെ നായിക വല്ലാതെ ചീത്ത വിളിക്കുകയും ചെയ്യുന്നു.

ആകെ കൂടെ അലങ്കോലമായി ദിവസങ്ങള്‍.ഞങ്ങള്‍ക്ക് കിടക്കാന്‍ ഇടമില്ല.ഞങ്ങളെ ഒരു താലി ചരടില്‍ കോര്ത്തില്ല.എങ്ങോട്ടെന്നറിയാതെ പകച്ചു പോകുന്നു.ഞങ്ങള്‍ക്കിടയിലെ ബന്ധമെന്താണ്.നിങ്ങളുടെ പേന ഇത്ര ഉത്തരവാദിത്വമില്ലാതെ ആയല്ലോ.ആകെ കൂടെ ജഗ പുക
.രാത്രി ഉറങ്ങാതെ മുറ്റത്ത്‌ ഉലാത്തുന്നത്‌ കണ്ടപ്പോള്‍ വീട്ടുകാര്‍ കരുതി പുതിയത് എന്തെങ്കിലും എഴുതുക ആകുമെന്ന്.അതിനു കിട്ടുന്ന കാശില്‍ വങ്ങേണ്ടവയുടെ ലിസ്റ്റും തയ്യാര്‍.രാവിലെ ഉണര്‍ന്നപ്പോള്‍ പേപ്പറില്‍ ഒരു വരി പോലുമില്ല.ആരുടെ ചോദ്യങ്ങള്‍ക്കും ഉത്തരമില്ല..

ഭൂത ബാധയാണോ..മന്ത്രവാദിയെ വിളിക്കണോ.ചരട് ജപിച്ചു കെട്ടിയാലോ.ആണിയടിച്ചു ഒഴിപ്പിച്ചാലോ.പക്ഷെ ഇവര്‍ കഥാപാത്രങ്ങളല്ലേ..ഇവരെ എങ്ങനെ ഒഴിപ്പിക്കാന്‍ ...

ബസ്‌ ഒന്ന് ആടി ഉലഞ്ഞെന്നു തോന്നുന്നു.കണ്ണ് തുറന്നപോള്‍ ഇറങ്ങാനുള്ള സ്റ്റോപ്പ്‌ കഴിഞ്ഞിരിക്കുന്നു.സ്റ്റോപ്പ്‌ സ്റ്റോപ്പ്‌ എന്ന എന്റെ നിലവിളി കേട്ട് ഡ്രൈവര്‍ എന്തോ ചീത്ത പറഞ്ഞു..ക്യാ മേടം സൊ രഹെ ത്തെ ക്യാ...ഒന്നും പറയാതെ മഴ പെയ്തൊഴിഞ്ഞ വഴിയിലേക്ക് ഇറങ്ങി നടന്നു ഞാന്‍,കഴിഞ്ഞതെല്ലാം ഒരു സ്വപ്നമായിരുന്നു എന്ന ആശ്വാസത്തില്‍.വഴിയരുകില്‍ അയാളെ ചുറ്റി പറ്റി ചാവാലി പട്ടികളുടെ കൂട്ടം..ഒന്ന് കണ്ണ് ചിമ്മി ഞാന്‍ ഉറക്കാതെ കുടഞ്ഞു കളയാന്‍ ശ്രമിച്ചു.

Wednesday, August 17, 2011

ആടിയറുതി

ആടിയറുതി,
തേഞ്ഞു തീര്‍ന്ന ചൂലും
വരമ്പ് പൊട്ടിയ മുറവും
മാറാല പിടിച്ചൊരു തിരികയും
പൊട്ടിയ കലവും ചട്ടിയുമെല്ലാം
കുപ്പയിലേക്കിട്ടു
ചേട്ട പുറത്തു
ചേട്ട പുറത്തു
ശ്രീപോതി അകത്തെന്നു ചൊല്ലി
ആടിയറുതി ഉഴിഞ്ഞു.

പഴയതായി
ആകെ ഉണ്ടായിരുന്ന
എന്നെയും
കുപ്പയിലേക്കെറിഞ്ഞു
ഇത്തവണത്തെ പൊന്നിന്‍ ചിങ്ങം.

അടിച്ചു വാരി
തൂത്ത് തുടച്ചു
വിളക്ക്  കൊളുത്തി
ശ്രീപോതിക്കിടം കൊടുത്തു
അവളുടെ വരവിനായി അരങ്ങൊഴിഞ്ഞു
കുപ്പയിലെയിരുട്ടില്‍
ചേട്ട