Friday, September 20, 2013

മണ്‍പാത


കാപ്പിയും ,കമ്യൂണിസ്റ്റ് പച്ചയും
അമ്പഴവും, അത്തിയും
തൊട്ടാവാടിയും അതിരിടുന്ന
ആളനക്കമില്ലാത്ത മണ്‍ പാത.

വാടിയ പൂക്കൾ
പൊട്ടിയൊരു പട്ടം
മിട്ടായി കടലാസ്സുകൾ
ഒരുത്സവം ഉള്ളിലൊതുക്കിയ
കുപ്പിവള തുണ്ടുകൾ.

പശുവും കിടാവും
പോയ വഴിയറിയിക്കുന്ന
ചാണക പൊട്ടുകൾ ,
വിരിയാൻ മടിച്ച സ്വപ്നങ്ങളെ പോലെ
പല വഴി ചിതറി ഓടുന്ന മച്ചിങ്ങകൾ ,
പേരറിയാ കിളികളുടെ തൂവലുകൾ ,
മുൻപേ പോയവരുടെ
കാല്പ്പാടുകൾ ,
എല്ലാമെല്ലാം മായാതെ കിടക്കുന്നിവിടെ .

ഈ വഴി നടന്നു തീർന്നപ്പോഴായിരുന്നില്ലേ
സ്വപ്ന വേഗങ്ങളിൽ നമ്മൾ
വളർന്നതും
വലുതായതും .

യാത്രാവസാനം കഴുകി കളയുന്ന
കാലടിയിലെ മണ്ണിനെ എന്ന പോലെ
ഓര്മ്മകളുടെ ബാല്യത്തെ തട്ടിക്കുടഞ്ഞു കളഞ്ഞു
ഒഴുകി തുടങ്ങിയതും ഇവിടെ നിന്നു തന്നെ.

തിളയ്ക്കുന്ന വേനലിൽ
പൊടി പാറ്റി ,ഉഷ്ണിച്ചും ,വരണ്ടും
ഒരിളം കാറ്റ് വന്നെങ്കിലെന്ന്
നാണിച്ചു തലതാഴ്ത്തുമൊരു
തൊട്ടാവാടി .
കനിവ് തേടി അലയുന്ന വേരുകൾക്ക്
കീറിപ്പറിഞ്ഞൊരു  കുടയായി
കരിഞ്ഞു തുടങ്ങുന്ന ഇലകൾ.

ആദ്യ മഴയ്ക്ക്
കുളിർന്നും നനഞ്ഞും
പിന്നെ
വേനൽ ചുട്ട മണ്ണപ്പത്തെയാകെ
പായസമാക്കി വിളമ്പുന്ന മാന്ത്രിക വിദ്യ.

തിരക്കേതുമറിയാതെ
ഞാനും നീയും
അമ്പലത്തിലെയ്ക്കും
സ്കൂളിലേയ്ക്കും
പയ്യിനെ തെളിച്ചും
പുല്ലു പറിച്ചും
അയ്യപ്പേട്ടന്റെ ചായക്കടയിലെ
ഡബിൾ സ്ട്രോങ്ങ്‌  ചായയിലെയ്ക്കും
മധുരമൂറുന്ന നെയ്യപ്പത്തിലെയ്ക്കും
മുറി ബീഡി പുകയിലെയ്ക്കും
സിനിമ സ്വപ്നങ്ങളിലെയ്ക്കും
പിന്നെ പല നേരങ്ങളിൽ
ലക്ഷ്യമില്ലാതെ കലപില പറഞ്ഞും
പിണങ്ങിയുമിണങ്ങിയും
ഒന്നായൊഴുകിയതുമീ വഴി തന്നെ .

എന്നിട്ടും
ഈ മണ്‍പാതയുടെ രണ്ടറ്റങ്ങൾ പോലെ
ഒന്നായിരുന്നിട്ടും
കണ്ടുമുട്ടാനാകാതെ
ഇരുദിശകളിലേയ്ക്ക്
അന്തമില്ലാത്ത യാത്രയിലാണോ നമ്മൾ ?

ഒരു നാൾ
പിൻവിളി കേട്ടെന്ന പോലെ
നമ്മിലൊരാൾ
തിരികെ നടന്നു തുടങ്ങിയേക്കാം

ഓര്മ്മകളുടെ പുളിപ്പും
മധുരവും ചവർപ്പും
നുകർന്നീ  മണ്‍പാതയിൽ
കണ്ടു മുട്ടിയേക്കാം

അതോ
ജീവിതമെന്ന മഹായാനത്തിൽ 
ടാറിട്ട റോഡുകളെന്ന പോലെ
ഋതുഭേദങ്ങളിൽ അലിയാതെ
കാൽപ്പാടുകൾ അവശേഷിപ്പിക്കാതെ
ഒഴുകുമോ ?

ചിത്രം - കടപ്പാട് മഴവില്ലും മയില്‍‌പീലിയും