Friday, April 24, 2015

ഒരു മരുഭൂമിയാവുക എത്ര എളുപ്പമെന്നോ?


ഒരു മരുഭൂമിയാവുക എത്ര എളുപ്പമെന്നോ?
എണ്ണമറ്റ പൂക്കളും ചെടികളും
ആകാശം തൊടുന്ന മരങ്ങളും
കാടനക്കങ്ങളും
ആത്മവിലലിയുന്ന
സുഗന്ധങ്ങളും
നിർത്താതെ കഥ പറഞ്ഞു ഒഴുകുന്ന
അരുവികളും
പലവർണ്ണക്കിളികളും
പലനേരങ്ങളിൽ
പലവേഗങ്ങളിൽ
 വീശിയടിച്ചും
തൊട്ടു തലോടിയും
കുസൃതി കാട്ടുന്ന കാറ്റും
എല്ലാമിങ്ങനെ ഉള്ളിലൊതുക്കി
പുറമേയ്ക്കൊരു മരുഭൂമിയാവുക

ആരും കേൾക്കാതെ ഉള്ളിലമർത്തിയ
വേലിയേറ്റങ്ങളുണ്ട്
വേവുന്ന ചൂടെന്നു പുറമേയ്ക്ക് വിയർക്കുമ്പൊഴും
ഉള്ളു നിറയ്ക്കുന്ന നിലാക്കുളിരുണ്ട്
തീ പെയ്യുന്ന വെയിലിൽ
വെള്ളം വെള്ളമെന്ന്
ഓരോ യാത്രികനുമുരുകും
ആരുമറിയില്ല ഉള്ളിലടങ്ങിയ കടലിനെ
വേവുന്ന കാലുകൾ നീട്ടി വലിച്ചു
മരുപ്പച്ചകൾ തേടിയവർ നടന്നകലു.

Thursday, April 9, 2015

വേനൽപ്പൂക്കൾ

വേനൽ ചില്ലകളിലാകെ
 ഉന്മാദം പൂത്തിറങ്ങുന്ന
കനൽ മണമുള്ള
നട്ടുച്ചകൾ

തടയിണകളാകെ
തകർത്തെറിഞ്ഞു
ഇന്നലകളെ
നക്കിത്തുടച്ച്
കണ്ണോരം ,കനവോരമീ
തീജ്വാലകൾ

മോഹ മേഘങ്ങളെ കാത്തു നില്ക്കാതെ
മഴ മഴയെന്നു ഉരുകാതെ
അവസാന തുള്ളി വെള്ളവും
 കുടിച്ചു തീർത്തു
വേനലെന്റെ നെഞ്ചിൽ
തീക്കാവടിയാടുന്നു

Monday, April 6, 2015

തപാൽക്കവിത

മേൽവിലാസക്കാരനില്ലാത്തതിനാൽ
എന്നുമെന്നും
എന്നിലേയ്ക്ക്  തന്നെ
മടങ്ങിയെത്തുന്നൊരു കത്താണ്  ഞാൻ.

തുരുമ്പു മണക്കുന്ന തപാൽപ്പെട്ടിയുടെ
ഇത്തിരി വെളിച്ചത്തിൽ നിന്ന്
കാടിറങ്ങി
മലയിറങ്ങി
പുഴ കടന്നു
മഴ നനഞ്ഞോ
വിയർത്തൊലിച്ചോ
ആയാസപ്പെട്ട്‌ നടന്നോ
സൈക്കിളിലേറിയോ
സഞ്ചിക്കുള്ളിൽ ഞെങ്ങി ഞെരുങ്ങിയും
കക്ഷത്തിലടുക്കി പിടിച്ചും
പല താളത്തിൽ
തെളിഞ്ഞും മാഞ്ഞും
നെഞ്ചിൽ പതിക്കുന്ന മുദ്രകൾ

എത്ര ഇടങ്ങളിങ്ങനെ കടക്കണം
കാത്തിരിക്കുന്നൊരു
കൈകളിലെത്തിച്ചേരാൻ
വരും വരുമെന്ന് കാത്തു കുഴഞ്ഞോ
വന്നില്ലെങ്കിൽ എനിക്കെന്തെന്ന ഭാവത്തിൽ
വായനാമുറിയിലേതോ വരികളിലുടക്കിയ നാട്യത്തിലോ
എങ്ങനെയാവും എങ്ങനെയാവും?

എഴുത്തുപലകയിലോ
തലയിണയിലോ
എവിടെ  വച്ചാവും
ആദ്യാവസാനം കൊതിയോടെ
വായിച്ചു തീർക്കുക
ആവർത്തിച്ചാവർത്തിച്ചു
വായിച്ചുറപ്പിക്കുക
വിയർത്ത ഉള്ളംകയ്യും
അറിയാതെ നിറഞ്ഞ കണ്ണും
വാക്കുകളെ കൂട്ടിക്കലർത്തി
ഭൂപടം വരച്ചു പഠിക്കുക
നീണ്ട ഇടവേളകളില്ലാതെ
വീണ്ടും വീണ്ടും സ്വന്തമാക്കുക .

സ്വപ്നവേഗങ്ങളിലങ്ങനെ  പാറിപ്പറക്കെ
പതിവ് പോലെ
മടങ്ങിയെത്തിയിട്ടുണ്ട് ഞാൻ
എന്നിലേയ്ക്ക് തന്നെ .