Thursday, January 27, 2022

മരണം

ഒരില കൊഴിയും പോലെ ശാന്തമായി ,

കാറ്റിനൊപ്പം ഒഴുകുന്നൊരു 

മേഘം പോലെ 

സ്വച്ഛമായൊരു മരണം

സാധ്യമെങ്കിൽ പ്രിയപ്പെട്ടൊരു പുസ്തകം 

നെഞ്ചോടു ചേർത്തുറങ്ങുമ്പോൾ  

നേരിയ മഞ്ഞുള്ളൊരു 

വെളുപ്പാന്കാലത്തു 

സൂര്യൻ ഉദിക്കുന്നതിനു 

തൊട്ടു മുൻപായി 

നക്ഷത്രങ്ങളും ചന്ദ്രനും 

മായും മുൻപേ 


കണ്ടു പിരിഞ്ഞപ്പോളൊക്കെയും 

പറഞ്ഞതിൽ കൂടുതലായൊരു 

യാത്ര പറയലിനി ഉണ്ടാവില്ലെന്നറിയാം  

എങ്കിലും എന്നത്തേയും പോലെ 

നിന്നെ തിരയുന്നുണ്ടാവും കണ്ണുകൾ 

ഒരു മാത്ര കൂടെ കാണണം എന്നും 

പലപ്പോഴായി പാതി പറഞ്ഞും 

പറയാതെയും പോയവ 

പറയണമെന്നും കൊതിക്കും . 

Sunday, January 16, 2022

 കടലൊന്നാകെ ഉള്ളിലടക്കിയിട്ടുണ്ടെന്നു 

ആകാശം കണ്ടാൽ തോന്നുകയേ ഇല്ല 

തിരയിളക്കങ്ങളേയും മീൻ സ്വപ്നങ്ങളെയും ഒളിപ്പിച്ചിട്ട് 

മുറ്റമാകെ നിലാവ് വിതറി 

നക്ഷത്ര വിളക്കുകളും തൂക്കി

 മുരിങ്ങയിലകൾ കൊഴിയുന്ന 

ഉച്ച നേരങ്ങളിൽ കാറ്റ് മൗനിയാകും, 

ചെമ്പകച്ചോട്ടിലും 

പേരയുടെ ചില്ലയിലും ഒളിച്ചു കളിക്കും,

ആളൊഴിഞ്ഞ കുളക്കടവിൽ 

സ്വപ്നം കണ്ടിരിക്കും ..

 കനൽ മണമുള്ള നട്ടുച്ച നേരം 

ചുട്ടു പഴുത്ത ജീവിതത്തിൽ നിന്ന് 

തല ഒളിപ്പിച്ചു രക്ഷനേടാൻ 

ശ്രമിക്കുന്നൊരു ഒട്ടകപക്ഷി 

പ്രാണവായുവിനെന്ന പോലെ കുതറുന്നു

ഒറ്റയെന്ന നോവിനെ 

കുടഞ്ഞു കളയുന്നൊരു വാക്കിനായി

 മഴയിൽ കുതിർന്നു,മുഖം കുനിച്ചു  നിൽക്കുന്ന 

ജനലരികിലെ  ചെമ്പകപ്പൂക്കൾ

 പച്ചച്ച പായൽ പുതച്ചു 

ധ്യാനിച്ച് നിൽക്കുന്ന കുളം 

കുളക്കരയിലെ  ഒറ്റ മരക്കൊമ്പിൽ 

മീൻ സ്വപ്നങ്ങളിലൊരു പൊന്മാൻ 

ഈ കാഴ്ച കളുടെ ഭംഗിയെ , ഈ നിമിഷങ്ങളെ 

അയച്ചു തരാനൊരു വിദ്യ പറഞ്ഞു തരൂ ...

 പറയാതെ പോയൊരു വാക്കിന്റെ വേനലിൽ 

മരുഭൂമിയായി രൂപാന്തരപ്പെടുന്നു 

വാക്കുകളേക്കാൾ ആഴമേറിയ 

മൗനത്തിൽ വീണു ചിതറുന്നു

 കൈക്കുമ്പിളാൽ കോരി വറ്റിക്കാമെന്ന്  

വ്യർത്ഥസ്വപ്നം കണ്ടൊരു 

കണ്ണീർക്കടലാണ് ചുറ്റും 

ഇവിടെയൊരു ദ്വീപാകാൻ മാത്രമേ കഴിയൂ 

കടലെടുത്തു പോകാത്ത സ്വപ്നങ്ങളെ നിറച്ചു 

 കടലാസ്സു തോണികൾ ഒഴുക്കിനോക്കണം 

എന്നെങ്കിലുമൊരിക്കൽ കരകണ്ടാൽ 

പൂമ്പാറ്റകളായി പറന്നുയർന്നേക്കാവുന്ന സ്വപ്‌നങ്ങൾ

 മഴ പെയ്യുമ്പോൾ 

കൂടെ ആരോ ഉള്ളത് പോലെ 

പറയാനാവാതെ നെഞ്ചിൽ കല്ലായി പോയ 

നൊമ്പരങ്ങളെ തൊട്ടറിയും പോലെ 

ആൾക്കൂട്ടങ്ങളിലെ ഒറ്റപ്പെടലിൽ 

ചേർത്ത് പിടിക്കുന്നൊരു കൈത്തലം 

ഒരു ഭാഷയിലേക്കും തർജ്ജമ ചെയ്യാനാവാത്ത 

എന്റെ അരക്ഷിതത്വത്തെ 

ഇറുക്കെ ചേർത്ത് പിടിക്കുമ്പോലെ 

ഒറ്റപ്പെടലിന്റെ ഈ ഇരുട്ടിൽ  

എനിക്ക് കൂട്ടാകുന്നൊരു കൈത്തിരി...


 ഒരു കൈക്കുമ്പിൾ  നിറയെ വാടാത്ത നക്ഷത്രങ്ങളെ തരൂ 

മുടിയിൽ ചൂടട്ടെ ഞാൻ

 നിന്നെ ഓർമ്മിക്കുന്ന മാത്രയിൽ 

പൂത്തുലയുന്നൊരു കാടായിരിക്കുന്നു ഞാൻ 

മറവിയുടെ നീണ്ട മൗനങ്ങളിൽ നീ അകലുമ്പോഴും 

ഋതുഭേദങ്ങളില്ലാതെ ഞാൻ

 ഓരോ ഇലയനക്കങ്ങളും 

നീയെന്നു നിനച്ചൊരുവൾ...

 ഒറ്റപ്പെടലിന്റെ ഈ ദിവസങ്ങളിൽ

പകലന്തിയോളം ഞാനെന്നെ വിസ്തരിക്കുന്നു ,

ചോദ്യങ്ങളാൽ ഉത്തരം മുട്ടിക്കുന്നു ,

കുറ്റപ്പെടുത്തുന്നു ,

ഉണങ്ങി തുടങ്ങിയ മുറിവുകളിൽ 

രക്തം കിനിയുന്നു ,

തോരാതെ കണ്ണീർ വാർക്കുന്നു,

ദിനാന്ത്യത്തിൽ കളഞ്ഞു പോയ കുഞ്ഞിനെയെന്ന പോൽ 

നെഞ്ചോടു ചേർക്കുന്നു, 

ഞാനുണ്ട് ഞാനുണ്ടെന്നു ചേർത്ത് പിടിക്കുന്നു ,

കൈകൾ ചിറകുകളായി രൂപാന്തരപ്പെടുന്നതായി 

സ്വപ്നം കണ്ടു ഞാനുറങ്ങുന്നു

 സദ്യ ഉണ്ട് നിറഞ്ഞൊരാൾക്കു മുൻപിൽ 

വിളമ്പിയ ഊണ് പോലെ 

വിലകെട്ടു പോയൊരു പ്രണയം

 മേഘങ്ങൾ വരയുന്ന രൂപങ്ങളിൽ

നിന്നെ മാത്രം തിരഞ്ഞു തിരഞ്ഞു ….

ആകാശച്ചെരുവിലൊരു കുഞ്ഞു നക്ഷത്രം,

ഉറങ്ങാതെ കണ്ണിമയ്ക്കാതെ കൂട്ടിരിക്കുന്നു , 

അന്തമില്ലാത്ത മരുഭൂമിയിൽ വഴി തേടി അലയുന്ന , 

കൺകോണുകളിൽ തോരാമഴ പെയ്യുന്നൊരുവൾക്കു 

ഒറ്റനക്ഷത്രമേ

 എന്റെ ആകാശത്തിലെ ഒറ്റനക്ഷത്രമേ, 

പ്രകാശ  വർഷങ്ങൾ അകലെയെന്നാകിലും

നിന്നെ മാത്രം ഓർമ്മിപ്പിക്കുന്നു

 മേഘങ്ങൾ വരയുന്ന രൂപങ്ങൾ ,

നക്ഷത്രങ്ങൾ ,

ജനലരികിൽ വിടർന്ന ചെമ്പകം,

വേലിക്കൽ നിറഞ്ഞു ചിരിക്കുന്ന ചെമ്പരത്തി,

കമ്മൽപൂക്കൾ ,

കനൽ മണമുള്ള വെയിൽ,

അതിരിനപ്പുറം ധ്യാനിച്ച് കിടക്കുന്ന കുളം,

കറിവേപ്പിൻ തടത്തിൽ

പതുങ്ങി നടക്കുന്ന ഉപ്പൻ ,

മുരിങ്ങയിലകൾ കൊഴിഞ്ഞു കിടക്കുന്ന മുറ്റം,

തൊടിയിൽ കലപില പറയുന്ന

മൈനകളും കരിയിലക്കിളികളും

എല്ലാമെല്ലാം നിന്നെ മാത്രം

ഓർമ്മിപ്പിക്കുന്നു

നോവ്

നോവ് 

അതിന്റെ കൊടുമുടിയിൽ ,

പിരിയൻ ഗോവണികൾ കയറുന്നു,

പ്രതീക്ഷയുടെ ചിറകുകൾ അരിയുന്നു,

ഈ വളവിനപ്പുറം നോവുകൾ  ഒടുങ്ങുമെന്ന,

കാത്തിരുപ്പിന്റെ കൈത്തിരി കെടുത്തി കളയുന്നു.

കത്തിയെരിയുന്ന സൂര്യൻ ,

കൈനീട്ടി തൊടാവുന്ന,

കടൽ പോലെ പരന്നു , 

അന്തമില്ലാതെ കിടക്കുന്ന,

നീലാകാശം .

ഒരു തുള്ളി വെള്ളമെന്നും,

ഒരില തണലെന്നും,

ഉരുകിയുഴലുന്ന ഉടൽ.

എന്നിട്ടും അടരാൻ മടിച്ചു,

 പ്രാണന്റെ നെഞ്ചിൽ 

കനിവ് തേടി ,

ഉറവ തേടിയൊരൊറ്റ വേര് 

 വെയിലേ,

നിന്നോളം എന്നെ പൊതിഞ്ഞിരുന്നില്ലൊന്നും. 

നിലാവേ,

നിന്നോളം എന്നിൽ അലിഞ്ഞതില്ലാരും.

പൊലിപ്പിക്കാനും ഭംഗി കൂട്ടാനും

അറിവില്ലാത്തവളുടെ  കൈവശം

മുഷിഞ്ഞു പോയ  വാക്കുകളും

പലകുറി മുറിഞ്ഞ്

മിനുസം ചോർന്നു പോയൊരു

മനസ്സുമേയുള്ളൂ