Saturday, June 29, 2024

 നിശ്വാസങ്ങൾക്കു കാതോർത്തു 

സ്വപ്നങ്ങളെ ചേർത്ത് പിടിച്ചു 

ഇലകളിൽ മെല്ലെ തലോടി 

പൂക്കളെ ചേർത്തുലച്ചു 

നിഴലും നിലാവും 

കഥ പറയുന്ന 

ഈ ജനലരികിൽ 

ഒരു നെഞ്ചിടിപ്പിന്റെ ദൂരത്തിൽ 

 തീരം തിരയോടെന്നതു പോലെ 

എണ്ണിയാലൊടുങ്ങാത്ത 

കഥകൾ പറയുന്ന കണ്ണുകൾ 

 നീ അരികിൽ ഉള്ളപ്പോൾ മാത്രം 

സുഗന്ധം പേറുന്ന കാറ്റ് 

വിടർന്നു ചിരിക്കുന്ന പൂക്കൾ 

മെല്ലെ പൊതിയുന്ന 

വെയിൽസ്വപ്നങ്ങൾ 

കണ്ണോരം കാതോരം ചേർന്ന് 

സ്വകാര്യം പറയുന്ന 

ചിത്രശലഭങ്ങൾ 

 ഓർമ്മകൾ ചെരാതുകളാണ് 

സ്നേഹം വറ്റി 

കരിന്തിരി കത്തി തുടങ്ങിയവ 


 മഴയ്ക്കും മഞ്ഞിനും മേഘങ്ങൾക്കും 

ഒഴുകി വരാവുന്നൊരു ജനാല 

അതിനരുകിൽ മഴ നാരുകൾ നോക്കി 

മേഘങ്ങളെ പ്രണയിച്ചൊരുവൾ 

Sunday, October 30, 2022

ഇലകൊഴിയും കാലം

 കാറ്റും  തണുപ്പും

കൂട്ടിരിപ്പുകാരായി 

ഒരു ആശുപത്രിക്കാലം കൂടെ കഴിയുന്നു ,

മഞ്ഞിന്റെ വിരിപ്പിട്ട 

ഇലകൊഴിയും കാലം,

പുറത്തു ദീപാവലിയുടെ 

പടക്കങ്ങൾ , ചെരാതുകൾ,

പങ്കുവയ്ക്കലുകൾ ,

മധുരങ്ങൾ , 

ജനലിനപ്പുറം 

പിംഗള   കേശിനിയായ മരണം.


കണ്ണിൽ കണ്ണിൽ നോക്കി 

കഥ പറഞ്ഞിരുന്നു.

നീട്ടി കിട്ടിയ ഈ കാലം 

എങ്ങനെ ജീവിക്കുമെന്നവൾ  ചോദ്യം ചെയ്തു .


നിന്റെ കാൽ വിരൽ തുമ്പിൽ 

എന്റെ കൈ തൊടുന്നിടം വരെയേ 

ഈ ലോക നാടകങ്ങൾ  ഉള്ളൂ  എന്ന് കൊതിപ്പിച്ചു .

തൂവൽ പോലെ ഭാരമില്ലാതെ ആകുമെന്നും 

വേദനകളെല്ലാം മറന്നു പോകുമെന്നും 

ഈ തോളിലെ മാറാപ്പുകളെല്ലാം 

അഴിഞ്ഞു പോകുമെന്നുമൊക്കെ 

ഉറക്കത്തിലും ഉണർവ്വിലും  

അവൾ പറഞ്ഞു കൊണ്ടേയിരുന്നു..


നനുത്ത നീണ്ട അവളുടെ കൈ വിരലുകൾ ,

അടക്കമില്ലാതെ പാറിപ്പറന്ന മുടി, 

നിസ്സംഗമായ,  അനന്തതയിലേയ്ക്ക്  

 നോക്കിയിരിക്കുന്ന കണ്ണുകൾ ,

നിലം തൊടുന്നില്ലെന്നു തോന്നിപ്പിച്ച 

വിളർത്ത കാലടികൾ.


പല താളത്തിൽ കഴിഞ്ഞ അഞ്ചു ദിവസങ്ങളിൽ 

അവൾ പറഞ്ഞ കഥകളിലാണ് 

ഞാൻ ജീവിച്ചത് .

ചികിത്സ കഴിഞ്ഞിറങ്ങുമ്പോൾ 

കൈവീശി യാത്ര പറഞ്ഞു 

ഇടവേളയ്ക്കു ശേഷം വീണ്ടും കാണാമെന്നു  

മൗനമായൊരു യാത്രാമൊഴി. 


Thursday, October 13, 2022

നിന്നെ തിരയുന്നു

കനൽ മണക്കുന്ന ഉച്ച വെയിൽപരപ്പ്,

ഉന്മാദത്തിന്റെ ചുവപ്പും മഞ്ഞയും പൂക്കൾ,

കാറ്റെവിടെയോ ,വീശാൻ മറന്നു ,തളർന്നുറങ്ങിയൊരീ ഉച്ചനേരം ,

ഈ  നന്ദ്യാർവട്ടപ്പൂക്കൾ നീ എന്ന് മിടിക്കുന്നു ,

ഈ കടുംവെയിലിലും നിന്നെ തിരയുന്നു ,

ഓരോ ഇതളും കാത്തിരിക്കുന്നു...