മയക്കത്തില്‍ നിന്ന് അയാള്‍ ഞെട്ടി ഉണര്‍ന്നു.ഇല്ല.വെറുതെ തോന്നിയതാണ്.കഥയ്ക്ക് വാശി പിടിക്കുന്ന സ്വഭാവം ഒക്കെ ആള്‍ക്ക് എന്നേ നഷ്ടമായിരിക്കുന്നു.പണ്ടത്തെ സ്ഥിരം വാശികളില്‍ ഒന്നായിരുന്നല്ലോ അത്...
കഥകളില്‍ അവര്‍ ഓണാട്ടുകരയിലെ എല്‍ പി സ്കൂള്‍ മാഷും ടീച്ചറും ആയി. സെറ്റ് മുണ്ടുടുത്ത്,മുടിയില്‍ തുളസിക്കതിര്‍ ചൂടിയ..സ്വപ്നം മയങ്ങുന്ന കണ്ണുകള്‍ ഉള്ള ദേവി ടീച്ചറും അവള്‍ടെ ഉണ്ണി മാഷും.
സ്വപ്നം മയങ്ങുന്ന കണ്ണുകള്‍ എന്നത് മാഷ് സ്നേഹം കൂടുമ്പോള്‍ പറയുന്നതാണ്.മറ്റുള്ളവര്‍ക്ക് നല്ല ഒന്നാംതരം മത്തങ്ങാ കണ്ണിയാണ്.കുറുമ്പ് കൂടുമ്പോള്‍ മാഷ് പറയുന്നതാണ് ഇങ്ങനെ..
"ഏയ് മാഷ് നടക്കണോ..നല്ല അസ്സലൊരു ബുള്ളെറ്റ് ഉണ്ടേ..അതിലിങ്ങനെ നമ്മുടെ മോഹന്‍ ലാല്‍ സ്റ്റൈലില്‍ അല്ലെ വരുന്നത്..പാവം ടീച്ചര് നടന്നിട്ടാ.."
"ഹോ അങ്ങനിപ്പോള്‍ സുഖിക്കണ്ട.."
"ടീച്ചര്‍ക്ക് പിണക്കായോ..ടീച്ചറെ..
ദേവി ടീച്ചറെ ..പിണങ്ങാതെന്നെ..നടപ്പൊക്കെ കുറച്ചു കാലം കൂടെ അല്ലെ ഉള്ളൂ..അത് കഴിഞ്ഞാല്‍ ഇങ്ങനെ കെട്ടിപ്പിടിച്ചിരുന്നു വന്നൂടെ.."
"അയ്യേ എന്തൊരു നാണക്കേട്"
ആഹ ടീച്ചറുടെ മുഖത്തെന്തിനാ ഇപ്പോള്‍ ഒരു ചുവപ്പ് ..അതിനും വേണ്ടി ഞാന്‍ ഒന്നും പറഞ്ഞില്ലാലോ..വള്ളുവനാടന്‍ സ്ലാങ്ങില്‍ മാഷുടെ ഒരു തമാശ..
ഉം ..പിന്നെ ..ബാക്കി പറയു
അപ്പുറത്തെ ക്ലാസ്സില്‍ ദേവി മലയാളം പഠിപ്പിക്കയാണ് കേട്ടോ..മാഷിന്റെ കണക്കുകള്‍ ഒക്കെ തെറ്റുന്ന കോളാണ്.കുട്ടികള്‍ അടക്കി പിടിച്ചു ചിരിക്കുന്നുണ്ട്.കയ്യില്‍ നിന്ന് പോയ ചോക്ക് എടുക്കാനെന്ന പോലെ മാഷുടെ കണ്ണുകള്‍ അപ്പുറത്തെ ക്ലാസ്സിലേക്ക് പോണത് കുട്ടികള്‍ ശ്രദ്ധിച്ചിട്ടുണ്ട് ...
ഊണ് കഴിക്കാന്‍ എല്ലാരും സ്റ്റാഫ് റൂമില്‍ ഒത്തു കൂടി ..ആണുങ്ങള്‍ ഒക്കെ രാഷ്ട്രീയ ചര്‍ച്ചയിലാണ് .. ഇന്നെന്താ സ്പെഷ്യല്‍?
എന്‍റെ മാഷേ ആ പാവം പച്ചക്കറി എന്ത് സ്പെഷ്യല്‍ കൊണ്ട് വരാനാണ്?അതൊക്കെ നമ്മുടെ അന്നമ്മ ടീച്ചര്.ഒരു കുഞ്ഞു കോഴിക്കാലെങ്കിലും ഉറപ്പല്ലേ ആ പാത്രത്തില്‍.
ദേവി കഴിച്ചു കൊണ്ടിരുന്ന പപ്പടത്തിന്റെ ബാക്കി മാഷ് എടുത്തു കഴിച്ചു..ആള് ദേ അന്തം വിട്ടിരിക്കുന്നു.എന്‍റെ ടീച്ചറെ ഒരു പപ്പടം എടുതതിനാണോ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നത്..ദേവി പെട്ടന്ന് മുഖം താഴ്ത്തി.ബാക്കി കഴിച്ചെന്നു വരുത്തി എണീറ്റ് പോയി..
മാഷ്ന് ആകെ ഒരു അങ്കലാപ്പ് .ഇനിയിപ്പോള്‍ പപ്പടം എടുത്തത് ഇഷ്ടമായില്ലാന്നുണ്ടോ?ആ കുട്ടിയെ ഒരു പിടിയും കിട്ടുന്നില്ലല്ലോ.ഇനിയിപ്പോള്‍ ഇത് മനസ്സില്‍ വച്ച് എരിപൊരി സഞ്ചാരം ആയി നടന്നിട്ട് കാര്യമില്ല.ഇതിനൊരു പരിഹാരം കാണണം,വൈകുന്നേരം ആവട്ടെ.ബൈക്കിനു കേടാണ് എന്നൊരു കള്ളം പറഞ്ഞു എല്ലാരുടെയും കൂടെ നടക്കുകയെ തരമുള്ളൂ.അന്നമ്മ ടീച്ചറുടെ വീട് കഴിഞ്ഞാല്‍ ദേവി തനിച്ചാകും..
"കുറെ ആയി ദേവിയോടൊരു കാര്യം പറയാന്‍"
മാഷ് പാതിയില്‍ നിര്‍ത്തി."എന്തിനാ ഇങ്ങനെ എന്നെ നോക്കി കണ്ണുരുട്ടുന്നെ"
ദേ വീണ്ടും കണ്ണുരുട്ടുന്നു..സത്യത്തില്‍ പറയാന്‍ വന്നത് അതല്ലാട്ടോ.പപ്പടം എടുത്തതൊക്കെ ഇഷ്ടമായത് കൊണ്ടല്ലേ..കൂടെ കൂടുന്നോ.തനിച്ചുള്ള ഈ നടപ്പും ഒഴിവക്കാല്ലോ.
ഉം..എന്നിട്ട് ..
എന്നിട്ടെന്താ..അങ്ങനെ അങ്ങനെ മാഷ് ടീച്ചറുടെ കഴുത്തില്‍ താലി കെട്ടി..
ശോ ഇത് ശരിയല്ലാട്ടോ.കഥയുടെ എല്ലാ രസോം കളഞ്ഞു.ഇത് ഞാന്‍ കഥ ആയി കൂട്ടാനേ പോണില്ല..വേറെ പറയൂ..
ആഹാ കൊള്ളാല്ലോ.ഇനിയിപ്പോള്‍ ഏതു കഥയാ കേള്‍ക്കണ്ടേ..ഉത്സവപ്പറമ്പില്‍ മാഷുടെ കയ്യില്‍ തൂങ്ങി ചുറ്റി നടന്നു കണ്മഷിയും കുപ്പിവളയും വാങ്ങുന്ന ദേവിയുടെയോ..അതോ ആദ്യത്തെ ആള്‍ വയറ്റില്‍ ആയിരുന്നപ്പോള്‍,കൊതി തോന്നുന്ന നേരത്ത് ഒക്കെ സ്വാമിയാരുടെ കടയില്‍ നിന്ന് മസാല ദോശ പാര്‍സല്‍ വാങ്ങി വരണ മാഷ്നെ പറ്റിയോ?മാഷ്നെ പിരിഞ്ഞിരിക്കാന്‍ വയ്യാത്ത കൊണ്ട് മാത്രം ആദ്യ പ്രസവത്തിനു കൂടെ സ്വന്തം വീട്ടില്‍ പോവാത്ത ആളുടെയോ ..
കഥ കേട്ട് കേട്ട് ദേവി ഉറക്കമായി..
എല്‍ പി സ്കൂളും ഓണാട്ടുകരയും വിട്ടു അയാള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി..ഇനി ഉറക്കം വരില്ല.നിമിഷങ്ങള്‍ എണ്ണി തുടങ്ങുകയാണ്.
ഇത് അവസാനത്തെ കൂടി കാഴ്ചയാണ്.കൂടുതല്‍ ബന്ധങ്ങളിലേക്ക്,ബന്ധനങ്ങളിലെയ്ക്ക് താനും വീഴുകയാണ്.ഇനി ഉണ്ടാവില്ല ഇങ്ങനെ ഒരു കാണല്‍.കഥ കേള്‍ക്കാന്‍ കൊതിച്ച കുട്ടിയായി ടീച്ചറും,കഥ പറയാന്‍ കൊതിച്ച മാഷായി താനും ഇനി കുറച്ചു മണിക്കൂറുകള്‍ മാത്രം.അതിന്റെ അവസാനം ജീവിതത്തിന്റെ വേനലാണ്. പൊള്ളിക്കുന്ന വേനല്‍..വാടി കരിയാതെ മുന്‍പോട്ടു പോകണം..ഓര്‍മ്മകളുടെ മരുപ്പച്ചയായി ഈ നിമിഷങ്ങള്‍ മനസ്സില്‍ ഉണ്ടാവണം..
ഏതേതോ നഗരങ്ങളില്‍ വ്യത്യസ്തമായ ജീവിത ഭാണ്ഡങ്ങള്‍ ചുമക്കുന്നവര്‍,ഈ കഥകളില്‍ മാത്രം ഒന്നിച്ചു.ഒരിക്കലും നടക്കാത്തവ.നടക്കണം എന്ന് പ്രാര്‍ത്ഥിക്കാന്‍ പോലും ധൈര്യം പോരത്തവ ഒക്കെ ഇങ്ങനെ കഥയായി..കേട്ടും,പറഞ്ഞും..അതിലെ കഥാപാത്രങ്ങളായി മാത്രം അവര്‍ ജീവിച്ചു.
കണ്ണടഞ്ഞു പോകുമെന്ന് ഭയമായിരുന്നു.ഉറങ്ങിയാല്‍ ആ നിമിഷങ്ങള്‍ ദേവിയെ കാണാന്‍ കഴിയില്ല.ഈ ജന്മത്തേക്കുള്ള ഓര്‍മ്മകളാണ്.കണ്പോളകളെ അടഞ്ഞു പോകരുത്..