Saturday, March 8, 2025

 മഴയിൽ കുതിർന്നു,മുഖം കുനിച്ചു  നിൽക്കുന്ന 

ജനലരികിലെ  ചെമ്പകപ്പൂക്കൾ

 പച്ചച്ച പായൽ പുതച്ചു 

ധ്യാനിച്ച് നിൽക്കുന്ന കുളം 

കുളക്കരയിലെ  ഒറ്റ മരക്കൊമ്പിൽ 

മീൻ സ്വപ്നങ്ങളിലൊരു പൊന്മാൻ 

ഈ കാഴ്ച കളുടെ ഭംഗിയെ , ഈ നിമിഷങ്ങളെ 

അയച്ചു തരാനൊരു വിദ്യ പറഞ്ഞു തരൂ ...

 കനൽ മണക്കുന്ന ഉച്ച വെയിൽപരപ്പ്,

ഉന്മാദത്തിന്റെ ചുവപ്പും മഞ്ഞയും പൂക്കൾ,

കാറ്റെവിടെയോ ,വീശാൻ മറന്നു ,തളർന്നുറങ്ങിയൊരീ ഉച്ചനേരം ,

ഈ  നന്ദ്യാർവട്ടപ്പൂക്കൾ നീ എന്ന് മിടിക്കുന്നു ,

ഈ കടുംവെയിലിലും നിന്നെ തിരയുന്നു ,

ഓരോ ഇതളും കാത്തിരിക്കുന്നു...

 കാറ്റെന്തു രഹസ്യമാവും  എപ്പോളുമീ മരങ്ങളോട് പറഞ്ഞു കൊണ്ടിരിക്കുന്നത് ,

ഏതു നേരത്തും  ഇലകളാട്ടി തലകുലുക്കി കേൾക്കുന്നുണ്ടല്ലോ...

 The beautiful dew drop

Fast asleep on the tiniest leaf 

Rolls on and on 

Pretending to fall off 

Waiting to sparkle

At the first ray of the Sun

 സ്നേഹത്തെക്കുറിച്ചും 

കാത്തിരിപ്പിനെക്കുറിച്ചും  പറയുമ്പോളെല്ലാം 

ആറ്റിനപ്പുറത്തെ 

അത്തിമരത്തെ കുറിച്ച് 

നീ പറയുന്നു ,

അവിടെ സുരക്ഷിതമായിരിക്കുന്ന 

നിന്റെ ഹൃദയത്തെ കുറിച്ചും ...

 ഇരുളെത്ര കടയണം 

ഒരു തരി വെളിച്ചത്തിനായി ....


 ജനലരികിൽ കാറ്റിന്റെ കലമ്പൽ,

കുന്നും കാടും ഇറങ്ങി ,

നിന്നെ മാത്രം തേടി വന്നതാണെന്ന് .

കാടും കടലും മണക്കുന്ന ,

പൂക്കളും നക്ഷത്രങ്ങളും ചുവയ്ക്കുന്നൊരു കാറ്റ് .

 ചിന്തിച്ചു ചിന്തിച്ചിരിക്കെ

അവളോർത്തു

അമ്മമ്മയെ പോലെ

വല്യമ്മയെ പോലെ

ഓർമ്മകൾ നഷ്ടപ്പെട്ടു പോകുന്നൊരു  ദിവസം വന്നാലോ ?

ഓർമ്മകൾ മങ്ങി തുടങ്ങുന്നൊരു ദിവസം ,

ഭയം തോന്നി ,

ഒരു ജീവിതം കൊണ്ട് സ്വരുക്കൂട്ടിയ ഓർമ്മകൾ 

സ്നേഹിപ്പിച്ച , വേദനിപ്പിച്ച

ഒറ്റപ്പെടുത്തുകയും മുറിപ്പെടുത്തുകയും ചെയ്ത

നാണംകെടുത്തുകയും , ഒറ്റിക്കൊടുക്കുകയും ചെയ്ത ഓർമ്മകൾ.

എങ്കിലും അവയെല്ലാമെന്റെ സ്വന്തമല്ലേ

അവയൊന്നാകെ നഷ്ടമാവുകയെന്നാൽ ...

അമ്മമ്മ എങ്ങനെ ആയിരുന്നു ,

ഓർമ്മകൾ കെട്ടു പോയൊരു കാലത്തു ?

കുഞ്ഞുന്നാളിൽ പഠിച്ച കവിതകൾ ഉറക്കെ ചൊല്ലുമായിരുന്നു

ചോദ്യവും ഉത്തരവും തനിച്ചു തന്നെ ആയിരുന്നു 

"ആരാ അവിടെ ?"

"ഞാൻ ആണ് രാമൻ"

"എന്താ വന്നത് "

"കുറച്ചു അരി വേണ്ടിയിരുന്നു"

"അടുക്കളപ്പുറത്തേയ്‌ക്ക്‌ ചെന്നോളു"

മറുപടികൾക്ക് വേണ്ടി

ആരെയും കാത്തിരിക്കേണ്ട എന്നതുമൊരു  സൗകര്യം.

എഴുതിയതപ്പാടെ മായ്ച്ചു കളഞ്ഞൊരു

സ്ലേറ്റ് പോലെയാവില്ലെ മനസ്സ് 

ഓർമ്മകളെല്ലാം  മാഞ്ഞു കഴിയുമ്പോൾ

പുതിയതായി ജീവിച്ചു തുടങ്ങാം

ഇഷ്ടമുള്ള പേര് സ്വീകരിക്കാം

ആദ്യമായി പൂവിനേയും

പുല്ലിനെയും പൂമ്പാറ്റയെയും കാണാം

മേഘങ്ങളെയും മഴയെയും അറിയാം

കൂടുതൽ നിറവോടെ സ്നേഹിക്കാം

ക്ഷമയോടെ ജീവിക്കാം

ഓരോ നിമിഷത്തെയും

നന്ദിയോടെയും കരുണയോടെയും അറിയാം

വീണ്ടും ആദ്യമായി പ്രണയിക്കാം

അറിയില്ല ,

വേദനയുടെ കൊടുമുടികളിൽ എവിടെയോ വച്ച്

മനുഷ്യൻ വീണ്ടും സ്വസ്ഥതയുടെയും സ്നേഹത്തിന്റെയും

പുതിയ ലോകം കണ്ടെത്തുന്നുണ്ടാവാം

എല്ലാം അവസാനിച്ചിടത്തു  നിന്ന്

പുതിയൊരു  വഴി തുടങ്ങിയേക്കാം

എല്ലാം നഷ്ടമായിടത്തു നിന്ന്

പുതിയൊരു ലോകം സൃഷ്ടിക്കാം

ആദ്യമായി ഓർമ്മകൾ നഷ്ടമാവുക

എന്നതിനെ

വേദനയിൽ നിന്നും ഭയത്തിൽ നിന്നും

വേർതിരിച്ചവൾ  കണ്ടു തുടങ്ങി.

 വാടാത്ത നക്ഷത്രങ്ങളെ നിറയെ തുന്നി ചേർത്തൊരു പുതപ്പാണീ ആകാശം.


 മഴമുത്തുകൾ കോർത്തൊരു മാല...

 വിഷാദച്ചുവയുള്ള ഉച്ച നേരം ,

വിരസമായൊരു വെയിൽ പുതച്ചിരിക്കുന്നു ആകാശം ,

ചെമ്പകച്ചുവട്ടിലോ 

മുരിങ്ങത്തടത്തിലോ 

കാറ്റ് ഉച്ചമയക്കത്തിലാണ് , 

ഒരു പൊന്മാൻ മാത്രം 

കുളക്കരയിൽ 

അങ്ങോട്ടിങ്ങോട്ടെന്നു പറക്കുന്നു ,

മീൻകണ്ണുകൾ സ്വപ്നം കാണുന്നു ,

കുളക്കടവിലെ പടവുകളിൽ 

തീരാറായൊരു ചന്ദ്രിക സോപ്പ് ,എടുക്കാൻ  മറന്നു പോയൊരു 

കൈലേസ് ,

അതിരിലെ ഒറ്റ മരത്തിന്റെ  നിഴലിനെ

ധ്യാനത്തിൽ നെഞ്ചിലൊതുക്കുന്ന കുളം .

 നീ ചിരിക്കുമ്പോൾ കണ്ണുകളിൽ  വിരിയുന്ന നക്ഷത്രങ്ങളെ കാണാനും,

 മുടിയിഴകളിൽ ഒന്ന് തൊടാനും ,

കൊതിച്ചൊരു ഈറൻ കാറ്റ് 

ജനലരികിൽ ചിണുങ്ങി നിൽപ്പുണ്ട് ..

 കൈക്കുമ്പിളാൽ കോരി വറ്റിക്കാമെന്ന്  

വ്യർത്ഥസ്വപ്നം കണ്ടൊരു 

കണ്ണീർക്കടലാണ് ചുറ്റും 

ഇവിടെയൊരു ദ്വീപാകാൻ മാത്രമേ കഴിയൂ 

കടലെടുത്തു പോകാത്ത സ്വപ്നങ്ങളെ നിറച്ചു 

 കടലാസ്സു തോണികൾ ഒഴുക്കിനോക്കണം 

എന്നെങ്കിലുമൊരിക്കൽ കരകണ്ടാൽ 

പൂമ്പാറ്റകളായി പറന്നുയർന്നേക്കാവുന്ന സ്വപ്‌നങ്ങൾ

 മീട്ടു മുയലിനെ വീട്ടിലെത്തിക്കാൻ

ശ്രമിച്ചു പരാജയപ്പെട്ടാവും

പല രാത്രികളിലും 

ഉറങ്ങാൻ പോവുക.

വീട് കണ്ടെത്താനാവാതെ

അമ്മയെ കാണാനാവാതെ

സങ്കടപ്പെടുന്ന മുയലോർമ്മകളിലാണ്

 ഉറങ്ങി തുടങ്ങുക

ശെരിയാണെന്നു ഉറപ്പിച്ച വഴി ,

അവസാന തിരിവിലാവും

തീർത്തും തെറ്റിപ്പോയെന്നു അറിയുക ,

ചിലപ്പോൾ പാതി വഴി തിരികെ പോയാൽ

പുതിയൊരു വഴി കണ്ടെത്തിയേക്കാം

ചിലപ്പോൾ വീണ്ടും ആദ്യേന്നു തുടങ്ങണം

കുരുക്കിയും കുഴക്കിയും എന്തിനാണിത്ര വഴികൾ?

ഉറക്കത്തിന്റെ കൈവഴികളിൽ

മീട്ടു ഞാനായി രൂപാന്തരപ്പെടും

നേരം വെളുക്കുവോളം

വഴി തിരയും,

വിശന്നും ദാഹിച്ചും അലയും..

പോകെ പോകെ,

വഴികൾ ഒരിക്കലും  തെറ്റുന്നില്ലെന്നും

പുതിയ വഴികൾ തേടുന്നതും

പാതി വഴിയിൽ മടങ്ങുന്നതും

എത്തുന്നിടം ലക്ഷ്യമാകുന്നതും

യാത്രയുടെ രീതികൾ മാത്രമായി.

 ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാതായൊരു 

കാലമെന്നെ 

പുതിയൊരു ഭാഷ പഠിപ്പിച്ചു .

പൂക്കൾ വിടരുന്നതും ,

ചിത്രശലഭങ്ങൾ വന്നു തൊട്ടു തലോടുന്നതും ,

നക്ഷത്രങ്ങളും 

സൂര്യചന്ദ്രന്മാരും ,

കാറ്റും കിളികളും ,

മഴയും മഞ്ഞും ,

എങ്ങു നിന്നെന്ന പോലെ കൈക്കുമ്പിളിൽ വന്നു വീഴുന്ന 

 കിളിത്തൂവലുകളും

ഉത്തരങ്ങളായെന്റെ 

ചോദ്യങ്ങളെ മായ്ച്ചുകളഞ്ഞു.

 രാവിലെ നടക്കാനിറങ്ങിയപ്പോൾ കൂട്ടു വന്നത്  ആരെന്നോ ?

കരിയിലക്കിളികളുടെ ഒരു കൂട്ടം ,

ചാഞ്ഞും ചെരിഞ്ഞും നോക്കി 

താഴ്ന്നു പറന്നൊരു പൊന്മാൻ ,

ഉടുപ്പിലും മുടിയിലും വന്നിരുന്നു 

നിറയെ സ്നേഹിച്ചോരു 

നീല ചിത്രശലഭം..

മനസ്സ് നിറഞ്ഞു തുളുമ്പിയൊരു 

സ്നേഹത്തെ ഞാൻ നീയെന്നു മാത്രം അടയാളപ്പെടുത്തട്ടെ..

 നിരാസത്തിന്റെ ആയിരത്തൊന്നു വഴികൾ..


 She travels between the different worlds,

Unlearning the conditioning gathered over years n years,

Across the generations,

Learning new language,

To connect with moon, stars,

Plants , butterflies....

Touch the core of the earth,

And to fly along with the clouds ,

Melt into the soil ,

And touch the stars

It's a new beginning ❤

 ആകാശം ,

അത്ഭുതങ്ങളുടെ ഒരു കടലിനെ ,

ഉള്ളിലടക്കിയിരിക്കുന്നു.

നോക്കി നോക്കിയിരിക്കെ ,

മേഘക്കീറുകൾക്കിടയിലൊരു വാതിൽ തുറക്കുന്നു, 

ഏഴു പടവുകൾ ...

പടവുകൾക്കൊടുവിൽ ,

അനന്തമായ അത്ഭുതങ്ങളുടെ പറുദീസ,

കാരുണ്യത്താൽ 

ഉയിർത്തെഴുന്നേൽക്കാനും 

പ്രണയത്താൽ ജ്ഞാനസ്നാനപ്പെടാനും 

തുറവിയുള്ളവരായിരിക്കുക .

 എന്നെയും മൂടി ഒഴുകുന്നൊരു വെള്ളം ,

തണുത്തും മരവിച്ചും ,

ചുഴികളിലും ഒഴുക്കിലും ,

അടിപതറിപ്പോകുമ്പോളും 

നീയെന്ന വെയിൽസ്വപ്നത്തെ 

ചേർത്ത് വയ്ക്കുന്നു ഞാൻ 

ഈ പ്രളയത്തിനപ്പുറമൊരു 

കാലത്തെ കാത്തിരിക്കട്ടെ ഞാൻ