Sunday, January 16, 2011

സ്വപ്നം

എന്‍റെ  സ്വപ്നം
ഓമനത്തം ഉള്ളൊരു പെണ്‍കുഞ്ഞു
ചിരിച്ചും കരഞ്ഞും
മാറില്‍ ചേര്‍ന്ന് പാല്‍ നുകര്‍ന്നും
ഓടിക്കളിക്കുന്നൊരു കിലുക്കാംപെട്ടി

അവനു മോഹം
ക്യാന്‍വാസില്‍ മഴവില്‍ നിറങ്ങളില്‍
വിരിയുന്നൊരു മകളെ
ടീനേയ്ജ് ഭ്രമങ്ങളിലെയ്ക്കൊരിക്കലും
പടര്‍ന്നു കയറാത്തവള്‍

കൂടണയാന്‍ വൈകുന്ന സന്ധ്യകളില്‍
തീയെരിക്കേണ്ട നെഞ്ചില്‍
മതിലിനപ്പുറത്തെ ചൂളം വിളിയില്‍
രക്ത സമ്മര്‍ദം ഉയര്‍ത്തേണ്ട
ഐസ്ക്രീമും സൗന്ദര്യവും വില്‍ക്കുന്ന
പാര്ളരുകളെ ഭയപ്പെടേണ്ട
ഓര്‍ക്കുട്ട്, ഫേസ്ബുക്ക്‌,
എണ്ണിയാല്‍ ഒടുങ്ങാത്ത ചാറ്റ് റൂമുകള്‍
ദുര്ഭൂതങ്ങള്‍ ഇവയലട്ടാതെ ഉറങ്ങണം

അച്ഛന്‍ വരച്ച വരയ്ക്കപ്പുറം
വളര്‍ന്നു പടരാതെന്‍ മകള്‍
എന്നുമീ പാല്‍ പുഞ്ചിരി പൊഴിക്കണം

തര്‍ക്കങ്ങള്‍ക്കും കണ്ണുനീരിനും ഒടുവില്‍
നീല കണ്ണുകള്‍ ഉള്ളൊരു
ബാര്‍ബിയെ വാങ്ങാന്‍ തീരുമാനിച്ചു

Wednesday, January 12, 2011

വലകള്‍

അകപ്പെട്ടാല്‍ പുറത്തേയ്ക്കുള്ള വഴി
മറന്നേ പോകുന്ന
അന്തമില്ലാത്ത വലയ്ക്കുള്ളില്‍
ഒളിഞ്ഞും മറഞ്ഞും
പേര് മാറ്റിയും
പ്രണയവും ജീവിതവും നെയ്യുന്നവര്‍

കവിത ചൊല്ലിയും
കഥ പറഞ്ഞും
നഷ്ടസ്വപ്നങ്ങളില്‍ വെറുതെ വിതുമ്പിയും
പ്രണയക്കരുക്കള്‍ നീക്കുന്നു

കളി വീണ്ടും പഴയത് തന്നെ
ഏണിയും പാമ്പും
ഏണിപ്പടികള്‍ കയറി നീ മുകളിലേയ്ക്കും,
പാമ്പിന്‍ വായില്പ്പെട്ടു ഞാന്‍ താഴേയ്ക്കും

Friday, December 17, 2010

അവള്‍

മണി മന്ദിരങ്ങളും പട്ടു ചേലകളും
മനം മയക്കുന്ന രത്നാഭരണങ്ങളും
പെണ്മനം കൊതിക്കുന്നതെന്തും
സമ്മാനിച്ചതില്ലേ ഞാന്‍ നിനക്ക്?

നിന്‍റെ മനസ്സൊഴികെ എല്ലാമെനിക്ക് സ്വന്തം
നിന്‍റെ ആത്മാവൊഴികെ എല്ലാമെന്റെ അടിമ..

നിശബ്ദയായി ,നിരാലംബയായി
മിഴി താഴ്ത്തി നില്‍ക്കുന്ന
നിന്നോടാണ് എനിക്ക് ആവേശം.

എന്നെ കൊതിപ്പിക്കുന്നതും
ലഹരി പിടിപ്പിക്കുന്നതും
നിന്‍റെ അംഗ സൌഷ്ടവമാണ്
അതിനുള്ളിലെ നീയെനിക്കെന്നും
അന്യയും അസ്പര്‍ശ്യയുമായി നില്‍ക്കുന്നു

ഞാന്‍ ഉദിച്ചു അസ്തമിക്കുന്ന വേളയില്‍
കണ്ണുകളടച്ചു
പ്രാര്തനയിലെന്ന പോല്‍
നീ മുഴുകുന്നതേത് ധ്യനത്തിലാണ്?

Monday, November 29, 2010

ഭ്രമം

ആവര്‍ത്തിച്ചു പറഞ്ഞു കള്ളങ്ങളെ
സത്യമാക്കുന്ന മാന്ത്രിക വിദ്യ
നീ എന്ത് കാണണം,കേള്‍ക്കണം,
ചിന്തിക്കണം
അതെന്‍റെ കൈപ്പിടിയിലാണ്
നിനക്കൊന്നുമറിയില്ല
കാഴ്ച്ചയുടെ മായാജാലങ്ങളില്‍ പെട്ട്
സ്വയം നഷ്ടമായത് തിരിച്ചറിയാത്ത വിഡ്ഢി

ത്രിസന്ധ്യകള്‍ വിഡ്ഢിപ്പെട്ടിക്കു മുന്‍പില്‍
കണ്ണും മനവും പൂഴ്ത്തുമ്പോള്‍
പോരും പകയും നുരയുന്ന കഥകളില്‍
ആവേശത്തോടെ മുഴുകുമ്പോള്‍
ഉള്ളിലെ വിളക്കില്‍ കരിന്തിരി എരിഞ്ഞു മണത്തു
ദാഹനീര്‍ കിട്ടാത്തൊരു തുളസി കരിഞ്ഞു
കഥയ്ക്കും കവിതയ്ക്കുമായി കാതോര്‍ത്തു
കാത്തിരുന്ന കുഞ്ഞു മനസ്സും
സ്നേഹ വാല്സല്യങ്ങളോടെ
കഥ പറയാന്‍ കൊതിച്ചൊരു
മുത്തശ്ശിയും മറവിയില്‍ മാഞ്ഞു പോയി

Tuesday, November 23, 2010

അവസ്ഥാന്തരങ്ങള്‍


വാശി പിടിച്ചൊരു കുട്ടിയെപ്പോലെന് ഹൃദയം 
ചായാന്‍ ചുമലുള്ള നേരത്ത് 
ക്ഷീണമേറിയും
താങ്ങാന്‍  കയ്യുള്ളപ്പോള്‍ മാത്റം 
ഇടറി വീണും  
 
മഴയായി പെയ്തിറങ്ങാന്‍ നീ - 
കൊതിപൂണ്ട നേരം 
വരണ്ടുണങ്ങിയ മരുഭൂമിയായും 
വാത്സല്യം നിറഞ്ഞോരച്ഛനായ് നീ 
അരികിലെത്തുമ്പോള്‍  മകളായും 
പ്രണയത്തിന്‍ മഴവില്ലായി നീ 
വിരിയുന്ന വേളയില്‍ 
കാറൊഴിഞ്ഞൊരു  നീലാകാശമായും
 
തനിച്ചാകുന്ന നേരമൊക്കെയും
തിരയൊഴിഞ്ഞ കടല്‍പോല്‍ ശാന്തമായ് 
സ്വച്ഛമായ്
താങ്ങോ തണലോ കൊതിക്കാതെ 
വേനലും വറുതിയുമറിയാതെ
തോല്‍ക്കാന്‍ മനസ്സില്ലെന്ന വീറോടെ 
മുന്പോട്ടൊഴുകുന്ന പുഴപോലെന് ഹൃദയം...

Sunday, October 3, 2010

പൂവ് പറയാതെ പോയത്

ചെടിയില്‍ നിന്നടര്‍ത്തി മാറ്റി
പൂവിനെ പ്രണയിക്കുന്നവരല്ലേ നിങ്ങള്‍?
തണ്ടൊടിഞ്ഞ വേദനയില്‍
പൂവ് നീറുമ്പോള്‍
അഭിമാനത്തോടെ നിങ്ങളതിനെ
പ്രിയതമയുടെ മുടിക്കെട്ടിലോ
ദേവന്റെ കാല്ച്ചുവട്ടിലോ അര്‍ച്ചിക്കുന്നു.
കാറ്റും വെയിലും മഴയും
കിനാവ്‌ കണ്ടവള്‍,
കബരീ ഭാരത്തില്‍
വാടി ഉണങ്ങുകയോ
ഇലച്ചീന്തില്‍ പ്രസാദം ആവുകയോ ചെയ്യുന്നത് ആരറിയുന്നു?
വണ്ടുകള്‍ നുകരാതെ പോയ തേന്‍കണങ്ങള്‍
കരിഞ്ഞുണങ്ങും മുന്‍പേ
ഉറുമ്പിന്‍ കൂട്ടത്തിനു
തീന്‍ മേശ ഒരുക്കിയേക്കും...



Saturday, September 18, 2010

കുഞ്ഞ്

വിതയ്ക്കുന്നവനും വിത്തും

ഒരു കാലവും അനുവാദം

ചോദിക്കാറില്ല ഈ മണ്ണിനോട് ..

മഴയും വെയിലും മഞ്ഞും

ആഞ്ഞു പതിക്കുമ്പോള്‍

ധ്യാന മൂകമിരിക്കുമീ ഭൂമി


ജന്മ ബന്ധത്താല്‍ നീയെന്നോടും

കര്‍മ്മ ബന്ധത്താല്‍ ഞാന്‍ നിന്നോടും

ബന്ധിക്കപ്പെട്ടിരിക്കുന്നെങ്കിലും കുഞ്ഞേ,

ഒരു മാത്ര പോലും നീ എന്റേതെന്നു

കരുതുന്നതില്ല ഞാന്‍

മുറിഞ്ഞു പോയ പൊക്കിള്‍കൊടി

എനിക്ക് നല്‍കുന്നത്

വയറും മനസ്സും നിറഞ്ഞൊരു കാലത്തിന്‍റെ

ഓര്‍മ്മപ്പൊട്ടുകള്‍ ആണ്



ഒന്‍പതു മാസക്കാലം

എന്റെ ശ്വാസം നിന്റെതും

എന്‍റെ ജീവരക്തം നിന്‍റെ ജീവനുമായിരുന്നു

ലോകത്തിന്‍റെ മായക്കാഴ്ചകള്‍ കാണാതെ

നിന്‍റെ ഹൃദയമിടിപ്പിനും

പാദ സ്പര്‍ശനത്തിനും മാത്രമായി

കാതോര്‍ത്തു കഴിഞ്ഞൊരു കാലം



പിന്നെ വേദനയുടെ അന്ത്യത്തില്‍

നമ്മള്‍ രണ്ടായി ..

നീ ജനിച്ചു എന്ന അത്യാഹ്ലാദം

നാമിനിയൊന്നല്ല എന്ന തിരിച്ചറിവ്



ഇനി നിനക്ക് അകന്നു പോകണം

നിന്‍റെ ആകാശവും ഭൂമിയും തേടി

നിന്‍റെ ചിന്തയ്ക്കും ബുദ്ധിക്കും മേലെ

നിഴല്‍ പാടുകള്‍ വീഴ്ത്താതെ

അകന്നു മാറാന്‍

എന്‍റെ സ്നേഹം എന്നോട് പറയുന്നു ..



എങ്കിലും നിന്‍റെ കണ്ണിനു വെളിച്ചവും

പാതയില്‍ വിളക്കുമാകാന്‍

അവസാന ശ്വാസം വരെ

അമ്മയുടെ നെഞ്ചിലൊരു നേരിപ്പോടെരിയുന്നു ..