Sunday, January 16, 2022

നോവ്

നോവ് 

അതിന്റെ കൊടുമുടിയിൽ ,

പിരിയൻ ഗോവണികൾ കയറുന്നു,

പ്രതീക്ഷയുടെ ചിറകുകൾ അരിയുന്നു,

ഈ വളവിനപ്പുറം നോവുകൾ  ഒടുങ്ങുമെന്ന,

കാത്തിരുപ്പിന്റെ കൈത്തിരി കെടുത്തി കളയുന്നു.

കത്തിയെരിയുന്ന സൂര്യൻ ,

കൈനീട്ടി തൊടാവുന്ന,

കടൽ പോലെ പരന്നു , 

അന്തമില്ലാതെ കിടക്കുന്ന,

നീലാകാശം .

ഒരു തുള്ളി വെള്ളമെന്നും,

ഒരില തണലെന്നും,

ഉരുകിയുഴലുന്ന ഉടൽ.

എന്നിട്ടും അടരാൻ മടിച്ചു,

 പ്രാണന്റെ നെഞ്ചിൽ 

കനിവ് തേടി ,

ഉറവ തേടിയൊരൊറ്റ വേര് 

 വെയിലേ,

നിന്നോളം എന്നെ പൊതിഞ്ഞിരുന്നില്ലൊന്നും. 

നിലാവേ,

നിന്നോളം എന്നിൽ അലിഞ്ഞതില്ലാരും.

പൊലിപ്പിക്കാനും ഭംഗി കൂട്ടാനും

അറിവില്ലാത്തവളുടെ  കൈവശം

മുഷിഞ്ഞു പോയ  വാക്കുകളും

പലകുറി മുറിഞ്ഞ്

മിനുസം ചോർന്നു പോയൊരു

മനസ്സുമേയുള്ളൂ

Saturday, November 21, 2020

നിനക്കായി മാത്രം

 

നിനക്കായി മാത്രം പകുത്തു വയ്ക്കുന്നു ,
ഈ പാതിരാക്കാറ്റിൻറെ തണുപ്പിനെ ,
നിലാവിന്റെ സ്നേഹ സ്പർശനത്തെ ,
മിഴിയിണകളിൽ മയങ്ങുമീ സ്വപ്നങ്ങളെ,
സൂര്യകാന്തിപ്പൂക്കളെ, പിന്നെ
വായിച്ചു വായിച്ചു ചേർത്ത് പിടിച്ചുറങ്ങുമീ പുസ്തകങ്ങളെ

കാറ്റ്

 

മുരിങ്ങയിലകൾ കൊഴിയുന്ന
ഉച്ച നേരങ്ങളിൽ കാറ്റ് മൗനിയാകും,
ചെമ്പകച്ചോട്ടിലും
പേരയുടെ ചില്ലയിലും ഒളിച്ചു കളിക്കും,
ആളൊഴിഞ്ഞ കുളക്കടവിൽ
സ്വപ്നം കണ്ടിരിക്കും ...

ചില നേരങ്ങളിൽ

 

ചില നേരങ്ങളിൽ,
ചിലർ മിണ്ടിതുടങ്ങുമ്പോൾ,
നിശബ്ദമാവുന്നു നാഴികമണികൾ .
ഒരു കോഫീഷോപ്പിലെ
മേശയ്ക്കിരുവശത്തേയ്ക്കുമായി
നമ്മളെ പകുക്കാം .
ചൂടുള്ളൊരു കാപ്പിക്കൊപ്പം
പ്രിയപ്പെട്ടൊരു ഈണമാകും നിന്റെ ശബ്ദം
പുസ്തകങ്ങൾ, സിനിമകൾ
പ്രണയങ്ങൾ, യാത്രകൾ
തിരകൾ തീരത്തോടെന്ന പോലെ
നമ്മൾ കഥകൾ പറയും
ജനലിനപ്പുറം
മഴയും മഞ്ഞും
കാറ്റും വെയിലും
നമ്മളറിയാതെ കടന്നു പോകും

വളർന്നു വളർന്നു വലുതായിട്ടും

 

വളർന്നു വളർന്നു വലുതായിട്ടും
ഉപ്പോളം വരില്ല ഉപ്പിലിട്ടതെന്ന
അമ്മൂമ്മച്ചൊല്ലെന്നെ വിട്ടു പോയതേയില്ല
ഞാനെനിക്ക് തന്നെ വല്യേട്ടനും
കുഞ്ഞാങ്ങളയുമായ്
ചേച്ചിയും അനുജത്തിയുമായി
സ്നേഹിച്ചും ശാസിച്ചും ലാളിച്ചും
ചേർത്ത് പിടിക്കാൻ കൈകൾക്കായി കാത്തിരിക്കാതെ
സ്വയം ചേർത്ത് പിടിച്ചു
താങ്ങില്ലാത്തതിനാൽ ഒരുനാളും
തളർച്ചയറിഞ്ഞതേയില്ല