മേഘങ്ങൾ വരയുന്ന രൂപങ്ങളിൽ
നിന്നെ മാത്രം തിരഞ്ഞു തിരഞ്ഞു ….
മേഘങ്ങൾ വരയുന്ന രൂപങ്ങൾ ,
നക്ഷത്രങ്ങൾ ,
ജനലരികിൽ വിടർന്ന ചെമ്പകം,
വേലിക്കൽ നിറഞ്ഞു ചിരിക്കുന്ന ചെമ്പരത്തി,
കമ്മൽപൂക്കൾ ,
കനൽ മണമുള്ള വെയിൽ,
അതിരിനപ്പുറം ധ്യാനിച്ച് കിടക്കുന്ന കുളം,
കറിവേപ്പിൻ തടത്തിൽ
പതുങ്ങി നടക്കുന്ന ഉപ്പൻ ,
മുരിങ്ങയിലകൾ കൊഴിഞ്ഞു കിടക്കുന്ന മുറ്റം,
തൊടിയിൽ കലപില പറയുന്ന
മൈനകളും കരിയിലക്കിളികളും
എല്ലാമെല്ലാം നിന്നെ മാത്രം
ഓർമ്മിപ്പിക്കുന്നു
നോവ്
അതിന്റെ കൊടുമുടിയിൽ ,
പിരിയൻ ഗോവണികൾ കയറുന്നു,
പ്രതീക്ഷയുടെ ചിറകുകൾ അരിയുന്നു,
ഈ വളവിനപ്പുറം നോവുകൾ ഒടുങ്ങുമെന്ന,
കാത്തിരുപ്പിന്റെ കൈത്തിരി കെടുത്തി കളയുന്നു.
കത്തിയെരിയുന്ന സൂര്യൻ ,
കൈനീട്ടി തൊടാവുന്ന,
കടൽ പോലെ പരന്നു ,
അന്തമില്ലാതെ കിടക്കുന്ന,
നീലാകാശം .
ഒരു തുള്ളി വെള്ളമെന്നും,
ഒരില തണലെന്നും,
ഉരുകിയുഴലുന്ന ഉടൽ.
എന്നിട്ടും അടരാൻ മടിച്ചു,
പ്രാണന്റെ നെഞ്ചിൽ
കനിവ് തേടി ,
ഉറവ തേടിയൊരൊറ്റ വേര്