Sunday, January 16, 2022

 ഓരോ ഇലയനക്കങ്ങളും 

നീയെന്നു നിനച്ചൊരുവൾ...

 ഒറ്റപ്പെടലിന്റെ ഈ ദിവസങ്ങളിൽ

പകലന്തിയോളം ഞാനെന്നെ വിസ്തരിക്കുന്നു ,

ചോദ്യങ്ങളാൽ ഉത്തരം മുട്ടിക്കുന്നു ,

കുറ്റപ്പെടുത്തുന്നു ,

ഉണങ്ങി തുടങ്ങിയ മുറിവുകളിൽ 

രക്തം കിനിയുന്നു ,

തോരാതെ കണ്ണീർ വാർക്കുന്നു,

ദിനാന്ത്യത്തിൽ കളഞ്ഞു പോയ കുഞ്ഞിനെയെന്ന പോൽ 

നെഞ്ചോടു ചേർക്കുന്നു, 

ഞാനുണ്ട് ഞാനുണ്ടെന്നു ചേർത്ത് പിടിക്കുന്നു ,

കൈകൾ ചിറകുകളായി രൂപാന്തരപ്പെടുന്നതായി 

സ്വപ്നം കണ്ടു ഞാനുറങ്ങുന്നു

 സദ്യ ഉണ്ട് നിറഞ്ഞൊരാൾക്കു മുൻപിൽ 

വിളമ്പിയ ഊണ് പോലെ 

വിലകെട്ടു പോയൊരു പ്രണയം

 മേഘങ്ങൾ വരയുന്ന രൂപങ്ങളിൽ

നിന്നെ മാത്രം തിരഞ്ഞു തിരഞ്ഞു ….

ആകാശച്ചെരുവിലൊരു കുഞ്ഞു നക്ഷത്രം,

ഉറങ്ങാതെ കണ്ണിമയ്ക്കാതെ കൂട്ടിരിക്കുന്നു , 

അന്തമില്ലാത്ത മരുഭൂമിയിൽ വഴി തേടി അലയുന്ന , 

കൺകോണുകളിൽ തോരാമഴ പെയ്യുന്നൊരുവൾക്കു 

ഒറ്റനക്ഷത്രമേ

 എന്റെ ആകാശത്തിലെ ഒറ്റനക്ഷത്രമേ, 

പ്രകാശ  വർഷങ്ങൾ അകലെയെന്നാകിലും

നിന്നെ മാത്രം ഓർമ്മിപ്പിക്കുന്നു

 മേഘങ്ങൾ വരയുന്ന രൂപങ്ങൾ ,

നക്ഷത്രങ്ങൾ ,

ജനലരികിൽ വിടർന്ന ചെമ്പകം,

വേലിക്കൽ നിറഞ്ഞു ചിരിക്കുന്ന ചെമ്പരത്തി,

കമ്മൽപൂക്കൾ ,

കനൽ മണമുള്ള വെയിൽ,

അതിരിനപ്പുറം ധ്യാനിച്ച് കിടക്കുന്ന കുളം,

കറിവേപ്പിൻ തടത്തിൽ

പതുങ്ങി നടക്കുന്ന ഉപ്പൻ ,

മുരിങ്ങയിലകൾ കൊഴിഞ്ഞു കിടക്കുന്ന മുറ്റം,

തൊടിയിൽ കലപില പറയുന്ന

മൈനകളും കരിയിലക്കിളികളും

എല്ലാമെല്ലാം നിന്നെ മാത്രം

ഓർമ്മിപ്പിക്കുന്നു