Sunday, January 16, 2022

 മഴ പെയ്യുമ്പോൾ 

കൂടെ ആരോ ഉള്ളത് പോലെ 

പറയാനാവാതെ നെഞ്ചിൽ കല്ലായി പോയ 

നൊമ്പരങ്ങളെ തൊട്ടറിയും പോലെ 

ആൾക്കൂട്ടങ്ങളിലെ ഒറ്റപ്പെടലിൽ 

ചേർത്ത് പിടിക്കുന്നൊരു കൈത്തലം 

ഒരു ഭാഷയിലേക്കും തർജ്ജമ ചെയ്യാനാവാത്ത 

എന്റെ അരക്ഷിതത്വത്തെ 

ഇറുക്കെ ചേർത്ത് പിടിക്കുമ്പോലെ 

ഒറ്റപ്പെടലിന്റെ ഈ ഇരുട്ടിൽ  

എനിക്ക് കൂട്ടാകുന്നൊരു കൈത്തിരി...


 ഒരു കൈക്കുമ്പിൾ  നിറയെ വാടാത്ത നക്ഷത്രങ്ങളെ തരൂ 

മുടിയിൽ ചൂടട്ടെ ഞാൻ

 നിന്നെ ഓർമ്മിക്കുന്ന മാത്രയിൽ 

പൂത്തുലയുന്നൊരു കാടായിരിക്കുന്നു ഞാൻ 

മറവിയുടെ നീണ്ട മൗനങ്ങളിൽ നീ അകലുമ്പോഴും 

ഋതുഭേദങ്ങളില്ലാതെ ഞാൻ

 ഓരോ ഇലയനക്കങ്ങളും 

നീയെന്നു നിനച്ചൊരുവൾ...

 ഒറ്റപ്പെടലിന്റെ ഈ ദിവസങ്ങളിൽ

പകലന്തിയോളം ഞാനെന്നെ വിസ്തരിക്കുന്നു ,

ചോദ്യങ്ങളാൽ ഉത്തരം മുട്ടിക്കുന്നു ,

കുറ്റപ്പെടുത്തുന്നു ,

ഉണങ്ങി തുടങ്ങിയ മുറിവുകളിൽ 

രക്തം കിനിയുന്നു ,

തോരാതെ കണ്ണീർ വാർക്കുന്നു,

ദിനാന്ത്യത്തിൽ കളഞ്ഞു പോയ കുഞ്ഞിനെയെന്ന പോൽ 

നെഞ്ചോടു ചേർക്കുന്നു, 

ഞാനുണ്ട് ഞാനുണ്ടെന്നു ചേർത്ത് പിടിക്കുന്നു ,

കൈകൾ ചിറകുകളായി രൂപാന്തരപ്പെടുന്നതായി 

സ്വപ്നം കണ്ടു ഞാനുറങ്ങുന്നു

 സദ്യ ഉണ്ട് നിറഞ്ഞൊരാൾക്കു മുൻപിൽ 

വിളമ്പിയ ഊണ് പോലെ 

വിലകെട്ടു പോയൊരു പ്രണയം

 മേഘങ്ങൾ വരയുന്ന രൂപങ്ങളിൽ

നിന്നെ മാത്രം തിരഞ്ഞു തിരഞ്ഞു ….