പറയാതെ പോയൊരു വാക്കിന്റെ വേനലിൽ
മരുഭൂമിയായി രൂപാന്തരപ്പെടുന്നു
വാക്കുകളേക്കാൾ ആഴമേറിയ
മൗനത്തിൽ വീണു ചിതറുന്നു
മഴ പെയ്യുമ്പോൾ
കൂടെ ആരോ ഉള്ളത് പോലെ
പറയാനാവാതെ നെഞ്ചിൽ കല്ലായി പോയ
നൊമ്പരങ്ങളെ തൊട്ടറിയും പോലെ
ആൾക്കൂട്ടങ്ങളിലെ ഒറ്റപ്പെടലിൽ
ചേർത്ത് പിടിക്കുന്നൊരു കൈത്തലം
ഒരു ഭാഷയിലേക്കും തർജ്ജമ ചെയ്യാനാവാത്ത
എന്റെ അരക്ഷിതത്വത്തെ
ഇറുക്കെ ചേർത്ത് പിടിക്കുമ്പോലെ
ഒറ്റപ്പെടലിന്റെ ഈ ഇരുട്ടിൽ
എനിക്ക് കൂട്ടാകുന്നൊരു കൈത്തിരി...
ഒറ്റപ്പെടലിന്റെ ഈ ദിവസങ്ങളിൽ
പകലന്തിയോളം ഞാനെന്നെ വിസ്തരിക്കുന്നു ,
ചോദ്യങ്ങളാൽ ഉത്തരം മുട്ടിക്കുന്നു ,
കുറ്റപ്പെടുത്തുന്നു ,
ഉണങ്ങി തുടങ്ങിയ മുറിവുകളിൽ
രക്തം കിനിയുന്നു ,
തോരാതെ കണ്ണീർ വാർക്കുന്നു,
ദിനാന്ത്യത്തിൽ കളഞ്ഞു പോയ കുഞ്ഞിനെയെന്ന പോൽ
നെഞ്ചോടു ചേർക്കുന്നു,
ഞാനുണ്ട് ഞാനുണ്ടെന്നു ചേർത്ത് പിടിക്കുന്നു ,
കൈകൾ ചിറകുകളായി രൂപാന്തരപ്പെടുന്നതായി
സ്വപ്നം കണ്ടു ഞാനുറങ്ങുന്നു