Wednesday, April 20, 2011

മഴവില്‍ക്കാഴ്ച

സ്നേഹം നനച്ചു,
മുല്ലകള്‍ പടര്‍ത്തുമെന്നു
ആരോ കൊതിപ്പിച്ച
മനസ്സിന്റെ മുറ്റം
കാറ്റും മഴയും
വെയിലുമറിയാതെ
ശിലയായി  മാറുന്നതെത്ര വേഗമെന്നോ!!

നിന്‍റെ അധരസിന്ദൂരത്താല്‍
ചുവപ്പാര്‍ന്ന കവിളുകളില്‍
കണ്ണുനീര്‍ തുമ്പികള്‍
പാറിക്കളിച്ചതും എത്ര പൊടുന്നനെയാണ്?

കെട്ടിപിണഞ്ഞ കാട്ടുവള്ളികളെ പോലെ
ഉരുകിയൊന്നായി തീര്‍ന്ന മനസ്സുകള്‍
അഴിഞ്ഞകലുന്നത്
നാം അറിയുന്നതെയില്ലല്ലോ?

നിനക്കായി മാത്രം പൂത്തൊരു
ഇലഞ്ഞിയും
അതിന്‍റെ ചില്ലയിലെ ഊഞ്ഞാലും
മുക്കുറ്റിപ്പൂക്കള്‍ കോര്‍ത്തൊരു മാലയും
കാറ്റിന്‍റെ കൈകളില്‍ കളിക്കോപ്പാവുന്നു.

പ്രണയമിത്ര ക്ഷണികമായൊരു
മഴവില്‍ കാഴ്ചയാണോ?

Sunday, April 3, 2011

ആശയടക്കം

"പ്രണയം മണക്കാത്ത വഴിയെ നടക്കണം
മുള്ളുകള്‍ നിറഞ്ഞ പനിനീര്‍പ്പൂവുകള്‍
കാണാതെ ഇമകള്‍ താഴ്ത്തി നടക്കണം
ശെയ്താന്റെ പരീക്ഷണങ്ങളില്‍
മുട്ടിപ്പായി പ്രാര്‍ഥിച്ചു ശക്തി നേടണം
പെണ്ണെന്നാല്‍ പാതി ഹവ്വയും പാതി മേരിയുമാണ്
വിലക്കപ്പെട്ട കനി തിന്നു
ഹവ്വയാകാന്‍ എത്ര എളുപ്പം
ആശയടക്കം ശീലിക്കണം കുട്ടികളേ"

തെരേസ സിസ്റ്റര്‍ ആവര്‍ത്തിച്ചു പറഞ്ഞതല്ലേ
അതൊന്നും കേള്‍ക്കാതെ
ഹൃദയ ചിഹ്നങ്ങള്‍ കോറിയിട്ട
കത്തുകളില്‍ സ്വയം കുരുക്കിയതെന്തിനു നീ?

അമ്പ്‌ തറച്ച പ്രണയ ചിഹ്നം
രക്തം വാര്‍ന്നൊഴുകുന്ന തിരുരൂപത്തിലെ
ഹൃദയം പോലെ ...

അവസാനം കാഴ്ചയുമായി പൂജകരൊന്നും വരാത്തൊരു
ദിവ്യ ഗര്‍ഭവുമായി നീ ഇതാ പെരുവഴിയില്‍

ഒളിയ്ക്കാനും മറയ്ക്കാനുമാവാത്തത്
നിനക്ക് മാത്രമാണ്
അവിഹിതമായതെന്തും
പെണ്ണിന്റെ മാത്രം കുറ്റമാണെന്ന് അറിയുക!
പിഴപ്പിച്ചവനോ?
അങ്ങനെ ഒന്നില്ലല്ലോ..