Monday, July 14, 2008

പെണ്‍ജന്മം

ഒരു പെണ്ണായി ജനിച്ചതില്‍ ഞാനെന്നും സന്തോഷിച്ചിട്ടെ ഉള്ളൂ..അഭിമാനിച്ചിട്ടെ ഉണ്ടായിരുന്നുള്ളൂ.വളര്‍ച്ചയുടെ ഓരോ പടവുകളെയും കാല്പനികതയുടെ നിറം ചേര്‍ത്ത് ആസ്വദിക്കുക തന്നെ ആയിരുന്നു.മുത്തശ്ശിയുടെ പ്രിയപ്പെട്ട പേരക്കുട്ടി.അച്ഛനും അമ്മയ്ക്കും വാ തോരാതെ സംസാരിക്കുന്ന കിലുക്കാം പെട്ടി.കൂട്ടുകാര്‍ക്കിടയിലെ സ്നേഹത്തിന്‍റെ കണ്ണി..കൂട്ടുകാരെല്ലാം പ്രണയത്തിന്‍റെ മഴവില്‍ നിറങ്ങളില്‍ മുങ്ങി നിവര്‍ന്നപ്പോള്‍ ഞാന്‍ പുസ്തകങ്ങളുടെ ലോകത്തായിരുന്നു.കഥാപാത്രങ്ങള്‍ കളിക്കൂട്ടുകാരായി.രാവുകള്‍ പകലാക്കി പുസ്തകങ്ങളുമായി ചങ്ങാത്തം കൂടി.എന്നെങ്കിലും ഒരിക്കല്‍ പ്രണയത്തിന്‍റെ മായാത്ത സുഗന്ധവുമായി വന്നു ചേരാവുന്ന രാജകുമാരനെ സ്വപ്നത്തില്‍ കണ്ടു...

ജനിച്ചു
വീണപ്പോള്‍ അയ്യോ പെണ്‍കുട്ടിയെന്ന് ആരും പരിഭവിച്ചില്ല.പിന്നെ വളര്‍ന്നു വലുതായപ്പോള്‍ അവളുടെ ഇഷ്ടങ്ങള്‍ക്ക് വേണ്ടി എല്ലാവരും സ്നേഹിച്ചു മത്സരിച്ചു.പെണ്‍കുട്ടിയെന്ന് കരുതി എവിടെയും അവള്‍ രണ്ടാം തരക്കാരിയായില്ല.വയറു നിറഞ്ഞു കവട്ടി ഒഴുകിയ മുലപ്പാലില്‍ ...സ്നേഹം കൂട്ടിക്കുഴച്ചു ഊട്ടിയ ചോറ് ഉരുളകളില്‍..നെഞ്ചോടു ചേര്‍ത്ത് പാടിയുറക്കിയ താരാട്ട് പാട്ടുകളില്‍ ..കവിളില്‍ എണ്ണാതെ തന്ന ഉമ്മകളില്‍ ...പല വര്‍ണ്ണങ്ങളില്‍ കൈ നിറഞ്ഞു കിടന്ന കുപ്പി വളകളില്‍..എന്നും എന്നും അവള്‍ ഒന്നാം സ്ഥാനക്കാരിയായിരുന്നു..അവളുടെ നീണ്ട മുടിപ്പിന്നലുകള്‍ അമ്മയുടെ സ്നേഹം തന്നെ ആയിരുന്നു.

സ്നേഹത്തിലും മുലപ്പാലിലും വേര്‍തിരിവ് കാട്ടാതിരുന്ന അമ്മയെ സംരക്ഷിക്കാന്‍ പെണ്‍കുട്ടിയായ നിനക്ക് അവകാശമില്ലെന്ന് പറയുന്ന സമൂഹമേ എനിക്ക് നിന്നോട് അറപ്പും വെറുപ്പുമാണ്.എന്തിനാണ് അമ്മെ ഒരു പെണ്ണായി എന്നെ ജനിപ്പിച്ചത്?ആണായി ജനിച്ചിരുന്നെങ്കിലെന്നു ആദ്യമായി ആഗ്രഹിച്ചു പോവുകയാണ്.സ്നേഹത്തിന്‍റെ പേര് പറഞ്ഞു വന്നു ചേര്‍ന്ന ബന്ധങ്ങളൊക്കെ എനിക്കെന്‍റെ അമ്മയെ നഷ്ടമാക്കിയല്ലോ.നെഞ്ച് തകര്‍ക്കുന്ന നോവിലും കരയാതെ ചിരിക്കാന്‍ അമ്മ തന്ന പാഠങ്ങള്‍ എനിക്ക് ശക്തിയാവുകയാണ്.
മുറിഞ്ഞ പൊക്കിള്‍ കൊടിയുടെ നോവ്‌ ഒരു വാരമേ നീണ്ടു നിന്നുള്ളൂ..മുറിഞ്ഞു പോയ ഈ ആത്മബന്ധം മരണത്തോളം എന്‍റെ നോവാണ്..എന്‍റെ ആദ്യത്തെയും അവസാനത്തെയും കൂട്ടുകാരിയും ബന്ധുവും അമ്മ മാത്രമെന്ന് ഞാന്‍ തിരിച്ചറിയുകയാണ്..

8 comments:

  1. പെണ്‍കുട്ടിയായ നിനക്ക് അമമയെ സംരക്ഷിക്കാന്‍ അവകാശമില്ലെന്ന്...........
    ആരു പറഞ്ഞു അങ്ങനെ.... അങ്ങനെ പറയാന്‍ മുലപ്പാല്‍ കുടിച്ചു വളര്‍ന്നവര്‍ക്കെന്തവകാശം.!!
    കയ്പ്പേറിയ ചില അനുഭവങ്ങളുടെ മിന്നലാട്ടങ്ങള്‍ അവിടവിടെയായി കാണപ്പെടുന്നൂ,ആണായി ജനിച്ചു പോയിരുന്നെങ്കിലെന്ന് ഒരിക്കലും ആശിക്കരുത്, പെണ്ണിന് പെണ്ണിന്റെതായ വ്യക്തിത്വം ഉണ്ട്... അതെപ്പോഴും അങ്ങനെ തന്നെയായിരിക്കുകയും വേണം.

    ReplyDelete
  2. നമ്മുടെ സമൂഹത്തിലെ തിരുത്തിയെഴുതപ്പെടേണ്ട മറ്റൊരു വിഡ്ഡിത്തരം കൂടി ചേച്ചി തുറന്നു കാട്ടി. വളരെ നന്നയിട്ടുണ്ട്....

    ഇനിയും നിറയെ വരട്ടെ, സൌമ്യമായ ഭാഷയിലൂടെയുള്ള ശക്തമായ ആശയങ്ങള്‍...

    സ്നേഹത്തോടെ, മനു.

    ReplyDelete
  3. ശ്രീ...
    പെണ്ണായി ജനിച്ചത്‌ ഭാഗ്യമായി കരുതുന്നവരുടെയെണ്ണം
    കുറവാണെന്ന്‌ തോന്നുന്നു..
    അടുത്തിടപഴകിയ കൂട്ടുകാരികളെല്ലാം
    പറയുമായിരുന്നു..
    നിങ്ങളെന്ത്‌ ഭാഗ്യവാന്മാരാണെന്ന്‌...
    സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിച്ച്‌
    വിരസതക്ക്‌ വിരാമമിട്ടുള്ള
    ഞങ്ങളുടെ യാത്രകള്‍ കൊണ്ടാവാം
    അങ്ങനെയൊരു തോന്നലിന്‌ അവരെ പ്രേരിപ്പിച്ചത്‌...
    സ്‌ത്രീജന്മം ശ്രേഷ്‌ഠമാണെന്ന്‌
    തന്നെ വിശ്വസിക്കാനാണിഷ്ടം..
    ആണായാവും പെണ്ണായാലും
    അമ്മയോട്‌്‌ തന്നെയാണ്‌ കൂടുതല്‍ അടുപ്പം തോന്നാറുള്ളത്‌...

    നല്ല എഴുത്ത്‌....
    ആശംസകള്‍....


    (കണക്കുകളെ കുറിച്ച്‌)
    അക്കങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളെക്കാള്‍
    ക്രൂരവും ഭയനാകവുമായി തോന്നിയിട്ടുണ്ട്‌..
    മനക്കണക്കുകളിലെ
    അപര്യാപ്‌തകള്‍..നഷ്ടങ്ങള്‍...
    സ്വപ്‌നങ്ങളുടെ നേര്‍ത്ത മുരള്‍ച്ചയുമായി
    ഇളംകാറ്റ്‌ കൊടുങ്കാറ്റായി കടന്നുപോവുമ്പോള്‍
    മനസിനെ വന്‍മതിലാകെയൊന്നുലയും...
    ആദ്യമായി ചില കണക്കുക്കൂട്ടലുകളെ
    വെട്ടിപിടിക്കാന്‍ ശ്രമിക്കും...
    ഭൂമിയെ പുണര്‍ന്ന്‌ ശയിക്കുമ്പോഴാവും
    പതനത്തിന്റെ ശൈത്യം തിരിച്ചറിയുക....

    മനോഹരമായ എഴുത്ത്‌
    ലളിതമായ ആഖ്യാനം...



    യാത്രയെ പറ്റി ഒരുവാക്ക്‌...

    നിഴലുപോലെ ഒപ്പമുള്ള കാമുകന്‍...
    വരണ്ട കൈകളും
    കറുത്ത നിറവും ശിശിരത്തിന്റെ മുഖവുമുള്ള
    അവന്റെ ആഗമനത്തിനായി കാതോര്‍ത്തിരിക്കുന്ന ഒരു കൂട്ടുകാരി...
    പാളത്തിന്റെ വറുതിയെ കീറിമുറിച്ച്‌
    ചൂളംവിളിയുമായി പാഞ്ഞെത്തുന്ന
    തീവണ്ടിയെ പോലെയാണ്‌ അവന്‍...
    ആരവങ്ങളുടെ തീഷ്‌ണജ്വാലയില്‍ എരിഞ്ഞ്‌
    ശൂന്യതയുടെ പടവുകളിലേക്ക്‌ പതിയെ പതിയെ ഉള്‍വലിയും...
    ആരുമില്ലാത്തവര്‍ക്കൊരാശ്രമായി
    അവനെ കാണുമ്പോഴാണ്‌
    മൗനം പോലെ മനസും മനോഹരമാവുന്നത്‌...

    നന്മകള്‍ നേരുന്നു...

    ReplyDelete
  4. പെണ്ണായി ജനിച്ചതില്‍ തെല്ലും വിഷമം വേണ്ട. അമ്മയെന്നത്‌ സത്യം തന്നെ.അമ്മയ്ക്ക്‌ പകരം വെയ്ക്കാന്‍ ലോകത്തില്‍ ഒന്നും തന്നെ ഇല്ല താനും. പൊക്കിള്‍ക്കൊടി ബന്ധവും, അമ്മിഞ്ഞ പാലും ആ ബന്ധത്തെ കൂടുതല്‍ ദൃഡമാക്കുകയും ചെയ്യുന്നു.

    പഴമ്പുരാണംസ്‌.

    ReplyDelete
  5. സ്ത്രീ ജന്മം ഒരു പുണ്യജന്മം തന്നെ യാണ് ....
    സ്നേഹിക്കുമ്പോഴും ...സ്നേഹിക്കപെടുംഭോഴും ...
    അവള്‍ മുന്നില്‍ തന്നെ ......
    അധുകൊണ്ട്തന്നെ ഒരമ്മയെ അറിയാന്‍ അമ്മക്കെ കഴിയു ......
    വളരെ വളരെ നന്നായിരിക്കുന്നു .......
    തുടര്‍ന്നും പ്രതിക്ഷിച്ചുകൊണ്ട് ..........
    ഹൃദയപൂര്‍വ്വം .........

    ReplyDelete
  6. കടല്‍, ഭിന്നഭാവങ്ങളില്‍..
    ഒരു തിര കാല്‍ നനച്ചു പോയ്‌..

    ReplyDelete
  7. ഇതു പഴയ കാലമല്ല. പണ്ട് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസമോ, ജോലിയോ ഉണ്ടായിരുന്നില്ല. ഇന്ന് സ്ഥിതി മാറി. കുടുഃബഭദ്രതയുടെ പൊയ്‌മുഖമണിഞ്ഞ് സ്വയം ശപിച്ച് നടക്കേണ്ട ആവശ്യമില്ല. സമൂഹത്തെ കുറ്റപ്പെടുത്തിയിട്ടോ? സ്വയം പഴിചാരിയിട്ടോ എന്തു ഫലം? സമൂഹത്തെ എന്നല്ല ആരേയും ഭയക്കാതെ സ്വന്തം കാലില്‍, തലയുയര്‍ത്തി ജീവിക്കണം. പെണ്ണായി ജനിച്ചതു കൊണ്ട് ഉത്തരവാദിത്വങ്ങള്‍ ചെയ്യാന്‍ പാടില്ലെന്ന് അനുശാസിക്കുന്ന നിയമത്തെ തിരുത്തിയെഴുതണം. ഈ മുള്‍കീരിടം വലിച്ചെറിയണം. പെണ്ണ് അബലയല്ലെന്ന് തെളിയിക്കണം.

    ReplyDelete
  8. എനിക്ക് പറയാനുള്ളത് ഈ വായാടി ഇങ്ങിനെ പറഞ്ഞ് എന്നെ ഊമനാക്കിയല്ലോ..

    ReplyDelete