കടല്‍ കാറ്റു ഏറ്റു ഇരുന്നപ്പോള്‍ ക്ഷീണമൊക്കെ പോയത് പോലെ .ഈ യാത്ര തനിച്ചാക്കിയത് മനഃപൂര്‍വ്വം ആയിരുന്നല്ലോ.കൂട്ടുകാരെയും ബന്ധുക്കളെയും എന്തിനു അച്ഛനെ പോലും കൂട്ടാതെ തനിയെ പോന്നു.യാത്ര തുടങ്ങിയപ്പോള്‍ എന്ത് ചെയ്യണമെന്നോ എങ്ങനെ ഒക്കെ ചെയ്യണമെന്നോ ഒന്നും ഒരു എത്തും പിടിയും ഉണ്ടായിരുന്നില്ല.മനസ്സില്‍ അമ്മയുടെ മുഖം മാത്രമായിരുന്നു.
ബസ് ഇറങ്ങി..തീരത്തേക്ക് വന്ന് ആള്‍ തിരക്കില്ലാത്ത ഒരിടത്ത് ഇരിക്കുമ്പോള്‍ മനസ്സും കടല്‍ പോലെ തന്നെ അശാന്തമായിരുന്നു.അമ്മ എന്നാല്‍ എനിക്ക് കൂട്ടുകാരിയും പിന്നെ നിര്‍വച്ചനങ്ങള്‍ക്ക് അതീതമായ ആരൊക്കെയോ കൂടിയും ആയിരുന്നു..അമ്മയില്ലാത്ത ഒരു ദിവസത്തെ കുറിച്ച് ആലോചിക്കുവാന്‍ പോലും കഴിഞ്ഞിരുന്നില്ല..എന്നും എവിടെ നിന്നും എപ്പോളും എനിക്ക് മടങ്ങിയെത്താന്‍ ഒരു അത്താണി..സ്നേഹത്തിന്റെ കടല്‍ ..പരാതി പറഞ്ഞു പിണങ്ങാത്ത സ്നേഹിത ..കുറ്റം പറയാതെ എന്തും കേള്‍ക്കാന്‍ ക്ഷമയുള്ള ശ്രോതാവ്..അങ്ങനെ എണ്ണിയാലൊടുങ്ങാത്ത വാക്കുകളില്‍ വരച്ചു കാണിക്കാനാവാത്ത എന്തെല്ലാമോ ആയിരുന്നു..ആരെയും വേദനിപ്പിക്കാതെ സ്വന്തം ശരികളില്‍ എങ്ങനെ ഉറച്ചു ജീവിക്കാം ന്നു ഞാന്‍ പഠിച്ചത് അമ്മയില്‍ നിന്ന് മാത്രമാണ്.കഥയും കവിതയും ഒക്കെയായി ഏതോ സ്വപ്ന ലോകത്തായിരുന്നു അമ്മ എപ്പോളും.അമ്മമ്മയുടെ വാക്കുകളില്‍ പറഞ്ഞാല്‍ വഴി തെറ്റി ഭൂമിയില്‍ എത്തി പെട്ട് പോയ ഒരു സ്വപ്നജീവി.
ജോലി തിരക്കുകളില്‍ പെട്ട് അമ്മയെ വിളിക്കാന്‍ മറക്കുന്ന ദിവസങ്ങള്‍.ഒരു പരിഭവമോ വഴക്കോ പ്രതീക്ഷിച്ചു ഫോണ്‍ വിളിക്കുമ്പോള്‍.. നിന്റെ തിരക്കുകള്‍ എനിക്കറിയില്ലേ കണ്ണാ.നന്നായോന്നുറങ്ങി ക്ഷീണം തീര്‍ക്കു.അമ്മയ്ക്കിവിടെ സുഖം തന്നെയാണെന്നു പറയും.പക്ഷെ മൂന്നു മാസം മുന്‍പ് ,ഒരു ശനിയാഴ്ചയുടെ ആലസ്യത്തില്‍ ഞാന്‍ കിടക്കുമ്പോള്‍ അമ്മയുടെ ഫോണ്‍ കാള്‍..കണ്ണാ എനിക്ക് നിന്നെ ഒന്ന് കാണണം..കുറച്ചു കാര്യങ്ങള്‍ സംസാരിക്കാനുണ്ട്..എന്താണെന്റെ അമ്മക്കുട്ടിയുടെ ശബ്ദത്തിലിത്ര ഗൌരവമെന്നു കളിയാക്കുകയും ചെയ്തു.എങ്കിലും ഫോണ്‍ വച്ച ഉടന്‍ തന്നെ ഏറ്റം അടുത്ത ദിവസത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു..ഇങ്ങനെ ഒരാവശ്യം ഒരിക്കലും ഉണ്ടാവാത്തതാണ്..മനസ്സൊന്നു പിടഞ്ഞു..എങ്കിലും ഒന്നുമില്ലന്നു സ്വയം ആശ്വസിപ്പിച്ചു..
വീടെത്തിയപോള്‍ എന്നത്തേയും പോലെ അടുക്കളയില്‍ തിരക്കിലായിരുന്നു അമ്മ..എനിക്കേറ്റം പ്രിയപ്പെട്ട ഉണ്ണിയപ്പവും പാലടയുമൊക്കെ അങ്ങനെ എന്നെ കാത്തിരിക്കുന്നു.ഊണ് കഴിച്ചു ഒന്ന് കിടന്നോള് കണ്ണാ.വൈകുന്നേരം സംസാരിക്കാം..ഉറക്കം കഴിഞ്ഞു കണ്ണ് തുറന്നപ്പോള്‍ അമ്മ ഉണ്ടാരുന്നു അരികില്‍.കണ്ണാ മരണം എല്ലാവര്‍ക്കുമുണ്ട്..ചിലര്‍ക്ക് ഒന്ന് യാത്ര പറയാനുള്ള അവസരം പോലും കിട്ടുന്നില്ല..മറ്റു ചിലര്‍ക്കോ മുന്കൂട്ടിയറിഞ്ഞു ,ചെയ്യാനുള്ളതൊക്കെ ചെയ്തു തീര്‍ത്തു സമാധാനമായി യാത്ര പറഞ്ഞു പോകാന്‍ ഉള്ള ഭാഗ്യം ഉണ്ടാവും..എത്ര ലളിതമായ വാക്കുകളില്‍ അമ്മ എല്ലാം പറഞ്ഞു തീര്‍ത്തു..മുഖത്ത് ഭയമോ വേദനയോ ഒന്നുമുണ്ടായില്ല..കണ്ണ് നീരിന്റെ നനവില്ലാതെ പുഞ്ചിരിയോടെയാണ് അമ്മ ഒക്കെ പറഞ്ഞു തീര്‍ത്തത്...തൊണ്ടയില്‍ കുടുങ്ങിയ കരച്ചില്‍ പുറത്തേയ്ക്ക് വരാനാവാതെ നെഞ്ചില്‍ ഒതുങ്ങി.
വിരലില്‍ എണ്ണാന്‍ കഴിയുന്ന ദിവസങ്ങളെ അവിടെ ആര്‍ സി സി യില്‍ കഴിക്കെണ്ട്തായി വന്നുള്ളൂ..ക്ഷീണവും വിളര്‍ച്ചയും ഏറി വന്നപ്പോളും മുഖത്തെ പുഞ്ചിരി മാഞ്ഞിരുന്നില്ല.അധികം ആളുകളെ ഒന്നും കാണാന്‍ അമ്മ ആഗ്രഹിച്ചില്ല..ഞാനും അമ്മയും തനിച്ചരുന്നു ഏറിയ നേരവും..ഓരോ ദിവസവും അമ്മ ഓരോ കഥകള്‍ പറഞ്ഞു തന്നു.വീണ്ടുമൊരിക്കല്‍ കൂടെ ഞാന്‍ എന്‍റെ ബാല്യകാലതിലെയ്ക്ക് യാത്ര പോയി..യാത്ര ചെയ്യാന്‍ ഏറെ കൊതിച്ചിട്ടും അത് നടക്കാതെ വന്നപ്പോള്‍ അമ്മ മനസ്സ് കൊണ്ട് യാത്ര പോയ സ്ഥലങ്ങള്‍...എഴുതാന്‍ കഴിയാതെ പോയ കഥകളും കഥാപാത്രങ്ങളും..എവ്ടെയോ ദൂരെ ഒരു വേള പോലും നേരില്‍ കാണാതിരുന്നിട്ടും മനസ്സ് കൊണ്ട് മകളായി കണ്ട ഏതോ ഒരു പെണ്‍കുട്ടിയെ പറ്റിയും ...പിന്നെ വര്‍ഷങ്ങള്‍ക്കപ്പുറം കന്യാകുമാരിയില്‍ പോയതും ...അവിടെ വിവേകാനന്ദ പാറ യിലെ ധ്യാന മന്ദിരത്തില്‍ സ്വയം മറന്നിരുന്നതും..
ചുറ്റും ഇരുട്ട് പടര്‍ന്നു..സൂര്യന്‍ അസ്തമിക്കാറയിരിക്കുന്നു.മെല്ലെ തിരകളിലെക്ക് നടന്നിറങ്ങി..വെള്ളം മുട്ടിനു മേലെ എത്തിയപ്പോള്‍ നടപ്പ് നിര്‍ത്തി ..മെല്ലെ കുനിഞ്ഞു ആ ഭസ്മം തിരകളെ ഏല്പിച്ചു..അമ്മയുടെ ആഗ്രഹം പോലെ തന്നെ ചടങ്ങുകള്‍ ഒന്നും തന്നെ ഇല്ലാതെ..അമ്മ ഏറെ സ്നേഹിച്ചിരുന്ന കന്യാകുമാരിയിലെ തിരകളില്‍ അലിഞ്ഞു കൊള്ളട്ടെ..പലയാവര്‍ത്തി വായിച്ചു മനപാഠമയ ആ പഴയ ഡയറിയും നിറം മാഞ്ഞു തുടങ്ങിയ ഒരു മോതിരവും കൂടെ ആ തിരകള്‍ക്കു സമ്മാനിച്ചു.തിരികെ കരയില്‍ വന്നിരിക്കുമ്പോള്‍ ചന്ദ്രന്‍ ഉദിച്ചിരുന്നു.അമ്മക്കേറ്റം ഇഷ്ടപ്പെട്ട സമയം..എത്രയോ വൈകുന്നേരങ്ങളില്‍ അമ്മയോടോന്നിച്ചു ഇങ്ങനെ നിലാവ് പരക്കുന്ന നേരം വരെ കടല്‍ തീരത്ത് ഇരുന്നിട്ടുണ്ട്...ഇപ്പോളും ഞാന്‍ തനിച്ചല്ലല്ലോ..തിരകള്‍ക്കപ്പുറം അമ്മയുണ്ട് ...കടലോളം സ്നേഹമുണ്ട്..