Saturday, August 9, 2008

പ്രവാസം

പത്തൊന്‍പതാം വയസ്സില്‍ ജനിച്ചു വളര്‍ന്ന വീട് വിട്ടു വിശാലമായ ഈ ലോകത്തേയ്ക്ക് നടന്നു ഇറങ്ങുമ്പോള്‍ ആ നഷ്ടത്തിന്റെ ആഴം എത്ര വലുതാണെന്ന് അവള്‍ തിരിച്ചറിഞ്ഞിരുന്നില്ല.ആ വീടും തൊടിയും അവിടുത്തെ ഓരോ പുല്‍ക്കൊടിയും അവളുടെ ആത്മാവിന്റെ ഭാഗം തന്നെ ആയിരുന്നു.സ്നേഹം നനച്ചു അവള്‍ വളര്‍ത്തിയ എണ്ണമറ്റ ചെടികള്‍ .തുമ്പയും തുളസിയും മുക്കുറ്റിയും...സുഗന്ധം കൊണ്ട് മനം മയക്കുന്ന ഗന്ധരാജനും..അവളുടെ പ്രണയം പോലെ പൂത്തുലഞ്ഞ ചെമ്പകവും.മൊട്ടുകള്‍ വിടരാറുള്ള നേരത്ത് അവള്‍ കൂട്ടിരിക്കാറുള്ള മുല്ലകളും..എണ്ണമറ്റ തരത്തിലുള്ള ചെമ്പരത്തികളും ...രാവിന്‍റെ പ്രണയിനിയായ നിശാഗന്ധിയും.

അവരെ കൂടാതെ ഒരു ലോകത്തെ പറ്റിയിട്ടു അവള്‍ക്കു ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല.തോര്‍ത്ത്‌ മുണ്ടില്‍ കുഞ്ഞു മീനുകളെ പിടിക്കാനായി അവളിറങ്ങി കളിക്കാറുള്ള കൈതോടും.ഉയരെ ഉള്ള ചില്ല മേല്‍ തൂങ്ങി അവളെ കൊതിപ്പിക്കാറുള്ള നീണ്ട വാളന്‍ പുളികളും.കാറ്റൊന്നു വീശുമ്പോള്‍ ഞാനിപ്പോള്‍ താഴേയ്ക്ക് വരാംന്ന് പറഞ്ഞു പറ്റിക്കുന്ന കിളിച്ചുണ്ടന്‍ മാമ്പഴവും..മുറ്റത്തും തൊടിയിലും ആകെ തിരക്കിലെന്നു നടിച്ചു ചിക്കി പെറുക്കി നടക്കാറുള്ള കോഴിയമ്മയും കുട്ട്യോളും.വയ്ക്കോല്‍ കഴിക്കാന്‍ എന്നെ കിട്ടില്ലെന്ന് പറഞ്ഞു പച്ച പുല്ലിനായി വാശി പിടിക്കുന്ന പുള്ളി പയ്യും അവളുടെ കുറുമ്പന്‍ പാല്‍ കൊതിയന്‍ കുട്ടിയും..അവളോളം പ്രായമുണ്ടെന്നു പറഞ്ഞു കിണറ്റിനുള്ളില്‍ മത്സരിച്ചു നീന്തി തുടിക്കുന്ന വാക മീനും.കാണുന്ന നേരത്തെല്ലാം കുരച്ചും തൊടിയിലാകെ ഇട്ടു ഓടിച്ചും അവളെ പേടിപ്പിക്കാന്‍ നോക്കണ നായക്കുട്ടിയും.അതായിരുന്നു അവളുടെ ലോകം.

എല്ലാവരും ഒരു ഉച്ച മയക്കത്തിന്റെ ആലസ്യത്തില്‍ മുഴുകുമ്പോള്‍ അവള്‍ മാത്രം തൊടിയാകെ ചുറ്റി നടക്കുന്നുണ്ടാവും.തിളയ്ക്കുന്ന വെയിലില്‍ വിരസത മാറ്റാനായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന കോഴിയമ്മയെ നോക്കിയിരിക്കും ചിലപ്പോള്‍.ഇല്ലെങ്കില്‍ തോടിന്റെ കരയിലെ പാറ മേല്‍ ഇരുന്നു താഴെ വെള്ളംത്തില്‍ തുള്ളി കളിക്കുന്ന കുഞ്ഞു മീനുകളെ കണ്ടിരിക്കും.ഇടയ്ക്കു ചിലപ്പോള്‍ ഒഴുകി വരുന്ന പഴുത്ത കുടംപുളിയിലൊന്നു പൊട്ടിച്ചു നുണഞ്ഞും... ചാമ്പ മരത്തിനു താഴെ പുളിയുറുമ്പുകള്‍ കൂട് കൂട്ടണത് കണ്ടു രസിച്ചും..കഴിച്ചു നിറഞ്ഞു ഉറക്കം നടിച്ചിരിക്കണ പയ്യിനു മുകളില്‍ രാജാവ് ചമയണ കാക്കയുടെ കുറുമ്പും....ഉച്ച ഉറക്കംത്തില്‍ ആണ്ടു കിടക്കുന്ന മുത്തശ്ശിയുടെ വെറ്റില ചെല്ലംതില്‍ നിന്നൊന്നു മുറുക്കി ചുണ്ട് ചുവപ്പിച്ചും ഒക്കെ അവള്‍ കഴിഞ്ഞു പോന്നു ....

പക്ഷെ അവളെ കാത്തിരുന്നത് അവസാനമില്ലാത്ത പ്രവാസമായിരുന്നു.എത്രയെത്ര മഹാനഗരങ്ങള്‍..സുഖങ്ങളുടെ നടുവിലും കരയിലിട്ട മീന്‍ പോലെ അവള്‍ടെ മനസ്സ് പിടച്ചു കൊണ്ടേ ഇരുന്നു.ജനിച്ചു വളര്‍ന്ന നാടും വീടും നഷ്ടപ്പെട്ടു ഒരു നാടോടിയായി അലഞ്ഞു നടന്നു..ഒരു വീടും നഗരവും അവള്‍ക്കു സ്വന്തമായതില്ല .വേരുകള്‍ നഷ്‌ടമായ വൃക്ഷമായി അവള്‍ടെ ജീവിതം.അന്തമില്ലാത്ത പ്രവാസത്തിനൊടുവില്‍ അലിഞ്ഞു ചേരാനായി ജനിച്ച നാട്ടില്‍ ഒരു പിടി മണ്ണ് ,കാലം അവള്‍ക്കായി കാത്തു വയ്ക്കുമോ ?

18 comments:

  1. എത്ര അകലേക്കോടിയൊളിച്ചാലും പിറന്ന നാട്ടില്‍ ഒരു പിടി മണ്ണ് ശ്രീയുടെ മാത്രമാണൊ? നാടും വീടും വിട്ടുകഴിയുന്ന എല്ലാ മലയാളികളുടെയും സ്വപനമല്ലെ സ്വ്നതം നാട്ടില്‍ ഒരു വീട്..ഇതു മലയാളിക്ക് മാത്രമാണൊ സ്വപ്നം..എന്തായാലും ഒരു കേരളത്തില്‍ താമസിക്കാത്ത മലയാളി എന്ന നിലയില്‍ എന്റെ യും ആഗ്രഹം ആണിത്,പക്ഷെ അതിന്റെ പിന്നിലെ മനശാസ്ത്രം ഇതാരുന്നു :) വക്കുകള്‍ക്കും അതീതമായ ഈ കാര്യം ഇത്ര കുറച്ചുവാക്കുകളില്‍ ഭംഗിയായി അവതരിപ്പിച്ചു, എല്ലാമാഗ്രഹം പോലെ നടക്കട്ടെ എല്ലാ ആശംസകളും!
    ഏതു ധൂസര സങ്കല്‍പത്തില്‍ വളര്‍ന്നാലും
    ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും
    മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും
    ഒരിത്തിരി കൊന്നപ്പൂവും (വൈലോപ്പിള്ളി)

    ReplyDelete
  2. നാട്ടിലെങ്കിലും മനസ്സുകൊണ്ട് പ്രവാസം അനുഭവിക്കുന്ന ഒരു പിടി പ്രവാസി ഭാര്യമരേയും മക്കളേയും മറന്നു കൂടാ

    ReplyDelete
  3. ശ്രീ..
    മനോഹരമായി എഴുതിയിരിക്കുന്നു...
    പ്രവാസജീവിതത്തിനിടയിലും
    മറക്കാനാവാത്ത ഓര്‍മ്മകളുമായി
    പൊരുതുകയാണ്‌ മിക്കവരും...
    നാടിന്റെ ചാതുര്യം സ്വപ്‌നം കണ്ട്‌
    തിരിച്ചെത്താന്‍ വെമ്പല്‍കൊള്ളുന്ന
    മനസിന്റെ നൈര്‍മ്മല്യം
    ആരൊക്കെ തിരിച്ചറിയുന്നുണ്ടാവും...


    തിരിച്ചെത്തുമ്പോള്‍ അവരെ കാത്തിരിക്കുന്നത്‌
    നനഞ്ഞ പച്ചമണ്ണോ..
    അതോ സ്വപ്‌നകൂടീരങ്ങളോ
    എന്ന്‌ ചോദിക്കുമ്പോള്‍ മാത്രം
    നിശബ്ദനാകേണ്ടി വരുന്നു...
    ദ്രൗപദിയുടെ ചിന്തകളെ
    ഈറനണിയിച്ച വാക്കുകള്‍....

    ആശംസകള്‍...

    ReplyDelete
  4. nannayirikkunnu.......nadine,suhruttukkale,bandhukkale ellam pirinjulla .............edhokke anubhavattil ninne ariyu...........

    ReplyDelete
  5. ഓരോ പ്രവാസിയുടെയും നിശബ്ദങ്ങളായ ഹ്രിദയ നൊമ്പരങ്ങള്‍ വാക്കുകളുടെ രൂപത്തില്‍ പുറത്തു വന്നിരിക്കുന്നു.. നാലു ചുവരുകളുടേ കെട്ടുപാടിനിടയില്‍ ഞാനടക്കമുള്ള സുഹ്രുത്തിക്കള്‍ല്‍ ഒരു പാട് തവണ ചര്‍ച്ച ചെയ്ത് നെടുവീര്‍പ്പിട്ട കാര്യങ്ങള്‍, എല്ലാം അവസാനിപ്പിച്ച് നാട്ടിലേക്ക് പോവേണ്ടത് ഒരു പിടി മണ്ണിലെ കോണ്‍ക്രീറ്റ് സൌധത്തിലേക്കൊ....? അതോം താങ്കള്‍ സൂചിപ്പിച്ച മണ്ണിന്റെ മണമുള്ള തൊടിയിലേക്കോ... അതു ബാക്കിയുണ്ടാവുമോ ആവോ.........!!
    വീണ്ടും വീണ്ടും ചിന്തിപ്പിക്കുന്ന ഒരു കഥ, നാടും വീടും വിട്ടു നില്‍ക്കുന്ന കഥാകാരിയുടെ നെടുവീര്‍പ്പൂകള്‍, നന്നായിരിക്കുന്നൂ ശ്രീ........

    ReplyDelete
  6. ശ്രീ, ബ്ലോഗ് ഇപ്പോളാണ് കാണുന്നത്,നന്നായിരിക്കുന്നു ...വീടും ,നാടും വിട്ടു ,പ്രവാസത്തിന്റെ ,മെക്കാനിക്കല്‍ ജീവിതത്തിനിടയില്‍,ഗ്രാമീണതയുടെ നൈര്‍മല്യം ,നൊമ്പരം കൊള്ളുന്നവര്‍ വളരെയുണ്ട്.

    ReplyDelete
  7. ഓരോ പ്രവാസിയ്ക്കും പറയാന്‍ ഇതു പോലെ ഒരുപാടു കഥകളുണ്ടാവും.... കണ്ണീരില്‍ നനഞ്ഞ വേദനിപ്പിയ്ക്കുന്ന ഒരുപാട്‌ ഓര്‍മ്മകളുണ്ടാവും.... നന്നായിട്ടുണ്ട്‌

    ReplyDelete
  8. സ്വന്തം നാട്ടില്‍ കുറച്ചു മണ്ണും ഒരു വീടും ആഗ്രഹിക്കാത്ത ഒരു മലയാളി യും ഉണ്ട് എന്ന് തോന്നുന്നില്ലാ.. ഇത്രയ്ക്കും nostalgic feelings മനസ്സില്‍ കൊണ്ട് നടക്കുന്ന മനുഷിയര്‍ വേറെ കാണില്ല ഒരു പക്ഷേ... "എത്രയെത്ര മഹാനഗരങ്ങള്‍..സുഖങ്ങളുടെ നടുവിലും കരയിലിട്ട മീന്‍ പോലെ അവള്‍ടെ മനസ്സ് പിടച്ചു കൊണ്ടേ ഇരുന്നു..." കുട്ടികാലത്തെ കുറിച്ച് ഒന്ന് ഓര്‍മ്മിക്കുവാന്‍ ഒരു അവസരം കൂടി കിട്ടിയിരിക്കുന്നു... നന്നായിട്ടുണ്ട് കേട്ടോ ..

    ReplyDelete
  9. super............ entha parayendetennenu enikkariyyillla

    ReplyDelete
  10. ethokke kondallee njan naattilekke thirichethiyee....beautifully written....

    ReplyDelete
  11. നല്ല സ്വപ്നങ്ങള്..ഇനിയും പങ്കു വയ്ക്കുക ...നന്നായിട്ടുണ്ട്

    ReplyDelete
  12. കുറെയേറെ സ്വപനം കണ്ടോളൂ...കുറച്ചെങ്കിലും സത്യമായിത്തീരാന്‍! ഭാവുകങ്ങള്‍!

    ReplyDelete
  13. Hi.. really good..nostalgic..keep writing..

    ReplyDelete
  14. ഉപ്പോളം ഒക്കുമോ ഉപ്പിലിട്ടത്‌?

    പ്രവാസ ജീവിതം അത്ര സുഖകരമല്ല. പിന്നെ ജീവിക്കാന്‍ വേണ്ടി ഓടുന്ന ഈ ഓട്ടത്തില്‍.....

    നല്ല പഴയ ഓര്‍മ്മകള്‍ വീണ്ടും മനസ്സില്‍ കൊണ്ട്‌ തന്നതിനു.....അഭിനന്ദനങ്ങള്‍....

    പഴമ്പുരാണംസ്‌

    ReplyDelete
  15. sree,
    eekathayil sree vivarikkunnathu
    ente thanne kathayo ennu thoni.

    njanum 19-maththe vyassil naduvittu.
    kinattile vakameen polum
    ente smaranakalilunt.

    pashke nadethrayo maripoyi.
    ente kalithoshiyayyirunna pusha polum.

    ReplyDelete
  16. പക്ഷെ അവളെ കാത്തിരുന്നത് അവസാനമില്ലാത്ത പ്രവാസമായിരുന്നു.എത്രയെത്ര മഹാനഗരങ്ങള്‍..സുഖങ്ങളുടെ നടുവിലും കരയിലിട്ട മീന്‍ പോലെ അവള്‍ടെ മനസ്സ് പിടച്ചു കൊണ്ടേ ഇരുന്നു.ജനിച്ചു വളര്‍ന്ന നാടും വീടും നഷ്ടപ്പെട്ടു ഒരു നാടോടിയായി അലഞ്ഞു നടന്നു..ഒരു വീടും നഗരവും അവള്‍ക്കു സ്വന്തമായതില്ല .വേരുകള്‍ നഷ്‌ടമായ വൃക്ഷമായി അവള്‍ടെ ജീവിതം.അന്തമില്ലാത്ത പ്രവാസത്തിനൊടുവില്‍ അലിഞ്ഞു ചേരാനായി ജനിച്ച നാട്ടില്‍ ഒരു പിടി മണ്ണ് ,കാലം അവള്‍ക്കായി കാത്തു വയ്ക്കുമോ ?

    എന്റെ കാര്യത്തില്‍ എനിക്കാ ആശയില്ല..പ്രവാസിയായി ജീവിച്ച്, പ്രവാസിയായി മരിക്കാനാണ്‌ വിധിച്ചിരിക്കുന്നത്. അതിലിപ്പോള്‍ സങ്കടവും തോന്നാറില്ല. തോന്നിയിട്ട് കാര്യമില്ലെന്നറിയാകുന്നതു കൊണ്ടാകാം..ആ സ്വപ്നം ഞാന്‍ ഉപേക്ഷിച്ചു. പതിനെട്ട് വയസ്സില്‍ വിവാഹിതയായി വീടും നാടും വിട്ട് വന്നവളാണു ഞാന്‍. എങ്കിലും പരിഭവമില്ല..പരാതിയില്ല.

    ReplyDelete
  17. (ചുമ്മാ, വെറും വെറുതെ..ഒരു ഉടക്കുചോദ്യം..പത്തൊമ്പതാം വയസ്സില്‍ ഒരാളെങ്ങിനെയാണ് ജനിച്ച് വളരുക...)

    ഹൂറേയ്..തോല്പിച്ചേയ്

    ReplyDelete
  18. in this world of restrictions what we hav is our own dreams...lt ur dreams com true

    ReplyDelete