Tuesday, November 24, 2009

ഇത് മഞ്ഞു കാലം

                                                    കണ്ണെത്താ ദൂരെത്തോളം മഞ്ഞു പുതച്ചു കിടക്കുന്ന ഭൂമി.ശനിയാഴ്ചയുടെ ആലസ്യത്തില്‍ ഉറക്കത്തിനു നീളം കൂടിയിരുന്നു.ഇടക്കൊന്നുണര്‍ന്നു ഒരു ബ്ലാക്ക്‌ കോഫീ കുടിച്ചതിനു ശേഷം വീണ്ടും കംഫോര്ടര്‍നുള്ളിലെ ചൂടില്‍ ചുരുണ്ട് കൂടി.ഉറക്കത്തിനും ഉണര്വ്വിനുമിടയില്‍ മനസ്സില്‍ ഓര്‍മ്മകളുടെ വേലിയേറ്റം.അതോ ഇറക്കമോ?

                                                         വാരാന്ത്യങ്ങള്‍ വിരസതയുടെതിനെക്കാള്‍ ആത്മ വിശകലനത്തിന്റെതാണ്.ഏകാന്തതയും ഒറ്റപ്പെടലും ഒന്നാണോ?ഒരിക്കലുമില്ല.ആദ്യത്തേത് ആസ്വദിക്കാന്‍ കഴിയുന്ന ഒരു അവസ്ഥയാണെങ്കില്‍ രണ്ടാമത്തേത് സഹിച്ചു കൂടാന്‍ വയ്യാത്ത ഒന്നും.ജീവിതത്തിലെന്നും താന്‍ രണ്ടാമത്തെ അവസ്ഥയിലായിരുന്നല്ലോ.എന്നും എപ്പോളും ഒരു കൂട്ടിനായി തിരഞ്ഞു തിരഞ്ഞു..കണ്ടുമുട്ടി അടുത്തവര്‍ പലരും പല വേഷങ്ങള്‍ കളിച്ചു.ഏട്ടന്‍,ഏട്ടത്തി,അനിയന്‍,അനിയത്തി,ആത്മ സുഹൃത്ത്‌ അങ്ങനെ എന്തൊക്കെ....

                                                       മുത്തശ്ശി പറയാറുള്ള പോലെ ഉപ്പോളം വരുമോ ഉപ്പിലിട്ടത്‌?ഒന്നും വന്നില്ല എന്നതാണ് സത്യം.അവസാനം ഞാന്‍ ഞാന്‍ മാത്രമായി.ഹൃദയത്തോട് ചേര്‍ത്ത് വച്ചവര്‍,ഹൃദയത്തില്‍ വേരുറപ്പിച്ചവര്‍ ഒക്കെ അടര്‍ന്നു അകന്നു പോയി.ആഴങ്ങളില്‍ വേരോടിയവയൊക്കെ അടര്ന്നപ്പോള്‍ ഹൃദയഭിത്തിയില്‍ പൊട്ടലുകളും കുഴികളും തീര്‍ത്തു ..

                                                          നാളെ ഞായറാഴ്ച ആണ്.ഒന്ന് നടക്കാന്‍ പോകണം.ഒരു മൈല്‍ നടന്നാല്‍ ഒരു പള്ളി ഉണ്ട് .ഈശ്വരന്‍ അമ്പലത്തിലോ പള്ളിയിലോ ആണെന്ന് വിശ്വസിക്കുന്നില്ലെങ്കിലും ഇവിടെ വന്നതിനു ശേഷം അതും ഒരു ശീലമായി.പുതിയ നാടും പുതിയ ശീലങ്ങളും.കാലം കടന്നു പോകുന്നത് നമ്മള്‍ അറിയുകയേ ഇല്ല.

                                                        ആദ്യമായി ഈ നഗരത്തില്‍ എത്തുമ്പോള്‍ ഇലകള്‍ക്ക് പച്ച നിറമായിരുന്നു.പിന്നെ അവയുടെ നിറം മാറി തുടങ്ങി.ഓറഞ്ച്,ഇളം ചുവപ്പ്,ബ്രൌണ്‍..മാറുന്ന ബന്ധങ്ങള്‍ പോലെ.പിന്നെ അവ കൊഴിഞ്ഞു.മരങ്ങളെ തീര്‍ത്തും നഗ്നരാക്കി.പിന്നെ എന്നോ ഒരിക്കല്‍ മഞ്ഞു പൊഴിഞ്ഞു തുടങ്ങി..ഇപ്പോള്‍ കണ്ടാല്‍ ഭൂമിയെ മുഴുവന്‍ പഞ്ഞിക്കെട്ടില്‍ പൊതിഞ്ഞത് പോലെ. ഇല പൊഴിച്ച മരങ്ങളും മഞ്ഞു മൂടിയ ഭൂമിയും പലരിലും depression ഉണ്ടാക്കുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

                                   പള്ളിയില്‍ നിന്നും നേരെ റെയില്‍വേ സ്റ്റേഷന്‍ലേയ്ക്ക് പോകണം.ക്യാബ് വേണ്ട.പൊട്ടിച്ചു കളയാന്‍ പണമില്ല.ഒരു പത്തു മിനിട്ട് നേരത്തെ കൂടി കാഴ്ചക്ക് അതിലേറെ പ്രധാന്യവുമില്ലെന്നു സ്വയം വിശ്വസിക്കാന്‍ ശ്രമിച്ചു. ഉറക്കം വന്നതേയില്ല.മൊബൈല്‍ ഫോണില്‍ സമയം നോക്കി കിടന്നു.ഡ്രസ്സ്‌ തിരയാന്‍ ആവശ്യത്തിലേറെ സമയം ചിലവഴിച്ചോ എന്ന് സംശയിച്ചു.കര്‍ട്ടന്‍ മാറ്റി നോക്കിയപ്പോള്‍ ശക്തിയായി മഞ്ഞു വീഴുന്നുണ്ട്‌.എല്ല് പോലും തുളഞ്ഞു കയറുന്ന തണുപ്പാണ്.പുറമേയ്ക്ക് ഒരു നീളന്‍ കോട്ട് എടുത്തിട്ടു..ഗ്ലൌസും.മഞ്ഞില്‍ നടക്കുമ്പോള്‍ വഴുതി വീഴാതിരിക്കാനുള്ള ബൂട്സും...

                                      വളരെ വേഗത്തില്‍ തന്നെ നടന്നു.പള്ളിയില്‍ കയറിയില്ല.മനസ്സില്‍ പ്രാര്‍ത്ഥനകള്‍ ഒന്നും ഉണ്ടായിരുന്നില്ല.ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് ആക്കി തരാമോ എന്ന നാറാണത്ത്‌ ഭ്രാന്തന്റെ ചോദ്യം പോലെ ഉചിതമായതൊന്നും ചോദിക്കാന്‍ ഉണ്ടായിരുന്നില്ല എനിക്ക്.എനിക്ക് ഞാന്‍ ആയിരുന്നാല്‍ മതി,ഇങ്ങനെ തന്നെ ആയിരുന്നാല്‍ മതി..

                           റെയില്‍വേ സ്റ്റേഷന്‍ലെ തടി ബെഞ്ചില്‍ ഇരുന്നു.തിരക്കില്ല.സൈഡിലെ dunkin donuts ഇല്‍ നിന്ന് ചൂടുള്ള ഒരു കാപ്പി വാങ്ങി കുടിച്ചു .തൊണ്ട പൊള്ളിച്ചത് താഴോട്ട് ഒഴുകി.. ആംട്രാക്ക് വന്നു നിന്നു.എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല.ഞാന്‍ ആരെയും കാത്തു നില്‍ക്കുക അല്ലല്ലോ. തൊട്ടു മുന്‍പിലത്തെ കമ്പാര്‍ട്ട്മെന്റില്‍ നിന്ന് വിളറിയൊരു ചിരിയുമായി അവന്‍ മുന്‍പില്‍.വര്‍ഷങ്ങള്‍ കോറിയിട്ട മാറ്റങ്ങളൊന്നും എനിക്കവനെ മനസ്സിലാകുന്നതിനു തടസ്സമായില്ല.

"നീ വല്ലാതെ തടിച്ചു, മുടി എന്താ ഇങ്ങനെ..ഉള്ളും ഇല്ല..നീളവും കുറഞ്ഞു..അതോ വെട്ടി കുറച്ചതോ..ഇവിടുത്തെ ഭക്ഷണ രീതിക്ക് തടി വയ്ക്കാന്‍ എളുപ്പമാണ് "

നമുക്കിടയില്‍ മൌനം നിറയാതിരിക്കാന്‍ പണിപ്പെടുകയാണോ നീ.

"ഈ അവസ്ഥയില്‍ തുടരാന്‍ വയ്യ.നല്ലൊരു ആലോചന വന്നു..ഞാന്‍ സമ്മതിച്ചു.എനിക്ക് നിന്നെ നല്ലൊരു സുഹൃത്തായി കാണാന്‍ കഴിയും.നിനക്കും കഴിയുമെന്ന് എനിക്കറിയാം."

അവസാനത്തെ വാചകത്തിന് അവന്‍ കൂടുതല്‍ ഊന്നല്‍ കൊടുത്തുവോ.
"നന്നായി.. വിവാഹം അറിയിക്കണം..വരാന്‍ കഴിഞ്ഞില്ലെങ്കിലും പ്രാര്തിക്കാമല്ലോ.."

ശേഷിച്ച നിമിഷങ്ങള്‍ പെണ്‍കുട്ടിയുടെ വിശേഷങ്ങള്‍ കൊണ്ട് നിറഞ്ഞു.ഒരു നാട്ടിന്‍പുറത്തുകാരി.അവന്‍റെ സ്വപ്നങ്ങളിലെ തുമ്പപൂവ് ..തുളസിക്കതിര് ..

ട്രെയിന്‍ അകന്നു തുടങ്ങിയപ്പോള്‍ കൈ വീശി യാത്ര പറഞ്ഞു.അവന്‍റെ മുഖത്ത് ആശ്വാസമായിരുന്നു.കണ്ണുനീരും,കൈ വിടരുതെന്ന അപേക്ഷയും ഭയന്ന് എത്തിയവന് മംഗളാശംസകള്‍ നേരാന്‍ കഴിഞ്ഞല്ലോ.ശക്തമായി പൊഴിഞ്ഞു കൊണ്ടിരുന്ന മഞ്ഞു കാഴ്ച്ചയെ മറച്ചു..അവളുടെ മുഖത്ത് വീണു അലിഞ്ഞൊരു ചെറു പുഴ തീര്‍ത്തു..

21 comments:

  1. ശ്രീ

    ജീവിതത്തില്‍ പഠിക്കേണ്ട വലിയൊരു പാഠം
    “ജീവിതത്തില്‍ ഒരു ബന്ധത്തിനു വേണ്ടീയും കരയരുതെന്നും, നമ്മുടെ കണ്ണീരിനു ആരും അര്‍ഹരല്ലായെന്നും, ആര്‍ക്കെങ്കിലും അര്‍ഹതയുണ്ടെങ്കില്‍ അവര്‍ നമ്മളേ കരയിക്കില്ലെന്നും.”

    എന്തിനേറെ പറയേണ്ടൂ, വര്‍ഷങ്ങളായി മനസില്‍ കൊണ്ടൂനടക്കുന്ന വരികളാണ്, ആശയം എത്ര മനസിലായിട്ടും മനസിലാകാത്തതുപോലെ പെരുമാറാനെ ചിലപ്പോള്‍ കഴിയൂ. എത്ര പുറമേ നടിച്ചാലും, മനസില്‍ നിന്നും ഒരിറ്റുകണ്ണീര്‍ പൊഴിയാതിരിക്കില്ലായെന്നത് സത്യം!

    - ആശംസകളോടെ, സന്ധ്യ :)

    ReplyDelete
  2. പറയാന്‍ മറന്നു ശ്രീ, ഒരല്പം കൂടി സ്പേസിങ്ങും , പിന്നെ പാരഗ്രാഫ് തിരിച്ചും എഴുതണം. വായിക്കാനെളുപ്പമാകും, കണ്ണൂകള്‍ക്ക് ആയാസവും കുറയും .

    ഇതിനെ പോസിറ്റീവ് കാണണമെന്നു അപേക്ഷ

    - സന്ധ്യ

    ReplyDelete
  3. ചേച്ചി...എനിക്കിഷ്ടപ്പെട്ടു ഈ കഥ...
    ആത്മാഭിമാനം ഉള്ള സ്ത്രീ കഥാപാത്രം ആണെന്ന് തോന്നി..
    ഒറ്റപ്പെടലും, നിരാശയും ഉണ്ടെങ്കിലും, അവരുടെ ജീവിതത്തിനൊരു താളം ഉണ്ട്.(ശീലങ്ങള്‍ ആണ് ഉദ്ദേശിച്ചത് )..
    പിന്നെ സ്നേഹിച്ച ആള്‍ വഴി തിരിഞ്ഞു പോകുന്പോള്‍ കുലീനമായി പ്രതികരിക്കുന്നുമുണ്ടല്ലോ...

    ReplyDelete
  4. nalla katha, nalla ozhukkulla katha parayal. touching my heart.

    ReplyDelete
  5. nice story. beautifully told. feels like it was my story.

    ReplyDelete
  6. "നന്നായി.. വിവാഹം അറിയിക്കണം..വരാന്‍ കഴിഞ്ഞില്ലെങ്കിലും പ്രാര്തിക്കാമല്ലോ.."

    മനോഹരം, ഒരു നോവ്‌ സമ്മാനിച്ചു.
    സന്ധ്യയും രാജിയും എഴുതിയ കമന്റുകള്‍ അതി മനോഹരം

    ReplyDelete
  7. പുറത്തെ മഞ്ഞ് അകത്തു വന്നപ്പോള്‍
    തണുപ്പല്ല.
    തന്നത് കൊടും ചൂട്
    ഇതിനപ്പുറം എങ്ങനെ വിവരിയ്ക്കണം അല്ലേ

    ReplyDelete
  8. കൊള്ളാം. തുടരുക.
    ഒന്നുകൂടി എഡിറ്റ്‌ ചെയ്യാന്‍ ശ്രദ്ധിച്ചാല്‍ വായിക്കാന്‍ എളുപ്പമാകുമായിരുന്നു.

    ReplyDelete
  9. "ശക്തമായി പൊഴിഞ്ഞു കൊണ്ടിരുന്ന മഞ്ഞു കാഴ്ച്ചയെ മറച്ചു..അവളുടെ മുഖത്ത് വീണു അലിഞ്ഞൊരു ചെറു പുഴ തീര്‍ത്തു".ശ്രീദേവി കഥയിഷ്ടപെട്ടു..

    ReplyDelete
  10. Perumazayudeyum....!

    Manoharam, Ashamsakal...!!!

    ReplyDelete
  11. Sandhya- ആശയം എത്ര മനസ്സിലായിട്ടും പ്രവര്‍ത്തികമാക്കാന്‍ കഴിയുന്നില്ലല്ലോ നമുക്കാര്‍ക്കും..കഴിയുമായിരിക്കും..കാലം ചെല്ലുമ്പോള്‍..എഡിറ്റിംഗ് ഇലെ പോരായ്മകള്‍ പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്..എങ്കിലും വായന സുഖം കുറവാണെന്ന് തോന്നുന്നു..അടുത്ത പോസ്റ്റ്‌ മുതല്‍ കൂടുതല്‍ ശ്രദ്ധിക്കാം കേട്ടോ.:)
    രാജി - കരഞ്ഞാലും ചിരിച്ചാലും അപേക്ഷിച്ചാലും പിരിഞ്ഞു പോകാന്‍ ഉള്ളവര്‍ പോവുക തന്നെ ചെയ്യും..പ്രതികരണം എങ്കിലും നല്ലതാക്കാമല്ലോ അല്ലെ
    ഇട്ടിമാളു - ഒട്ടും എളുപ്പം അല്ലാത്തവയെ എളുപ്പമാക്കാന്‍ പഠിപ്പിക്കയല്ലേ മാളൂസേ ജീവിതം ..പഠിച്ചില്ലെങ്കില്‍ പാഠങ്ങള്‍ ആവര്‍ത്തിക്കും :)
    ഭാനു- സന്തോഷം..തിരക്കിനിടയിലും ഇവിടെ വന്നതിനു
    siva // ശിവ- ശിവ,സന്തോഷം കേട്ടോ
    Dream River | സ്വപ്നനദി -:) നമ്മുടെയൊക്കെ ജീവിതം തന്നെയല്ലേ കഥകള്‍..അതോ തിരിച്ചോ ?
    കുറുപ്പിന്‍റെ കണക്കു പുസ്തകം- നൊമ്പരം അല്ലാന്നു നമ്മള്‍ വാശി പിടിച്ചു പറയുമ്പോളും അത് അങ്ങനെ തന്നെ ആണ് ,അല്ലെ
    ഷൈജു കോട്ടാത്തല - ഉള്ളിലെ ചൂടാണല്ലോ പുറമേയ്ക്ക് ഒഴുകി പരക്കുന്നത്
    pattepadamramji - editingil ചില പോരായ്മകള്‍ വന്നു..അടുത്ത പോസ്റ്റില്‍ തീര്‍ച്ചയായും കൂടുതല്‍ ശ്രദ്ധിക്കാം
    താരകൻ - കഥ ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം ട്ടോ
    Sureshkumar പുഞ്ഞ്ഹയില്‍- വളരെ നാളുകള്‍ക്കു ശേഷം കാണുകയാണല്ലോ..തിരക്കിനിടയിലും ഓര്‍മ്മിച്ചതില്‍ സന്തോഷം ..

    ReplyDelete
  12. ഉം...പണ്ടൊരു cinema കണ്ടതോർമ്മ വരുന്നു.. "പക്ഷെ" - സ്നേഹം പിടിച്ചടക്കല്‍ മാത്രമല്ല, വിട്ടുകൊടുക്കല്‍ കൂടിയാണെന്നു ഓര്‍മപ്പെടുത്തുന്ന സിനിമ..

    അതിനെക്കുറിച്ചു ഞാൻ മുൻപൊരിക്കൽ എഴുതിയിരുന്നു..

    ReplyDelete
  13. ചിലതിനോക്കെ എന്താ മറുപടി ?
    എന്റെ ഹൃദയം ഇങ്ങേര്‍ക്ക്‌ മനസ്സിലാകുന്നുണ്ടോ ?

    ReplyDelete
  14. നിലാവുപോലെ - സന്തോഷം ..
    ★ shine | കുട്ടേട്ടൻ - എനിക്കൊരു പാട് ഇഷ്ടമുള്ള സിനിമയാണ് പക്ഷെ.:)
    Kunjipenne - കുഞ്ഞിപെണ്ണ് -:) മനസ്സിലാവുന്നു

    ReplyDelete
  15. നീ വല്ലാതെ തടിച്ചു, മുടി എന്താ ഇങ്ങനെ..ഉള്ളും ഇല്ല..നീളവും കുറഞ്ഞു..അതോ വെട്ടി കുറച്ചതോ..ഇവിടുത്തെ ഭക്ഷണ രീതിക്ക് തടി വയ്ക്കാന്‍ എളുപ്പമാണ്“
    വെറുതെ അല്ല അയാള്‍ വേണ്ടന്ന് വച്ചത്.!!!
    .....................................
    ഈ കഥയ്ക്ക് ഒരു കുഴപ്പമെ ഉള്ളു..മിക്കവരുടെയും ജീവിതത്തില്‍ സംഭവിച്ച കാര്യമാണെന്ന് ഇതിന്റെ കമന്റില്‍ നിന്നും മനസ്സിലാകുന്നു..അത് പറഞ്ഞ് അവരെ സെന്റി ആക്കി....
    ............ആശംസകള്‍..ഇനിയും എഴുതു......:)

    ReplyDelete
  16. കഥ നന്നായി.മഞ്ഞു കാലത്ത് മനസ്സിൽ സൂക്ഷിക്കാൻ ഓർമ്മയുടെ ഒരു കനൽ

    ReplyDelete
  17. പ്രണയം ഒരനുഭവമാണ്‌....അത് നന്നായി പറഞ്ഞിരിക്കുന്നു.

    ReplyDelete