Tuesday, March 26, 2013

തേൻ മിഠായികൾ

 പൊട്ടിയ ഒരു കല്ലുപെൻസിൽ
പച്ചക്കുപ്പിവളപ്പൊട്ടുകൾ
തടിയിൽ തീർത്ത
തിളങ്ങുന്ന കണ്ണുകളുള്ള
മാൻപേട
മിഠായി കടലാസ്സു കോർത്തൊരു മാല
ജീവിത സഞ്ചാരത്തിൽ
മുനകളൊടിഞ്ഞു മിനുസമാർന്ന
വെള്ളാരങ്കല്ലുകൾ

പെറ്റു പെരുകുമെന്നു
കള്ളം പറഞ്ഞു
കൂടെ പോന്ന മയിൽപീലികൾ
ജീവിതത്തിന്റെ ചെറിയ ഇടവേളയിൽ മാത്രം
എനിക്കും നിനക്കും മധുരിച്ച
പുഴവക്കത്തെ ചക്കരക്കല്ലുകൾ

നാലായി മടക്കിയ
മടക്കുകൾ പിഞ്ചിയ
റോസിലും ഇളം നീലയിലും
സ്നേഹ സൌഹൃദങ്ങൾ പകർന്ന
നിന്റെ അക്ഷരങ്ങൾ
കാലപ്പഴക്കത്തിൽ അവയിൽ നിന്നും
ചോർന്നു പോയ
സ്വപ്നങ്ങളും പ്രതീക്ഷകളും

എല്ലാ വാതിലുകളും തുറന്നിട്ടിട്ടും
പടി കടന്നു പോകില്ലെന്നുറച്ചു
മനസ്സിന്റെ കാണാമൂലയിൽ
ഒളിച്ചിരിക്കുന്നൊരു കാറ്റ്
മൌനത്തിൽ കുതിർന്നു
ഒച്ചയനക്കങ്ങൾ ഇല്ലാത്ത
ദിനങ്ങളിൽ
അനുവാദമില്ലാതെ വീശിയടിക്കുന്നു

ഏതിരുളിലും വഴികാട്ടിയാവുന്നു
ആത്മാവിലെരിയുന്ന കെടാവിളക്ക്
ശൈത്യത്തിൽ
കടുത്ത ഹിമാപാതങ്ങളിൽ
ഉറഞ്ഞുറഞ്ഞു പോകാതെ
പ്രാണനും ചൂടുമായി
നെഞ്ചിലൊരു നെരിപ്പോട്

ഇന്നലെകളുടെ മാറാല
തുടച്ചും
അടുക്കിയൊതുക്കിയും
പടിയിറങ്ങുമ്പോൾ
കാലിൽ തടയുന്നതൊരു
കടലാസ്സു പൊതി
പൊതി നിറയെ
റോസ് നിറത്തിൽ
തേൻ മിഠായികൾ
നാവിലും നെഞ്ചിലും അലിഞ്ഞു
സ്നേഹം നിറയ്ക്കുന്നു

വലിയ നോവുകളിൽ ഉലയാത്ത മനസ്സ്
ചെറിയ സന്തോഷങ്ങളിൽ പാറിപ്പറക്കുന്നു

11 comments:

  1. "വലിയ നോവുകളിൽ ഉലയാത്ത മനസ്സ്
    ചെറിയ സന്തോഷങ്ങളിൽ പാറിപ്പറക്കുന്നു"

    സത്യമാണ്. പലപ്പോഴും കാത്തിരുന്നു കാത്തിരുന്നു കിട്ടുന്ന നേട്ടങ്ങളെക്കാൾ നിർവൃതി തരുന്നത് അപ്രതീക്ഷിതമായ കുഞ്ഞു കുഞ്ഞു നേട്ടങ്ങളാണ്!!

    ReplyDelete
  2. ഏതിരുളിലും വഴികാട്ടിയാവട്ടെ ആത്മാവിലെരിയുന്ന
    കെടാവിളക്ക്.

    നല്ല കവിത.

    ReplyDelete
  3. ചെറിയ സന്തോഷങ്ങളിൽ പാറിപ്പറക്കുന്ന മനസ് വലിയ നോവുകളിൽ ഉലയാതിരിക്കട്ടെ ....; ആ വലിയ മനസിനും കവിതയ്ക്കും ആശംസകൾ

    ReplyDelete
  4. നാരങ്ങാമിട്ടായിക്കുട്ടി :-)

    എല്ലാ വാതിലുകളും തുറന്നിട്ടിട്ടും
    പടി കടന്നു പോകില്ലെന്നുറച്ചു
    മനസ്സിന്റെ കാണാമൂലയിൽ
    ഒളിച്ചിരിക്കുന്നൊരു കാറ്റ്
    മൌനത്തിൽ കുതിർന്നു
    ഒച്ചയനക്കങ്ങൾ ഇല്ലാത്ത
    ദിനങ്ങളിൽ
    അനുവാദമില്ലാതെ വീശിയടിക്കുന്നു

    ഇത് ഞാന്‍ എഴുതാനിരുന്നതല്ലേ...നീ എന്തിനെഴുതി ? :-)

    ReplyDelete
  5. "....ജീവിതത്തിന്റെ ചെറിയ ഇടവേളയിൽ മാത്രം
    എനിക്കും നിനക്കും മധുരിച്ച
    പുഴവക്കത്തെ ചക്കരക്കല്ലുകൾ..."

    എത്ര നല്ല വരികള്‍.
    നന്ദി.

    ReplyDelete
  6. എനിക്കും നിനക്കും മധുരിച്ച
    പുഴവക്കത്തെ ചക്കരക്കല്ലുകൾ
    thakarthu..............

    ReplyDelete
  7. നാലായി മടക്കിയ
    മടക്കുകൾ പിഞ്ചിയ
    റോസിലും ഇളം നീലയിലും
    സ്നേഹ സൌഹൃദങ്ങൾ പകർന്ന
    നിന്റെ അക്ഷരങ്ങൾ
    കാലപ്പഴക്കത്തിൽ അവയിൽ നിന്നും
    ചോർന്നു പോയ
    സ്വപ്നങ്ങളും പ്രതീക്ഷകളും

    മുഴുവന്‍ വരികളിലും മനസ്സിന്റെ മിന്നലാട്ടങ്ങള്‍ ദൃശ്യം.
    സുന്ദരം.

    ReplyDelete
  8. ഇന്നലെയുടെ മാറലകൾ തട്ടി ഓർമ്മകൾ പുറത്തെടുക്കുന്നത് പുതിയതല്ലെങ്കിലും രചനയുടെ ഭംഗി അഭിനന്ദനീയം.

    ReplyDelete
  9. വലിയ നോവുകളിൽ ഉലയാത്ത മനസ്സ്
    ചെറിയ സന്തോഷങ്ങളിൽ പാറിപ്പറക്കുന്നു


    വളരെ ഇഷ്ടപ്പെട്ടു

    ReplyDelete
  10. ഇഷ്ടപ്പെട്ടൂ....:)ഇത് വായിച്ചപ്പോള്‍ മനസ്സില്‍ വന്ന വരികള്‍ ഇതാണ്

    “ഓര്‍മ്മകള്‍ക്കില്ല ചാവും ചിതകളും ഊന്നു കോലും ജരാനരാ ദു:ഖവും“ ..വിജലക്ഷ്മി....

    ReplyDelete
  11. പുഴവക്കത്തെ ചക്കരക്കല്ലുകൾക്ക് ഒരു ജന്മം ജീവിപ്പിച്ചു തീര്ക്കാൻ ഉള്ള ശക്തി ഉണ്ടല്ലേ ...ഒരു ജീവാമൃതം പോലെ
    sheeja

    ReplyDelete