Showing posts with label വേനൽ. Show all posts
Showing posts with label വേനൽ. Show all posts

Tuesday, December 1, 2015

ചോദ്യോത്തരങ്ങൾ

രാവിലെ ഉണരാൻ എന്താണിത്ര മടിയെന്നു
കടുപ്പത്തിലൊരു ചോദ്യം
എനിക്കൊരു പനിക്കോള്  പോലെയെന്ന്
കൊഞ്ചിയുത്തരം
പൊള്ളുന്ന നെറ്റിയിൽ കൈ ചേർത്ത് വച്ച്
തുളസിയിട്ടൊരു കാപ്പി തരാം
അങ്ങ് മാറുമെന്നേ

കാക്കക്കുളി തീർത്തു മുടി തുവർത്തുമ്പോൾ
പനിനീർ  മണം മറന്നെന്നു
മുടിനാരുകളുടെ പരിഭവം
ഇല്ലൊന്നും മറന്നിട്ടില്ലെന്നു
വെള്ളകീറി തുടങ്ങിയ
മുടിയിഴകളിലൊരു തൊട്ടു തലോടൽ

തിടുക്കത്തിൽ ഒരുങ്ങിയിറങ്ങുമ്പോൾ
കരിയെഴുതാതെ നിന്നെ കാണാൻ വയ്യെന്ന്
കണ്ണാടിക്കു പിന്നിലൊരു പരിഭവം
നിന്നെക്കൊണ്ട് തോറ്റീനേരമില്ലാ നേരത്തെന്നു
മുഖം വീർപ്പിച്ചു കണ്ണെഴുതും

സാരിയുടെ ഞൊറികളിലൊളിപ്പിച്ച
സൂര്യനും ഞാനുമായൊരു
കണ്ണുപൊത്തിക്കളി
ചോറ് പൊതി മറക്കാതെ പെണ്ണേ
എന്നൊരു പിൻവിളി

തിരക്കിൽ
ഒന്ന് കാലു കുത്താനിടയില്ലീ  ബസ്സിലെന്നു
പിറുപിറുക്കുമ്പോൾ
അതിനു നിന്റെ കാൽതുമ്പുകളല്ലേ എന്നും
ഭൂമി തൊടാറുള്ളൂന്നു
സ്വപ്നസഞ്ചാരിയല്ലേ നീയെന്നു
കാതോരം അടക്കം പറച്ചിൽ
 
വഴിനീളെ കാണുന്ന
കിളിയോടെല്ലാം ചിലച്ചു ചിലച്ചീ
വായാടി ഇരുട്ടാതെ
വീടെത്തില്ലെന്നു

പണികളൊതുക്കി
വിയർപ്പാറ്റാൻ
ഒന്ന്  മേൽകഴുകി തുവർത്തുമ്പോൾ
എനിക്ക് നീയേ  ഉള്ളെന്നൊരു
ചേർത്ത്  പിടിക്കൽ
ഇങ്ങനെ ചോദ്യോത്തരങ്ങൾ
തനിച്ചായതിൽ പിന്നെ
ഒറ്റപ്പെടലുകളാകെ
അടർന്നു പോയി ജീവിതത്തിൽ നിന്ന് .

Friday, November 6, 2015

ഒരു രഹസ്യമിങ്ങനെ പറയും പോലെ

ഒരു രഹസ്യമിങ്ങനെ പറയും പോലെ
എനിക്ക് മാത്രം കേൾക്കാനായി
 സ്വരം താഴ്ത്ത്ത്തിയ പിറുപിറുക്കലുകൾ
ചെരിഞ്ഞു വീഴുന്ന ചാറ്റൽ മഴ തുള്ളികളിൽ
വിരൽ മുക്കി ഭിത്തിയിലെഴുതുന്ന
നിന്റെ പേര് പോലെ

ഇടവഴിയാകെ നിറഞ്ഞു ചിരിക്കുന്ന
തൊട്ടാവാടിപ്പൂവിന്റെ നിറുകയിൽ
നിനക്കൊരിക്കലും തരില്ലെന്ന്  ഉറപ്പുള്ള
പ്രണയത്തിന്റെ കയ്യൊപ്പുകൾ

ഉച്ചവെയിൽ പരപ്പിൽ
വിടരുന്ന ഭ്രാന്തിന്റെ
കടും മഞ്ഞ പൂക്കൾ
ചുട്ടുപഴുത്ത മണ്ണിലെന്റെ
പ്രണയത്തിന്റെ കാൽവയ്പ്പുകൾ
ആരും കാണാതെ കടലെടുത്തു പോകുന്ന
സ്വപ്നങ്ങളുടെ ഒരു കൂട്

നിന്റെ കാതിൽ പറയാനാവാതെ
നെഞ്ചിൽ കുടുങ്ങിയതപ്പാടെ
പെയ്തൊഴിയുന്നതൊരു
മരപ്പൊത്തിൽ

മരം പെയ്യുന്ന സന്ധ്യകളിൽ
നിന്റെ പേരെഴുതിയ ഇല
തിരഞ്ഞു
തിരഞ്ഞൊടുങ്ങുന്ന എന്റെ പ്രാണൻ.

Saturday, October 31, 2015

അസ്തമയങ്ങളുടെ കൂട്ടുകാരി

അസ്തമയങ്ങളുടെ കൂട്ടുകാരി
മുറിപ്പാടുകളെ പീലികളാൽ പൊതിഞ്ഞു
മഴമേഘം കണ്ടാലെന്ന പോലെ
പൊയ്ക്കാൽ നൃത്തം

ഇരുൾ നിറഞ്ഞ കണ്ണുകൾ
അടയ്ക്കാതെന്നും
സൂര്യനിലേയ്ക്ക് തുറന്നിരിക്കുന്നു
ഒരുവേള ഇരുൾ മാറി
വെളിച്ചം വിരുന്നെത്തിയാലോ ?

ആളനക്കമൊഴിഞ്ഞ തെരുവിൽ
ചാറ്റൽ മഴ നനഞ്ഞെവിടെയോ
സൂര്യകാന്തിപ്പൂക്കളെ നെഞ്ചോടു ചേർത്തു
നീ കാത്തു നിൽപ്പുണ്ടാകും

വിശപ്പും കാമവും
വർണ്ണവെറിയും
പോരടിച്ചു പങ്കു പറ്റുന്ന
നിലവിളികൾക്കിടയിൽ
നമ്മൾ പരസ്പരം
കേൾക്കാതെ പോയേക്കാം
എങ്കിലും ,നീ ഉണ്ട്
ഉദയത്തിലേക്ക് കണ്‍തുറക്കുന്ന
നമ്മുടെ സ്വപ്നങ്ങളും .

Wednesday, October 14, 2015

തുമ്പി ചിറകുകൾ

ഇറുന്നു തുടങ്ങിയതെങ്കിലും 
തുമ്പി ചിറകുകൾ
സ്വപ്നങ്ങളെ ചേർത്ത് വയ്ക്കുന്നു
ജീവിതം ഏറ്റി  തരുന്ന ഭാരത്തെ
തൂവലെന്നു മാത്രം വിളിച്ചു  ഒപ്പം ചേർക്കുന്നു.

സൂര്യനെ തൊടണമെന്നോ
കഴുകനൊപ്പം പറക്കണമെന്നോ അല്ല
അടർന്നു വീഴും മുൻപ്
അവസാന ശ്വാസത്തോളം
മഞ്ഞവെയിൽ പുതപ്പിനുള്ളിൽ
കാറ്റിനൊപ്പം
ചിത്രശലഭങ്ങൾക്കും
പൂക്കൾക്കും കൂട്ടായങ്ങനെ
ആകാശ ചെരുവിലെ ഒരു തുണ്ടിനു 
മോഹവിലയും പറഞ്ഞു
ഒഴുകി നടക്കണം
കൊയ്തു തീർത്ത ഇരുൾപ്പാടങ്ങളിൽ
വെളിച്ചത്തെ വിതയ്ക്കണം
എന്നിട്ടൊടുവിലൊരിലത്തുമ്പിൽ
മഞ്ഞുതുള്ളിയ്ക്കൊപ്പം
കണ്ണും പൂട്ടിയങ്ങനെ ...

Friday, September 25, 2015

ഒരു വേനൽ മരമാകുമ്പോൾ

ഒരു വേനൽ മരമാകുമ്പോൾ
മഞ്ഞിനെയെന്ന പോലെ
കനൽ പുതയ്ക്കുമ്പോഴും
പുഞ്ചിരി പടർത്തണം

ഒരൊറ്റ വേരിനെ ആഴ്ത്തി വയ്ക്കണം
ഭൂമിയുടെ നെഞ്ചിലെ തെളിനീരുറവയിലെയ്ക്കു
കത്തിപ്പടരുമ്പോഴും
പൊള്ളി അടരുമ്പോഴും
ഇലകളും ശാഖകളും
കരിഞ്ഞു വീഴുമ്പോഴും
ഉള്ളിൽ കാത്തു വയ്ക്കണം
പ്രാണന്റെ പച്ചപ്പ്‌ .

സ്വപ്നങ്ങളിൽ ചേർത്ത് പിടിക്കണം
കാടനക്കങ്ങൾ,
ഇലത്തണുപ്പ്,
ചില്ലകളിൽ കിളിപ്പാട്ടുകൾ,
പൊത്തുകളിൽ അണ്ണാറക്കണ്ണന്മാർ,
നീലാകാശം തൊടാൻ കൊതിയിൽ
നാണിച്ചു ചുവക്കുന്ന തളിരുകൾ,
മഴത്തുള്ളികളിലേയ്ക്കു  മൊട്ടുകളുടെ പൂത്തുലയൽ,
രാവിനെയാകെ ഭ്രമിപ്പിച്ചു
കാറ്റിൻ കൈകളിലേറി യാത്ര പോകുന്ന പൂമണം,
ചില്ലകളിലൊരു തേനീച്ചക്കൂട്,
വേരുകൾക്കിടയിലൊരു പാമ്പിൻ പടം,
പലവർണ്ണ തുമ്പികളുടെ
പ്രകടനപ്പറക്കൽ,
ഇലക്കുമ്പിളിൽ
നനഞ്ഞു  കുതിർന്നൊരു ചന്ദ്രൻ.

വേനൽ മരമല്ലേ
തണലോ ,തണുപ്പോ കൊതിക്കരുത്‌
ചേർത്തു പിടിക്കണം
ഉറവ വറ്റാത്ത സ്വപ്നങ്ങളുടെ ചെപ്പിനെ മാത്രം