Showing posts with label മഴ. Show all posts
Showing posts with label മഴ. Show all posts

Wednesday, October 14, 2015

തുമ്പി ചിറകുകൾ

ഇറുന്നു തുടങ്ങിയതെങ്കിലും 
തുമ്പി ചിറകുകൾ
സ്വപ്നങ്ങളെ ചേർത്ത് വയ്ക്കുന്നു
ജീവിതം ഏറ്റി  തരുന്ന ഭാരത്തെ
തൂവലെന്നു മാത്രം വിളിച്ചു  ഒപ്പം ചേർക്കുന്നു.

സൂര്യനെ തൊടണമെന്നോ
കഴുകനൊപ്പം പറക്കണമെന്നോ അല്ല
അടർന്നു വീഴും മുൻപ്
അവസാന ശ്വാസത്തോളം
മഞ്ഞവെയിൽ പുതപ്പിനുള്ളിൽ
കാറ്റിനൊപ്പം
ചിത്രശലഭങ്ങൾക്കും
പൂക്കൾക്കും കൂട്ടായങ്ങനെ
ആകാശ ചെരുവിലെ ഒരു തുണ്ടിനു 
മോഹവിലയും പറഞ്ഞു
ഒഴുകി നടക്കണം
കൊയ്തു തീർത്ത ഇരുൾപ്പാടങ്ങളിൽ
വെളിച്ചത്തെ വിതയ്ക്കണം
എന്നിട്ടൊടുവിലൊരിലത്തുമ്പിൽ
മഞ്ഞുതുള്ളിയ്ക്കൊപ്പം
കണ്ണും പൂട്ടിയങ്ങനെ ...

Tuesday, August 25, 2015

ചില്ല് ഭരണികളിലെ മൗനം

ഇടവേളകൾ ഇല്ലാത്ത മൗനത്തെ
ചില്ലു ഭരണികളിൽ സൂക്ഷിച്ചിട്ടുണ്ട്
കാലാകാലം ഇരിക്കാനായി
ഉച്ചവെയിലും , മേഘത്തുണ്ടും
മയിൽ‌പ്പീലി സ്വപ്നങ്ങളും,
നക്ഷത്രത്തിളക്കവും,
പൂമ്പാറ്റ ചിറകുകളും,
കവിളോരം പെയ്യുന്ന മഴച്ചാറ്റലും,
മേമ്പൊടിയായോരൽപ്പം മഴവിൽപ്പൊട്ടും
ചേർത്ത്  വച്ചിട്ടുണ്ട് .
ഇടക്കൊന്നു തുറക്കുമ്പോൾ
ആകാശത്തോട്  കടം വാങ്ങി
തീരാറായ പോപ്പിൻസ്‌  മിട്ടായി പോലുള്ള
ചന്ദ്രനേയും ചേർത്ത്  കുലുക്കി വയ്ക്കണം.

എന്നിട്ടങ്ങനെ കാത്തു കാത്തിരിക്കണം
രുചി പാകമാവാൻ
ഓരോ തുള്ളിയും
നാവിൽ അലിഞ്ഞിറങ്ങാൻ .

ആൾക്കൂട്ടങ്ങളിൽ മുഖം നഷ്ടമാവുമ്പോൾ,
തിരക്ക് തിരക്കെന്ന്
മനസ്സ് പോലും മിടിച്ചു തുടങ്ങുമ്പോൾ ,
പല വഴി ചിതറി ഓടുന്ന ഓർമ്മകളിൽ
ഞാനെന്നെ തിരയുമ്പോൾ,
മുഖം മൂടികളിലൊന്നായി
എന്റെ മുഖവും മാറുമ്പോൾ,
എനിക്ക് ഞാനായാൽ മാത്രം മതിയെന്ന്
ശ്വാസം മുട്ടി പിടയുമ്പോൾ,
ആത്മാവിലേയ്ക്കിറ്റാൻ
പ്രാണന്റെ ഒരു തുള്ളി...

Thursday, April 9, 2015

വേനൽപ്പൂക്കൾ

വേനൽ ചില്ലകളിലാകെ
 ഉന്മാദം പൂത്തിറങ്ങുന്ന
കനൽ മണമുള്ള
നട്ടുച്ചകൾ

തടയിണകളാകെ
തകർത്തെറിഞ്ഞു
ഇന്നലകളെ
നക്കിത്തുടച്ച്
കണ്ണോരം ,കനവോരമീ
തീജ്വാലകൾ

മോഹ മേഘങ്ങളെ കാത്തു നില്ക്കാതെ
മഴ മഴയെന്നു ഉരുകാതെ
അവസാന തുള്ളി വെള്ളവും
 കുടിച്ചു തീർത്തു
വേനലെന്റെ നെഞ്ചിൽ
തീക്കാവടിയാടുന്നു

Monday, April 6, 2015

തപാൽക്കവിത

മേൽവിലാസക്കാരനില്ലാത്തതിനാൽ
എന്നുമെന്നും
എന്നിലേയ്ക്ക്  തന്നെ
മടങ്ങിയെത്തുന്നൊരു കത്താണ്  ഞാൻ.

തുരുമ്പു മണക്കുന്ന തപാൽപ്പെട്ടിയുടെ
ഇത്തിരി വെളിച്ചത്തിൽ നിന്ന്
കാടിറങ്ങി
മലയിറങ്ങി
പുഴ കടന്നു
മഴ നനഞ്ഞോ
വിയർത്തൊലിച്ചോ
ആയാസപ്പെട്ട്‌ നടന്നോ
സൈക്കിളിലേറിയോ
സഞ്ചിക്കുള്ളിൽ ഞെങ്ങി ഞെരുങ്ങിയും
കക്ഷത്തിലടുക്കി പിടിച്ചും
പല താളത്തിൽ
തെളിഞ്ഞും മാഞ്ഞും
നെഞ്ചിൽ പതിക്കുന്ന മുദ്രകൾ

എത്ര ഇടങ്ങളിങ്ങനെ കടക്കണം
കാത്തിരിക്കുന്നൊരു
കൈകളിലെത്തിച്ചേരാൻ
വരും വരുമെന്ന് കാത്തു കുഴഞ്ഞോ
വന്നില്ലെങ്കിൽ എനിക്കെന്തെന്ന ഭാവത്തിൽ
വായനാമുറിയിലേതോ വരികളിലുടക്കിയ നാട്യത്തിലോ
എങ്ങനെയാവും എങ്ങനെയാവും?

എഴുത്തുപലകയിലോ
തലയിണയിലോ
എവിടെ  വച്ചാവും
ആദ്യാവസാനം കൊതിയോടെ
വായിച്ചു തീർക്കുക
ആവർത്തിച്ചാവർത്തിച്ചു
വായിച്ചുറപ്പിക്കുക
വിയർത്ത ഉള്ളംകയ്യും
അറിയാതെ നിറഞ്ഞ കണ്ണും
വാക്കുകളെ കൂട്ടിക്കലർത്തി
ഭൂപടം വരച്ചു പഠിക്കുക
നീണ്ട ഇടവേളകളില്ലാതെ
വീണ്ടും വീണ്ടും സ്വന്തമാക്കുക .

സ്വപ്നവേഗങ്ങളിലങ്ങനെ  പാറിപ്പറക്കെ
പതിവ് പോലെ
മടങ്ങിയെത്തിയിട്ടുണ്ട് ഞാൻ
എന്നിലേയ്ക്ക് തന്നെ .

Wednesday, July 31, 2013

ജൂണ്‍

ജൂണ്‍
നീയെനിക്കു മഴയോർമ്മകളുടെ മാസം

നനഞ്ഞ പുസ്തക സഞ്ചിയുടെ ,
ചെറിയ സുഷിരങ്ങളിൽ ആകാശം കാണുന്ന
പേര് തുന്നിയ
സെന്റ്‌ ജോർജ് കുടയുടെ ,

താളും തകരയും
വെളിച്ചെണ്ണയിൽ ചേർന്നലിയുന്ന
മണമുള്ള ഊണിന്റെ ,
മാർച്ചിന്റെ തുടക്കത്തിൽ പിണങ്ങി പോയിട്ട്
ആദ്യ മഴയ്ക്ക് മടങ്ങിയെത്തുന്ന
വീട്ടതിരിലെ കൊച്ചു തോടിന്റെ ,

മഴയിലും പുഴയിലും
നനഞ്ഞലിഞ്ഞെന്റെ കാലിൽ
കെട്ടിപ്പിടിക്കുമൊരു പാവാടത്തുമ്പിന്റെ ,
മഴയിൽ  അലിയുമ്പൊഴും
മുറുക്കെ പിടിച്ചെന്റെ
മുടിയിഴകളിൽ ഊഞ്ഞാലാടുന്നൊരു
തുളസിക്കതിരിന്റെ ,
തുള്ളിക്കൊരു കുടം പെയ്യുന്ന മഴയിൽ
ഈറനുടുത്തു പ്രദക്ഷിണം
വയ്ക്കുമൊരു അമ്പലമുറ്റത്തിന്റെ ,

ഓർമ്മകൾ അനവധിയെങ്കിലും
എത്രയും പ്രിയം പകർന്നൊരു  പ്രാണനെ
എന്നിൽ നിന്നടർത്തി എടുത്തു
മണ്ണിലൊളിപ്പിച്ചതെന്തിനു നീ ?

കാലമേറെ കഴിഞ്ഞിട്ടും
ഉള്ളു ഉണങ്ങാതെ നീ തന്ന മുറിവ്
അതിന്മേൽ പെയ്തു പെയ്തു നിറയുന്നു
നീ പൊഴിക്കുമീ മഴത്തുള്ളികൾ.