മഴ കാണുമ്പോള്‍ ആദ്യം ഓര്‍മ്മ വരുക സ്കൂളിലേക്കുള്ള യാത്രകളാണ്.പുതിയ ഉടുപ്പും പുസ്തകവുമൊക്കെയായി സ്കൂള്‍ തുറക്കാനായി കാത്തിരിക്കും.എന്നിട്ടോ ആദ്യത്തെ ദിവസം തന്നെ കൂട്ടിനു മഴയും വരും .നനഞ്ഞു ഒട്ടിയാവും ക്ലാസ്സില്‍ എത്തുന്നത്.പകലൊക്കെ ചെറുതായൊന്ന് ചാറിയും മറ്റും മഴ പിണങ്ങി നില്‍ക്കും.വീണ്ടും കുട്ടികള്‍ സ്കൂള്‍ വിട്ടിറങ്ങുമ്പോള്‍ എത്തുകയായി ആര്‍ത്തലച്ചു.വീട്ടില്‍ അമ്മയുടെ അരികില്‍ എത്തിച്ചിട്ടെ പിന്നെ മടക്കമുള്ളൂ..എന്നാലും ഒരിക്കലും പിണക്കം തോന്നിയതേയില്ല.വളര്‍ന്നു വലുതായപ്പോള്‍ ഇഷ്ടത്തിന്റെ വര്‍ണ്ണങ്ങളും മാറി.
മേല്‍ക്കൂരയിലെ ഓടിനു മുകളിലെ മഴയുടെ താളം കേട്ട് ഉറങ്ങിയ എത്രയോ രാവുകള്‍.തോരാതെ പെയ്യുന്ന കര്‍ക്കിടക മഴയ്ക്ക്,ഒരു കള്ള പനിയുടെ പേരും പറഞ്ഞു സ്കൂള്‍ മുടക്കി ഇളം തിണ്ണയില്‍ മഴയോട് കലപില പറഞ്ഞിരുന്ന എത്രയോ ദിവസങ്ങള്‍.മഴ ഓര്‍മ്മകള്‍ക്ക് അമ്മ ഉണ്ടാക്കി തരുന്ന കട്ടന്‍ കാപ്പിയുടെയും കപ്പ ഉപ്പെരിയുടെയും മണം ഉള്ളത് പോലെ.മാനത്ത് ഉരുണ്ടു കൂടുന്ന മഴക്കാറ് കണ്ടു "പയ്യിനെ ഒന്ന് അഴിച്ചു കെട്ടു " എന്ന് അമ്മ പറയേണ്ട താമസം അവള്‍ ഓടി തൊടിയിലെതും.കയറഴിച്ചു വിട്ടു പയ്യിന്റെ പിന്നാലെ തൊടി മുഴുവന്‍ ഓടി അലഞ്ഞു മഴയില്‍ കുതിര്‍ന്നു ആവും തിരികെ എത്തുക.ഇപ്പോളും മനസ്സ് കൊണ്ട് മഴയില്‍ അലിഞ്ഞു ആ പറമ്പിലാകെ ഇല്ലാത്ത പയ്യിന്റെ പിന്നാലെ ഓടി നടക്കാറുണ്ട് അവള്‍.കാറ്റിനും മഴക്കും താഴെ വീണു കിടക്കുന്ന ഇലഞ്ഞി പൂക്കള്‍ പെറുക്കിയെടുത്തു തലയിണയില്‍ ആകെ വിതറിയിട്ട് ഉറങ്ങാന്‍ കിടക്കാറുണ്ട്..
പിന്നെ ഏതോ ഒരു സ്റ്റഡി ലീവിന്റെ സമയത്ത്...ജനാലക്കപ്പുറത്തെ മഴ തുള്ളികളോട് കഥ പറഞ്ഞിരുന്ന നേരത്താണ് അറിയാതെ അവന്‍റെ മുഖം മനസ്സിലേയ്ക്ക് വന്നത്.കാലം തെറ്റി വന്ന പ്രണയമെന്നു സ്വയം പരിഹസിച്ചു പുസ്തകത്താളുകളില്‍ മുഖം പൂഴ്ത്തി .പക്ഷെ പുസ്തക താളുകള്‍ക്കോ ,പക്വതയുടെ മുഖം മൂടിക്കോ ഒന്നും ആ പ്രണയ മഴയ്ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല.അത് പെയ്യുക തന്നെ ചെയ്തു.അതിന്‍റെ എല്ലാ ഭംഗിയോടും കൂടെ തന്നെ.എത്രയധികം തടുക്കാന്‍ ശ്രമിച്ചോ അത്രയധികം ശക്തിയോടെ.എത്ര അധികം അകലാന്‍ ശ്രമിച്ചോ,അത്രയേറെ സ്വന്തമാക്കി കൊണ്ട്..എല്ലാ പ്രതിബന്ധങ്ങളെയും തട്ടിത്തകര്‍ത്തു..മുഴുവന്‍ നനച്ചുലച്ചു ..സ്നേഹത്തിന്‍റെ ഒരു വറ്റാത്ത കടല്‍ അവളില്‍ സമ്മാനിച്ചേ അത് പെയ്തൊഴിഞ്ഞുള്ളൂ..
മഴയെ പറ്റി ഞാന്‍ വാ തോരാതെ സംസാരിക്കുമ്പോള്‍ ഒക്കെ,ഇന്ദ്രന്റെ ആന ഐരാവതം ദേവലോകത്തിന്റെ നടുമുറ്റത്ത് നിന്ന് ശൂശു വയ്ക്കുന്നതാണ് മഴ എന്ന് പറഞ്ഞു എന്നെ ചൊടിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ക്കായി സമര്‍പ്പിക്കയാണ് ഈ മഴകഥ