Friday, April 19, 2013

സഞ്ചാരി

ആദ്യ സഞ്ചാരങ്ങൾ
പുറമേയ്ക്കാണ്
മിഴിയുടക്കും വഴി
മനമൊഴുകും വഴി
പുതുവഴികളിൽ കൊതിയോടെ
പിന്നിട്ട വഴികളിൽ ഗൃഹാതുരമായി

കാടും കടലും
മലയും പുഴയും
പൂക്കളും പ്രണയവും തേടി
അലഞ്ഞലഞ്ഞു
സഞ്ചാരിയായി
അന്വേഷകയായി
തീർത്ഥാടകയായി
യാചകിയായി
വേഷങളനവധി
മാറി മാറി അണിഞ്ഞു.

ഒടുക്കമൊരു നാൾ
അലച്ചിലിനന്ത്യം
ആർത്തലച്ചു
ഉള്ളിലേയ്ക്കൊരു മടക്കം
പുറമേയ്ക്കുള്ള വാതിലുകൾ
കൊട്ടിയടച്ചു
പുറം കാഴ്ചകൾ ഒന്നും
കാഴ്ചകളെ ആയിരുന്നില്ലെന്ന്
ആരും കാണാതായിരം തിരകളെ
ഉള്ളിലടക്കിയ കടലൊന്നവിടെ
വെളിച്ചം കടക്കാത്ത കാടുകൾ
പുലിയെ പേടിച്ചൊരു മാൻപേടയും
പാൽ മധുരം നുകരും പൈക്കിടാവും
ഒരേ കാടിന്റെ സന്തതികൾ 
പാദസ്പർശമേല്ക്കാത്ത ഗിരിശ്രിംഗങ്ങൾ 
പാലും തേനും ഒഴുകുന്ന താഴ്വരകൾ
അവിടെ ഒരു നാളും വാടാത്ത സൌഗന്ധികങ്ങൾ
ഒരു കാറ്റും കവരാത്ത സുഗന്ധങ്ങൾ

ഒരു കൈത്തിരി തേടി അലഞ്ഞവൾക്ക്
സ്വന്തമായി പ്രോമിത്യുസിൻ ദീപശിഖയൊന്നു
മടക്കമില്ലാത്തൊരീ യാത്രയിൽ
പിരിയാത്തൊരു കൂട്ട് .. 

Tuesday, April 2, 2013

പെണ്ണ്

മകൾ ,കാമുകി
ഭാര്യ ,അമ്മ
കൂട്ടുകാരി
എണ്ണിയാലൊടുങ്ങാത്ത വേഷങ്ങൾ
ഒന്നിലും ഒതുങ്ങാതെ
തുളുമ്പി ഒഴുകി പരക്കുന്ന സ്ത്രീ

ഏതു നിറ മൌനത്തിലും വാചാലം
കരിങ്കൽക്കെട്ടിലും
നീലാകാശം സ്വപ്നം കണ്ടു പറക്കുന്നവൾ
ഒന്ന് മരിക്കുമ്പോൾ
ആയിരമായി പുനർജ്ജനിക്കുന്ന
ഒരു കനലിലും എരിയാത്ത
അവളുടെ സ്വപ്‌നങ്ങൾ

വെട്ടി വെട്ടി
ചെറുതാക്കുമ്പോഴും
വാശിയോടെ വളർന്നിറങ്ങുന്ന
അവളുടെ ചിറകുകൾ
ഇരുട്ടിന്റെ അവസാനത്തെ തുള്ളിയും
കുടിച്ചു തീർത്തു
പ്രകാശത്തെ ഗർഭം ധരിക്കുന്നവൾ
തോൽവികളിലൊന്നും തോല്ക്കാതെ
അവസാന വിജയത്തിനായി പൊരുതുന്നവൾ

Tuesday, March 26, 2013

തേൻ മിഠായികൾ

 പൊട്ടിയ ഒരു കല്ലുപെൻസിൽ
പച്ചക്കുപ്പിവളപ്പൊട്ടുകൾ
തടിയിൽ തീർത്ത
തിളങ്ങുന്ന കണ്ണുകളുള്ള
മാൻപേട
മിഠായി കടലാസ്സു കോർത്തൊരു മാല
ജീവിത സഞ്ചാരത്തിൽ
മുനകളൊടിഞ്ഞു മിനുസമാർന്ന
വെള്ളാരങ്കല്ലുകൾ

പെറ്റു പെരുകുമെന്നു
കള്ളം പറഞ്ഞു
കൂടെ പോന്ന മയിൽപീലികൾ
ജീവിതത്തിന്റെ ചെറിയ ഇടവേളയിൽ മാത്രം
എനിക്കും നിനക്കും മധുരിച്ച
പുഴവക്കത്തെ ചക്കരക്കല്ലുകൾ

നാലായി മടക്കിയ
മടക്കുകൾ പിഞ്ചിയ
റോസിലും ഇളം നീലയിലും
സ്നേഹ സൌഹൃദങ്ങൾ പകർന്ന
നിന്റെ അക്ഷരങ്ങൾ
കാലപ്പഴക്കത്തിൽ അവയിൽ നിന്നും
ചോർന്നു പോയ
സ്വപ്നങ്ങളും പ്രതീക്ഷകളും

എല്ലാ വാതിലുകളും തുറന്നിട്ടിട്ടും
പടി കടന്നു പോകില്ലെന്നുറച്ചു
മനസ്സിന്റെ കാണാമൂലയിൽ
ഒളിച്ചിരിക്കുന്നൊരു കാറ്റ്
മൌനത്തിൽ കുതിർന്നു
ഒച്ചയനക്കങ്ങൾ ഇല്ലാത്ത
ദിനങ്ങളിൽ
അനുവാദമില്ലാതെ വീശിയടിക്കുന്നു

ഏതിരുളിലും വഴികാട്ടിയാവുന്നു
ആത്മാവിലെരിയുന്ന കെടാവിളക്ക്
ശൈത്യത്തിൽ
കടുത്ത ഹിമാപാതങ്ങളിൽ
ഉറഞ്ഞുറഞ്ഞു പോകാതെ
പ്രാണനും ചൂടുമായി
നെഞ്ചിലൊരു നെരിപ്പോട്

ഇന്നലെകളുടെ മാറാല
തുടച്ചും
അടുക്കിയൊതുക്കിയും
പടിയിറങ്ങുമ്പോൾ
കാലിൽ തടയുന്നതൊരു
കടലാസ്സു പൊതി
പൊതി നിറയെ
റോസ് നിറത്തിൽ
തേൻ മിഠായികൾ
നാവിലും നെഞ്ചിലും അലിഞ്ഞു
സ്നേഹം നിറയ്ക്കുന്നു

വലിയ നോവുകളിൽ ഉലയാത്ത മനസ്സ്
ചെറിയ സന്തോഷങ്ങളിൽ പാറിപ്പറക്കുന്നു

Saturday, March 9, 2013

ആ മരം ഈ മരം

മരത്തെ അതിന്റെ വേരില്‍ നിന്ന് അടര്‍ത്തി മാറ്റി സ്വന്തമാക്കാന്‍ ശ്രമിക്കുന്ന നിഷ്ഫലതയെ എന്ത് പേരിട്ടു വിളിക്കും നാം.

വിത്തിട്ടു
വെള്ളമൊഴിച്ച്
വളമിട്ടു
കള പറിച്ചു
കാത്തു സൂക്ഷിച്ചവര്‍..

ജീവിത സായാഹ്നത്തില്‍,വളര്‍ന്നു പന്തലിച്ച വൃക്ഷത്തിന്റെ കൂറ്റന്‍ വേരുകളില്‍ അവസാന നാളുകള്‍ കഴിക്കുന്നു.വേനലില്‍  തണലായും,മഴയില്‍ കുടയായും അവര്‍ക്ക് മുന്‍പില്‍ ആ വൃക്ഷം.അണ്ണാറക്കണ്ണനും കിളികളും കൂനന്‍ ഉറുമ്പും വരെ അവകാശം കൈപ്പറ്റിയ ശേഷം ബാക്കിയാവുന്ന പഴങ്ങള്‍ അവരുടെ പശിയടക്കുന്നു.

                                       ഇനിയൊന്നും വേണ്ട,ഈ മരത്തണലിലാണ്  അന്ത്യമെന്ന് കരുതിയവര്‍. ചിത കൂട്ടുന്നത്‌ ഇതിന്റെ ചില്ലകള്‍ കൊണ്ടെന്നു കരുതിയവര്‍,പെട്ടന്നൊരു ദിവസം കുടിയൊഴിക്കപ്പെടുന്നു.പോകാന്‍ മറ്റൊരിടം ഇല്ലാത്തവര്‍..ഇനിയൊരു മരം പോറ്റി പുലര്‍ത്താന്‍ ആയുസ്സും ആരോഗ്യവും ഇല്ലാത്തവര്‍.ഉള്ളുരുകിയിട്ടുണ്ടാവില്ലേ മരത്തിന്റെ ..

ആകാശത്തെ തൊടുന്ന ചില്ലകളും അതിലെ ആയിരക്കണക്കായ ഇലകളും മാത്രമല്ല ഒരു മരം.ചില്ലകളില്‍ കൂട് കൂട്ടിയ എണ്ണമറ്റ കിളികളാണ്.അവരുടെ കിളിക്കൂടുകളും,അതില്‍ നാളെയുടെ പ്രതീക്ഷയുമായി വിരിയാനിരിക്കുന്ന കിളി മുട്ടകളുമാണ്.പറക്കമുറ്റാതെ,ആഹാരത്തിനായി അമ്മയെ കാത്തിരിക്കുന്ന കുഞ്ഞുങ്ങളുമാണ് .ദൂരെ ഒരിടത്ത് വേടന്റെ വലയില്‍ കുടുങ്ങി,ഇനി ഒരു നാളും
മടങ്ങി വന്നീ കൂടിനെയും കുഞ്ഞുങ്ങളെയും കാണാന്‍ ആവില്ലെന്നുരുകുന്ന അമ്മയുടെതുമാണ്.


കാലം അകക്കാമ്പില്‍ വീഴ്ത്തിയ ആഴമുള്ള മുറിവുകളില്‍ താമസമാക്കിയ അണ്ണാറക്കണ്ണന്മാരുമാണ്.അവരുടെ ചിലപ്പും കുസൃതിയും വാലിളക്കിയുള്ള ഓട്ടവുമാണ്.

നിത്യ ശത്രുതയില്‍ ആയിട്ടും ഒരേ മരച്ചുവട്ടില്‍ മാളം തീര്‍ത്ത പാമ്പും എലിയുമാണ് .അവര്‍ കളിക്കുന്ന ആദിമമായ ജീവന്മരണ കളിയുമാണ് .പാമ്പ് അവിടെ തന്നെ ഉണ്ടെന്നു അറിഞ്ഞിട്ടും പുതിയൊരു മാളം തേടി എലി പോകാത്തത് എന്ത് കൊണ്ടാവും?ആയുസ്സിനെക്കള്‍ വലുതാവും ചിലര്‍ക്കെങ്കിലും സ്വന്തം വേരുകള്‍.

എപ്പോഴും  തിരക്കിട്ടോടി,പരസ്പരം രഹസ്യം പറഞ്ഞു നടക്കുന്ന എണ്ണമറ്റ ഉറുമ്പുകളുമാണ് .ഓടി ഓടി നമ്മള്‍ എത്തുന്നത്‌ മരണത്തിലെയ്ക്കാണെന്ന് ഓര്‍മ്മിച്ചെങ്കില്‍
ഇങ്ങനെ ഓടുമായിരുന്നോ?പിന്‍ഗാമികള്‍ക്കായി കാത്തു വയ്ക്കുക എന്നതാണോ പ്രധാനം,ജീവിക്കുക എന്നൊന്നില്ലേ?

ഓണം കഴിഞ്ഞേറെ ആയിട്ടും,അഴിക്കാന്‍ മറന്ന അപ്പുറത്തെ വീട്ടിലെ ഉണ്ണിയുടെ ഊഞ്ഞാലുമാണ് .ആ ഇത്തിരി പോന്ന ഊഞ്ഞാലില്‍ അവന്റെ സന്തോഷങ്ങളും സങ്കടങ്ങളും ഉണ്ട്.ഇനിയൊരിക്കലും കൂട്ട് കൂടാന്‍ വരാതെ,പെട്ടെന്ന് ഒരു ദിവസം അമ്പോറ്റിക്കൊപ്പം പോയ കുഞ്ഞു പെങ്ങള്‍ ഉറങ്ങുന്നതും ആ മരച്ചുവട്ടില്‍ ആണ്.നാളെയൊരിക്കല്‍,അച്ചനുപേക്ഷിച്ച കുഞ്ഞാണെന്ന അറിവ് നെഞ്ചിലൊരു കല്ലാകുമ്പോള്‍ ,അവനൊരു ആശ്വാസമാകാന്‍ ഈ മരമല്ലാതെ ആരാണ് ഉണ്ടാവുക?

എന്നിട്ടും എന്നിട്ടും എല്ലാത്തില്‍ നിന്നും അടര്‍ത്തി മാറ്റപ്പെടുന്നു മരം.ഇലകള്‍ തൊഴുകൈകളായി ഭൂമി നിറഞ്ഞൊഴുകി.വേരുകള്‍ കാരുണ്യം തേടി പ്രാര്‍ഥനയില്‍ ആകാശത്തെയ്ക്കുയര്‍ന്നു.

Monday, February 25, 2013

ഡിസംബര്‍

കുളിര്‍ന്നു കുളിര്‍ന്നു,
ഉള്ളിലെ വേവാറ്റാന്‍,
ഒരു ക്രിസ്തുമസ് കാലം.

മഞ്ഞിന്റെ മൂട്പടമിട്ടു
കൗതുക കാഴ്ചകള്‍ മറച്ചു
തീര്‍ത്തും തനിച്ചാക്കുന്ന
 പ്രഭാത സവാരികള്‍

എല്ലുതുളയ്ക്കുന്ന തണുപ്പില്‍
പച്ച മണ്ണില്‍ വിരിച്ച കീറക്കടലാസ്സില്‍
സ്വപ്‌നങ്ങള്‍ ഇല്ലാത്ത നാളെകളിലെയ്ക്ക്
മാത്രം കണ്‍ തുറക്കുന്ന
വിശന്നു തളരുന്ന ബാല്യങ്ങളെ സാക്ഷിയാക്കുന്ന
എന്റെ ബാല്ക്കണി കാഴ്ചകള്‍

ആകാശ ചെരുവില്‍
വാടാത്ത കൊഴിയാത്ത
നക്ഷത്രകുഞ്ഞുങ്ങള്‍
താഴെയീ  മണ്ണില്‍
വിടരും മുന്പേ കൊഴിയുന്ന
പാല്‍ മണം  മാറാത്ത വൃദ്ധര്‍

പരുക്കന്‍ മുഖങ്ങള്‍
ചിരി വറ്റിയ ചുണ്ടുകള്‍
കല്ലും മണ്ണുമേന്തി
മാര്‍ദവം മറന്ന ഇളം കൈത്തളിരുകള്‍
ഒരു നേരത്തെ അന്നത്തിനും
പ്രാണഭയത്തിനുമിടയില്‍
ഭോഗിക്കപ്പെടുന്നവര്‍ 

കാല്‍വരിയിലേക്കുള്ള ആദ്യ ചുവടുമായി
ബെത് ലഹേമിലെ  പുല്‍ തൊഴുത്തില്‍
ഒരമ്മയും കുഞ്ഞും
നിന്ദിതന്റെയും പീഡിതന്റെയും
ഉയര്‍ത്തെഴുന്നേല്‍പ്പിനായുള്ള
അന്തമില്ലാത്ത കാത്തിരിപ്പിന്റെ
ഓര്‍മ്മപ്പെടുത്തല്‍..

Saturday, February 16, 2013

യാത്ര

അവസാനത്തെ ഇലയും
തല്ലിക്കൊഴിച്ചെന്ന വാശിയോടെ
രാത്രിയുടെ അവസാന യാമം വരെയും
വീശിയടിച്ചൊരു കാറ്റ്.
നേരം പുലരുമ്പോള്‍
ആരും കാണാത്ത ഒരു ചില്ലയില്‍
കാറ്റിന്റെ ഗതിവേഗങ്ങളില്‍
അടരാത്തൊരു ഇളം തളിര്‍.

വളര്‍ച്ചയുടെ പടവുകളില്‍ ,
സൂര്യതാപത്തിലുരുകാതെ
ചാന്ദ്രസ്വപ്നങ്ങളില്‍ മയങ്ങാതെ
മയില്‍‌പീലി തുണ്ടില്‍
പ്രാണനെ ചേര്‍ത്ത് വയ്ക്കാതെ
ഒരു വേണുഗാനത്തിനും കാതോര്‍ക്കാതെ
മണ്ണാങ്കട്ടയ്ക്കൊപ്പം കാശിക്കു പോകണം.

ഒരു മഴയിലുമലിയാതെ ,
ഒരു കാറ്റിലും പിരിയാതെ
പിന്‍വിളികള്‍ക്ക് കാതോര്‍ക്കാതൊരു  യാത്ര.

മുത്തശ്ശിക്കഥയിലെ കാറ്റ്
മഴയ്ക്കൊപ്പം ചേര്‍ന്നെത്തുമ്പോള്‍
പറന്നും അലിഞ്ഞും
ഇരു വഴികളില്‍ അകലാതെ
ഒരു കുടക്കീഴില്‍ കൈചേര്‍ത്ത്
നടന്നു തീര്‍ക്കണം
ഈ ജീവിതയാത്ര.

Thursday, November 22, 2012

അമ്മയും കുഞ്ഞും

ഒരു ഇടവേളയ്ക്കു ശേഷം എഴുതിയ കവിത.aksharamonlinil പ്രസിദ്ധീകരിച്ചത് .
അമ്മയും കുഞ്ഞും