Sunday, July 31, 2011

കുയില്‍ പാട്ടിലൊരു പ്രണയം

സൂഫിസത്തെ പറ്റിയുള്ള ഒരു പുസ്തകം വായിക്കുകയാണ് ഞാന്‍.പലതും തിരഞ്ഞു നടന്നപ്പോള്‍ കയ്യിലെത്തിയ ഒരു പുസ്തകം.അതില്‍ വായിച്ച ജലാലുദ്ദീന്‍ റൂമിയുടെ മനോഹരമായ ഒരു കഥ നിങ്ങളുമായി പങ്കു വയ്ക്കാം എന്ന് കരുതി..കഥ ഇങ്ങനെ ആണ് ..
അനുരാഗി വന്നു പ്രണയിനിയുടെ വാതിലില്‍ മുട്ടി.
"ആരാണ് വാതിലില്‍ മുട്ടുന്നത്?".അകത്തു നിന്ന് പ്രണയിനി ചോദിച്ചു.
"ഇത് ഞാനാണ്,വാതില്‍ തുറക്ക്".അനുരാഗി പറഞ്ഞു.
പക്ഷെ വാതില്‍ തുറന്നില്ല.കാരണമറിയാതെ ദുഖിതനായി അലഞ്ഞ അയാള്‍ വീണ്ടും പ്രതീക്ഷയോടെ വാതിലില്‍ തട്ടി.

"ആരാണ്?"
"ഞാന്‍"
അപ്പോഴും വാതില്‍ തുറന്നില്ല.വേദനയോടെ തിരിച്ചു പോയ അനുരാഗി വാതില്‍ തുറക്കാത്തത്തിന്റെ പൊരുള്‍ തേടി യാത്ര ആയി.അന്വേഷണത്തിനൊടുവില്‍ രഹസ്യം
ആത്മാവില്‍  അറിഞ്ഞ അനുരാഗി പ്രണയിനിയുടെ വാതില്‍ക്കല്‍ ഓടിയെത്തി.
വീണ്ടും പഴയ ചോദ്യം."ആരാണ് വാതിലില്‍ മുട്ടുന്നത്?"
"നീ,നീ തന്നെ ആണിത്" അനുരാഗി പറഞ്ഞു.

വാതില്‍ മലര്‍ക്കെ തുറന്നു.ഇതിനകത്ത് രണ്ടു പേര്‍ക്ക് ഇടമില്ലല്ലോ എന്ന് പ്രണയിനി ഓര്‍മ്മപ്പെടുത്തി.
                                പ്രണയത്തെ പറ്റിയുള്ള നിര്‍വ്വചനങ്ങള്‍ ഓരോരുത്തര്‍ക്കും ഓരോന്നാണ്.ജീവിതത്തിന്റെ പല ഏടുകളില്‍ പലതും നമ്മള്‍ കേട്ടറിയുന്നു,അനുഭവിച്ചറിയുന്നു .എന്തോ ഇത് അതിമനോഹരമായി തോന്നി.അനുരാഗിയും പ്രണയിനിയും ഒന്നാകുന്ന അവസ്ഥ.എത്ര മനോഹരം.

സൌഹൃദവും പ്രണയവും ഒക്കെ തുടങ്ങാന്‍ എളുപ്പമാണ്.മുന്‍പോട്ടു കൊണ്ട് പോകാന്‍ പലപ്പോഴും വിഷമം ആകുന്നു.ഒരാളെ സ്നേഹിക്കുമ്പോള്‍,അയാളുടെ ഗുണങ്ങളെ മാത്രമല്ല ദോഷങ്ങളെയും നമ്മള്‍ ഉള്‍ക്കൊള്ളണം എന്നാണ് പറയുക..ഞാനും നീയും ഒന്നാകുക എന്ന അവസ്ഥ അതിലും എത്രയോ ഉയര്‍ന്നതാണ്.നിന്നെ വിരല്‍ ചൂണ്ടി കുറ്റപ്പെടുത്താന്‍ ഞാന്‍ എന്ന അവസ്ഥ ഇല്ലാതാകുന്നു.ഗുണ ദോഷങ്ങള്‍ നമ്മുടെതാണ്‌..നമ്മുടേത്‌ മാത്രം.

പുസ്തകങ്ങള്‍ വായിച്ചിരിക്കുമ്പോള്‍ അതില്‍ നിന്ന് ചിന്തയിലേക്കും,സ്വപ്നങ്ങളിലെയ്ക്കും വഴുതി വീഴുന്ന പുതിയ ശീലത്തിലാണ് ഞാന്‍.പണ്ട് ഒരു മണിക്കൂര്‍ കൊണ്ട് വായിച്ചു തീരുന്ന പലതും ഇപ്പോള്‍ ദിവസങ്ങള്‍ കൊണ്ട് മാത്രം തീര്‍ക്കാന്‍ കഴിയുന്നതിനു കാരണവും ഇതാണ്.ജീവിതമെന്ന മഹാത്ഭുതം.ഒക്കെ കഴിഞ്ഞു എന്ന് നമ്മള്‍ ചിന്തിക്കുന്നിടത്താകും പലതിന്റെയും തുടക്കം.ദുഖത്തിന്റെ അന്തമില്ലാത്ത കടല്‍ എന്ന് കരുതി മുങ്ങി മരിക്കാന്‍ മനസ്സ് കൊണ്ട് തയ്യാറെടുക്കുമ്പോള്‍ കാല്‍ കീഴില്‍ ഉറപ്പുള്ള മണ്ണ്.ഓരോ നിമിഷവും ജീവിതം പുതിയ പാഠങ്ങള്‍ നല്‍കുന്നു.നഗരത്തിന്റെ തിരക്കില്‍,ജോലിയുടെ ഓട്ടത്തില്‍ എനിക്കെന്നെ നഷ്ടമായി എന്ന് കരുതിയിരുന്ന കാലം ഉണ്ടായിരുന്നു.നഗരമോ ഗ്രാമമോ ഒന്നുമല്ല നമ്മുടെ കണ്ണും കാതും തുറന്നു വച്ചാല്‍ മാത്രം മതി എന്നതാണ് സത്യം..

രാവിലെ ഞങ്ങളുടെ കമ്പനി കോമ്പൌണ്ടില്‍ പ്രണയം നിറച്ച ഒരു കുയില്‍ നാദം കേള്‍ക്കാറുണ്ട്.എത്ര തിരക്കിട്ട് ഓടിയാലും,അത് കേള്‍ക്കുമ്പോള്‍ ഒരു ചെറു പുഞ്ചിരി വിടരും.രണ്ടു വശത്തും നിറഞ്ഞു പൂത്തു നില്‍ക്കുന്ന ഗുല്‍മോഹര്‍ ഒന്ന് കണ്‍ നിറച്ചു കണ്ടു,ഈയിടെ മാത്രം പൂത്തു തുടങ്ങിയ ചെമ്പകത്തില്‍ നിന്നൊരു പൂവ് ഇറുത്തു എടുത്താണ് എന്റെ ദിവസങ്ങള്‍ തുടങ്ങുക.കുറച്ചു ദിവസമായി രാവിലെ കുയില്‍ നാദം കേള്‍ക്കാനില്ല..ആകെ ഒരു അസ്വസ്ഥത.കമ്പനിയുടെ ഗേറ്റ് കടക്കുമ്പോള്‍ ഇന്നെങ്കിലും ..നീ ഇവിടെ എവിടെ എങ്കിലും ഉണ്ടെന്നു അറിഞ്ഞാല്‍ മതി..രണ്ടാമത്തെ ദിവസം ദുഖങ്ങളെ പ്രതിരോധിക്കാനുള്ള മനസ്സിന്റെ സ്ഥിരം തന്ത്രം വന്നു.ഹും ഇത് വല്ലതും ഒരു കാര്യമാണോ.കുയിലിനു വേണമെങ്കില്‍ പാടും ,നൂറു കൂട്ടും പണികള്‍ കിടക്കുന്നു.ആര്‍ക്ക് നേരം ഇതൊക്കെ ശ്രദ്ധിക്കാന്‍.പക്ഷെ അടുത്ത ദിവസം ഗേറ്റ് കടന്ന എന്റെ കാലുകളുടെ വേഗത കുറഞ്ഞു.പൂവിറുക്കാന്‍ താല്പര്യം തോന്നിയില്ല..ചുറ്റുമുള്ള മരങ്ങളിലെയ്ക്ക് എന്റെ കണ്ണുകള്‍ പരതി നടന്നു.എവിടെ ആണ് നീ? ആ സ്വരമൊന്നു കേള്‍ക്കാതെ,എന്റെ മനസ്സ് നോവുന്നു..നിന്റെ പാട്ടൊന്നു മാത്രം എന്റെ പ്രഭാതത്തെ എത്ര മനോഹരമാക്കിയിരുന്നെന്നോ.ഇല്ല കാറ്റിന്റെ ചൂളം കുത്തല്‍ മാത്രം..ഉച്ചക്ക് ഊണിനു ശേഷമുള്ള നടത്തം,കൂട്ടത്തില്‍ ആരെങ്കിലും മരങ്ങള്‍ വെട്ടിയോ എന്നും പുതിയ കെട്ടിടം പണി വല്ലതും തുടങ്ങിയോ എന്നും അന്വേഷിച്ചു ഞാന്‍.

ഒന്നും ഉണ്ടായിട്ടില്ല.പിന്നെ എവിടെ പോകാന്‍ ആണ്.പക്ഷിയല്ലേ.അതിനു എവിടെ വേണമെങ്കിലും പോയ്ക്കൂടെ.ആകാശവും ഭൂമിയും സ്വന്തമായവ.പുതിയ ഇടം തേടിയിരിക്കാം.ആവോ.ഇന്നലെ എന്റെ പിറന്നാള്‍ ആയിരുന്നു.ഗേറ്റ് കടന്നെത്തുമ്പോള്‍ വാശിയോടെ ഒരു കൂവല്‍..ഹാ എന്റെ മനസ്സ് നിറഞ്ഞു.ഇത്ര ദിവസം കേള്‍ക്കാത്തതിന്റെ സങ്കടം മുഴുവന്‍ ഉരുകി പോയെന്നു പറഞ്ഞാല്‍ മതിയല്ലോ.കണ്ണ് നിറഞ്ഞു തുളുമ്പി.എനിക്ക് കിട്ടിയ ഏറ്റവും വില പിടിച്ച പിറന്നാള്‍ സമ്മാനം..ഒരു കൈ കുടന്ന നിറയെ ചെമ്പനീര്‍ പൂക്കള്‍ എന്റെ ഹൃദയത്തിലേക്ക് കോരിയിട്ടൊരു പിറന്നാള്‍ ദിനം..ഇതല്ലേ പ്രണയം..ഇത് മാത്രം..

Sunday, July 17, 2011

മഴത്തോര്‍ച്ച

മനസ്സിന്നു
മഴ മാഞ്ഞൊരു ആകാശം
കണ്ണ് നീരിന്റെ പേമാരി
നോവിന്റെ മിന്നലാട്ടങ്ങള്‍
ഹൃദയം തകര്‍ക്കുന്ന
ഇടിമുഴക്കങ്ങള്‍
സര്‍വ്വവും കടപുഴക്കിയെറിയുന്ന
കാറ്റിന്റെ കോലാഹലങ്ങള്‍.

ആടി തിമിര്‍ത്തതിനൊടുവില്‍
നിശബ്ദതയുടെ മേലങ്കിയണിഞ്ഞു
നൊമ്പരങ്ങളുടെ പടിയിറക്കം
ഉള്ളിലുറങ്ങിയ വിത്തില്‍
ആദ്യത്തെ മുള

ഇനിയും പെയ്തു തോരാന്‍
ഇടി മുഴക്കവുമായി എത്തിയേക്കാം
ഒരു മഴക്കാലം,എങ്കിലും
വിരിയാതിരിക്കില്ലൊരു മഴവില്ല്
പുഞ്ചിരിക്കാതിരിക്കില്ല പൂക്കള്‍
ഒഴുകാതിരിക്കില്ല ജീവിതം..

Thursday, July 14, 2011

ഏകാന്തതയുടെ തുരുത്തുകള്‍

തിളയ്ക്കുന്ന വെയിലില്‍
ശൂന്യമായ വഴിയില്‍
ലക്ഷ്യമില്ലാതെ നടക്കുമ്പോള്‍,

ചെരിഞ്ഞു വീഴുന്ന മഴത്തുള്ളികള്‍
ചിത്രം വരയ്ക്കുന്ന ചുവരില്‍
എന്നെ മാത്രം തിരഞ്ഞിരിക്കുമ്പോള്‍,

മുറ്റം നിറയുന്ന
മഴവെള്ളത്തില്‍
സ്വപ്നം നിറച്ച കടലാസ്സു വള്ളം
മഴയുടെ ഏറ്റിറക്കങ്ങളില്‍
മുങ്ങി താഴുമ്പോള്‍,

രാത്രിയുടെ ഇരുള്‍ ചായത്തില്‍
നിഴലുകള്‍ ഇഴ പിരിയുമ്പോള്‍
പാതി വിടര്‍ന്ന
പൂവിന്‍ കവിളില്‍
ഉമ്മ വച്ചെത്തുന്ന കാറ്റ്
എന്നെ മാത്രം പൊതിയുമ്പോള്‍,

ചാന്ദ്രസ്വപ്നത്തില്‍
നെഞ്ചോടു ചേര്‍ത്തൊരു
മയില്‍‌പീലി തുണ്ടില്‍
പ്രാണനെ
ചേര്‍ത്തു വച്ചുറങ്ങുമ്പോള്‍,

ഈ തുരുത്തുകളില്‍ ഒക്കെയും
ഏകാന്തതയുമായി
ഞാന്‍ പ്രണയത്തിലാണ്.

Sunday, July 3, 2011

ജീവിതം

ഒന്നു നില്‍ക്കെന്റെ കുഞ്ഞേ
ഈ പ്രഭാതമെത്ര സുന്ദരം
കാതോര്‍ത്താല്‍ കേള്‍ക്കാമൊരു
കിളിപ്പാട്ട്,
കവിളില്‍ ചുവപ്പണിഞ്ഞു
സുന്ദരിയാകുന്നൊരു ആകാശം
സൂര്യന്റെ ആദ്യ കിരണങ്ങളെ
വാരിപ്പുണരുന്ന ഭൂമി
ഇലത്തുമ്പില്‍ അടരാന്‍  മടിക്കുമൊരു
മഞ്ഞിന്‍ കണം
പാതി വിരിഞ്ഞ മൊട്ടിനുള്ളില്‍
തുമ്പിക്കൊരു തേന്‍ കുടം

 ഇതൊന്നും കാണാതെ,
കേള്‍ക്കാതെ,അറിയാതെ
ചടുതിയില്‍ പായുന്നോരെന്റെ
ചേലത്തുമ്പില്‍ പിടിച്ചു നിര്‍ത്തി
കഥ പറയാന്‍ ആഞ്ഞത്
ജീവിതമല്ലാതെ മറ്റാരാണ്‌?

നാളെയാകട്ടെ
ഇന്നോരല്പം ധൃതിയിലാണെന്നു അറിഞ്ഞു കൂടെ ?

വീണ്ടും വഴി തടഞ്ഞു പറയുന്നു ജീവിതം!
എത്ര നാളായി ഒന്നു കണ്ടിട്ട്
മുഖത്തോട് മുഖം നോക്കിയിട്ട്
ഒരു കഥയും കിന്നാരവും പറഞ്ഞിട്ട്
എന്നും കണ്ടിട്ടും കാണാത്ത പോലെ
എങ്ങോട്ടെയ്ക്കാണ് ഈ ഓട്ടം?

Sunday, June 26, 2011

വാക്കിന്റെ വേനല്‍

ഉരുകിയൊലിക്കുന്ന ഹൃദയ വേദനകളെ
മൌനത്തെ കൂട്ട് പിടിച്ചു
നെഞ്ചോടു ചേര്‍ത്ത് വച്ച്
ഒപ്പിയെടുക്കാമെന്ന്,
ആരോടും പറയാതെ
ഉള്ളില്‍ ഒളിപ്പിക്കുന്ന
ഒറ്റപ്പെടലിന്റെ പൊള്ളലുകള്‍
വാക്കുകളുടെ സ്നേഹ മഴയില്‍
കുതിര്‍ത്തു എടുക്കാമെന്ന്,
വേണം വേണം ന്നു
മനസ്സ് ആര്‍ത്തി പിടിക്കുമ്പോളും
ഞാന്‍ അങ്ങനെ ഒന്നുമല്ലെന്ന്
എനിക്കങ്ങനെ തോന്നലുകളെ ഇല്ലെന്ന
നാട്യത്തെയാകെ കൊന്ജലുകളില്‍,
പരിഭവങ്ങളില്‍ അലിയിക്കാമെന്നു
എന്തെല്ലാം തോന്നലുകള്‍ ആയിരുന്നു?
നീ ഒരു സ്വപ്ന ദൂരം
അകലെ ആയിരുന്നപ്പോള്‍!!

കാത്തിരുന്നു കാത്തിരുന്നു
ഒരു വാക്കിന്റെ വേനലില്‍
കരിഞ്ഞുണങ്ങാം എന്ന്
അരികില്‍ വന്ന നിന്നെ
പഠിപ്പിച്ചതും ഞാന്‍ തന്നെയല്ലേ?

എന്‍റെ കഥ,നിന്‍റെയും

                                         രാത്രി വായനയ്ക്കും എഴുത്തിനും ശേഷമുള്ള അല്‍പ നേരത്തെ ഉറക്കത്തിനിടയില്‍ കുടിക്കാനായി കുറച്ചു വെള്ളം ഞാന്‍ എപ്പോളും അരികിലെ ജനല്‍ പടിയില്‍ വച്ചിരുന്നു.അത് വാടക വീടായാലും ഹോട്ടല്‍ ആയാലും അങ്ങനെ തന്നെ.കഥയും കഥാപാത്രങ്ങളും എവിടെയോ പോയി ഒളിച്ച ഒരു കാലത്ത്,കഥയ്ക്കുള്ള എന്‍റെ തപസ്സിനു അനുയോജ്യമായ ഒരിടം ഞാന്‍ തേടി.ഒരു ഹോട്ടലിന്റെ ആഡംബരവും അന്യഥാബോധവും തരാത്ത,മരങ്ങള്‍ നിറഞ്ഞ തൊടിയുള്ള  ആ വീട് എനിക്കിഷ്ടമായി.

                                            ഇവിടെയ്ക്കുള്ള വരവ് ആദ്യമല്ല.പല കാലങ്ങളില്‍ പല സ്വപ്നങ്ങളുമായി വന്നു കൊണ്ടേ ഇരുന്നു.ചെറുപ്പത്തിന്റെ തിളപ്പില്‍ കഞ്ചാവും
 കറുപ്പും പകര്‍ന്ന ആവേശത്തില്‍ വിപ്ലവവും പ്രണയവും ജ്വലിച്ച വരികള്‍ പിറവിയെടുത്തത് ഇവിടെയാണ്.സ്വയം മറന്നു സ്വതന്ത്രനായി ജീവിക്കാന്‍.ഇഷ്ടമുള്ളപ്പോള്‍ ഉണരാനും ഉറങ്ങാനും,വിശക്കുമ്പോള്‍ മാത്രം കഴിക്കാനും കുളിക്കാതെ മുഷിഞ്ഞു നടക്കാനും.താടിയും മുടിയും നീട്ടി വളര്‍ത്തി പ്രാകൃതനാവാനും.എന്തിനേറെ എല്ലാ ഭ്രാന്തുകളും പുറത്തെടുക്കാന്‍ ഒരിടം.എനിക്ക് ഞാനായിരിക്കാന്‍,അതിരുകളും നിയമങ്ങളും ഇല്ലാത്ത ഒരിടം.
 
                                     പണവും പ്രശസ്തിയും നേടി തന്നു കഥകള്‍.പക്ഷെ ചില നേരങ്ങളില്‍ എറിഞ്ഞുടച്ചു കളയാന്‍ തോന്നി ഈ ജീവിതത്തെ.കലയെ വ്യഭിചരിക്കുന്നു,വില്‍ക്കുന്നു എന്ന തോന്നല്‍.കലാകാരന്റെ അസ്തിത്വ ദുഃഖം.അങ്ങനെ ഒരു സാമൂഹ്യ ജീവിയുടെ വേഷം കെട്ടി ആടാന്‍ കഴിയാതെ ഇരുന്നപ്പോളൊക്കെ ഇവിടം അഭയമായി.മുറ്റത്തെ മണലില്‍ ആകാശം നോക്കി ഉറങ്ങി.വെയില്‍ മൂക്കും വരെ പുഴയിലെ വെള്ളത്തില്‍ ഞാനും ഒരു മീനായി നീന്തി തുടിച്ചു.നക്ഷത്രങ്ങളെ കണ്ടു കിടന്നു,മഴയില്‍ നനഞ്ഞൊലിച്ചു.പണം കൈ കൊണ്ട് തൊടാതെ സ്വസ്ഥനായി,ശാന്തനായി.ഈ വീടിനു അപ്പുറം ലോകം ഉണ്ടെന്നു മറന്നു.

                                                  പൂക്കളും മരങ്ങളും നിറഞ്ഞ തൊടിയുടെ മണ്ണിന്റെ ഗന്ധം നുകര്‍ന്ന് ,സ്വസ്ഥനായി ശാന്തനായി ഭൂമിയുടെ നെഞ്ചില്‍ കിടക്കുമ്പോള്‍ ഈ ലോകത്ത് ഒന്നിനും തരാനാവാത്ത തൃപ്തി.കണ്ണടച്ച് കിടന്നു കിളിയുടെ പാട്ട് കേട്ട്..പുറത്തു കുത്തി നോവിക്കാന്‍ നോക്കുന്ന മണല്തരികളോട് കളി പറഞ്ഞു അങ്ങനെ അങ്ങനെ.
ഇവിടെയ്ക്കുള്ള യാത്രകള്‍ എന്നും തനിച്ചായിരുന്നു.ഒരിക്കല്‍ മാത്രം.ഒരിക്കല്‍ മാത്രം അവള്‍ കൂടെ വന്നു.അവള്‍ ആരായിരുന്നു എന്ന് ചോദിച്ചാല്‍ എവിടെ നിന്നോ വന്നു എങ്ങോട്ടെയ്ക്കോ പോയവള്‍.പക്ഷെ ആ ദിവസങ്ങള്‍ക്കു മാന്ത്രിക ശക്തി ഉണ്ടായിരുന്നു.മനസ്സിനും ശരീരത്തിനും പിന്നെ ഒരു പെണ്ണിനെ അറിയണമെന്ന് തോന്നിയിട്ടില്ല.

                                                 ഒരു വൈകുന്നേരം വായനശാലയില്‍ നിന്ന് മടങ്ങും വഴിയാണ് ആ കത്ത് കയ്യില്‍ വന്നു പെട്ടത്.അപരിചിതത്വമില്ലാത്ത,പൊള്ളയായ വാക്കുകളില്‍ മൂടി പോകാത്ത നാല് അഞ്ചു വരികള്‍.

പ്രിയപ്പെട്ട നന്ദാ,

നിങ്ങള്‍ എന്തൊരു മനുഷ്യനാണ്?ഒരു പുസ്തകത്തില്‍ അതെഴുതുന്നവനെ പറ്റി ഒരു കുറിപ്പ് വേണമെന്ന് അറിയില്ലേ.നാലാള്‍ കേട്ടിട്ടില്ലാത്ത അവാര്‍ഡും പ്രത്യേകിച്ചൊന്നും പറയനില്ലേലും സ്വന്തം പേരില്‍ തുടങ്ങിയ വെബ്സൈറ്റ് ലിങ്കും അങ്ങനെ എന്തെല്ലാം പൊങ്ങച്ചങ്ങള്‍ ആണ് ഓരോ പുസ്തകത്തിലും.ഇത്ര ദാര്‍ഷ്ട്യം പാടുണ്ടോ?എന്‍ നന്ദന്‍ എന്ന പേര് മാത്രം.നിങ്ങളെ ഒന്ന് കണ്ടു പിടിക്കാന്‍ ഞാന്‍ പെട്ട പാട്.ഇപ്പോള്‍ തന്നെ ഈ ഇല്ലന്റ്റ് വാങ്ങാന്‍ ചെന്നപ്പോള്‍ പോസ്റ്റ്‌ ഓഫീസില്‍ ഉള്ളവര്‍ അത്ഭുത ജീവിയെ നോക്കുമ്പോലെ!!!എന്നാലും തിരഞ്ഞു തിരഞ്ഞു അവസാനം കിട്ടിയ ഈ മേല്‍വിലാസത്തില്‍ നിങ്ങളുടെ ഈ അഹങ്കാരത്തിന് ഒരു ശകാരം എങ്കിലും അയക്കാതെ എങ്ങനെ?എന്‍റെ അഡ്രസ്‌ താഴെ.സൌകര്യപ്പെട്ടാല്‍ എഴുതു.
സ്നേഹത്തോടെ
വിമല

                                                 നല്ലഭ്രാന്തു തന്നെ.ആരാധനയുടെ,ഇഷ്ടത്തിന്റെ ലാഞ്ചന പോലുമില്ലാത്ത കത്ത്.വായിച്ചു മുഷിഞ്ഞപ്പോള്‍ വീണ്ടുമെടുത്തു  അവളുടെ കത്ത്.നീല നിറമുള്ള കടലാസില്‍ കൂനന്‍ ഉറുമ്പുകള്‍ വരിയിട്ട പോലെ ഭംഗിയുള്ള അക്ഷരങ്ങള്‍.ദൂരെയോ എവിടെയോ ഉള്ള അവളെ വെറുതെ ഓര്‍ക്കാന്‍ ശ്രമിച്ചു.ഭ്രാന്തി.പക്ഷെ അവസാനം ഒരു മറുപടി എഴുതി.അതൊരു തുടക്കമായിരുന്നു.ഈ ഭൂഗോളത്തിലെ സകലതിനെ പറ്റിയും കത്തുകള്‍  എഴുതി,ഞങ്ങളെ കുറിച്ച് ഒഴികെ.

                                             പുതിയ കഥയുടെ ബീജം മനസ്സില്‍ വീണു എന്നെ ഭ്രാന്തിന്റെ പടവുകളിലെയ്ക്ക് കൈ പിടിച്ചു തുടങ്ങിയിരുന്നു.അപ്പോള്‍ അവളുടെ ഒരു കത്തിന് മറുപടിയായി എഴുതി.ഇനി എഴുത്തിന്റെ കാലമാണ്.എനിക്കെന്നെ നഷ്ടമാകും.കഥാപാത്രങ്ങളും അവരുടെ ജീവിത സഞ്ചാരങ്ങളും എന്‍റെ ബോധ മണ്ഡലത്തെ തകര്‍ക്കും.ഒരു ഉന്മാദത്തിന്റെ അവസ്ഥയിലാണ് എന്നില്‍ ഓരോ കഥയും ജനിക്കുക.കുറച്ചു നാള്‍ ഞാന്‍ തനിച്ചിരിക്കാന്‍ പോകുന്നു.പരസ്പരം ശല്യമാകാതെ ഇരിക്കാമെന്ന് ഉണ്ടെങ്കില്‍,താല്പര്യമെങ്കില്‍ ശനിയാഴ്ച വൈകുന്നേരം കാത്തു നില്‍ക്കുക.അര്‍ദ്ധ ബോധാവസ്ഥയില്‍ എഴുതി തീര്‍ത്തു.
                                                 പേനയും പേപ്പറും തോള്‍ സഞ്ചിയിലാക്കി യാത്രക്കൊരുങ്ങി.ഓരോ യാത്രയും എനിക്കൊരു തീര്‍ത്ഥാടനം ആയിരുന്നു.പുതിയ ചിന്തകളും സ്വപ്നങ്ങളുമായി സ്വയം നവീകരിക്കാന്‍.കഥാപാത്രങ്ങള്‍ ഉഴുതു മറിക്കുന്ന മനസ്സ് ഒരിക്കലും പഴയത് പോലെ ആകാറില്ല.കഥാന്ത്യം ജീവിത ഭാണ്ഡങ്ങളും പേറി അവര്‍ കുടിയിറങ്ങുമ്പോള്‍,പുതിയ ഊര്‍ജ്ജവും യൌവനവും എന്നെ തേടി എത്തുന്നു.
                                                          കാത്തു നില്‍ക്കാമെന്ന് പറഞ്ഞിടത്ത്,പാറി പറന്ന മുടിയുമായി ഒരു പെണ്ണ്.ഒന്നിച്ചു ബസില്‍ കയറി.അടുത്തടുത്ത്‌ ഇരുന്നു.മൌനം.മൌനം അതിന്റെ പൂര്‍ണ്ണ നിറവില്‍.വാക്കുകള്‍ കൊണ്ട് അശുദ്ധമാക്കാന്‍ രണ്ടാള്‍ക്കും മടി തോന്നിയിരിക്കണം.ജാലകത്തിനപ്പുറം ഓടി മറയുന്ന കാഴ്ചകളില്‍ കണ്ണുടക്കിയിരുന്നു.ഇടക്കെപ്പോളോ തോളിലേയ്ക്ക്‌ പാറി വീണ മുടിയിഴകള്‍ക്കു പനിനീരിന്റെ ഗന്ധം.
                                                        ചെമ്മണ്‍ പാതയ്ക്കിരുവശമായി ഞങ്ങള്‍ നടന്നു നീങ്ങി.വാക്കുകള്‍ അപ്പോളും അകന്നു നിന്നു.വീടിനുള്ളില്‍ ഞങ്ങള്‍ രണ്ടു ലോകങ്ങളില്‍ ജീവിച്ചു.അവിടെ മറ്റൊരു മനുഷ്യ ജീവി ഉണ്ടെന്നു എനിക്ക് തോന്നിയതെ ഇല്ല.കഥയുടെ ഭ്രാന്തിനെ വരികളില്‍ ഞാന്‍ ഉരുക്കിയെടുത്തു.അവസാന വരിയും കഴിഞ്ഞപ്പോള്‍,മനസ്സ് മെല്ലെ അവളെ തിരഞ്ഞു തുടങ്ങി.പുഴയിലും മണ്ണിലും കാറ്റിലും അലിഞ്ഞു അവളൊരു ചിത്രശലഭം ആയിരുന്നു അപ്പോളേയ്ക്കും..
                                                     ആ മടിയില്‍ ഒരു കുഞ്ഞിനെ പോലെ നക്ഷത്രങ്ങള്‍ കണ്ടു,കഥകള്‍ കേട്ട് ഞാന്‍ കിടന്നു.ആ അനുഭവങ്ങളുടെ മുന്‍പില്‍ എന്‍റെ കഥകള്‍ നാണിച്ചു പോയി.ആത്മാവ് കൊണ്ട് പ്രണയിക്കുന്നവരുടെ ഒന്നാകല്‍ എത്ര മനോഹരമാണ്? നൈമിഷികമായ സുഖങ്ങള്‍ക്ക് അപ്പുറം ജീവിതമാകെ മാറി മറിഞ്ഞു.അവളെന്‍റെ സ്വപ്നങ്ങളില്‍,ചിന്തകളില്‍,സിരകളില്‍,നിശ്വാസങ്ങളില്‍,രക്തത്തില്‍,മജ്ജയില്‍,മാംസത്തില്‍ എല്ലാം അലിഞ്ഞു,നിറഞ്ഞു.ഞാന്‍ അവളും അവള്‍ ഞാനുമായി..സമയവും കാലവും നിലച്ചു പോയ ദിനങ്ങള്‍.സ്വപ്നവും സംഗീതവും ഇഴ ചേര്‍ന്ന ദിനങ്ങള്‍.ഒരു ചാറ്റല്‍ മഴയായി തുടങ്ങി പിന്നീട് ആര്‍ത്തലച്ചു പെയ്തു ഞങ്ങള്‍ പരസ്പരം നിറഞ്ഞു.എനിക്കവളെയോ അവള്‍ക്കെന്നെയോ ഇനിയൊരിക്കലും നഷ്ടമാകാന്‍ കഴിയാത്ത പോലെ.
                                          ഒന്നിനും അനന്തമായി നിലനില്‍ക്കാന്‍ ആവില്ല.മഴവില്ലിനു മായാതെ വയ്യ.ചന്ദ്രനും സൂര്യനും അസ്തമിക്കാതെ തരമില്ല.കാത്തിരിക്കാന്‍ അനേകമനേകം സൂര്യോദയങ്ങളും ചന്ദ്രോദയങ്ങളും ഉണ്ടാകും.എങ്കിലും ഇന്നത്തെ സൂര്യന് അസ്തമിച്ചേ മതിയാവൂ,ഇന്നത്തെ ചന്ദ്രന് വിടപറയാതെ വയ്യ.കാലാതിവര്തിയായി ഒന്നും നിലനില്‍ക്കുന്നില്ല.
                                         യാത്ര പറയാതെ,കണ്ണീര്‍ പൊടിയാതെ കാത്തു നിന്നിടത്തു വച്ച് ഞങ്ങള്‍ പിരിഞ്ഞു.ആത്മാവില്‍ അലിഞ്ഞവര്‍ പിരിയുക എന്നൊന്നുണ്ടോ?സങ്കല്പങ്ങളെക്കാള്‍ അതിഭാവുകത്വം ഉണ്ടാകും ജീവിതത്തിനു എന്ന് പറഞ്ഞത് മാര്‍കൈസ് അല്ലെ.

                                 അവസാന വരി എഴുതി കഴിഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞു.അവള്‍ക്കു കൊടുത്ത വാക്കാണ്‌ തെറ്റിക്കുന്നത്.ഒരിക്കലും കഥയാക്കില്ലെന്നു വാക്ക്,എനിക്കും നിനക്കും മാത്രം സ്വന്തമായതെന്ന വാക്ക്.

Saturday, May 28, 2011

കലാകാരനും പ്രണയവും

കവിയുടെ ആദ്യ പ്രണയം കവിതയോടാണ്
ആവേശം കാവ്യ ഭംഗിയോടും
ലയവും താളവുമായി
ഒന്നാകാന്‍ കൊതിക്കുന്നവള്‍
അവന്‍റെ സങ്കല്പഗോപുരത്തിന്റെ
അടഞ്ഞ വാതിലിനു മുന്നില്‍
കാത്തിരിക്കുക മാത്രം ചെയ്യും

കഥാകാരന്റെ മനസ്സെന്നും
കഥാപാത്രങ്ങള്‍ക്കും
അവരുടെ ജീവിത സഞ്ചാരങ്ങള്‍ക്കും
ഒപ്പം ഉഴറി നടക്കും
അവരുടെ ചിരിയും കണ്ണീരും
നെഞ്ചില്‍ നിറയ്ക്കും
അവരുടെ ഒപ്പം ഓടി തളരും
പ്രണയിനിക്കായി പകുത്തു നല്‍കാന്‍
നിമിഷങ്ങള്‍ എവിടെ?

ചിത്രകാരന്റെ മനസ്സില്‍
മഴവില്‍ നിറങ്ങളാണ്
മനസ്സ് മുഴുവന്‍
ക്യാന്‍വാസിലാക്കാന്‍
കൊതിച്ചുഴലും,
പ്രണയിനിയുടെ മനസ്സ്
അവിടെ വിരിയുന്ന മഴവില്ല്
നോവില്‍ നിറയുന്ന കാര്‍മേഘങ്ങള്‍
പെയ്തൊഴിയുന്ന മഴ
അവളുടെ പുഞ്ചിരി പൂക്കള്‍
അവന്റെ സുഗന്ധം കൊതിക്കുന്ന
അവളുടെ നിശ്വാസം
ഒന്നും കണ്ടെന്നു വരില്ല.

ശില്പ്പിയോ
അവന്റെ ധ്യാനത്തില്‍
സ്ത്രീ സൌന്ദര്യമുണ്ട്
ഓരോ കല്ലിലും
ജീവന്‍ തൊട്ടുണര്‍ത്താനുള്ള
വെമ്പലുണ്ട്
അളവുകളില്‍ പൂര്‍ണ്ണതയുള്ള
അവന്റെ ശില്പങ്ങള്‍ക്ക് മുന്‍പില്‍
പ്രണയിനി തോറ്റു പോകുന്നു
അവളുടെ സ്വപ്നങ്ങളും.