Sunday, July 31, 2011

കുയില്‍ പാട്ടിലൊരു പ്രണയം

സൂഫിസത്തെ പറ്റിയുള്ള ഒരു പുസ്തകം വായിക്കുകയാണ് ഞാന്‍.പലതും തിരഞ്ഞു നടന്നപ്പോള്‍ കയ്യിലെത്തിയ ഒരു പുസ്തകം.അതില്‍ വായിച്ച ജലാലുദ്ദീന്‍ റൂമിയുടെ മനോഹരമായ ഒരു കഥ നിങ്ങളുമായി പങ്കു വയ്ക്കാം എന്ന് കരുതി..കഥ ഇങ്ങനെ ആണ് ..
അനുരാഗി വന്നു പ്രണയിനിയുടെ വാതിലില്‍ മുട്ടി.
"ആരാണ് വാതിലില്‍ മുട്ടുന്നത്?".അകത്തു നിന്ന് പ്രണയിനി ചോദിച്ചു.
"ഇത് ഞാനാണ്,വാതില്‍ തുറക്ക്".അനുരാഗി പറഞ്ഞു.
പക്ഷെ വാതില്‍ തുറന്നില്ല.കാരണമറിയാതെ ദുഖിതനായി അലഞ്ഞ അയാള്‍ വീണ്ടും പ്രതീക്ഷയോടെ വാതിലില്‍ തട്ടി.

"ആരാണ്?"
"ഞാന്‍"
അപ്പോഴും വാതില്‍ തുറന്നില്ല.വേദനയോടെ തിരിച്ചു പോയ അനുരാഗി വാതില്‍ തുറക്കാത്തത്തിന്റെ പൊരുള്‍ തേടി യാത്ര ആയി.അന്വേഷണത്തിനൊടുവില്‍ രഹസ്യം
ആത്മാവില്‍  അറിഞ്ഞ അനുരാഗി പ്രണയിനിയുടെ വാതില്‍ക്കല്‍ ഓടിയെത്തി.
വീണ്ടും പഴയ ചോദ്യം."ആരാണ് വാതിലില്‍ മുട്ടുന്നത്?"
"നീ,നീ തന്നെ ആണിത്" അനുരാഗി പറഞ്ഞു.

വാതില്‍ മലര്‍ക്കെ തുറന്നു.ഇതിനകത്ത് രണ്ടു പേര്‍ക്ക് ഇടമില്ലല്ലോ എന്ന് പ്രണയിനി ഓര്‍മ്മപ്പെടുത്തി.
                                പ്രണയത്തെ പറ്റിയുള്ള നിര്‍വ്വചനങ്ങള്‍ ഓരോരുത്തര്‍ക്കും ഓരോന്നാണ്.ജീവിതത്തിന്റെ പല ഏടുകളില്‍ പലതും നമ്മള്‍ കേട്ടറിയുന്നു,അനുഭവിച്ചറിയുന്നു .എന്തോ ഇത് അതിമനോഹരമായി തോന്നി.അനുരാഗിയും പ്രണയിനിയും ഒന്നാകുന്ന അവസ്ഥ.എത്ര മനോഹരം.

സൌഹൃദവും പ്രണയവും ഒക്കെ തുടങ്ങാന്‍ എളുപ്പമാണ്.മുന്‍പോട്ടു കൊണ്ട് പോകാന്‍ പലപ്പോഴും വിഷമം ആകുന്നു.ഒരാളെ സ്നേഹിക്കുമ്പോള്‍,അയാളുടെ ഗുണങ്ങളെ മാത്രമല്ല ദോഷങ്ങളെയും നമ്മള്‍ ഉള്‍ക്കൊള്ളണം എന്നാണ് പറയുക..ഞാനും നീയും ഒന്നാകുക എന്ന അവസ്ഥ അതിലും എത്രയോ ഉയര്‍ന്നതാണ്.നിന്നെ വിരല്‍ ചൂണ്ടി കുറ്റപ്പെടുത്താന്‍ ഞാന്‍ എന്ന അവസ്ഥ ഇല്ലാതാകുന്നു.ഗുണ ദോഷങ്ങള്‍ നമ്മുടെതാണ്‌..നമ്മുടേത്‌ മാത്രം.

പുസ്തകങ്ങള്‍ വായിച്ചിരിക്കുമ്പോള്‍ അതില്‍ നിന്ന് ചിന്തയിലേക്കും,സ്വപ്നങ്ങളിലെയ്ക്കും വഴുതി വീഴുന്ന പുതിയ ശീലത്തിലാണ് ഞാന്‍.പണ്ട് ഒരു മണിക്കൂര്‍ കൊണ്ട് വായിച്ചു തീരുന്ന പലതും ഇപ്പോള്‍ ദിവസങ്ങള്‍ കൊണ്ട് മാത്രം തീര്‍ക്കാന്‍ കഴിയുന്നതിനു കാരണവും ഇതാണ്.ജീവിതമെന്ന മഹാത്ഭുതം.ഒക്കെ കഴിഞ്ഞു എന്ന് നമ്മള്‍ ചിന്തിക്കുന്നിടത്താകും പലതിന്റെയും തുടക്കം.ദുഖത്തിന്റെ അന്തമില്ലാത്ത കടല്‍ എന്ന് കരുതി മുങ്ങി മരിക്കാന്‍ മനസ്സ് കൊണ്ട് തയ്യാറെടുക്കുമ്പോള്‍ കാല്‍ കീഴില്‍ ഉറപ്പുള്ള മണ്ണ്.ഓരോ നിമിഷവും ജീവിതം പുതിയ പാഠങ്ങള്‍ നല്‍കുന്നു.നഗരത്തിന്റെ തിരക്കില്‍,ജോലിയുടെ ഓട്ടത്തില്‍ എനിക്കെന്നെ നഷ്ടമായി എന്ന് കരുതിയിരുന്ന കാലം ഉണ്ടായിരുന്നു.നഗരമോ ഗ്രാമമോ ഒന്നുമല്ല നമ്മുടെ കണ്ണും കാതും തുറന്നു വച്ചാല്‍ മാത്രം മതി എന്നതാണ് സത്യം..

രാവിലെ ഞങ്ങളുടെ കമ്പനി കോമ്പൌണ്ടില്‍ പ്രണയം നിറച്ച ഒരു കുയില്‍ നാദം കേള്‍ക്കാറുണ്ട്.എത്ര തിരക്കിട്ട് ഓടിയാലും,അത് കേള്‍ക്കുമ്പോള്‍ ഒരു ചെറു പുഞ്ചിരി വിടരും.രണ്ടു വശത്തും നിറഞ്ഞു പൂത്തു നില്‍ക്കുന്ന ഗുല്‍മോഹര്‍ ഒന്ന് കണ്‍ നിറച്ചു കണ്ടു,ഈയിടെ മാത്രം പൂത്തു തുടങ്ങിയ ചെമ്പകത്തില്‍ നിന്നൊരു പൂവ് ഇറുത്തു എടുത്താണ് എന്റെ ദിവസങ്ങള്‍ തുടങ്ങുക.കുറച്ചു ദിവസമായി രാവിലെ കുയില്‍ നാദം കേള്‍ക്കാനില്ല..ആകെ ഒരു അസ്വസ്ഥത.കമ്പനിയുടെ ഗേറ്റ് കടക്കുമ്പോള്‍ ഇന്നെങ്കിലും ..നീ ഇവിടെ എവിടെ എങ്കിലും ഉണ്ടെന്നു അറിഞ്ഞാല്‍ മതി..രണ്ടാമത്തെ ദിവസം ദുഖങ്ങളെ പ്രതിരോധിക്കാനുള്ള മനസ്സിന്റെ സ്ഥിരം തന്ത്രം വന്നു.ഹും ഇത് വല്ലതും ഒരു കാര്യമാണോ.കുയിലിനു വേണമെങ്കില്‍ പാടും ,നൂറു കൂട്ടും പണികള്‍ കിടക്കുന്നു.ആര്‍ക്ക് നേരം ഇതൊക്കെ ശ്രദ്ധിക്കാന്‍.പക്ഷെ അടുത്ത ദിവസം ഗേറ്റ് കടന്ന എന്റെ കാലുകളുടെ വേഗത കുറഞ്ഞു.പൂവിറുക്കാന്‍ താല്പര്യം തോന്നിയില്ല..ചുറ്റുമുള്ള മരങ്ങളിലെയ്ക്ക് എന്റെ കണ്ണുകള്‍ പരതി നടന്നു.എവിടെ ആണ് നീ? ആ സ്വരമൊന്നു കേള്‍ക്കാതെ,എന്റെ മനസ്സ് നോവുന്നു..നിന്റെ പാട്ടൊന്നു മാത്രം എന്റെ പ്രഭാതത്തെ എത്ര മനോഹരമാക്കിയിരുന്നെന്നോ.ഇല്ല കാറ്റിന്റെ ചൂളം കുത്തല്‍ മാത്രം..ഉച്ചക്ക് ഊണിനു ശേഷമുള്ള നടത്തം,കൂട്ടത്തില്‍ ആരെങ്കിലും മരങ്ങള്‍ വെട്ടിയോ എന്നും പുതിയ കെട്ടിടം പണി വല്ലതും തുടങ്ങിയോ എന്നും അന്വേഷിച്ചു ഞാന്‍.

ഒന്നും ഉണ്ടായിട്ടില്ല.പിന്നെ എവിടെ പോകാന്‍ ആണ്.പക്ഷിയല്ലേ.അതിനു എവിടെ വേണമെങ്കിലും പോയ്ക്കൂടെ.ആകാശവും ഭൂമിയും സ്വന്തമായവ.പുതിയ ഇടം തേടിയിരിക്കാം.ആവോ.ഇന്നലെ എന്റെ പിറന്നാള്‍ ആയിരുന്നു.ഗേറ്റ് കടന്നെത്തുമ്പോള്‍ വാശിയോടെ ഒരു കൂവല്‍..ഹാ എന്റെ മനസ്സ് നിറഞ്ഞു.ഇത്ര ദിവസം കേള്‍ക്കാത്തതിന്റെ സങ്കടം മുഴുവന്‍ ഉരുകി പോയെന്നു പറഞ്ഞാല്‍ മതിയല്ലോ.കണ്ണ് നിറഞ്ഞു തുളുമ്പി.എനിക്ക് കിട്ടിയ ഏറ്റവും വില പിടിച്ച പിറന്നാള്‍ സമ്മാനം..ഒരു കൈ കുടന്ന നിറയെ ചെമ്പനീര്‍ പൂക്കള്‍ എന്റെ ഹൃദയത്തിലേക്ക് കോരിയിട്ടൊരു പിറന്നാള്‍ ദിനം..ഇതല്ലേ പ്രണയം..ഇത് മാത്രം..

24 comments:

  1. കഥയെന്നോ അനുഭവമെന്നോ എന്തില്‍ പെടുത്തണം എന്നറിയില്ല..ഒരു കുയില്‍ പാട്ടിനെ ഇത്ര പ്രണയിക്കുമോ എന്ന് അത്ഭുതം തോന്നിയേക്കാം.ജീവിതം മനോഹരമാക്കുന്നത് ഇത്തരം ചെറിയ ചെറിയ സന്തോഷങ്ങള്‍ ആണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

    ReplyDelete
  2. ഒരു മണിക്കൂര്‍ കൊണ്ടു വായിച്ചു തീരുന്ന പുസ്തകങ്ങള്‍ ഇപ്പോള്‍ ദിവസങ്ങളോളം എടുത്താണ് വായിച്ചു തീര്‍ക്കുന്നത്,വളരെ ശരിയാണ്,എഴുത്തും ഇപ്പോള്‍ അതുപോലെയാണ് അല്ലെ, കുയില്‍ പാട്ടില്‍ ഒരു പ്രണയം നന്നായിട്ടുണ്ട്,

    ReplyDelete
  3. റൂമിയും ചെമ്പകവും കുയിലും തിരക്കുപിടിച്ച ജീവിതവും..!! ഹൃദ്യമായ രചന..

    ReplyDelete
  4. If interpretations would get influnced by the comtemporary experiences, the smile on your face and the beat on your heart might become irrational to the world outside.

    ReplyDelete
  5. കുയില്‍ പാട്ടും അതിനൊരു എതിര്‍പാട്ടും...

    ReplyDelete
  6. ഞാനും നീയും ഒന്നെന്ന പ്രണയസങ്കൽ‌പ്പം ഏട്ടിലെ പശുവാണെന്നും അതു പുല്ലുതിന്നില്ലെന്നും കൌമാരക്കാരനല്ലാത്തതിനാൽ എനിക്കു തോന്നുന്നു. കുയിലിന്റെ പാട്ടിൽ ലയിക്കാൻ കഴിയുന്നതുകൊണ്ടു മാത്രം ശ്രീദേവി ധന്യയാണെന്നും.

    ReplyDelete
  7. രനീഷേ - ആദ്യത്തെ കമന്റ്‌ നു സ്നേഹം കേട്ടോ :)

    ശശി,ബിജോയ്,അജിത്‌ - വളരെ സന്തോഷം.

    ശ്രീ മാഷെ- ഈ ലോകത്തില്‍ നമ്മള്‍ അനുഭവിച്ചു അറിയാത്തത് ഒന്നും നിലനില്‍ക്കുന്നില്ല എന്ന് പറയാന്‍ ആകുമോ.സൂഫിസവും അതിലെ പ്രണയ സങ്കല്പവും ഞാന്‍ വായനയിലൂടെ അറിയുന്നതെ ഉള്ളു.പക്ഷെ അത് ഒരു സ്വപ്നം ആണെന്നോ അസംഭവ്യം എന്നോ ഞാന്‍ കരുതുന്നില്ല.കൌമാരക്കാരന്‍ അറിയാത്ത പ്രണയം ചിലപ്പോള്‍ വാര്‍ധക്യത്തില്‍ തിരിച്ചറിയില്ല എന്ന് എന്താണ് ഉറപ്പു.

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. ഞാന്‍ പ്രണയിക്കുന്നു അതുകൊണ്ട് കുയിലേ നീ പാടണം
    എന്‍റെ സങ്കല്പങ്ങളില്‍ നിന്നെ ഞാന്‍ ബിംബവല്‍കരിചിരിക്കുന്നു
    നീ കാക്കകൂട്ടില്‍ മുട്ട ഇടുന്ന കള്ളനാണെങ്കിലും
    നീ എനിക്കുവേണ്ടി പാടണം പക്ഷെ ഞാന്‍ ഉമ്....ഹും

    ReplyDelete
  10. ശരിയാണ്..പതിവായി കേള്‍ക്കുന്ന ശബ്ദം ഏതു പക്ഷിയുടേതാണേലും കേട്ടില്ലെങ്കില്‍ ഒരു വേദനയാണ്. പതിവായി കാണുന്ന ചിലരെ കണ്ടില്ലെങ്കില്‍ മനസ്സിനുമ്ടാകുന്ന വേദന പോലെ. അവരും നമ്മളും ആയുള്ള ബന്ധം. അതേപോലെയാണ് പ്രകൃതിയും നമ്മളുമായുള്ള ബന്ധവും. നമ്മളും പ്രകൃതിയുമായും ബന്ധം വേണം. ഇല്ലെങ്കില്‍ ജീവിതത്തിനെന്തു മധുരം

    ReplyDelete
  11. നീയും ഞാനും ഒന്നാകുന്ന ധന്യത ഒരപൂര്‍വ്വത തന്നെയാണ്. ഞാന്‍ ഈശ്വരനെ ദര്‍ശിച്ചു എന്നു ശ്രീരാമകൃഷ്ണ പരമഹംസര്‍ പറയുമ്പോള്‍ ഉണ്ടാകുന്ന അപൂര്വ്വതയാണ് അത്. സൂഫിസം ഒരു സ്വപ്നമല്ല. അനുഭവമാണ്. ആ അനുഭവത്തിലേക്ക് നാം നടന്നു കയറണമെങ്കില്‍ ഉച്ചയുറക്കത്തിന്റെ ആലസ്യത്തിനു ഒരിക്കലും ആവില്ല. ധ്യാനം എളുപ്പമായ മാര്‍ഗ്ഗമല്ല. പക്ഷേ ഒരിക്കല്‍ സാദ്ധ്യമാകുമ്പോള്‍ അതിനേക്കാള്‍ തൂവല്‍ സ്പര്‍ശമുള്ള മറ്റൊന്നില്ല തന്നെ. പ്രണയം മനുഷ്യ വംശത്തിന്റെ ഉദാത്തമായ അനുഭൂതിയാണ്. അത് വസ്തു നിഷ്ടമല്ല. ആത്മനിഷ്ടമാണ്.

    ReplyDelete
  12. ഏറെ നാൾ കാത്തിരുന്നു കൈവരിക്കുന്ന നേട്ടങ്ങളേക്കാൾ/ ആഗ്രഹസഫലീകരണങ്ങളേക്കാൾ നിർവൃതി പകരുന്നത് പലപ്പോഴും ഇത്തരം കൊച്ചു കൊച്ചു സന്തോഷങ്ങളാണെന്നത് എന്റെയും അനുഭവമാണ്.

    നന്നായെഴുതി ശ്രീ.

    ReplyDelete
  13. ആത്മാവില്‍ തൊടുന്ന വരികള്‍. അവ വായനക്കാരുടെ മനസ്സിനേയും സപ്ര്‍ശിക്കും. ബോധപൂര്‍‌വ്വം വാക്കുകള്‍ കുത്തി നിറച്ച് കാവ്യഭംഗി കൂട്ടാനായി ശ്രമിക്കാതെ, മനസ്സില്‍ നിന്നും ഒഴുകുന്ന വരികള്‍ അതുപോലെ പകര്‍ത്തുന്നു എന്നത് ശ്രീദേവിയുടെ രചനകളുടെ പ്രത്യേകതയാണ്‌. അതാണെന്നെ കൂടുതല്‍ ആകര്‍‌ഷിച്ചിട്ടുള്ളതും.

    ഒരാള്‍ക്ക് നമ്മെ പൂര്‍ണ്ണമായും സമര്‍പ്പിക്കലാണ്‌ യഥാര്‍ത്ഥ പ്രണയം. അപ്പോള്‍ അവിടെ നീയും ഞാനുമുണ്ടാകില്ല. നമ്മള്‍..നമ്മള്‍ മാത്രമേ കാണൂ. പക്ഷേ അനുഭവിക്കാത്തവര്‍ക്ക് പ്രണയം ഒരു സങ്കല്‍പ്പം മാത്രമാണ്‌. തന്റെ പാതിയെ കണ്ടെത്തുന്നുവര്‍ക്കു മാത്രം സാധ്യമാകുന്ന ധ്യാനമാണ്‌ പ്രണയമെന്നു ഞാന്‍ വിശ്വസിക്കുന്നു.

    ReplyDelete
  14. പോസ്റ്റ് നന്നായിട്ടുണ്ട്, കുയിൽ‌പ്പാട്ട് എന്നും സന്തോഷിപ്പിയ്ക്കട്ടെ.

    ReplyDelete
  15. ശ്രീ സ്നേഹം നിറഞ്ഞ ഒരു പിറന്നാള്‍ ആശംസ!
    വൈകിപ്പോയെങ്കിലും.
    പിന്നെ ഈ ചെമ്പകത്തിന്റെ പൂവിറുക്കുമ്പോ സൂക്ഷിക്കണം. ഗന്ധര്‍വന്മാര്‍ താമസിക്കുന്നത് ചെമ്പകത്തിലാണ്!
    ചിലകാര്യങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ ഭാഗമായി മാറുന്നത് ചിലപ്പൊള്‍ നമ്മള്‍ പോലും അറിയാതെ ആയിരിക്കും. നന്നായി എഴുതി..ഇഷ്ടപ്പെട്ടു.

    ReplyDelete
  16. ജലാലുദ്ദീന്‍ റൂമിയില്‍ തുടങ്ങി കുയിലിന്‍പാട്ടുപോലെ പ്രണയത്തെ പകര്‍ത്തി.

    ReplyDelete
  17. ഇഷ്ടമായി ...കുയില്‍ പാട്ട് ആ കഥയും ...അവസാനം ശരിക്കും ഉള്ളിലെവിട്യോ ഒരു കുയില്‍ പാടിയത് പോലെ

    ReplyDelete
  18. പ്രണയത്തെ കുറിച്ച് ധൂമകേതുക്കള്‍ പോലെ എഴുത്തുകള്‍ എവിടേയും കാണാം പക്ഷെ ഈ പ്രേമത്തിന് ഒന്നും ഒരു ആകൃതിയില്ല സമൂഹം ഇന്നും പ്രേമത്തെ ഒരു സംസ്കാരം ആയി അന്ഗീകരിച്ചിട്ടില്ല . .പ്രേമം എന്ത് എന്ന് വളരെ പേര്‍ക്ക് നിശ്ചയം ഇല്ല എന്നതാണ് ഒരു കാര്യം ..ഭാര്യ ഭാര്തക്കമാര്‍ തമ്മില്‍ പ്രേമം ഉണ്ട് എന്ന് പറയുന്ന പതിവ് നമുക്ക് ഇല്ല ,പ്രക്രിതിയോടോ ,പുസ്തകതോടോ ,യാത്രയോടോ ഒന്നും ഈവികാരത്തെ കൂട്ടിപിരിക്കാന്‍ ആരുംശ്രമിക്കാറില്ലദീര്‍ഘകാലത്തെമനുഷ്യന്റെ വളര്‍ച്ചയിലെ ഏറ്റവും ഉത്കൃഷ്ട സിദ്ധിയാണ് പ്രേമം .ഈ ഗുല്‍മോഹറും ,കുയിലും എല്ലാം വെറു കാലഹരണപെട്ട ചിഹ്നം മാത്രം ..പ്രേമത്തിന് വളരാന്‍ പശിമയുള്ള മണ്ണ് വേണം ,അത് തലയിലെ ചെളി ആണ് എന്ന് ധരിച്ചതാണ് പലര്‍ക്കും പറ്റിയ , പറ്റുന്ന കൈ അബദ്ധങ്ങള്‍ ...

    ReplyDelete
  19. .അനുരാഗിയും പ്രണയിനിയും ഒന്നാകുന്ന അവസ്ഥ.എത്ര മനോഹരം........
    മനോഹരം തന്നെ ..ആശംസകള്‍

    ReplyDelete
  20. @Prem
    ഗുല്‍മോഹറും കുയിലും ക്ലീഷേ ആയി എന്നതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു.ഇതൊരു കഥ എന്നതിനേക്കാള്‍ അനുഭവം ആയിരുന്നു.പ്രകൃതിയോടും സ്ഥിരം കേള്‍ക്കുന്ന കുയില്‍ പാട്ടിനോടും തോന്നിയ പ്രണയം കേട്ട് പഴകിയ പ്രണയ വരികളുടെ വഴിയിലൂടെ തന്നെ ആയിരുന്നുവോ? അതില്‍ ഭംഗി വരുത്തുവാനായി ഒരു കഥ സൃഷ്ടിക്കുവനായി ഒന്നും ചേര്‍ത്തിരുന്നില്ല എന്നതാണ് സത്യം.എന്റെ സ്ഥിരം കാഴ്ചകളും റൂമി കഥയും കുയില്‍ പാട്ടും ചേര്‍ത്ത് എഴുതി എന്ന് മാത്രം.നിരാശാജനകമായ ഒരു വായന തന്നതില്‍ വിഷമം ഉണ്ട് ..കൂടുതല്‍ ശ്രദ്ധിക്കാം.

    ReplyDelete
  21. സി.വി.ബാലകൃഷ്ണന്‍റെ ഒരു പുസ്തകത്തിലാണ് റൂമിയുടെ നാലുവരി ഞാന്‍ ആദ്യം വായിക്കുന്നത്.ആ വരികള്‍ ഇങ്ങനെ.
    When I die, lay out of the corpse
    You may want to kiss my lips
    Just beginning to decay,
    Don’t be frightened if I open my eyes
    വര്‍ഷങ്ങള്‍ക്കു മുന്‍പാണെങ്കിലും ഇന്നും മറന്നിട്ടില്ല.പിന്നെ റൂമിയെ തേടിപ്പിടിച്ചു വായിച്ചു.
    എന്നെ കാത്തിരുന്നത്
    വായനാനുഭവങ്ങളുടെ വന്‍കരകള്‍ ആയിരുന്നു.

    നല്ല പോസ്റ്റ്‌ ആണ്.
    നന്നായി എഴുതിയിരിക്കുന്നു.
    സ്നേഹം.
    നന്മകള്‍.

    ReplyDelete
  22. കുയില്‍... പാട്ട്....
    ചെമ്പകം....
    മിസ്സിംങ്ങം....
    പിറന്നാള്....
    സമ്മാനം......
    ഉം ഉം..... ഒക്കേം മനസ്സിലാവണുണ്ട് ട്ടാ.
    ഇത് ലതന്നെ ;) ഇഷ്ടപെട്ടു. എല്ലാം ഇഷ്ടപെട്ടു.

    ഒക്കെ കഴിഞ്ഞു എന്ന് നമ്മള്‍ ചിന്തിക്കുന്നിടത്താകും പലതിന്റെയും തുടക്കം
    പലതും തുടങ്ങണം എന്ന് കരുതുന്നിടത്താകും ഒടുക്കവും. ജാഗ്രതൈ

    ആശംസകള്‍!

    ReplyDelete
  23. ദേവിയുടെ സ്വപ്നങ്ങൾ നന്നായിരിക്കുന്നു..
    ഈ കുയിൽ ഞങ്ങളുടെയരികിലും
    വന്നിരുന്നു.. എന്തിനാണു കൂവിയതെന്നും
    ഞങ്ങൾ ചോദിച്ചു. നല്ല ഭംഗിയുള്ള
    പനീർപ്പൂക്കൾ വിടരും ഭൂമിയിലെ പൂവുകളെ
    കാണാതെ ചായം തേച്ച ഒരു ചോന്ന
    പ്ളാസ്റ്റിക്ക് പൂവും കൈയിലേറ്റി
    "എന്തു സുഗന്ധം, എന്തു സുഗന്ധം"
    എന്നുപറഞ്ഞുനീങ്ങുമൊരു ഹൃദയത്തെകണ്ടു
    സഹിക്കാനാവാഞ്ഞു കൂവിയതാണെന്നാണാ കുയിൽ ഞങ്ങളോടു പറഞ്ഞത്.
    'കുയിൽ പാട്ടിലൊരു പ്രണയം' നന്നായിരിക്കുന്നു.
    നല്ല ഭംഗിയുള്ള ശൈലി..

    ReplyDelete
  24. ആനോണിയെ- സ്വന്തം പേര് വച്ച് എഴുതു മാഷേ..അതല്ലേ ഒരു ലിത്

    പിന്നെ നിങ്ങള് കണ്ട കുയിലിനെയല്ലട്ടോ ഞമ്മള് കണ്ടത്..അത് ബേറെ...

    ReplyDelete