Monday, March 28, 2011

പാവക്കൂത്ത്

                                                നഗരത്തിന്‍റെ ഒരു മൂലയിലാണ് പഴയ ശിവ് മന്ദിര്‍.അവിടെയ്ക്കുള്ള ഊടു വഴിയുടെ ഇരുപുറവും കച്ചവടക്കാര്‍ കയ്യടക്കിയിരുന്നു.വില കുറഞ്ഞ സുഗന്ധ ദ്രവ്യങ്ങളും,ഡ്യൂപ്ലിക്കേറ്റ്‌ വാച്ചുകളും,ഏതെടുത്താലും പത്തു രൂപ കണക്കിന് വില്‍ക്കുന്ന സാധനങ്ങളും കൂടി കിടന്ന വഴിയില്‍,തുറന്ന ഓടകള്‍ക്ക് ഇടയിലൂടെ എല്ലാ ശനിയാഴ്ചയും ഇത്ര തത്രപ്പെട്ടു ക്ഷേത്രത്തില്‍ പോകുന്നത് എന്തിനാണ്?ഇന്നാണെങ്കില്‍ ചാറ്റല്‍ മഴയും കൂടെ പെയ്തതിനാല്‍ വഴിയാകെ ചെളിയും ദുര്‍ഗന്ധവും ആണ്.

                             സാരിയില്‍ ചെളി പറ്റാതിരിക്കാന്‍ അല്പം ഉയര്‍ത്തിപ്പിടിച്ചു വളരെ പതുക്കെയാണ് നടന്നത്.റിടയര്‍മെന്റിനു ശേഷമുള്ള ശീലങ്ങളില്‍ ഒഴിവാക്കാന്‍ ആവാത്ത ഒന്നായിരിക്കുന്നു ഈ ക്ഷേത്ര ദര്‍ശനം.അതിനു സത്യത്തില്‍ എന്റെ ഈശ്വര വിശ്വാസവുമായി വലിയ ബന്ധമില്ല.മക്കളുടെയും കൊച്ചു മക്കളുടെയും
ഇഷ്ടത്തിന് മാത്രം ചലിക്കുന്ന പാവയായിരിക്കുന്നു താന്‍.അതില്‍ നിന്നുള്ള രക്ഷപെടല്‍ ആണ് ഈ യാത്രകള്‍ ഒക്കെ.സ്ത്രീ ആകുമ്പോള്‍ പുറത്തേയ്ക്കുള്ള യാത്രയ്ക്ക് എപ്പോളും കാരണങ്ങള്‍ ഉണ്ടാവണം.പ്രായമാകുമ്പോള്‍ അസ്വാതന്ത്ര്യത്തിന്റെ ചരടുകള്‍ വീണ്ടും മുറുകുന്നു

" അമ്മ ഈ നേരത്ത് എങ്ങോട്ടേക്ക് ആണ് ?"
"ലൈബ്രറി വരെ "
"ഓ ഇനിയിപ്പോള്‍ അതിന്റെ കുറവാണു.ഇവിടെ എന്തെല്ലാം പുസ്തകങ്ങള്‍ ഇരിക്കുന്നു.അതൊക്കെ വായിച്ചു കഴിഞ്ഞോ?"

                                 പുസ്തകങ്ങളുടെ കാര്യത്തില്‍ പോലും സ്വന്തമായി ഇഷ്ടങ്ങള്‍ പാടില്ല എന്നാണോ?അല്ലെങ്കില്‍ തന്നെ ലൈബ്രറി എന്നാല്‍ എനിക്ക് പുസ്തകങ്ങള്‍ തിരയാന്‍ ഒരിടം മാത്രമല്ല.പുതിയ മുഖങ്ങള്‍ കാണാനും പരിചയപ്പെടാനും സംസാരിച്ചിരിക്കാനും ഒരിടം കൂടെ ആണ്.അല്പം നടന്നാല്‍ എത്തുന്ന ഉടുപ്പി ഹോട്ടലില്‍ നിന്ന് ചൂടോടെ ഒരു മസാല ദോശയും ചായയും.ചെറുപ്പ കാലത്ത് ഒരു കൂട്ടില്ലാതെ പുറത്തേയ്ക്ക് ഇറങ്ങുകയോ ഒരു നാരങ്ങ വെള്ളം കുടിക്കുകയോ പോലും ചെയ്യാതിരുന്ന ഞാന്‍ ഇപ്പോള്‍ എത്ര മാറി.ചെറിയ ചെറിയ ഇഷ്ടങ്ങള്‍ സാധിക്കാന്‍ ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കേണ്ടതില്ല എന്ന്  പഠിച്ചത് എത്ര വൈകി ആണ്?

                                       ഭീമാകാരമായ ഈശ്വര പ്രതിമകള്‍ ഉണ്ടാക്കുന്നതിനു പിന്നിലെ വികാരം എന്താണ്? നമ്മളെക്കാള്‍ വളരെ വലുതാണ്‌ ഈശ്വരന്‍ എന്ന ബോധം ഉണ്ടാക്കാനോ?അതോ ഉള്ളില്‍ ഒരു ഭീതി ജനിപ്പിക്കാനോ? ആവോ അറിയില്ല.എന്‍റെ മനസ്സിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഒക്കെ ഗൂഗിളിനോടാണ് ചോദിക്കുക.കൃത്യമായ ചോദ്യം ഉന്നയിക്കാഞ്ഞത് കൊണ്ടാവാം ഗൂഗിളും ഉത്തരമൊന്നും തന്നില്ല.കളഞ്ഞു പോയ സൌഹൃദങ്ങള്‍ മുതല്‍ എന്‍റെ കൊഴിഞ്ഞു പോയ സ്വപ്നങ്ങളെ വരെ ഗൂഗിളില്‍ തിരയുന്നത് ഒരു ശീലമായിരിക്കുന്നു.ഈ വിശാലമായ വലയ്ക്കുള്ളില്‍ എല്ലാം അടങ്ങുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ടോ? ചില നേരങ്ങളില്‍ ഗീതു എന്ന എന്‍റെ ഓമനപ്പേര് പോലും ഞാന്‍ ഇതില്‍ തിരയാറുണ്ട്.അപ്പോള്‍ എത്ര ഗീതുമാരെ ആണ് കാണുന്നതെന്നോ?ഞാന്‍ കാണാത്ത,കേള്‍ക്കാത്ത,ഒരേ പേര്‍ പങ്കിടുന്നു എന്ന ഒറ്റ കാരണത്താല്‍ അടുപ്പമുള്ള ഇഴകള്‍.

                                  ചിന്തകളുടെ ഒപ്പം ഒഴുകിയത് കൊണ്ടാവാം ക്ഷേത്രത്തില്‍  എളുപ്പമെത്തി.വഴിയിലെ ദുര്‍ഗന്ധവും കച്ചവടക്കാരുടെ വിലപേശലും ഒന്നും ഞാന്‍ അറിഞ്ഞതേയില്ല.അല്ലെങ്കിലും മനസ്സിന്റെ ശക്തി അപാരമല്ലേ.അതൊന്നു കൊണ്ട് മാത്രം ഏതു ദുരിത ദുഖത്തിലും ഒന്നുമറിയാതെ മുന്‍പോട്ടു പോകാമല്ലോ.മരുഭൂമിയില്‍ വരണ്ടുണങ്ങുമ്പോളും,ദൂരെ ഉള്ളൊരു മഴത്തുള്ളിയെ പ്രണയിച്ചു കരിഞ്ഞു വീഴാതെ ജീവിക്കാം.ആള്‍ക്കൂട്ടത്തിലും തനിയെ കടല്‍ കാറ്റ് ആസ്വദിച്ചു നടക്കാം,നിലാവില്‍ അലിയാം.അങ്ങനെ എന്തെല്ലാം.ഇതൊക്കെ എനിക്ക് പഠിപ്പിച്ചു തന്ന ആള്‍ എവിടെ ആണ്?ജീവിതമെന്ന നിലയ്ക്കാത്ത ഒഴുക്കില്‍ അതെല്ലാം ഒലിച്ചു പോയിരിക്കുന്നു.നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒന്നും യാദൃശ്ചികമല്ല.കടന്നു വരുന്ന ഓരോ  വ്യക്തിക്കും ഒരു  ഉദ്ദേശമുണ്ട്.പരസ്പരം പഠിക്കാനും അറിയാനും പലതും ഉണ്ട്. എവിടെ നിന്നോ വന്നു എങ്ങോട്ടെയ്ക്കെന്നു യാത്ര പറയാതെ പോയ അദ്ദേഹവും അങ്ങനെ പലതും പഠിപ്പിച്ചു.

                                വഴിപാടുകള്‍ നടത്തുന്ന ശീലമില്ലാത്തത് കൊണ്ട് ക്യു നില്‍ക്കാതെ,തിക്കിലും തിരക്കിലും പെടാതെ നടന്നു.അപ്പോള്‍ ദാ തൊട്ടു മുന്‍പില്‍ ഒരു കൊച്ചു മിടുക്കി.ഒരു മകള്‍ പിറക്കാതെ പോയതിന്റെ നോവും നഷ്ടബോധവും ആണോ?അതോ ദൂരെ എവിടെയോ ഉള്ള ഞാന്‍ കാണാത്ത എന്‍റെ മാനസപുത്രിയെ ഓര്‍ത്തുള്ള നോവോ.എന്തായാലും പെണ്‍കുട്ടികളെ എന്നും ഇഷ്ടമായിരുന്നു.ചന്തത്തില്‍ ഒരുങ്ങി അമ്മയുടെ കയ്യില്‍ തൂങ്ങി നടക്കുന്ന പൂമൊട്ടുകള്‍.വാലിട്ടു കണ്ണെഴുതിക്കാനും പൊട്ടു തൊടുവിക്കാനുമൊക്കെ ഞാന്‍ എത്ര കൊതിച്ചെന്നോ?
            
                                 പക്ഷെ ഇവള്‍ ഇത്തിരി കൂടുതല്‍ ഒരുങ്ങിയിട്ടില്ലേ?ചുണ്ടുകളില്‍ ചായം പുരട്ടി ചുവപ്പിച്ചിട്ടുണ്ട്.കവിളില്‍ ഇല്ലാത്തൊരു നാണം വിരിയിക്കാന്‍ ആരോ ശ്രമിച്ചത് പോലെ.ഒതുക്കമില്ലാത്ത മുടി പാറി കളിക്കുന്നു.ഹൈ ഹീല്‍ ചെരിപ്പും ആവശ്യത്തില്‍ കൂടുതല്‍ ഇറുകിയ വേഷവും ഒരു കൊച്ചു കുട്ടിയെന്നതിലേറെ വിളിച്ചു പറയുന്നു.മാധ്യമങ്ങള്‍ ആണോ എന്തിനെയും ഏതിനേയും  സംശയത്തോടെ മാത്രം കാണാന്‍ പഠിപ്പിച്ചത്.

                                        നമ്മുടെ നാട്ടിലെ പോലെയല്ല.ഇവിടെ ദൈവങ്ങളെ തൊടാം.സ്റ്റെപ് കയറി തുടങ്ങിയപ്പോള്‍ ആരോ കയ്യിലൊരു ചരട് തന്നു.ഇവിടുത്തെ ശിവന്റെ കയ്യില്‍ ചരട് കെട്ടി എന്ത് പ്രാര്‍ഥിച്ചാലും നടക്കുമെന്നാണ്.എനിക്ക് ചോദിക്കാന്‍ ഒന്നുമില്ല.ജീവിതത്തെ അതിന്റെ വഴിക്ക് വിടുന്നതാണ് നല്ലത്.ഈ നിമിഷം സുഖമായാലും ദു:ഖമായാലും അതിനെ സ്വീകരിച്ചു അനുഭവിക്കുക.ഒന്നിനോടും എതിര്‍പ്പില്ല.ആ നിമിഷത്തിനപ്പുറം അതിനെ മനസ്സില്‍ വയ്ക്കാതെയുമിരിക്കണം.ആരെങ്കിലും തറപ്പിച്ചൊന്നു നോക്കിയാല്‍ കണ്ണ് നിറച്ചിരുന്ന തൊട്ടാവാടിയില്‍ നിന്ന് ഇതിലേയ്ക്ക് തന്നെ മാറ്റിയെടുത്തത് ജീവിതമെന്ന മഹാത്ഭുതം അല്ലാതെ എന്താണ്.ശിവനെ ഒന്ന് വലം വച്ച്,കണ്ണടച്ചു.ഭഗവാനെ.ഇടനാഴി കടന്നു ഭജന മണ്ഡപത്തില്‍ എത്തി.

ആളുകള്‍ ശാന്തരായി ഇരിക്കുന്നു.കുറെ പേര്‍ ഭജനയില്‍ അലിഞ്ഞു ഉറക്കെ ഉറക്കെ പാടുന്നുണ്ട്.അലസ ഭാവത്തോടെ ചുറ്റുപാടും ഉള്ളവരെ നോക്കിയിരിക്കുന്നവരും,കണ്ണടച്ചു സ്വന്തം ലോകത്തില്‍ മുഴുകി ഇരിക്കുന്നവരും ഒക്കെ ഉണ്ട്.ദീപാരാധനയുടെ നേരമായി.പ്രാര്‍ത്ഥനയും മണിയടിയും ഉച്ചസ്ഥായിയില്‍ ആയി.ഭക്തി ജനിപ്പിക്കാന്‍ ഇങ്ങനെ ഉള്ള അന്തരീക്ഷം വേണമോ?ഈശ്വരനെ അറിയുക എന്നാല്‍,നമ്മളെ തന്നെ അറിയുക എന്നല്ലേ.ഞാനും നീയും രണ്ടല്ലെന്ന അറിവ്.ജീവിതത്തിന്റെ അന്ത്യപാദത്തില്‍ എങ്കിലും ഈ അറിവിലേയ്ക്ക് കണ്‍തുറക്കാന്‍ കഴിഞ്ഞല്ലോ.
                                        അന്തരീക്ഷത്തില്‍ കര്‍പ്പൂരത്തിന്റെ ഗന്ധം.അടുത്തിരിക്കുന്ന നോര്‍ത്തി കുട്ടിയുടെ കണ്ണുകള്‍ സജലങ്ങളാണ്.ഓം നമശിവായ ഓം നമശിവായ.അവള്‍ ജപിച്ചു കൊണ്ടേ ഇരുന്നു.പ്രസാദ വിതരണവും കഴിഞ്ഞു.ആളുകള്‍ കൊഴിഞ്ഞു കൊണ്ടേ ഇരുന്നു.എനിക്ക് മടങ്ങാന്‍ തോന്നിയില്ല.വെറുതെ ഇങ്ങനെ ഒന്നും ചെയ്യാതെ ഒന്നും ചിന്തിക്കാതെ ഇരിക്കണം.ഒന്‍പതു മണി കഴിയുന്നു.ഇനിയും വൈകിയാല്‍ ചോദ്യങ്ങള്‍ കൂടും.എണീറ്റ്‌ മെല്ലെ നടന്നു.
         കടകള്‍ മിക്കതും അടച്ചു തുടങ്ങി.ഇരുള്‍ വീണ വഴിയില്‍ മെല്ലെ നടന്നു.മുകളില്‍ നക്ഷത്രങ്ങളും നിലാവും.നിന്നെ ഓര്‍മ്മിക്കാന്‍ എന്നെ കുളിര്‍ന്നു നില്‍ക്കുന്ന ഈ നിലാവ് മാത്രം മതി.നീ അറിയുന്നുവോ എന്‍റെ മനസ്സ്.കടമകളുടെ ബന്ധനത്തില്‍ അകപ്പെട്ടു പോയ എന്‍റെ പ്രിയ സ്വപ്നമേ,എന്‍റെ ജീവനും തേജസ്സുമായി കൂടെയുണ്ട് ആ ഓര്‍മ്മകള്‍.ഒരു നഷ്ടബോധവും ബാധിക്കാതെ, എന്‍റെ ജീവനായി കരുത്തായി എന്നില്‍ അലിഞ്ഞു ചേര്‍ന്ന്. നീ പകര്‍ന്നു തന്ന സ്നേഹ സ്വപ്‌നങ്ങള്‍ എന്‍റെ വഴിയില്‍ വെളിച്ചമാകുന്നു.ഒറ്റയ്ക്കാകാന്‍ ഒരിക്കലും അനുവദിക്കാതെ കാതോടു ചേര്‍ന്ന് സ്വകാര്യം പറഞ്ഞു കൂടെ കൂടുന്നു.ഹാ ജീവിതം എത്ര മനോഹരം എന്നെന്നെ കൊണ്ട് ചിന്തിപ്പിക്കുന്നു.

                         ബസ്‌ സ്റ്റോപ്പില്‍ ആള്‍തിരക്കില്ല.സ്ത്രീകള്‍ കുറവാണ്.പക്ഷെ പേടിക്കാനില്ല.നാട്ടിലെ പോലെ പിച്ചലും
തോണ്ടലും ഒന്നും ഒരിക്കലും ഇവിടെ ഉണ്ടായിട്ടില്ല.സ്റ്റോപ്പ്‌ന്റെ ഇരുള്‍ പറ്റി ആ കൊച്ചു പെണ്‍കുട്ടിയും മറ്റു ചിലരും.ആകാംക്ഷ അടക്കാന്‍ ആയില്ല.അവിടെ ഒരു വില പേശല്‍ ആണ്.

"മാല്‍ നയാ ഹേ തോ സ്യാദ ദേന പടെഗാ നാ?
 ഇസ്ക ഉമര്‍ തോ സോചോ.സോചോ ജല്‍ദി സോചോ.
പൈസ നഹിന്‍ ഹേ തോ ചോട് ദോ സാബ്
ഇസ്സെ അച്ഛാ കസ്റ്റമര്‍ മിലേഗ ഹമേ"

കൂടുതല്‍ കേള്‍ക്കാന്‍ ആവാതെ കാതുകള്‍ അടഞ്ഞു.എന്‍റെ കണ്ണുകള്‍ അവളുടെ മുഖത്ത് തറഞ്ഞിരുന്നു.ബാല്യത്തിന്റെ നിഷ്കളങ്കതയോ കൌമാരത്തിന്റെ കൌതുകമോ ഒന്നും ഇല്ലായിരുന്നു അവിടെ.ഭയം തീരെയും ഉണ്ടായിരുന്നില്ല.പാവക്കൂത്തുകാരന്റെ കയ്യിലെ ചരടിനോപ്പം ആടിതിമിര്‍ക്കുന്ന പാവയുടെ മുഖ ഭാവം മാത്രം.അതിനപ്പുറം ഒന്നുമില്ല.അവളുടെ മുഖത്തെ കൂസലില്ലായ്മ എന്നെ ഭയപ്പെടുത്തി.

കാലങ്ങള്‍ക്കപ്പുറം നിന്ന് പോയ,എന്നെ മാസാമാസം മുള്‍മെത്തയില്‍ കിടത്തുന്ന ആ വേദന.വേദന കൊണ്ട് കുനിഞ്ഞു പോയി ഞാന്‍.മകളെ നീ പിറക്കാതിരുന്നത് എത്ര നന്നായി.അല്ലെങ്കില്‍ തന്നെ അവിടെ നില്‍ക്കുന്ന പാവക്കുട്ടിയും ഒരു മകള്‍ അല്ലെ? എന്‍റെ ഗര്‍ഭപാത്രത്തില്‍ ഞാന്‍ വഹിച്ചില്ല എന്നത് കൊണ്ട് മാത്രമാണോ ഞാന്‍ ഇവിടെ നിസ്സഹായായി കാഴ്ചക്കാരിയായി നില്‍ക്കുന്നത്.നിന്റെ കയ്യും പിടിച്ചു ഈ ഭൂമിയുടെ അറ്റം വരെ ഓടാന്‍ ഉള്ള ധൈര്യം എനിക്കില്ലാതെ പോയത് എന്താണ് മകളെ.എന്‍റെ മാതൃത്വം എത്ര വില കുറഞ്ഞതാണ്.എന്‍റെ മുന്‍പില്‍ നീ വിലപേശപ്പെടുമ്പോള്‍,ആള്‍ക്കൂട്ടത്തില്‍ ഒരുവളായി, അന്യയായി ബസ്‌ പെട്ടന്ന് വരുവാന്‍ പ്രാര്‍ഥിച്ചു ഞാനും നില്‍ക്കുന്നതെന്തേ? 

31 comments:

  1. മാല്‍ നയാ ഹേ തോ സ്യാദ ദേന പടെഗാ നാ?
    ഇസ്ക ഉമര്‍ തോ സോചോ.സോചോ ജല്‍ദി സോചോ.
    പൈസ നഹിന്‍ ഹേ തോ ചോട് ദോ സാബ്
    ഇസ്സെ അച്ഛാ കസ്റ്റമര്‍ മിലേഗ ഹ

    കൊള്ളാം നല്ല വില കിട്ടും.
    ഞാനാണല്ലേ ആദ്യം.
    ശരി യാണ് വയസ്സായിക്കഴിഞ്ഞാല്‍ എവിടെ പോയാലും ആരോടൊക്കെ ഉത്തരം പറയണം. ഞാനും എപ്പോഴും ഇതു ചിന്തിക്കും. റിട്ടേഡായാല്‍ എവിടേലും ഒന്നു പോണേല്‍ എന്തു ചെയ്യും എന്ന്. നല്ല കഥ. നന്നായി പറഞ്ഞു.

    ReplyDelete
  2. "പ്രായമാകുമ്പോള്‍ അസ്വാതന്ത്ര്യത്തിന്റെ ചരടുകള്‍ വീണ്ടും മുറുകുന്നു." വളരെ ശരി. വളരെ നല്ല എഴുത്ത്.
    ആ വിലപേശല്‍ ആരെയാണ് ഭയപ്പെടുത്താത്തത്? ആ അമ്മയുടെ കഥയും കദനവും ശ്രീദേവിയുടെ കഥനവും ഹൃദയത്തില്‍ തട്ടി.

    ReplyDelete
  3. माल ताज़ा है थो दाम भी ज्यादा देना पड़ेगा.पर आप ऐसा लिखके हमारा दिल पर ही वार किया.आपका कलम थाल्वार से भी तेज़ है .धन्यवाद.വളരെ ഇഷ്ടപ്പെട്ടു.ഹൃദയത്തില്‍ തറയ്കുന്ന ശൈലി.

    ReplyDelete
  4. ശ്രീദേവിയുടെ രചനാശൈലി കൊള്ളാം.ഒരു നല്ല പോസ്റ്റ്.

    ReplyDelete
  5. ചെറിയ ചെറിയ വാചകങ്ങള്‍ ,ചിന്താഗതിക്കു വിഘ്നം വരാത്ത പ്രതിപാദനം ഇവയാണ് ശ്രീജയുടെ ഭാഷ രീതിയുടെ സവിശേഷതകള്‍ ,സംഭാഷണ രീതിക്ക് വളരെ സ്വാഭാവികത കാണുന്നുണ്ട് .സാമുദായിക പ്രശ്നങ്ങള്‍ പറ്റി കഥ എഴുതുക എന്ന് പറഞ്ഞാല്‍ തൊഴിലാളി ,പട്ടിണി ,മര്‍ദ്ദനം ,എന്നീ വിഷയങ്ങള്‍ ആണ് സാധരണ മനസ്സില്‍ വരുന്നേ എന്നാല്‍ സമ കാലീന സാമുഹ്യ പ്രശ്നം ആയ വാര്‍ധക്യ ജീവിതം ,പെണ്‍കുട്ടികള്‍ടെ സാമൂഹ്യ അവസ്ഥ എന്നി കാര്യം പറയുമ്പോള്‍ വലിയ വികാര നദികള്‍ കുത്തി പാഞ്ഞു ഒലിച്ചു വലിയ ബഹളം ഉണ്ടാകുന്നില്ല എങ്കിലും അതിന്റെ പാടുകള്‍ കാണുന്നുണ്ട് .ഇരുവശങ്ങളിലെ തരുലതാതികളില്‍ അതിലെ ജലത്തിന്റെ അനുഗ്രഹവും ..

    ReplyDelete
  6. എല്ലാവരും തിരക്ക്‌ പിടിച്ച് തിക്കിതിരക്കുമ്പോള്‍ അതിനിടയില്‍ കാണുന്നതിനെ കണ്ടാലും കാണാതെ തിരിഞ്ഞു നടക്കാന്‍ പഠിച്ചിരിക്കുന്ന മനുഷ്യര്‍. അല്ലെങ്കില്‍ തന്നെ ഒറ്റയ്ക്ക് എന്തെങ്കിലും മിണ്ടാന്‍ പോലും ഭയം എറിയിരിക്കുന്നു.
    വളരെ ലളിതമായി ഒരു സ്വകാര്യം പോലെ കഥ കടന്നു പോയി.

    ReplyDelete
  7. ഏറെ ഇഷ്ടമായി കഥ. വളരെ ക്രൂരമായൊരു വിലപേശലിന്റെ കഥയായിട്ടു കൂടി ഒതുക്കം നിലനിർത്തി, മന്ത്രിക്കും പോലെ, കഥാനായികയുടെ സ്വഭാവത്തിനിണങ്ങും പോലെ, പറഞ്ഞു. ലൈബ്രറിയിൽ പോകുന്നതിൽ പോലും ഈർഷ്യ കാണിക്കുന്ന പുതിയ തലമുറയുടെ സങ്കുചിതത്വം. ഭയപ്പെടുത്തുന്ന ആ വ്യാപാരം- ഒന്നുകൂടെ പറയട്ടേ, ഏറെ ഇഷ്ടമായി കഥ

    ReplyDelete
  8. ഒട്ടേറെ ചിന്തകളിലൂടെ ജീവിതത്തിന്റെ സമസ്യകളിലൂടെ കഥ ഒഴുകി പടരുന്നു. വളരെ നാളുകള്‍ക്കുശേഷം ശ്രീ എഴുതിയ ഈ കഥ മനോഹരമായിരിക്കുന്നു. വാര്‍ധക്യത്തിന്റെ ഒറ്റപ്പെടല്‍ ജീവിതത്തിന്റെ അര്‍ത്ഥമാനങ്ങളെ മാറ്റിമറിക്കുന്നു. വിശദീകരണങ്ങളില്‍ കഥാകാരി സ്വീകരിക്കുന്ന ശ്രദ്ധയാണ് ഈ കഥയുടെ നാഡി.

    ReplyDelete
  9. ഞെട്ടിപ്പോയി.......എന്തൊരു വാചകങ്ങളാണ്!
    എത്ര ക്രൂരമായ സത്യങ്ങളാണ്!

    കഥ നന്നായിരിയ്ക്കുന്നു. അഭിനന്ദനങ്ങൾ

    ReplyDelete
  10. എനിക്കിഷ്ടായി ഈ കഥ. ലളിതമായ വരികൾ.

    ReplyDelete
  11. കഥ എങ്ങോട്ടാണെന്നു സംശയിച്ചു.

    നല്ലയെഴുത്ത്‌.
    വാർദ്ധക്യ കാലത്തെ വിരസതയും, ഏകാന്തതയും ..പിന്നിലേക്കോടി പോകുന്ന ഓർമ്മകളും.. നന്നായി.

    ReplyDelete
  12. കിടു. ചിന്തോദ്ദീപകമായ വരികള്‍. ഗൂഗിളിനു ദൈവത്തിന്റെ പരിവേഷം നല്കിയതും, സംശയത്തോടെ വീക്ഷിക്കാന്‍ പഠിപ്പിച്ച മാധ്യമങ്ങളെപ്പറ്റി സൂചിപ്പിച്ചതും വളരെ പ്രസക്തമായ കാര്യങ്ങള്‍. ഇത് പോലുള്ള സുനാമികള്‍ ഇനിയും പ്രതീക്ഷിക്കുന്നു. :-)

    ReplyDelete
  13. Nice One...
    അല്ലേലും ഈ ലോകത്ത് പവക്കൂതുകാരാണല്ലോ കൂടുതല്‍.. ആരെങ്കിലും ഒക്കെ ഈ conditioningil നിന്നും രകഷപെട്ടു പോയാല്‍ അവന്‍ ബുദ്ധനും, യേശു ക്രിസ്തുവും ഒക്കെ ആയി പോകും.. :)

    ReplyDelete
  14. എത്ര ലളിതമായാണ് കഥ പറഞ്ഞിരിക്കുന്നത്!! അമ്പ്‌ പോലെ തറയ്ക്കുന്ന വാക്കുകള്‍. ഈ വരികള്‍ ഒത്തിരി ഇഷ്ടമായി -
    "അല്ലെങ്കിലും മനസ്സിന്റെ ശക്തി അപാരമല്ലേ.അതൊന്നു കൊണ്ട് മാത്രംഏതു ദുരിത ദുഖത്തിലും ഒന്നുമറിയാതെ മുന്‍പോട്ടു പോകാമല്ലോ. മരുഭൂമിയില്‍ വരണ്ടുണങ്ങുമ്പോളും,ദൂരെ ഉള്ളൊരു മഴത്തുള്ളിയെ പ്രണയിച്ചു കരിഞ്ഞു വീഴാതെ ജീവിക്കാം.ആള്‍ക്കൂട്ടത്തിലും തനിയെ കടല്‍ കാറ്റ് ആസ്വദിച്ചു നടക്കാം,നിലാവില്‍ അലിയാം.അങ്ങനെ എന്തെല്ലാം"

    ചേച്ചിയുടെ കവിതകളും എനിക്കിഷ്ടമാണ് കേട്ടോ.

    ReplyDelete
  15. ശ്രീയുടെ നിരീക്ഷണങ്ങൾ ഇഷ്ടമായി, കൂടെ രചനശൈലിയും! ഇനിയും എഴുതൂ, വായിക്കുവാൻ ഞങ്ങളുണ്ട്

    - സസ്നേഹം
    സന്ധ്യ

    ReplyDelete
  16. Yet again another genius creation. :) I love your way of thinking and writing!

    ReplyDelete
  17. ശക്തമായ വിഷയം. ലളിതമായ ഭാഷ. വായനക്കാരെ പിടിച്ചിരുത്താനും, ചിന്തിപ്പിക്കാനും കഴിയുന്ന രീതിയിലുള്ള രചന. ഇതൊക്കെ നല്ലൊരു എഴുത്തുകാരിക്കെ കഴിയൂ. അഭിനന്ദനങ്ങള്‍.

    ReplyDelete
  18. ഈ ശിവമന്ദിർ ആ ഫോക്ക്സ് മാളിന്റെ അപ്പുറത്താണോ.. ?

    അവിടെ ഓരോ തവണ കൈകൂപ്പാനും കാശ് കൊടുക്കണ്ടെ..എക്സിബിഷൻ ഹാളിലെ എന്റ്രി പോലെ..:)

    ReplyDelete
  19. ശ്രീക്കുട്ടീ.. പക്വമായ ശൈലി... തന്മയത്വമായ അവതരണം... തീവ്രമായ ഒരു ആശയത്തെ ലോപമായ ജീവിതത്തിന്റെ ഏടുകളില്‍ നിസ്വാര്‍ത്ഥമായി ചാലിച്ച് അതിശക്തമായ പര്യവസാനം പകരുക.....ഒരു എഴുത്തുകാരിയുടെ പൂര്‍ണ്ണത കൈവന്നു.... കഥയെങ്കിലും , ഹ്രുദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് വായനക്കാരന്റെ മനം കവരുവാന്‍ ശ്രീക്കുട്ടിക്കായി....
    ---------------------------
    "റിടയര്‍മെന്റിനു ശേഷമുള്ള ശീലങ്ങളില്‍ ഒഴിവാക്കാന്‍ ആവാത്ത ഒന്നായിരിക്കുന്നു ഈ ക്ഷേത്ര ദര്‍ശനം.അതിനു സത്യത്തില്‍ എന്റെ ഈശ്വര വിശ്വാസവുമായി വലിയ ബന്ധമില്ല.മക്കളുടെയും കൊച്ചു മക്കളുടെയും
    ഇഷ്ടത്തിന് മാത്രം ചലിക്കുന്ന പാവയായിരിക്കുന്നു താന്‍.അതില്‍ നിന്നുള്ള രക്ഷപെടല്‍ ആണ് ഈ യാത്രകള്‍ ഒക്കെ.സ്ത്രീ ആകുമ്പോള്‍ പുറത്തേയ്ക്കുള്ള യാത്രയ്ക്ക് എപ്പോളും കാരണങ്ങള്‍ ഉണ്ടാവണം.പ്രായമാകുമ്പോള്‍ അസ്വാതന്ത്ര്യത്തിന്റെ ചരടുകള്‍ വീണ്ടും മുറുകുന്നു
    " അമ്മ ഈ നേരത്ത് എങ്ങോട്ടേക്ക് ആണ് ?"
    "ലൈബ്രറി വരെ "
    "ഓ ഇനിയിപ്പോള്‍ അതിന്റെ കുറവാണു.ഇവിടെ എന്തെല്ലാം പുസ്തകങ്ങള്‍ ഇരിക്കുന്നു.അതൊക്കെ വായിച്ചു കഴിഞ്ഞോ?"

    പുസ്തകങ്ങളുടെ കാര്യത്തില്‍ പോലും സ്വന്തമായി ഇഷ്ടങ്ങള്‍ പാടില്ല എന്നാണോ?അല്ലെങ്കില്‍ തന്നെ ലൈബ്രറി എന്നാല്‍ എനിക്ക് പുസ്തകങ്ങള്‍ തിരയാന്‍ ഒരിടം മാത്രമല്ല.പുതിയ മുഖങ്ങള്‍ കാണാനും പരിചയപ്പെടാനും സംസാരിച്ചിരിക്കാനും ഒരിടം കൂടെ ആണ്."
    --------------------------------
    "ചിന്തകളുടെ ഒപ്പം ഒഴുകിയത് കൊണ്ടാവാം ക്ഷേത്രത്തില്‍ എളുപ്പമെത്തി.വഴിയിലെ ദുര്‍ഗന്ധവും കച്ചവടക്കാരുടെ വിലപേശലും ഒന്നും ഞാന്‍ അറിഞ്ഞതേയില്ല.അല്ലെങ്കിലും മനസ്സിന്റെ ശക്തി അപാരമല്ലേ.അതൊന്നു കൊണ്ട് മാത്രം ഏതു ദുരിത ദുഖത്തിലും ഒന്നുമറിയാതെ മുന്‍പോട്ടു പോകാമല്ലോ.മരുഭൂമിയില്‍ വരണ്ടുണങ്ങുമ്പോളും,ദൂരെ ഉള്ളൊരു മഴത്തുള്ളിയെ പ്രണയിച്ചു കരിഞ്ഞു വീഴാതെ ജീവിക്കാം.ആള്‍ക്കൂട്ടത്തിലും തനിയെ കടല്‍ കാറ്റ് ആസ്വദിച്ചു നടക്കാം,നിലാവില്‍ അലിയാം.അങ്ങനെ എന്തെല്ലാം.ഇതൊക്കെ എനിക്ക് പഠിപ്പിച്ചു തന്ന ആള്‍ എവിടെ ആണ്?ജീവിതമെന്ന നിലയ്ക്കാത്ത ഒഴുക്കില്‍ അതെല്ലാം ഒലിച്ചു പോയിരിക്കുന്നു.നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒന്നും യാദൃശ്ചികമല്ല.കടന്നു വരുന്ന ഓരോ വ്യക്തിക്കും ഒരു ഉദ്ദേശമുണ്ട്.പരസ്പരം പഠിക്കാനും അറിയാനും പലതും ഉണ്ട്. എവിടെ നിന്നോ വന്നു എങ്ങോട്ടെയ്ക്കെന്നു യാത്ര പറയാതെ പോയ അദ്ദേഹവും അങ്ങനെ പലതും പഠിപ്പിച്ചു."
    ----------------------------------------
    "ദീപാരാധനയുടെ നേരമായി.പ്രാര്‍ത്ഥനയും മണിയടിയും ഉച്ചസ്ഥായിയില്‍ ആയി.ഭക്തി ജനിപ്പിക്കാന്‍ ഇങ്ങനെ ഉള്ള അന്തരീക്ഷം വേണമോ?ഈശ്വരനെ അറിയുക എന്നാല്‍,നമ്മളെ തന്നെ അറിയുക എന്നല്ലേ.ഞാനും നീയും രണ്ടല്ലെന്ന അറിവ്.ജീവിതത്തിന്റെ അന്ത്യപാദത്തില്‍ എങ്കിലും ഈ അറിവിലേയ്ക്ക് കണ്‍തുറക്കാന്‍ കഴിഞ്ഞല്ലോ."
    ------------------------------------------------

    അറിവിന്റെ ആദ്യാക്ഷരം ശ്രീക്കുട്ടിയുടെ നാവില്‍ പകര്‍ന്ന മഹാനുഭാവനു ഹ്രുദയസ്പര്‍ശിയായ പ്രണാമം....

    സ്നേഹപൂര്‍വം ഏട്ടന്‍ ...

    ReplyDelete
  20. ഞാന്‍ ആ ഇംഗ്ലീഷ് തന്നെ കടമെടുക്കുന്നു
    നരേഷന്‍ എത്ര മനോഹരമായിരിക്കുന്നു.
    കാഥ പാത്രങ്ങള്‍ക്കൊപ്പം സംഭവഗതികളില്‍
    അനുവാചകനെ വ്യപരിപ്പിക്കുന്ന രചനാ വൈഭവം
    ഒപ്പം എഴുത്തിലെ കൈയ്യടക്കം.നന്നായിരിക്കുന്നു.

    ReplyDelete
  21. ചെറിയ ചെറിയ വാചകങ്ങള്‍ ,ചിന്താഗതിക്കു വിഘ്നം വരാത്ത പ്രതിപാദനം ഇവയാണ് ശ്രീജയുടെ ഭാഷ രീതിയുടെ സവിശേഷതകള്‍

    ReplyDelete
  22. ഇത്രമാത്രം സത്യങ്ങൾ ഒരു കഥയിൽ കോർത്തെടുത്തു ശ്രീദേവി........വളരെ നന്നായിട്ടുണ്ട്. പ്രായമാകുന്നവർക്ക് മാത്രം തീരുമാനിച്ചിവച്ചിട്ടുള്ള അതിർവരമ്പുകൾ ആരെങ്കിലും ഇനിയെങ്കിലും ഒന്നു മുറിച്ചുമാറ്റിയിരുന്നെങ്കിൽ, പ്രത്യേച്ചി അമ്മമാർക്ക്!!!!!

    ReplyDelete
  23. എന്തായാലും പെണ്‍കുട്ടികളെ എന്നും ഇഷ്ടമായിരുന്നു.ചന്തത്തില്‍ ഒരുങ്ങി അമ്മയുടെ കയ്യില്‍ തൂങ്ങി നടക്കുന്ന പൂമൊട്ടുകള്‍.വാലിട്ടു കണ്ണെഴുതിക്കാനും പൊട്ടു തൊടുവിക്കാനുമൊക്കെ ഞാന്‍ എത്ര കൊതിച്ചെന്നോ? ............

    ReplyDelete
  24. എഴുത്ത് നന്നായി. ചുറ്റുപാടുകളും വർണ്ണിച്ച് യാന്ത്രികത അകറ്റിനിർത്തി. കഥാന്ത്യം, കഥയുടെ പകുതി എത്തിയപ്പോൾ ഊഹിക്കാൻ പറ്റി, ആ പെൺ‌കുട്ടിയുടെ വിവരണത്തിൽ നിന്ന്.

    മാനസിക വ്യാപാരങ്ങൾ ക്വസ്റ്റൻ മാർക്കുകളുടെ രൂപത്തിൽ കൂടുതലാണ്

    ഗദ്യത്തിൽ മികവുണ്ട്.
    :-)
    Upasana

    ReplyDelete
  25. valare shakthamaya prathipadhyam............ aashamsakal.................

    ReplyDelete
  26. വായിപ്പിക്കുന്ന എഴുത്ത്

    ReplyDelete
  27. "കളഞ്ഞു പോയ സൌഹൃദങ്ങള്‍ മുതല്‍ എന്‍റെ കൊഴിഞ്ഞു പോയ സ്വപ്നങ്ങളെ വരെ ഗൂഗിളില്‍ തിരയുന്നത് ഒരു ശീലമായിരിക്കുന്നു"

    നല്ല എഴുത്ത്..
    കഥ വളരെ ഇഷ്ടപ്പെട്ടു...
    പിന്നെ, 'നോര്‍ത്തി' എന്ന പ്രയോഗം വേണ്ടായിരുന്നു...

    "പാവക്കൂത്തുകാരന്റെ കയ്യിലെ ചരടിനോപ്പം ആടിതിമിര്‍ക്കുന്ന പാവയുടെ മുഖ ഭാവം മാത്രം"
    വികാരങ്ങളും സ്വപനങ്ങളും തകര്‍ക്കപ്പെടുമ്പോള്‍, അന്യന്റെ വിയര്‍പ്പിനെ ഇഷ്ട്ടപെടെണ്ടി വരുമ്പോള്‍ ഏതൊരു പെണ്ണും നിശബ്ദയാകും...ഭാവ ഭേദങ്ങളില്ലാത്ത വെറുമൊരു കനല്‍തുള്ളി... എരിയാന്‍ മാത്രം വിധിക്കപ്പെട്ടവള്‍...

    അത്തരമൊരു പെണ്‍കുട്ടിയുടെ കഥ ദാ, ഇവിടെയും വായിക്കാം...

    എഴുത്ത് തുടരുക...ആശംസകള്‍..

    ReplyDelete
  28. വളരെ നന്നായിട്ടുണ്ട്ട്ടോ... ഭാവുകങ്ങള്‍...
    "..ഭീമാകാരമായ ഈശ്വര പ്രതിമകള്‍ ഉണ്ടാക്കുന്നതിനു പിന്നിലെ വികാരം എന്താണ്? നമ്മളെക്കാള്‍ വളരെ വലുതാണ്‌ ഈശ്വരന്‍ എന്ന ബോധം ഉണ്ടാക്കാനോ?അതോ ഉള്ളില്‍ ഒരു ഭീതി ജനിപ്പിക്കാനോ? ആവോ അറിയില്ല " ...അല്ല നമുക്കെല്ലാം അറിയാം അവ കേവല ശില ... ഈശ്വനരന്നു ടെമ്മികളെ കല്‍പ്പിക്കുന്ന നാം എത്ര വിഡികള്‍ എന്ന്..

    ReplyDelete
  29. ഒത്തിരി ഇഷ്ടപ്പെട്ടു

    ReplyDelete