Wednesday, March 18, 2015

ഒറ്റയ്ക്കല്ലൊറ്റയ്കല്ലെന്ന് ...ഒറ്റയ്ക്കാണ് ഒറ്റയ്ക്കാണെന്ന്

കുഞ്ഞുന്നാളിലെന്ന പോലെ
ഇപ്പോളും കണ്ണടച്ച്
തുളസിയില ഇട്ടു നോക്കും
അകം വീണാൽ
ഒറ്റയ്ക്കല്ലെന്നും
പുറം വീണാൽ
ഒറ്റയ്ക്കാണെന്നും
അകം
പുറം
പുറം
അകം
അകം വീഴുമ്പോൾ
ഹാ എവിടെയോ ആരോ ഉണ്ടെന്നു
ഒരിക്കലും ഉപേക്ഷിച്ചു കളയാത്തൊരാൾ
വന്നു ചേരാതിരിക്കില്ല
അവസാന ശ്വാസത്തിനു മുൻപായെങ്കിലും

പുറം വീണാലുടൻ
വേദാന്തിയാകും
എല്ലാവരും തനിച്ചല്ലേ
ജീവിതമൊരു നാടകം മാത്രം
തിരശ്ശീല വീഴുമ്പോൾ
മായുന്ന ചായക്കൂട്ടുകൾ

നിന്നെ ഉണർത്തിയ ബോധി വൃക്ഷ ചുവട്ടിൽ
അകമെന്നൊ പുറമെന്നോ
ആഗ്രഹിക്കാനാവാതെ
നില്ക്കുന്നോരെന്നിലെയ്ക്ക്
മഴ പോലെ പെയ്തിറങ്ങുന്ന  ഇലകൾ
അകം പുറം അകം പുറം അങ്ങനെ ....
ഒറ്റയ്ക്കല്ല ഒറ്റയ്ക്കല്ലെന്നു
ഒറ്റയ്ക്കാണ് ഒറ്റയ്ക്കാണെന്ന്
കാറ്റിന്റെ പിറുപിറുക്കൽ

കാഴ്ചകളുടെ അകം പുറമറ്റ
സാല വൃക്ഷ തണലിലുറങ്ങുന്ന
നിന്റെ കാലടിപ്പാടിലീ
പ്രാണനെ ചേർത്ത്  വയ്ക്കുട്ടെ  ഞാൻ

Thursday, March 12, 2015

ഞാനെന്ന നീയോ (നീയെന്ന ഞാനോ)

ഒരു തിര വന്നൊന്നു തൊട്ടു പോയെന്നോ
പ്രാണനിലൊരു കടൽ ഒതുങ്ങിയെന്നോ

എണ്ണിയാൽ തീരാത്ത
അന്തമില്ലാത്ത തിരക്കൈകളാൽ
ചിന്തകൾ കോറിയിട്ട
വാക്കുകളും, ചിത്രങ്ങളും
കണ്ണുനീർപ്പൊട്ടുകളും,
ഏതു ചെറു കാറ്റിലും ഉതിർന്നു വീഴുന്ന
ഇന്നലെയെന്ന കരിയിലക്കൂട്ടങ്ങളും,
നാളെ നാളെയെന്ന പിടപ്പുകളും,
എല്ലാമെല്ലാം തുടച്ചു മാറ്റി
ഞാനെന്ന നീയോ
നീയെന്ന ഞാനോ മാത്രമിനി
ബാക്കിയാവുന്നു.

പാദം കവിഞ്ഞു
മുട്ടോളം,അരയോളം
കഴുത്തോളം,
ഞാനൊരു തിര മാത്രമാകുന്നു 

വാശിയും മടുപ്പുമില്ലാതെ
തിരയും തീരവും
അനാദിയായി കളിക്കുന്ന
ജയപരാജയങ്ങളെണ്ണാത്ത
ജീവിതമെന്ന കുട്ടിക്കളി

Sunday, February 15, 2015

ഒഴുകുക...മുൻപോട്ടു

ബാല്യ കാലത്തെ ശീലങ്ങളെ-
യൊന്നുമേ വിട്ടു കളഞ്ഞിട്ടില്ല ഞാൻ
ഐസ്ക്രീംകാരന്റെയും മിട്ടായിക്കാരന്റെയും പിന്നാലെ
എനിക്കുമൊന്നു  എനിക്കുമൊന്നെന്നു പറഞ്ഞു നടക്കും പോലെ
ഈ ജീവിതക്കാഴ്ചയിൽ
ഓരോ വേദനകളുടെ പിന്നാലെയും
പങ്കു ചോദിച്ചു ചെല്ലുന്നു.

ഹേയ് , എന്താ കാണാത്ത പോലെ
അതെന്താ എനിക്കൊന്നുമില്ലേ?
എന്ന്  ചോദിച്ചു വാങ്ങും
ഓരോന്നും

ചെളിവെള്ളത്തിൽ ചാടി മറിഞ്ഞു കളിക്കാനുള്ള
കൊതിയൊന്നും മറക്കാതിപ്പോൾ
ഓരോ ചതിക്കുഴികളിൽ വീണു തീർക്കുന്നു
മുടിയോളം നനച്ച ചെളിയോടു പരിഭവമില്ലാതെ
വഴിയിലൊരു തെളിനീർ കാണാതിരിക്കില്ലെന്ന്
ഉത്സാഹത്തോടെ മുൻപോട്ടു തന്നെ

കാലും മുട്ടും മുറിച്ച
മുൾപ്പടർപ്പിനോട്
പരാതിയെന്തിനു ?
മുള്ളില്ലെന്ന് കരുതിയതു ഞാനല്ലേ?
ചെടിയൊന്നും പറഞ്ഞില്ലല്ലോ
ചാടി കളിക്കെന്നോ
നോവില്ലെന്നോ ഒന്നും

ഓരോ മുറിപ്പാടും
ഓരോ നോവും
ഒരോർമ്മ മാത്രമായി
കാഴ്ചകളിൽ കൗതുകം നിറച്ചു
യാത്ര ഇനിയും മുൻപോട്ടു തന്നെ.

Tuesday, January 27, 2015

കടലെടുത്ത സ്വപ്‌നങ്ങൾ

 ഇനി പകർത്തുവാനൊരു ചിന്തയും ബാക്കിയില്ലാതെ
എഴുതാനൊരു വരിയും അവശേഷിക്കാതെ
ചേർത്ത് വയ്ക്കുവാൻ ഒരു സ്വപ്നവും ബാക്കിയില്ലാതെ
എന്നെ കടലെടുത്തു പോയെന്നു
 ഞാൻ പോലും അറിയാതെയറിയുമ്പോൾ
അവസാനത്തെ വേരും അറ്റ് പോയെന്നു ഉരുകെ
ഇതൾ നീർത്തി വിടരുന്നോരെന്റെ ചിറകുകൾ
അതിർത്തിയില്ലാത്ത ആകാശക്കാഴ്ചകൾ
മൗനം ഉറഞ്ഞൂറിയൊരു മുത്തായി
വിരിയുന്നൊരെന്റെ  മനസ്സിന് 
കാവലിരിക്കുന്നു ഞാൻ ..

Wednesday, December 3, 2014

ഒരു മഴത്തുള്ളി മാത്രം

എനിക്കൊരു മഴത്തുള്ളി ആയിരുന്നാൽ  മതി
ഒരു ചാറ്റൽ മഴയായോ
പേമാരിയായോ പെയ്തിറങ്ങുമ്പോൾ
ഇലത്തുമ്പിലൊ
വരണ്ട മണ്ണിലോ
ഉണ്ണി ഒഴുക്കുന്ന കടലാസ്സു തോണിയിലൊ
കൊക്കിനാൽ  ശ്രമപ്പെട്ടു
തോർത്തുണക്കുന്നൊരു
കിളിച്ചിറകിലോ
തൊട്ടാവാടിപ്പൂവിന്റെ നിറുകയിലോ
ആരാരും കാണാതെ മണ്ണിൻ നെഞ്ചിലുറങ്ങുമൊരു
കുന്നിമണിച്ചുണ്ടിലോ
അങ്ങലിഞ്ഞില്ലാതെയാവണം

ശാട്യമേതുമില്ലാതെ  നീരാവിയായി
മേഘമാലകളിൽ  ചേരണം
കാറ്റിന്റെ ഗതിവേഗങ്ങളിൽ ഒഴുകി
എത്തുന്നിടങ്ങളെ ലക്ഷ്യമായി സ്വീകരിച്ച്
രാപകലുകളുടെ കണക്കെടുക്കാതെ
കാടും മേടും പുഴയും കണ്ടു
അവസാനമില്ലാത്ത
തീർത്ഥയാത്ര പോകണം

പിന്നൊരു നാൾ മഴമേഘങ്ങൽക്കൊപ്പം
എങ്ങനെയെന്നും എവിടേയ്ക്കെന്നും
 ഒന്നും ആശങ്കപ്പെടാതെ
സഹർഷം ഈ മണ്ണിലേയ്ക്കു തന്നെ പെയ്തിറങ്ങണം.

Sunday, September 21, 2014

ശംഖുവളകളും ചില സ്വപ്നങ്ങളും

തിരക്കേറിയ ട്രാമിൽ നിന്ന്
പുറം ലോകത്തേയ്ക്ക്
ഒഴുകിപ്പരക്കുന്ന ഞാൻ
നിന്നെ മാത്രം തേടുന്ന കണ്ണുകളോടെ
ഈ മഞ്ഞ വെയിൽ പുതപ്പിനുള്ളിൽ
എത്ര ജന്മങ്ങളിങ്ങനെ ?

കൽക്കട്ടയുടെ തെരുവുകളിൽ
കാളീഘട്ടിൽ
ഹൂഗ്ലിയുടെ തീരങ്ങളിൽ
ഹൗറയുടെ ചരിത്രത്തിൽ
ബാവുൾ സംഘങ്ങളിൽ
പൂവും പുല്ക്കൊടിയും
പുസ്തകമാകുന്ന ശാന്തിനികേതനിൽ
 എല്ലാ യാത്രകളും
നിന്നെ കണ്ടെത്തുവോളം
മാറ്റി വച്ചിരിക്കുന്നു ഞാൻ

തെരുവിലെ കുഞ്ഞു കൈകൽ നീട്ടുന്ന
ശംഖുവളകളിൽ
മറവിയിലാഴ്ത്തണം
കരിവളകളുടെ ഭൂതകാലത്തെ

പുലരും വരെ ഞാനീ
തെരുവീഥികളെ  കടമെടുക്കുന്നു
നീ പോലും അറിയാതെ
നിന്റെ ഒപ്പം നടന്നു തീർക്കട്ടെ
ഞാൻ ഈ രാവ്

സ്വപ്നാടനങ്ങൽക്കൊടുവിൽ
കൊതി തീരെ നീ കഴിച്ച
മിഷ്ടിദൊയിയുടെയും
 രസഗുളയുടെയും
പങ്കു ചോദിച്ചെന്റെ
യരികത്തു
കാവലിരിക്കുന്ന
ഉറുമ്പിൻ കൂട്ടങ്ങൾ

Sunday, May 25, 2014

പിന്നെയും ബാക്കിയാവുന്ന ഞാന്‍

മകള്‍,കൂട്ടുകാരി,കാമുകി,ഭാര്യ,അമ്മ
ഇങ്ങനെ ഓര്‍മ്മ വച്ച കാലം മുതല്‍ പരിചിതമായ
എല്ലാ പാത്രങ്ങളിലും നിര്‍ല്ലോഭം വിളമ്പിയിട്ടും
ബാക്കിയാവുന്ന എന്നിലെ ഞാന്‍

അങ്ങനെയൊരുത്തിയെ അറിയുകയെയില്ലെന്ന
എന്റെ നാട്യത്തെയാകെ
ഒറ്റ കുറുമ്പ് കൊണ്ട്
തോല്പ്പിക്കുന്നവള്‍

സിണ്ട്രെല്ലയ്ക്ക് മാത്രമായ പാതിരാ പന്ത്രണ്ടു മണികളെ
ഗസലിന്റെ  സുഖ മധുരത്തില്‍ അലിയിക്കുന്നവള്‍,
നക്ഷത്രങ്ങള്‍ പൂത്ത ആകാശത്തിനു താഴെ
സര്‍വ്വ സ്വതന്ത്രനായ കാറ്റിന്റെ കൈകളില്‍
കടല്‍ത്തിരകളെ പുതച്ചു
പൂഴിമണ്ണിന്റെ നെഞ്ചില്‍ ഉറങ്ങുന്നവള്‍.

കണ്ണുനീര്‍ മുത്തുകളാല്‍
മാല കോര്ക്കുന്നവള്‍
വെയിലും താമരപ്പൂക്കളും
പ്രണയ മത്സരത്തില്‍
നെയ്തെടുത്തതാണ്
അവളുടെ ഉടുപ്പുകള്‍ .

അവളുടെ സ്വപ്നങ്ങള്ക്ക് അതിര്‍ത്തിയും
ആകാശവും നിര്‍ണ്ണയിക്കുവാന്‍
കാലമേ നീയാര് ?
സ്വപ്ന മേഘങ്ങള്ക്ക് മീതെ നിത്യ സഞ്ചാരിയായവളോടു
മനുഷ്യന് ചിറകുകള്‍ ഇല്ലെന്നു ആവര്‍ത്തിക്കുന്നതെന്തിനു നിങ്ങള്‍ ?