Saturday, October 31, 2015

അസ്തമയങ്ങളുടെ കൂട്ടുകാരി

അസ്തമയങ്ങളുടെ കൂട്ടുകാരി
മുറിപ്പാടുകളെ പീലികളാൽ പൊതിഞ്ഞു
മഴമേഘം കണ്ടാലെന്ന പോലെ
പൊയ്ക്കാൽ നൃത്തം

ഇരുൾ നിറഞ്ഞ കണ്ണുകൾ
അടയ്ക്കാതെന്നും
സൂര്യനിലേയ്ക്ക് തുറന്നിരിക്കുന്നു
ഒരുവേള ഇരുൾ മാറി
വെളിച്ചം വിരുന്നെത്തിയാലോ ?

ആളനക്കമൊഴിഞ്ഞ തെരുവിൽ
ചാറ്റൽ മഴ നനഞ്ഞെവിടെയോ
സൂര്യകാന്തിപ്പൂക്കളെ നെഞ്ചോടു ചേർത്തു
നീ കാത്തു നിൽപ്പുണ്ടാകും

വിശപ്പും കാമവും
വർണ്ണവെറിയും
പോരടിച്ചു പങ്കു പറ്റുന്ന
നിലവിളികൾക്കിടയിൽ
നമ്മൾ പരസ്പരം
കേൾക്കാതെ പോയേക്കാം
എങ്കിലും ,നീ ഉണ്ട്
ഉദയത്തിലേക്ക് കണ്‍തുറക്കുന്ന
നമ്മുടെ സ്വപ്നങ്ങളും .

Wednesday, October 14, 2015

തുമ്പി ചിറകുകൾ

ഇറുന്നു തുടങ്ങിയതെങ്കിലും 
തുമ്പി ചിറകുകൾ
സ്വപ്നങ്ങളെ ചേർത്ത് വയ്ക്കുന്നു
ജീവിതം ഏറ്റി  തരുന്ന ഭാരത്തെ
തൂവലെന്നു മാത്രം വിളിച്ചു  ഒപ്പം ചേർക്കുന്നു.

സൂര്യനെ തൊടണമെന്നോ
കഴുകനൊപ്പം പറക്കണമെന്നോ അല്ല
അടർന്നു വീഴും മുൻപ്
അവസാന ശ്വാസത്തോളം
മഞ്ഞവെയിൽ പുതപ്പിനുള്ളിൽ
കാറ്റിനൊപ്പം
ചിത്രശലഭങ്ങൾക്കും
പൂക്കൾക്കും കൂട്ടായങ്ങനെ
ആകാശ ചെരുവിലെ ഒരു തുണ്ടിനു 
മോഹവിലയും പറഞ്ഞു
ഒഴുകി നടക്കണം
കൊയ്തു തീർത്ത ഇരുൾപ്പാടങ്ങളിൽ
വെളിച്ചത്തെ വിതയ്ക്കണം
എന്നിട്ടൊടുവിലൊരിലത്തുമ്പിൽ
മഞ്ഞുതുള്ളിയ്ക്കൊപ്പം
കണ്ണും പൂട്ടിയങ്ങനെ ...

Friday, September 25, 2015

ഒരു വേനൽ മരമാകുമ്പോൾ

ഒരു വേനൽ മരമാകുമ്പോൾ
മഞ്ഞിനെയെന്ന പോലെ
കനൽ പുതയ്ക്കുമ്പോഴും
പുഞ്ചിരി പടർത്തണം

ഒരൊറ്റ വേരിനെ ആഴ്ത്തി വയ്ക്കണം
ഭൂമിയുടെ നെഞ്ചിലെ തെളിനീരുറവയിലെയ്ക്കു
കത്തിപ്പടരുമ്പോഴും
പൊള്ളി അടരുമ്പോഴും
ഇലകളും ശാഖകളും
കരിഞ്ഞു വീഴുമ്പോഴും
ഉള്ളിൽ കാത്തു വയ്ക്കണം
പ്രാണന്റെ പച്ചപ്പ്‌ .

സ്വപ്നങ്ങളിൽ ചേർത്ത് പിടിക്കണം
കാടനക്കങ്ങൾ,
ഇലത്തണുപ്പ്,
ചില്ലകളിൽ കിളിപ്പാട്ടുകൾ,
പൊത്തുകളിൽ അണ്ണാറക്കണ്ണന്മാർ,
നീലാകാശം തൊടാൻ കൊതിയിൽ
നാണിച്ചു ചുവക്കുന്ന തളിരുകൾ,
മഴത്തുള്ളികളിലേയ്ക്കു  മൊട്ടുകളുടെ പൂത്തുലയൽ,
രാവിനെയാകെ ഭ്രമിപ്പിച്ചു
കാറ്റിൻ കൈകളിലേറി യാത്ര പോകുന്ന പൂമണം,
ചില്ലകളിലൊരു തേനീച്ചക്കൂട്,
വേരുകൾക്കിടയിലൊരു പാമ്പിൻ പടം,
പലവർണ്ണ തുമ്പികളുടെ
പ്രകടനപ്പറക്കൽ,
ഇലക്കുമ്പിളിൽ
നനഞ്ഞു  കുതിർന്നൊരു ചന്ദ്രൻ.

വേനൽ മരമല്ലേ
തണലോ ,തണുപ്പോ കൊതിക്കരുത്‌
ചേർത്തു പിടിക്കണം
ഉറവ വറ്റാത്ത സ്വപ്നങ്ങളുടെ ചെപ്പിനെ മാത്രം

Tuesday, August 25, 2015

ചില്ല് ഭരണികളിലെ മൗനം

ഇടവേളകൾ ഇല്ലാത്ത മൗനത്തെ
ചില്ലു ഭരണികളിൽ സൂക്ഷിച്ചിട്ടുണ്ട്
കാലാകാലം ഇരിക്കാനായി
ഉച്ചവെയിലും , മേഘത്തുണ്ടും
മയിൽ‌പ്പീലി സ്വപ്നങ്ങളും,
നക്ഷത്രത്തിളക്കവും,
പൂമ്പാറ്റ ചിറകുകളും,
കവിളോരം പെയ്യുന്ന മഴച്ചാറ്റലും,
മേമ്പൊടിയായോരൽപ്പം മഴവിൽപ്പൊട്ടും
ചേർത്ത്  വച്ചിട്ടുണ്ട് .
ഇടക്കൊന്നു തുറക്കുമ്പോൾ
ആകാശത്തോട്  കടം വാങ്ങി
തീരാറായ പോപ്പിൻസ്‌  മിട്ടായി പോലുള്ള
ചന്ദ്രനേയും ചേർത്ത്  കുലുക്കി വയ്ക്കണം.

എന്നിട്ടങ്ങനെ കാത്തു കാത്തിരിക്കണം
രുചി പാകമാവാൻ
ഓരോ തുള്ളിയും
നാവിൽ അലിഞ്ഞിറങ്ങാൻ .

ആൾക്കൂട്ടങ്ങളിൽ മുഖം നഷ്ടമാവുമ്പോൾ,
തിരക്ക് തിരക്കെന്ന്
മനസ്സ് പോലും മിടിച്ചു തുടങ്ങുമ്പോൾ ,
പല വഴി ചിതറി ഓടുന്ന ഓർമ്മകളിൽ
ഞാനെന്നെ തിരയുമ്പോൾ,
മുഖം മൂടികളിലൊന്നായി
എന്റെ മുഖവും മാറുമ്പോൾ,
എനിക്ക് ഞാനായാൽ മാത്രം മതിയെന്ന്
ശ്വാസം മുട്ടി പിടയുമ്പോൾ,
ആത്മാവിലേയ്ക്കിറ്റാൻ
പ്രാണന്റെ ഒരു തുള്ളി...

Sunday, August 16, 2015

ചില ഇടങ്ങൾ

ഇന്നലെ,ഇന്ന്,നാളെ
എന്നിങ്ങനെ സമയത്തെ പകുക്കുമ്പോൾ
ബാക്കിയായ ചില നിമിഷങ്ങളില്ലേ
അതിലാണെന്റെ പ്രാണൻ
ആരുടെ പുസ്തകത്തിലും പെടാത്ത
അടയാളപ്പെടുത്താൻ മറന്നേ പോയ
നാഴികമണികൾ നിശ്ചലമായ ചില ഇടങ്ങൾ

വെയിൽ മണമുള്ള നട്ടുച്ചകളിൽ
ജനലിനപ്പുറം
പവിഴമല്ലിയുടെ ചില്ലകളിൽ
കുരുവികളുടെ കൊഞ്ചൽ
മെല്ലെ മിടിക്കുന്ന നെഞ്ച്
എനിക്കതിലൊരു കുരുവിയായിരുന്നാൽ മതിയായിരുന്നു
അപരിചിതമായ ഈ നെഞ്ചിടിപ്പുകളെ
തൂവലിൽ പൊതിഞ്ഞു വച്ച്
നിന്റെ കൈവെള്ളയിൽ ഒതുങ്ങാമല്ലോ.

Wednesday, July 22, 2015

പല പേരുകളിൽ നമ്മൾ

പല പേരുകളിൽ നമ്മൾ എന്ന കവിത.മലയാളനാട്  പ്രസിദ്ധീകരിച്ചത് .
പല പേരുകളിൽ നമ്മൾ

Tuesday, July 7, 2015

അവിടെയൊരു പുഴ ഒഴുകിയിരുന്നെന്നു

ഓർമ്മയുടെ ഹെയർപിൻ വളവുകൾക്കപ്പുറം
 ഒരു പുഴ ഒഴുകിയിരുന്നെന്നു
ഊട്ടി വളർത്തിയ കാടൊരു
അമർത്തിയ തേങ്ങലായിരുകരയിലും

മീൻ സ്വപ്നങ്ങളിൽ മയങ്ങിയൊരു പൊന്മാൻ
ഇല്ലാത്തയാഴത്തിൽ മുങ്ങിപ്പൊങ്ങുന്നു
ഓർമ്മകളുടെ ആവർത്തനമായി
മരക്കൊമ്പിലിരുന്നൊരു ഇല്ലാമീനിനെ
കൊത്തിപ്പറിച്ചു വിശപ്പടക്കുന്നു.

തുടക്കവും ഒടുക്കവുമില്ലാത്ത യാത്രയിൽ
ഉരഞ്ഞടർന്ന പരുക്കൻ മുഖത്തെ
ഓർത്തോർത്തിരിക്കുന്നു
പാതിവഴിയിൽ പൊടുന്നനെ
ഒറ്റക്കായി പോയ
ഉരുളൻ കല്ലുകൾ

ഓർമ്മയിലിപ്പോഴും
മുട്ടോളം അരയോളം
നിറഞ്ഞൊഴുകുന്ന തണുപ്പ്
എല്ലാം മറന്നേ പോയെന്ന നാട്യത്തിൽ
ചുവടനക്കാതിരുകരകളിലും
നിരാസത്തിന്റെ ഇലയനക്കങ്ങൾ
എങ്കിലും
ആർത്തിയോടെ
കണ്ണീരോടെ
പലവഴി തിരഞ്ഞോടുന്നു
വേരുകൾ

ലോകത്തെയാകെ പുറത്താക്കി
തോടിനുള്ളിൽ ഉറങ്ങുമ്പോഴും
ഒഴുക്കിന്റെ ഗതിവേഗത്തിനായി
കാത്ത് കാത്ത്  കല്ലായി പോയ ചിലർ

എങ്കിലും
കളിക്കിടയിലിങ്ങനെ
പെട്ടെന്നൊരു സുല്ല് പറഞ്ഞു
അടയാളപ്പെടുത്താൻ
ഒന്നും ഒന്നും അവശേഷിപ്പിക്കാതെ
എങ്ങോട്ടാണാവോ
പുഴ ഓടി ഒളിച്ചതു?