Monday, December 23, 2013

ഹൃദയം

മുള്ളുകൾക്കിടയിൽ പൂവിനെ തിരയാമെന്നു ,
കാറ്റിലും മഴയിലും പിരിയാത്തൊരു കുടയാകാമെന്നു ,
ഇരുൾ നിറഞ്ഞ സ്വപ്നങ്ങളുടെ ആകാശത്ത്
വാടാത്ത നക്ഷത്രമാകാമെന്നു,
ദിക്കറിയാതെ അലയുമ്പോൾ
എന്റെ മാത്രം ധ്രുവൻ ആകാമെന്ന് ,
വേദനയുടെ എണ്ണമറ്റ തിരകൾ മുറിച്ചു
ഈ കടൽ നീന്തിക്കടക്കാമെന്നു,
മുറിവുകൾ ഉണങ്ങിയീ
ഹൃദയമൊരു പൂവായി വിടരുവോളം
കൂട്ടിരിക്കാമെന്നു ,
എങ്കിലും മൌനം മാത്രമാണെന്റെ ഉത്തരം .

നിനക്കറിയില്ലയീ മുറിവുകളുടെ ആഴം
മുറിഞ്ഞകന്നു പോകും മുൻപ്
ഒന്നായിരുന്നൊരു ഭൂതകാലത്തെ
ഓർമ്മിച്ചെടുക്കാൻ ആവാത്ത തുണ്ടുകൾ
അവയ്ക്കു മീതെ കാലത്തിന്റെ കൈ പിടിച്ചു
ഞാൻ വിരിച്ചിട്ട മറവിയുടെ പുതപ്പു
തണുത്തുറഞ്ഞു മരവിച്ചു പോയൊരു ഹൃദയം
അതിന്മേൽ പെയ്തു പെയ്തു നിറഞ്ഞ ഹിമകണങ്ങൾ .

എത്ര കാലം
എത്ര കോടി സൂര്യന്മാർ ജ്വലിക്കണമിതുരുകി-
യകലുവാനെന്നു അറിയില്ലെനിക്ക്‌
കാത്തിരിപ്പിനൊടുവിൽ
അതിന്റെയുള്ളിൽ
മിടിക്കുന്നൊരു ഹൃദയമുണ്ടാകുമെന്ന് എന്താണ്  ഉറപ്പു?

Saturday, December 7, 2013

മീൻ സ്വപ്‌നങ്ങൾ

കിഴക്ക് വെള്ള കീറിയപ്പോൾ
ചുണ്ടത്തൊരു ബീഡിയും
ചൂണ്ടയും കുടവുമായി വന്നത്
ഞാൻ കണ്ടില്ലെന്നാണോ?

എത്ര പറഞ്ഞിട്ടും കേൾക്കാതെ
ആദ്യം പ്രണയിച്ചവളും ,
ചുംബനമുദ്രകൾ ശീലിപ്പിച്ചവളും ,
തിരകളൊഴിയാത്ത കടലാണ്
സ്നേഹമെന്ന് കാട്ടിത്തന്നവളും,
ഒടുക്കത്തെ പ്രണയമാണിതെന്നു
തീരുമാനിപ്പിച്ചവളും,
കൊച്ചുങ്ങളും ,
ബന്ധക്കാരുമൊക്കെ
നിന്റെ കുടത്തിൽ സുരക്ഷിതരായി.

എന്നിട്ടും എന്നിട്ടും
നീ പോകാതെ
പുതിയ പുതിയ ഇരകളെ കാട്ടി
കൊതിപ്പിക്കുന്നത്
എന്തിനാണ് ?

വിശപ്പും ദാഹവും മറന്നു
വെയിലേറ്റു കരുവാളിച്ചിട്ടും
കാലുകൾ മരവിച്ചിട്ടും
എന്നെ കൂട്ടാതെ
മടങ്ങില്ലെന്ന വാശിയിലാണോ ?

ചില നേരങ്ങളിൽ ഇരയിലൊന്നു നൊട്ടി നുണഞ്ഞും
വാലിട്ടാഞ്ഞടിച്ചും
പാത്തു കളിച്ചും
നിന്നെ കൊതിപ്പിച്ചു ഞാനും മടുത്തു.

ഉച്ചമയക്കത്തിന്റെ ആലസ്യത്തിൽ
ഉള്ളിയും മുളകും കറിവേപ്പിലയും ചേർന്ന സുഗന്ധക്കൂട്ട്
വെളിച്ചെണ്ണയിലലിയുന്ന സുഖം
മുള്ളുകൾ വേർപെടുന്ന നോവ്‌
നീണ്ടു മെലിഞ്ഞ വിരലുകളുടെ
സ്നേഹ ലാളനകൾ
മൃദു ചുംബനങ്ങൾ
തീവ്രമായ സ്വന്തമാക്കൽ
മീൻ കണ്ണുകളിൽ അപ്പോഴും
ബാക്കിയാകുന്ന
പ്രതീക്ഷകൾ
സ്വപ്‌നങ്ങൾ
പുതിയ പുലരികൾ

ഇരുൾ പരക്കുമ്പോൾ
അത്യധ്വാനത്തിന്റെ നീണ്ട പകലിനൊടുവിൽ
ചൂണ്ടയും കുടവുമായി
മടങ്ങുന്ന നീയും ..

Saturday, November 16, 2013

വേരുകളും ചില്ലകളും

ഒരു മരമാണ് നീ
നനവ്‌ തേടി,കനിവ് തേടി
ആത്മാവിലേയ്ക്ക്‌
ആഴ്ന്നിറങ്ങട്ടെ നിന്റെ വേരുകൾ .
ധ്യാനിക്കുമീ മണൽത്തരികളെ
ഉണർത്താതെ
മുലപ്പാൽ തേടുമൊരു
കുഞ്ഞിളം ചുണ്ട് പോൽ
നുകരുക മതിയവോളമീ
ജീവാമൃതം .

ഉയരട്ടെ
ആകാശത്തോളമീ ചില്ലകൾ
ചേർത്ത് പിടിച്ചു ഉമ്മ വയ്ക്കുകയീ
നക്ഷത്രകുഞ്ഞുങ്ങളെ
പ്രകാശവർഷങ്ങൾ അകലെ എന്നാകിലും
പകർന്നു നല്കുക
വേരുകൾ നുകർന്നൊരീ
സ്നേഹജലം.

Friday, September 20, 2013

മണ്‍പാത


കാപ്പിയും ,കമ്യൂണിസ്റ്റ് പച്ചയും
അമ്പഴവും, അത്തിയും
തൊട്ടാവാടിയും അതിരിടുന്ന
ആളനക്കമില്ലാത്ത മണ്‍ പാത.

വാടിയ പൂക്കൾ
പൊട്ടിയൊരു പട്ടം
മിട്ടായി കടലാസ്സുകൾ
ഒരുത്സവം ഉള്ളിലൊതുക്കിയ
കുപ്പിവള തുണ്ടുകൾ.

പശുവും കിടാവും
പോയ വഴിയറിയിക്കുന്ന
ചാണക പൊട്ടുകൾ ,
വിരിയാൻ മടിച്ച സ്വപ്നങ്ങളെ പോലെ
പല വഴി ചിതറി ഓടുന്ന മച്ചിങ്ങകൾ ,
പേരറിയാ കിളികളുടെ തൂവലുകൾ ,
മുൻപേ പോയവരുടെ
കാല്പ്പാടുകൾ ,
എല്ലാമെല്ലാം മായാതെ കിടക്കുന്നിവിടെ .

ഈ വഴി നടന്നു തീർന്നപ്പോഴായിരുന്നില്ലേ
സ്വപ്ന വേഗങ്ങളിൽ നമ്മൾ
വളർന്നതും
വലുതായതും .

യാത്രാവസാനം കഴുകി കളയുന്ന
കാലടിയിലെ മണ്ണിനെ എന്ന പോലെ
ഓര്മ്മകളുടെ ബാല്യത്തെ തട്ടിക്കുടഞ്ഞു കളഞ്ഞു
ഒഴുകി തുടങ്ങിയതും ഇവിടെ നിന്നു തന്നെ.

തിളയ്ക്കുന്ന വേനലിൽ
പൊടി പാറ്റി ,ഉഷ്ണിച്ചും ,വരണ്ടും
ഒരിളം കാറ്റ് വന്നെങ്കിലെന്ന്
നാണിച്ചു തലതാഴ്ത്തുമൊരു
തൊട്ടാവാടി .
കനിവ് തേടി അലയുന്ന വേരുകൾക്ക്
കീറിപ്പറിഞ്ഞൊരു  കുടയായി
കരിഞ്ഞു തുടങ്ങുന്ന ഇലകൾ.

ആദ്യ മഴയ്ക്ക്
കുളിർന്നും നനഞ്ഞും
പിന്നെ
വേനൽ ചുട്ട മണ്ണപ്പത്തെയാകെ
പായസമാക്കി വിളമ്പുന്ന മാന്ത്രിക വിദ്യ.

തിരക്കേതുമറിയാതെ
ഞാനും നീയും
അമ്പലത്തിലെയ്ക്കും
സ്കൂളിലേയ്ക്കും
പയ്യിനെ തെളിച്ചും
പുല്ലു പറിച്ചും
അയ്യപ്പേട്ടന്റെ ചായക്കടയിലെ
ഡബിൾ സ്ട്രോങ്ങ്‌  ചായയിലെയ്ക്കും
മധുരമൂറുന്ന നെയ്യപ്പത്തിലെയ്ക്കും
മുറി ബീഡി പുകയിലെയ്ക്കും
സിനിമ സ്വപ്നങ്ങളിലെയ്ക്കും
പിന്നെ പല നേരങ്ങളിൽ
ലക്ഷ്യമില്ലാതെ കലപില പറഞ്ഞും
പിണങ്ങിയുമിണങ്ങിയും
ഒന്നായൊഴുകിയതുമീ വഴി തന്നെ .

എന്നിട്ടും
ഈ മണ്‍പാതയുടെ രണ്ടറ്റങ്ങൾ പോലെ
ഒന്നായിരുന്നിട്ടും
കണ്ടുമുട്ടാനാകാതെ
ഇരുദിശകളിലേയ്ക്ക്
അന്തമില്ലാത്ത യാത്രയിലാണോ നമ്മൾ ?

ഒരു നാൾ
പിൻവിളി കേട്ടെന്ന പോലെ
നമ്മിലൊരാൾ
തിരികെ നടന്നു തുടങ്ങിയേക്കാം

ഓര്മ്മകളുടെ പുളിപ്പും
മധുരവും ചവർപ്പും
നുകർന്നീ  മണ്‍പാതയിൽ
കണ്ടു മുട്ടിയേക്കാം

അതോ
ജീവിതമെന്ന മഹായാനത്തിൽ 
ടാറിട്ട റോഡുകളെന്ന പോലെ
ഋതുഭേദങ്ങളിൽ അലിയാതെ
കാൽപ്പാടുകൾ അവശേഷിപ്പിക്കാതെ
ഒഴുകുമോ ?

ചിത്രം - കടപ്പാട് മഴവില്ലും മയില്‍‌പീലിയും

Wednesday, July 31, 2013

ജൂണ്‍

ജൂണ്‍
നീയെനിക്കു മഴയോർമ്മകളുടെ മാസം

നനഞ്ഞ പുസ്തക സഞ്ചിയുടെ ,
ചെറിയ സുഷിരങ്ങളിൽ ആകാശം കാണുന്ന
പേര് തുന്നിയ
സെന്റ്‌ ജോർജ് കുടയുടെ ,

താളും തകരയും
വെളിച്ചെണ്ണയിൽ ചേർന്നലിയുന്ന
മണമുള്ള ഊണിന്റെ ,
മാർച്ചിന്റെ തുടക്കത്തിൽ പിണങ്ങി പോയിട്ട്
ആദ്യ മഴയ്ക്ക് മടങ്ങിയെത്തുന്ന
വീട്ടതിരിലെ കൊച്ചു തോടിന്റെ ,

മഴയിലും പുഴയിലും
നനഞ്ഞലിഞ്ഞെന്റെ കാലിൽ
കെട്ടിപ്പിടിക്കുമൊരു പാവാടത്തുമ്പിന്റെ ,
മഴയിൽ  അലിയുമ്പൊഴും
മുറുക്കെ പിടിച്ചെന്റെ
മുടിയിഴകളിൽ ഊഞ്ഞാലാടുന്നൊരു
തുളസിക്കതിരിന്റെ ,
തുള്ളിക്കൊരു കുടം പെയ്യുന്ന മഴയിൽ
ഈറനുടുത്തു പ്രദക്ഷിണം
വയ്ക്കുമൊരു അമ്പലമുറ്റത്തിന്റെ ,

ഓർമ്മകൾ അനവധിയെങ്കിലും
എത്രയും പ്രിയം പകർന്നൊരു  പ്രാണനെ
എന്നിൽ നിന്നടർത്തി എടുത്തു
മണ്ണിലൊളിപ്പിച്ചതെന്തിനു നീ ?

കാലമേറെ കഴിഞ്ഞിട്ടും
ഉള്ളു ഉണങ്ങാതെ നീ തന്ന മുറിവ്
അതിന്മേൽ പെയ്തു പെയ്തു നിറയുന്നു
നീ പൊഴിക്കുമീ മഴത്തുള്ളികൾ.

Sunday, June 30, 2013

ഇലഞ്ഞിമരങ്ങൾക്കപ്പുറം

കല്ലൂ ..
കല്യാണീ ..
എനിക്ക് ദേഷ്യം വരും കേട്ടോ.

അമ്മയുടെ ശകാരത്തിനു മുൻപിൽ മനസ്സില്ലാ  മനസ്സോടെ തട്ടിന്പുറത്തെ അത്ഭുത ലോകത്ത് നിന്നും പടികളിറങ്ങി താഴേയ്ക്ക് .
"അതിന്റെ മുകളിൽ വല്ല പാമ്പും ഉണ്ടാവും.നീ എന്ത് കാണാനാണ് കല്ലൂ അതിന്റെ മുകളിലേയ്ക്ക് ഈ കയറി പോകുന്നതു ?കുട്ടിയായിരുന്നപ്പോൾ പോട്ടെ,കൌതുകം കൊണ്ടെന്നു കരുതാം.ഇതിപ്പോൾ കെട്ടിച്ചു വിടാറായി."

കെട്ടിച്ചു വിടുമ്പോൾ ജീവിതത്തിലെ കൌതുകങ്ങൾ ഒക്കെ അവസാനിക്കുന്നു എന്നാണോ?ഓരോ പെണ്‍കുട്ടിയും ഭർതൃ ഗൃഹത്തിലെയ്ക്ക് വലതു കാൽ വച്ച് കയറുന്നത് ചിറകു മുറിച്ചൊരു പക്ഷി ആയിട്ടാണോ.അമ്മ ഉണ്ടാക്കിയ ബഹളങ്ങൾ ഒന്നും അവളെ തൊട്ടതെയില്ല.കയ്യിലുള്ള പുസ്തകങ്ങളുമായി വേഗം മുറിയിലേയ്ക്ക് നടന്നു .കതകു കുറ്റിയിട്ടു ആദ്യത്തെ ഡയറി എടുത്തു..

ഒരു നാലാം ക്ലാസ്സുകാരിയുടെ രസകരമായ കുറിപ്പുകൾ.അമ്പലക്കുളത്തിൽ ആമ്പൽ വിരിഞ്ഞതും,തൊടിയിലാകെ കാട്ടുള്ളി പൂത്തതും,ആഞ്ഞിലി ചക്കയുടെ മാധുര്യവും എന്ന് വേണ്ട കല്ലു വർഷങ്ങൾക്കപ്പുറത്തെയ്ക്ക് സ്വപ്നത്തിലെന്ന പോലെ ഊര്ന്നു പോയി.മാഷിപ്പേനയുടെ വടിവൊത്ത അക്ഷരങ്ങളിൽ ഒരു കുട്ടിയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും.പേജുകൾക്കിടയിൽ സ്വന്തം പേരെഴുതിയ റോസിന്റെ ഇതളുകൾ.കൊഴിഞ്ഞു വീണ മുടിയിൽ ചേര്ന്നിരിക്കുന്ന ഇലഞ്ഞി പൂക്കൾ.നേരിയ സുഗന്ധമുള്ള സോപ്പ് കവറുകൾ,മിട്ടായി പൊതികൾ അങ്ങനെ അങ്ങനെ.

 "O Mary,go and call the cattle home
 And call the cattle home"
ആനന്ദാമ്മ ടീച്ചറിന്റെ ഇംഗ്ലീഷ് ക്ലാസ്സിൽ നിന്നും മനസ്സിലെയ്ക്കിറങ്ങി ചിത്രം വരച്ച ചില വരികൾ .
ആട്ടിൻപറ്റത്തെ മേയ്ക്കുന്ന പെണ്‍കുട്ടിയെ കുറിച്ചുള്ള ഭാവനകൾ .
"Love is not love
Which alters when it alteration finds "

 പ്രണയമെന്തെന്നു ആഴത്തിൽ  അറിയും മുൻപേ Shakesprerean sonnetനെ  കുറിച്ച് എഴുതിയ .അഭിപ്രായം.ഒരിക്കലും മാറാത്ത പാറ പോലെ ഉറച്ച ഒന്നാണോ പ്രണയം.പുതുമകൾ തേടാത്തിനു,മാറ്റം ഇല്ലാത്തതിന് ജീവനുണ്ടോ?ലോകഗതിക്കും സദാചാര ചിന്തകള്ക്കും അപ്പുറത്തേക്ക് കടന്നു കയറിയ എഴുത്തിന്റെ ലോകം.മാംസ നിബദ്ധമല്ലാത്ത രാഗത്തിന്റെ പ്രയോക്താക്കൾ പാടി പുകഴ്ത്തിയതിൽ മുങ്ങണമെന്നു തോന്നിയതേയില്ല.ആകർഷണത്തിന്റെ പല തലങ്ങളിൽ ഒന്ന് ശാരീരികം ആണ്. ആദ്യത്തെ പടിയെ തള്ളി പറയുന്നതിൽ എന്താണിത്ര മാഹാത്മ്യം?ആത്മാവ് വസിക്കുന്ന ഈ ശരീരത്തോടും എനിക്ക് പ്രണയം തന്നെയാണ്.

 ശൈവ വിശ്വാസത്തിന്റെ നടുവിലേക്ക് ജനിച്ചു വീണിട്ടും കടുത്ത കൃഷ്ണഭക്ത ആയതു.കൃഷ്ണനെ ആരാധിക്കാൻ ശിവനെ മറക്കണം എന്നില്ലല്ലോ.വൈരാഗിയായ ശിവനെയും സർവ്വ സുഖ ദുഖങ്ങളിലും പുഞ്ചിരി കൈവിടാതെ അലിഞ്ഞു ചേര്ന്ന കണ്ണനെയും ഒരു പോലെ ഇഷ്ടപ്പെട്ടവൾ.കാലം മുൻപോട്ടു പോയപ്പോൾ തൊട്ടു കൂടായ്മയും അകല്ച്ചയും ഒരു നാളും തനിക്കും ഈശ്വരനും ഇടയിൽ പാടില്ലെന്നുറപ്പിച്ചു ക്രിസ്തുവിനോടായി ചങ്ങാത്തം.നിയമങ്ങളും ചട്ടങ്ങളും   ഒന്നും ഉണ്ടാക്കിയത് കൃഷ്ണനനും ശിവനുമല്ലെന്നുള്ള തിരിച്ചറിവിൽ വീണ്ടും സൗഹൃദം പുതുക്കൽ.

വായിച്ച പുസ്തകങ്ങൾ ,ഇഷ്ടപ്പെട്ട വരികൾ ,നിരൂപണങ്ങൾ ,സ്വപ്‌നങ്ങൾ അങ്ങനെ പുതിയൊരു ലോകം തന്നെയാണ് ഡയറി താളുകൾ കല്ലുവിനു മുൻപിൽ തുറന്നു വച്ചത്.


അവൾ മെല്ലെ വളര്ന്നൊരു കൌമാരക്കാരിയായി.
ആദ്യമായി വല്യ പാവാടയിട്ടത്  ...
വേദനിപ്പിച്ചും അമ്പരപ്പിച്ചും മുതിർന്ന പെണ്‍കുട്ടിയായത്  .
ഉത്സവത്തിന്‌ കൈ നിറയെ പച്ച കുപ്പിവളകൾ ഇട്ടു തന്ന കൂട്ടുകാരന്റെ കണ്ണിലെ തിളക്കം.നിലാവിൽ ഊഞ്ഞാൽ ആടുമ്പോളൊക്കെയും മറ്റാരും കാണാതെ അവളുടെ കണ്ണ് പൊത്തുന്ന ഗന്ധർവ്വൻ.ജീവിതത്തിൽ അവൾ കണ്ടുമുട്ടിയ ഒരു പുരുഷനും ആ ഗന്ധർവ്വനോളം പ്രണയിക്കാൻ ആവാതെ പോയത് എത്ര യാദൃശ്ചികമാണ് .

പഠനം,ഭാവി,ആകുലതകൾ ..ചില ദിവസങ്ങള് സന്തോഷം മാത്രം.വിറകു പുരയുടെ ഓരത്തെ അവൾക്കു മാത്രമായുള്ള സ്വകാര്യ ലോകം.അവിടെ സമയത്തെ പറ്റി വേവലാതി പെടാതെ മേഘങ്ങൾ വരയുന്ന ചിത്രങ്ങൾ നോക്കി കിടക്കുന്നത്.ജനാല വഴി കൈ നീട്ടി തൊട്ടു സ്നേഹിക്കുന്ന അവളുടെ പ്രിയപ്പെട്ട ചെമ്പരത്തി.ചില്ലകൾ നിറയെ കുപ്പിവളകളിട്ടു അനുജത്തിയാക്കി സ്വന്തമാക്കി അവളെ..പ്രണയത്തിന്റെ ആസക്തിയുടെ ജീവിതത്തിന്റെ ചുവന്ന ചെമ്പരത്തിപ്പൂക്കൾ വിടർന്നുലഞ്ഞ അവളുടെ ജീവിതം.

കാലത്തിന്റെ ഒഴുക്കിൽ പുതിയ ഇടങ്ങളിലേയ്ക്ക് പറിച്ചു നടപ്പെട്ട ജീവിതം.പണത്തിന്റെ കട്ടിക്കണ്ണടയിൽ കൂടെ നോക്കിയപ്പോൾ തീര്ത്തും വിലകെട്ടു പോയ അവളുടെ ജീവിതവും സ്വപ്നങ്ങളും.ഒരു പളുങ്ക് പാത്രം പോലെ പൊട്ടി ചിതറി പോകാമായിരുന്ന ജീവിതത്തെ ,ആത്മശക്തി ഒന്നു കൊണ്ട് മാത്രം ഇടറാതെ മുൻപോട്ടു കൊണ്ട് പോയി.തീവ്രമായ വേദനകൾക്കിടയിലും ചെറിയ ചെറിയ സന്തോഷങ്ങളാൽ ജീവിതം മനോഹരമാക്കി.
പല പ്രായത്തിൽ പല രൂപങ്ങളിൽ കടന്നു വന്ന സാന്ത്വന സ്പർശമായി സൌഹൃദങ്ങൾ .എങ്കിലും തെളിനീർ പോലെ ശുദ്ധമായ സൌഹൃദങ്ങൾ എത്ര വിരളമായിരുന്നു.സ്ത്രീയും പുരുഷനും എന്നതിനപ്പുറം രണ്ടു ആത്മാക്കൾ തമ്മിലുള്ള സംവേദനത്തിലേയ്ക്ക് എത്തും മുൻപേ പ്രണയം ചുവയ്ക്കുന്ന സംസാരങ്ങളിൽ,കാമം തല നീട്ടിയ തുറിച്ച് നോട്ടങ്ങളിൽ വിടരും മുൻപേ കരിഞ്ഞവ ആയിരുന്നു അധികവും.

ഏതു കൌമാരക്കാരിക്കും ആരാധിക്കാൻ വേണ്ടുവോളം ഉണ്ടായിരുന്നു ദേവു അമ്മൂമ്മയുടെ ഡയറിക്കുറിപ്പുകൾ.നേരം പുലരുവോളം വായന തന്നെ ആയിരുന്നു.ആരും ഒരിക്കലും വായിക്കാൻ സാധ്യത ഇല്ലെന്നു അറിഞ്ഞിട്ടും എഴുതി കൂട്ടിയ കഥകളും കവിതകളും.ജീവിതത്തെ ഒരാള്ക്കു ഇത്ര മേൽ സ്നേഹിക്കാമെന്ന്  കല്ലു ഇപ്പോളാണ് അറിയുന്നത്.ആരും സ്നേഹിക്കാത്തപ്പോളും മനസ്സിലാക്കാത്തപ്പോളും സ്വയം സ്നേഹിച്ചും മനസ്സിലാക്കിയും മുൻപോട്ടു പോകാൻ.നമ്മുടെ ജീവിതവും സന്തോഷവും സ്വപ്നങ്ങളും മറ്റൊന്നിനും ഒരിക്കലും തല്ലി  തകർക്കാൻ കഴിയില്ലെന്നുള്ള ഉറച്ച വിശ്വാസം.നൊമ്പരങ്ങളുടെ കടൽ കടന്നതിൽ  പിന്നെ എല്ലാം മറന്നു സ്നേഹം മാത്രം നിറഞ്ഞൊഴുകുന്നൊരു മനസ്സ്.ചുറ്റുമുള്ള സർവ്വ ചരാചരങ്ങളോടും സ്നേഹം മാത്രം.ഓരോ വേദനയും എന്നെ ഞാൻ ആക്കാൻ ,സ്വയം അറിയാനുള്ള യാത്ര മാത്രമായിരുന്നു എന്ന തിരിച്ചറിയൽ.

വഴിയോരത്തെ കച്ചവടക്കാരനിൽ നിന്നും വില പേശലിനോടുവിൽ ചേർന്നിരുന്ന
അമ്മയിൽ നിന്നും കുഞ്ഞിനെ മാത്രമായി വാങ്ങിയതിന്റെ വിങ്ങൽ.ആ പാവക്കുഞ്ഞിനെ എപ്പോളും ഓമനിച്ചും സ്നേഹിച്ചും ഒക്കെ സ്വയം ആശ്വസിക്കൽ .എങ്കിലും ദൂരെ എവിടെയോ കരഞ്ഞു തീര്ക്കാൻ പോലുമാകാതെ ആ അമ്മ നെഞ്ച് നീറുന്നോ എന്നോർക്കും.

ജീവിതം ഏറ്റം ആസ്വദിച്ചത് മക്കൾക്കൊപ്പമാണ് .അമ്മ മക്കളെ വളര്ത്തി എന്നതിനേക്കാൾ,എട്ടും പൊട്ടും തിരിയാത്ത ഒരു പെണ്‍കുട്ടിയെ ക്ഷമയും സ്നേഹവും വാത്സല്യവും എന്തെന്ന് അറിയിച്ചു വളര്ത്തി ഉറച്ചൊരു സ്ത്രീ ആക്കിയത് മക്കളാണ്..അവരിലൂടെയാണ് ജീവിതം ആസ്വദിക്കാനും,മറ്റുള്ളവർ എന്ത് കരുതുമെന്ന ഭയത്തെ മറികടന്നു മനസ്സ് തുറന്നു പാടാനും,നൃത്തം ചെയ്യാനും ,മുതിര്ന്നതിൽ പിന്നെ നഷ്ടമായ ബാല്യത്തിന്റെ രസങ്ങളിലെയ്ക്ക് മടങ്ങി പോകാനും ഒക്കെ കഴിഞ്ഞത്.
ഇലഞ്ഞി പൂക്കൾ മണക്കുന്ന കാൽപ്പെട്ടിയിൽ നിന്നും പച്ചക്കരയുള്ള മുണ്ടും നേര്യതും ഉടുത്തു ,കൈ നിറയെ പച്ച കുപ്പിവളകളുമിട്ടാണ് കല്ലു അന്ന് വൈകുന്നേരം കാവിൽ തൊഴാനായി പോയത്.നിനക്കെന്താണിന്നു പച്ചയിൽ ഒരു കമ്പമെന്ന അച്ഛന്റെ ചോദ്യത്തിന് ദേവു അമ്മൂമ്മ എങ്ങനെ ആണ് മരിച്ചതെന്നൊരു മറു ചോദ്യമെറിഞ്ഞു .
"നീയെന്തേ പെട്ടന്ന് അമ്മയെ പറ്റി ..."

കടമകളും ഉത്തരവാദിത്വങ്ങളും ഒഴിഞ്ഞെന്നു തോന്നിയപ്പോൾ ഹരിദ്വാറിലേയ്ക്ക് യാത്ര പോയി.അവസാന കാലം സഞ്ചാരിയായി കഴിയാനാണ് ഇഷ്ടമെന്ന് പറഞ്ഞു.അമ്മയെ ഏറെ സ്നേഹിച്ചിട്ടും അവസാനം വരെ കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിച്ചിട്ടും എതിർത്തില്ല.അല്ലെങ്കിൽ ഏറെ സ്നേഹിച്ചത് കൊണ്ട് മാത്രം സമ്മതിച്ചു എന്നും ആവാം.കുറെ വർഷങ്ങൾക്ക്ക് ശേഷം മരണം അറിയിച്ചൊരു ഫോണ്‍ കാൾ.ജീവിതത്തിൽ ഉടനീളം സ്നേഹം അനുഭവിച്ചും പകർന്നും ജീവിച്ചതിനാൽ ജഡത്തിന്റെ അനാഥത്വത്തെ കുറിച്ച് വിഷമിക്കരുതെന്നും അന്ത്യക്രിയകൾ ചെയ്യരുതെന്നും പറഞ്ഞിരുന്നു.

 വാർധക്യത്തിൽ സ്വന്തം അച്ഛനും അമ്മയ്ക്കും തണലാകാൻ കഴിയാത്തതിന്റെ പശ്ചാത്താപമോ പ്രായശ്ചിത്തമോ ആയിരിക്കും അങ്ങനെ ഒരു യാത്രക്ക് അമ്മയെ പ്രേരിപ്പിച്ചത്.അച്ഛന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു.പരസ്പരം കൈത്താങ്ങ്‌ ആകേണ്ടിയിരുന്ന ബന്ധങ്ങൾ വൈരികളായപ്പോൾ,നുറുങ്ങിയ ഹൃദയത്തോടെ കടമകൾക്കിടയിൽ ഉഴറി നടന്നു അമ്മ.

അച്ഛനും മകള്ക്കും ഇടയിൽ മൌനം കടൽ പോലെ തിരയടിച്ചു.കാറ്റ് വീശാത്ത,ഇലകൾ പോലും അനങ്ങാൻ മടിച്ച സന്ധ്യ.കാവിൽ വിളക്ക് വച്ച് തൊഴുതു.പിൻകഴുത്തിൽ ആരുടെയോ ചൂടുള്ള നിശ്വാസം.കാതോടു ചേർന്ന് ദേവൂ എന്നൊരു മന്ത്രണം.ഇലഞ്ഞിയും പാലയും പേരറിയാ പൂക്കളത്രയും ഒന്നിച്ചു വിരിഞ്ഞുലഞ്ഞ ഗന്ധം.ഇത് അമ്മൂമ്മയുടെ ഗന്ധർവ്വനാണോ?പ്രണയം തിരയേണ്ടത് ചുറ്റുമുള്ളവരിൽ അല്ലെന്നും, അത് നമ്മുടെ ഉള്ളിൽ നിന്നും നിറഞ്ഞു പുറത്തേയ്ക്ക് ഒഴുകി സർവ്വ ചരാചരങ്ങളെയും സ്നേഹത്താൽ ചേർത്ത് നിർത്തേണ്ടതാണെന്നും തിരിച്ചറിഞ്ഞ ദേവു തന്നെയല്ലേ കല്ലു.

Friday, April 19, 2013

സഞ്ചാരി

ആദ്യ സഞ്ചാരങ്ങൾ
പുറമേയ്ക്കാണ്
മിഴിയുടക്കും വഴി
മനമൊഴുകും വഴി
പുതുവഴികളിൽ കൊതിയോടെ
പിന്നിട്ട വഴികളിൽ ഗൃഹാതുരമായി

കാടും കടലും
മലയും പുഴയും
പൂക്കളും പ്രണയവും തേടി
അലഞ്ഞലഞ്ഞു
സഞ്ചാരിയായി
അന്വേഷകയായി
തീർത്ഥാടകയായി
യാചകിയായി
വേഷങളനവധി
മാറി മാറി അണിഞ്ഞു.

ഒടുക്കമൊരു നാൾ
അലച്ചിലിനന്ത്യം
ആർത്തലച്ചു
ഉള്ളിലേയ്ക്കൊരു മടക്കം
പുറമേയ്ക്കുള്ള വാതിലുകൾ
കൊട്ടിയടച്ചു
പുറം കാഴ്ചകൾ ഒന്നും
കാഴ്ചകളെ ആയിരുന്നില്ലെന്ന്
ആരും കാണാതായിരം തിരകളെ
ഉള്ളിലടക്കിയ കടലൊന്നവിടെ
വെളിച്ചം കടക്കാത്ത കാടുകൾ
പുലിയെ പേടിച്ചൊരു മാൻപേടയും
പാൽ മധുരം നുകരും പൈക്കിടാവും
ഒരേ കാടിന്റെ സന്തതികൾ 
പാദസ്പർശമേല്ക്കാത്ത ഗിരിശ്രിംഗങ്ങൾ 
പാലും തേനും ഒഴുകുന്ന താഴ്വരകൾ
അവിടെ ഒരു നാളും വാടാത്ത സൌഗന്ധികങ്ങൾ
ഒരു കാറ്റും കവരാത്ത സുഗന്ധങ്ങൾ

ഒരു കൈത്തിരി തേടി അലഞ്ഞവൾക്ക്
സ്വന്തമായി പ്രോമിത്യുസിൻ ദീപശിഖയൊന്നു
മടക്കമില്ലാത്തൊരീ യാത്രയിൽ
പിരിയാത്തൊരു കൂട്ട് .. 

Tuesday, April 2, 2013

പെണ്ണ്

മകൾ ,കാമുകി
ഭാര്യ ,അമ്മ
കൂട്ടുകാരി
എണ്ണിയാലൊടുങ്ങാത്ത വേഷങ്ങൾ
ഒന്നിലും ഒതുങ്ങാതെ
തുളുമ്പി ഒഴുകി പരക്കുന്ന സ്ത്രീ

ഏതു നിറ മൌനത്തിലും വാചാലം
കരിങ്കൽക്കെട്ടിലും
നീലാകാശം സ്വപ്നം കണ്ടു പറക്കുന്നവൾ
ഒന്ന് മരിക്കുമ്പോൾ
ആയിരമായി പുനർജ്ജനിക്കുന്ന
ഒരു കനലിലും എരിയാത്ത
അവളുടെ സ്വപ്‌നങ്ങൾ

വെട്ടി വെട്ടി
ചെറുതാക്കുമ്പോഴും
വാശിയോടെ വളർന്നിറങ്ങുന്ന
അവളുടെ ചിറകുകൾ
ഇരുട്ടിന്റെ അവസാനത്തെ തുള്ളിയും
കുടിച്ചു തീർത്തു
പ്രകാശത്തെ ഗർഭം ധരിക്കുന്നവൾ
തോൽവികളിലൊന്നും തോല്ക്കാതെ
അവസാന വിജയത്തിനായി പൊരുതുന്നവൾ

Tuesday, March 26, 2013

തേൻ മിഠായികൾ

 പൊട്ടിയ ഒരു കല്ലുപെൻസിൽ
പച്ചക്കുപ്പിവളപ്പൊട്ടുകൾ
തടിയിൽ തീർത്ത
തിളങ്ങുന്ന കണ്ണുകളുള്ള
മാൻപേട
മിഠായി കടലാസ്സു കോർത്തൊരു മാല
ജീവിത സഞ്ചാരത്തിൽ
മുനകളൊടിഞ്ഞു മിനുസമാർന്ന
വെള്ളാരങ്കല്ലുകൾ

പെറ്റു പെരുകുമെന്നു
കള്ളം പറഞ്ഞു
കൂടെ പോന്ന മയിൽപീലികൾ
ജീവിതത്തിന്റെ ചെറിയ ഇടവേളയിൽ മാത്രം
എനിക്കും നിനക്കും മധുരിച്ച
പുഴവക്കത്തെ ചക്കരക്കല്ലുകൾ

നാലായി മടക്കിയ
മടക്കുകൾ പിഞ്ചിയ
റോസിലും ഇളം നീലയിലും
സ്നേഹ സൌഹൃദങ്ങൾ പകർന്ന
നിന്റെ അക്ഷരങ്ങൾ
കാലപ്പഴക്കത്തിൽ അവയിൽ നിന്നും
ചോർന്നു പോയ
സ്വപ്നങ്ങളും പ്രതീക്ഷകളും

എല്ലാ വാതിലുകളും തുറന്നിട്ടിട്ടും
പടി കടന്നു പോകില്ലെന്നുറച്ചു
മനസ്സിന്റെ കാണാമൂലയിൽ
ഒളിച്ചിരിക്കുന്നൊരു കാറ്റ്
മൌനത്തിൽ കുതിർന്നു
ഒച്ചയനക്കങ്ങൾ ഇല്ലാത്ത
ദിനങ്ങളിൽ
അനുവാദമില്ലാതെ വീശിയടിക്കുന്നു

ഏതിരുളിലും വഴികാട്ടിയാവുന്നു
ആത്മാവിലെരിയുന്ന കെടാവിളക്ക്
ശൈത്യത്തിൽ
കടുത്ത ഹിമാപാതങ്ങളിൽ
ഉറഞ്ഞുറഞ്ഞു പോകാതെ
പ്രാണനും ചൂടുമായി
നെഞ്ചിലൊരു നെരിപ്പോട്

ഇന്നലെകളുടെ മാറാല
തുടച്ചും
അടുക്കിയൊതുക്കിയും
പടിയിറങ്ങുമ്പോൾ
കാലിൽ തടയുന്നതൊരു
കടലാസ്സു പൊതി
പൊതി നിറയെ
റോസ് നിറത്തിൽ
തേൻ മിഠായികൾ
നാവിലും നെഞ്ചിലും അലിഞ്ഞു
സ്നേഹം നിറയ്ക്കുന്നു

വലിയ നോവുകളിൽ ഉലയാത്ത മനസ്സ്
ചെറിയ സന്തോഷങ്ങളിൽ പാറിപ്പറക്കുന്നു

Saturday, March 9, 2013

ആ മരം ഈ മരം

മരത്തെ അതിന്റെ വേരില്‍ നിന്ന് അടര്‍ത്തി മാറ്റി സ്വന്തമാക്കാന്‍ ശ്രമിക്കുന്ന നിഷ്ഫലതയെ എന്ത് പേരിട്ടു വിളിക്കും നാം.

വിത്തിട്ടു
വെള്ളമൊഴിച്ച്
വളമിട്ടു
കള പറിച്ചു
കാത്തു സൂക്ഷിച്ചവര്‍..

ജീവിത സായാഹ്നത്തില്‍,വളര്‍ന്നു പന്തലിച്ച വൃക്ഷത്തിന്റെ കൂറ്റന്‍ വേരുകളില്‍ അവസാന നാളുകള്‍ കഴിക്കുന്നു.വേനലില്‍  തണലായും,മഴയില്‍ കുടയായും അവര്‍ക്ക് മുന്‍പില്‍ ആ വൃക്ഷം.അണ്ണാറക്കണ്ണനും കിളികളും കൂനന്‍ ഉറുമ്പും വരെ അവകാശം കൈപ്പറ്റിയ ശേഷം ബാക്കിയാവുന്ന പഴങ്ങള്‍ അവരുടെ പശിയടക്കുന്നു.

                                       ഇനിയൊന്നും വേണ്ട,ഈ മരത്തണലിലാണ്  അന്ത്യമെന്ന് കരുതിയവര്‍. ചിത കൂട്ടുന്നത്‌ ഇതിന്റെ ചില്ലകള്‍ കൊണ്ടെന്നു കരുതിയവര്‍,പെട്ടന്നൊരു ദിവസം കുടിയൊഴിക്കപ്പെടുന്നു.പോകാന്‍ മറ്റൊരിടം ഇല്ലാത്തവര്‍..ഇനിയൊരു മരം പോറ്റി പുലര്‍ത്താന്‍ ആയുസ്സും ആരോഗ്യവും ഇല്ലാത്തവര്‍.ഉള്ളുരുകിയിട്ടുണ്ടാവില്ലേ മരത്തിന്റെ ..

ആകാശത്തെ തൊടുന്ന ചില്ലകളും അതിലെ ആയിരക്കണക്കായ ഇലകളും മാത്രമല്ല ഒരു മരം.ചില്ലകളില്‍ കൂട് കൂട്ടിയ എണ്ണമറ്റ കിളികളാണ്.അവരുടെ കിളിക്കൂടുകളും,അതില്‍ നാളെയുടെ പ്രതീക്ഷയുമായി വിരിയാനിരിക്കുന്ന കിളി മുട്ടകളുമാണ്.പറക്കമുറ്റാതെ,ആഹാരത്തിനായി അമ്മയെ കാത്തിരിക്കുന്ന കുഞ്ഞുങ്ങളുമാണ് .ദൂരെ ഒരിടത്ത് വേടന്റെ വലയില്‍ കുടുങ്ങി,ഇനി ഒരു നാളും
മടങ്ങി വന്നീ കൂടിനെയും കുഞ്ഞുങ്ങളെയും കാണാന്‍ ആവില്ലെന്നുരുകുന്ന അമ്മയുടെതുമാണ്.


കാലം അകക്കാമ്പില്‍ വീഴ്ത്തിയ ആഴമുള്ള മുറിവുകളില്‍ താമസമാക്കിയ അണ്ണാറക്കണ്ണന്മാരുമാണ്.അവരുടെ ചിലപ്പും കുസൃതിയും വാലിളക്കിയുള്ള ഓട്ടവുമാണ്.

നിത്യ ശത്രുതയില്‍ ആയിട്ടും ഒരേ മരച്ചുവട്ടില്‍ മാളം തീര്‍ത്ത പാമ്പും എലിയുമാണ് .അവര്‍ കളിക്കുന്ന ആദിമമായ ജീവന്മരണ കളിയുമാണ് .പാമ്പ് അവിടെ തന്നെ ഉണ്ടെന്നു അറിഞ്ഞിട്ടും പുതിയൊരു മാളം തേടി എലി പോകാത്തത് എന്ത് കൊണ്ടാവും?ആയുസ്സിനെക്കള്‍ വലുതാവും ചിലര്‍ക്കെങ്കിലും സ്വന്തം വേരുകള്‍.

എപ്പോഴും  തിരക്കിട്ടോടി,പരസ്പരം രഹസ്യം പറഞ്ഞു നടക്കുന്ന എണ്ണമറ്റ ഉറുമ്പുകളുമാണ് .ഓടി ഓടി നമ്മള്‍ എത്തുന്നത്‌ മരണത്തിലെയ്ക്കാണെന്ന് ഓര്‍മ്മിച്ചെങ്കില്‍
ഇങ്ങനെ ഓടുമായിരുന്നോ?പിന്‍ഗാമികള്‍ക്കായി കാത്തു വയ്ക്കുക എന്നതാണോ പ്രധാനം,ജീവിക്കുക എന്നൊന്നില്ലേ?

ഓണം കഴിഞ്ഞേറെ ആയിട്ടും,അഴിക്കാന്‍ മറന്ന അപ്പുറത്തെ വീട്ടിലെ ഉണ്ണിയുടെ ഊഞ്ഞാലുമാണ് .ആ ഇത്തിരി പോന്ന ഊഞ്ഞാലില്‍ അവന്റെ സന്തോഷങ്ങളും സങ്കടങ്ങളും ഉണ്ട്.ഇനിയൊരിക്കലും കൂട്ട് കൂടാന്‍ വരാതെ,പെട്ടെന്ന് ഒരു ദിവസം അമ്പോറ്റിക്കൊപ്പം പോയ കുഞ്ഞു പെങ്ങള്‍ ഉറങ്ങുന്നതും ആ മരച്ചുവട്ടില്‍ ആണ്.നാളെയൊരിക്കല്‍,അച്ചനുപേക്ഷിച്ച കുഞ്ഞാണെന്ന അറിവ് നെഞ്ചിലൊരു കല്ലാകുമ്പോള്‍ ,അവനൊരു ആശ്വാസമാകാന്‍ ഈ മരമല്ലാതെ ആരാണ് ഉണ്ടാവുക?

എന്നിട്ടും എന്നിട്ടും എല്ലാത്തില്‍ നിന്നും അടര്‍ത്തി മാറ്റപ്പെടുന്നു മരം.ഇലകള്‍ തൊഴുകൈകളായി ഭൂമി നിറഞ്ഞൊഴുകി.വേരുകള്‍ കാരുണ്യം തേടി പ്രാര്‍ഥനയില്‍ ആകാശത്തെയ്ക്കുയര്‍ന്നു.

Monday, February 25, 2013

ഡിസംബര്‍

കുളിര്‍ന്നു കുളിര്‍ന്നു,
ഉള്ളിലെ വേവാറ്റാന്‍,
ഒരു ക്രിസ്തുമസ് കാലം.

മഞ്ഞിന്റെ മൂട്പടമിട്ടു
കൗതുക കാഴ്ചകള്‍ മറച്ചു
തീര്‍ത്തും തനിച്ചാക്കുന്ന
 പ്രഭാത സവാരികള്‍

എല്ലുതുളയ്ക്കുന്ന തണുപ്പില്‍
പച്ച മണ്ണില്‍ വിരിച്ച കീറക്കടലാസ്സില്‍
സ്വപ്‌നങ്ങള്‍ ഇല്ലാത്ത നാളെകളിലെയ്ക്ക്
മാത്രം കണ്‍ തുറക്കുന്ന
വിശന്നു തളരുന്ന ബാല്യങ്ങളെ സാക്ഷിയാക്കുന്ന
എന്റെ ബാല്ക്കണി കാഴ്ചകള്‍

ആകാശ ചെരുവില്‍
വാടാത്ത കൊഴിയാത്ത
നക്ഷത്രകുഞ്ഞുങ്ങള്‍
താഴെയീ  മണ്ണില്‍
വിടരും മുന്പേ കൊഴിയുന്ന
പാല്‍ മണം  മാറാത്ത വൃദ്ധര്‍

പരുക്കന്‍ മുഖങ്ങള്‍
ചിരി വറ്റിയ ചുണ്ടുകള്‍
കല്ലും മണ്ണുമേന്തി
മാര്‍ദവം മറന്ന ഇളം കൈത്തളിരുകള്‍
ഒരു നേരത്തെ അന്നത്തിനും
പ്രാണഭയത്തിനുമിടയില്‍
ഭോഗിക്കപ്പെടുന്നവര്‍ 

കാല്‍വരിയിലേക്കുള്ള ആദ്യ ചുവടുമായി
ബെത് ലഹേമിലെ  പുല്‍ തൊഴുത്തില്‍
ഒരമ്മയും കുഞ്ഞും
നിന്ദിതന്റെയും പീഡിതന്റെയും
ഉയര്‍ത്തെഴുന്നേല്‍പ്പിനായുള്ള
അന്തമില്ലാത്ത കാത്തിരിപ്പിന്റെ
ഓര്‍മ്മപ്പെടുത്തല്‍..

Saturday, February 16, 2013

യാത്ര

അവസാനത്തെ ഇലയും
തല്ലിക്കൊഴിച്ചെന്ന വാശിയോടെ
രാത്രിയുടെ അവസാന യാമം വരെയും
വീശിയടിച്ചൊരു കാറ്റ്.
നേരം പുലരുമ്പോള്‍
ആരും കാണാത്ത ഒരു ചില്ലയില്‍
കാറ്റിന്റെ ഗതിവേഗങ്ങളില്‍
അടരാത്തൊരു ഇളം തളിര്‍.

വളര്‍ച്ചയുടെ പടവുകളില്‍ ,
സൂര്യതാപത്തിലുരുകാതെ
ചാന്ദ്രസ്വപ്നങ്ങളില്‍ മയങ്ങാതെ
മയില്‍‌പീലി തുണ്ടില്‍
പ്രാണനെ ചേര്‍ത്ത് വയ്ക്കാതെ
ഒരു വേണുഗാനത്തിനും കാതോര്‍ക്കാതെ
മണ്ണാങ്കട്ടയ്ക്കൊപ്പം കാശിക്കു പോകണം.

ഒരു മഴയിലുമലിയാതെ ,
ഒരു കാറ്റിലും പിരിയാതെ
പിന്‍വിളികള്‍ക്ക് കാതോര്‍ക്കാതൊരു  യാത്ര.

മുത്തശ്ശിക്കഥയിലെ കാറ്റ്
മഴയ്ക്കൊപ്പം ചേര്‍ന്നെത്തുമ്പോള്‍
പറന്നും അലിഞ്ഞും
ഇരു വഴികളില്‍ അകലാതെ
ഒരു കുടക്കീഴില്‍ കൈചേര്‍ത്ത്
നടന്നു തീര്‍ക്കണം
ഈ ജീവിതയാത്ര.