Friday, April 24, 2015

ഒരു മരുഭൂമിയാവുക എത്ര എളുപ്പമെന്നോ?


ഒരു മരുഭൂമിയാവുക എത്ര എളുപ്പമെന്നോ?
എണ്ണമറ്റ പൂക്കളും ചെടികളും
ആകാശം തൊടുന്ന മരങ്ങളും
കാടനക്കങ്ങളും
ആത്മവിലലിയുന്ന
സുഗന്ധങ്ങളും
നിർത്താതെ കഥ പറഞ്ഞു ഒഴുകുന്ന
അരുവികളും
പലവർണ്ണക്കിളികളും
പലനേരങ്ങളിൽ
പലവേഗങ്ങളിൽ
 വീശിയടിച്ചും
തൊട്ടു തലോടിയും
കുസൃതി കാട്ടുന്ന കാറ്റും
എല്ലാമിങ്ങനെ ഉള്ളിലൊതുക്കി
പുറമേയ്ക്കൊരു മരുഭൂമിയാവുക

ആരും കേൾക്കാതെ ഉള്ളിലമർത്തിയ
വേലിയേറ്റങ്ങളുണ്ട്
വേവുന്ന ചൂടെന്നു പുറമേയ്ക്ക് വിയർക്കുമ്പൊഴും
ഉള്ളു നിറയ്ക്കുന്ന നിലാക്കുളിരുണ്ട്
തീ പെയ്യുന്ന വെയിലിൽ
വെള്ളം വെള്ളമെന്ന്
ഓരോ യാത്രികനുമുരുകും
ആരുമറിയില്ല ഉള്ളിലടങ്ങിയ കടലിനെ
വേവുന്ന കാലുകൾ നീട്ടി വലിച്ചു
മരുപ്പച്ചകൾ തേടിയവർ നടന്നകലു.

Thursday, April 9, 2015

വേനൽപ്പൂക്കൾ

വേനൽ ചില്ലകളിലാകെ
 ഉന്മാദം പൂത്തിറങ്ങുന്ന
കനൽ മണമുള്ള
നട്ടുച്ചകൾ

തടയിണകളാകെ
തകർത്തെറിഞ്ഞു
ഇന്നലകളെ
നക്കിത്തുടച്ച്
കണ്ണോരം ,കനവോരമീ
തീജ്വാലകൾ

മോഹ മേഘങ്ങളെ കാത്തു നില്ക്കാതെ
മഴ മഴയെന്നു ഉരുകാതെ
അവസാന തുള്ളി വെള്ളവും
 കുടിച്ചു തീർത്തു
വേനലെന്റെ നെഞ്ചിൽ
തീക്കാവടിയാടുന്നു

Monday, April 6, 2015

തപാൽക്കവിത

മേൽവിലാസക്കാരനില്ലാത്തതിനാൽ
എന്നുമെന്നും
എന്നിലേയ്ക്ക്  തന്നെ
മടങ്ങിയെത്തുന്നൊരു കത്താണ്  ഞാൻ.

തുരുമ്പു മണക്കുന്ന തപാൽപ്പെട്ടിയുടെ
ഇത്തിരി വെളിച്ചത്തിൽ നിന്ന്
കാടിറങ്ങി
മലയിറങ്ങി
പുഴ കടന്നു
മഴ നനഞ്ഞോ
വിയർത്തൊലിച്ചോ
ആയാസപ്പെട്ട്‌ നടന്നോ
സൈക്കിളിലേറിയോ
സഞ്ചിക്കുള്ളിൽ ഞെങ്ങി ഞെരുങ്ങിയും
കക്ഷത്തിലടുക്കി പിടിച്ചും
പല താളത്തിൽ
തെളിഞ്ഞും മാഞ്ഞും
നെഞ്ചിൽ പതിക്കുന്ന മുദ്രകൾ

എത്ര ഇടങ്ങളിങ്ങനെ കടക്കണം
കാത്തിരിക്കുന്നൊരു
കൈകളിലെത്തിച്ചേരാൻ
വരും വരുമെന്ന് കാത്തു കുഴഞ്ഞോ
വന്നില്ലെങ്കിൽ എനിക്കെന്തെന്ന ഭാവത്തിൽ
വായനാമുറിയിലേതോ വരികളിലുടക്കിയ നാട്യത്തിലോ
എങ്ങനെയാവും എങ്ങനെയാവും?

എഴുത്തുപലകയിലോ
തലയിണയിലോ
എവിടെ  വച്ചാവും
ആദ്യാവസാനം കൊതിയോടെ
വായിച്ചു തീർക്കുക
ആവർത്തിച്ചാവർത്തിച്ചു
വായിച്ചുറപ്പിക്കുക
വിയർത്ത ഉള്ളംകയ്യും
അറിയാതെ നിറഞ്ഞ കണ്ണും
വാക്കുകളെ കൂട്ടിക്കലർത്തി
ഭൂപടം വരച്ചു പഠിക്കുക
നീണ്ട ഇടവേളകളില്ലാതെ
വീണ്ടും വീണ്ടും സ്വന്തമാക്കുക .

സ്വപ്നവേഗങ്ങളിലങ്ങനെ  പാറിപ്പറക്കെ
പതിവ് പോലെ
മടങ്ങിയെത്തിയിട്ടുണ്ട് ഞാൻ
എന്നിലേയ്ക്ക് തന്നെ .

Monday, March 23, 2015

താഴേയ്ക്ക്... താഴേയ്ക്ക്

പച്ച നിറം വാർന്ന്
മെല്ലെ മെല്ലെ
ചുവപ്പിലേയ്ക്കും
മഞ്ഞയിലേയ്ക്കും
കാഴ്ചയ്ക്ക്  കൗതുകം തീർത്തു
പിന്നെ ഞെട്ടറ്റു
താഴേയ്ക്ക്
 താഴേയ്ക്ക്

എത്ര മെല്ലെയാണ്
നമ്മൾ അടർന്നകന്നത്.
പുറം കാഴ്ചയിൽ
മുറിവുകളൊന്നും
അവശേഷിപ്പിക്കാതെ
തളിരിലകളിൽ സ്വപ്നങ്ങളെ
ചേർത്ത് വച്ച് നീയും
നാളെയ്ക്ക്  മുളപൊട്ടാവുന്ന
സ്വപ്നങ്ങളെ മണ്ണിലുറക്കി ഞാനും .. 

Wednesday, March 18, 2015

ഒറ്റയ്ക്കല്ലൊറ്റയ്കല്ലെന്ന് ...ഒറ്റയ്ക്കാണ് ഒറ്റയ്ക്കാണെന്ന്

കുഞ്ഞുന്നാളിലെന്ന പോലെ
ഇപ്പോളും കണ്ണടച്ച്
തുളസിയില ഇട്ടു നോക്കും
അകം വീണാൽ
ഒറ്റയ്ക്കല്ലെന്നും
പുറം വീണാൽ
ഒറ്റയ്ക്കാണെന്നും
അകം
പുറം
പുറം
അകം
അകം വീഴുമ്പോൾ
ഹാ എവിടെയോ ആരോ ഉണ്ടെന്നു
ഒരിക്കലും ഉപേക്ഷിച്ചു കളയാത്തൊരാൾ
വന്നു ചേരാതിരിക്കില്ല
അവസാന ശ്വാസത്തിനു മുൻപായെങ്കിലും

പുറം വീണാലുടൻ
വേദാന്തിയാകും
എല്ലാവരും തനിച്ചല്ലേ
ജീവിതമൊരു നാടകം മാത്രം
തിരശ്ശീല വീഴുമ്പോൾ
മായുന്ന ചായക്കൂട്ടുകൾ

നിന്നെ ഉണർത്തിയ ബോധി വൃക്ഷ ചുവട്ടിൽ
അകമെന്നൊ പുറമെന്നോ
ആഗ്രഹിക്കാനാവാതെ
നില്ക്കുന്നോരെന്നിലെയ്ക്ക്
മഴ പോലെ പെയ്തിറങ്ങുന്ന  ഇലകൾ
അകം പുറം അകം പുറം അങ്ങനെ ....
ഒറ്റയ്ക്കല്ല ഒറ്റയ്ക്കല്ലെന്നു
ഒറ്റയ്ക്കാണ് ഒറ്റയ്ക്കാണെന്ന്
കാറ്റിന്റെ പിറുപിറുക്കൽ

കാഴ്ചകളുടെ അകം പുറമറ്റ
സാല വൃക്ഷ തണലിലുറങ്ങുന്ന
നിന്റെ കാലടിപ്പാടിലീ
പ്രാണനെ ചേർത്ത്  വയ്ക്കുട്ടെ  ഞാൻ

Thursday, March 12, 2015

ഞാനെന്ന നീയോ (നീയെന്ന ഞാനോ)

ഒരു തിര വന്നൊന്നു തൊട്ടു പോയെന്നോ
പ്രാണനിലൊരു കടൽ ഒതുങ്ങിയെന്നോ

എണ്ണിയാൽ തീരാത്ത
അന്തമില്ലാത്ത തിരക്കൈകളാൽ
ചിന്തകൾ കോറിയിട്ട
വാക്കുകളും, ചിത്രങ്ങളും
കണ്ണുനീർപ്പൊട്ടുകളും,
ഏതു ചെറു കാറ്റിലും ഉതിർന്നു വീഴുന്ന
ഇന്നലെയെന്ന കരിയിലക്കൂട്ടങ്ങളും,
നാളെ നാളെയെന്ന പിടപ്പുകളും,
എല്ലാമെല്ലാം തുടച്ചു മാറ്റി
ഞാനെന്ന നീയോ
നീയെന്ന ഞാനോ മാത്രമിനി
ബാക്കിയാവുന്നു.

പാദം കവിഞ്ഞു
മുട്ടോളം,അരയോളം
കഴുത്തോളം,
ഞാനൊരു തിര മാത്രമാകുന്നു 

വാശിയും മടുപ്പുമില്ലാതെ
തിരയും തീരവും
അനാദിയായി കളിക്കുന്ന
ജയപരാജയങ്ങളെണ്ണാത്ത
ജീവിതമെന്ന കുട്ടിക്കളി

Sunday, February 15, 2015

ഒഴുകുക...മുൻപോട്ടു

ബാല്യ കാലത്തെ ശീലങ്ങളെ-
യൊന്നുമേ വിട്ടു കളഞ്ഞിട്ടില്ല ഞാൻ
ഐസ്ക്രീംകാരന്റെയും മിട്ടായിക്കാരന്റെയും പിന്നാലെ
എനിക്കുമൊന്നു  എനിക്കുമൊന്നെന്നു പറഞ്ഞു നടക്കും പോലെ
ഈ ജീവിതക്കാഴ്ചയിൽ
ഓരോ വേദനകളുടെ പിന്നാലെയും
പങ്കു ചോദിച്ചു ചെല്ലുന്നു.

ഹേയ് , എന്താ കാണാത്ത പോലെ
അതെന്താ എനിക്കൊന്നുമില്ലേ?
എന്ന്  ചോദിച്ചു വാങ്ങും
ഓരോന്നും

ചെളിവെള്ളത്തിൽ ചാടി മറിഞ്ഞു കളിക്കാനുള്ള
കൊതിയൊന്നും മറക്കാതിപ്പോൾ
ഓരോ ചതിക്കുഴികളിൽ വീണു തീർക്കുന്നു
മുടിയോളം നനച്ച ചെളിയോടു പരിഭവമില്ലാതെ
വഴിയിലൊരു തെളിനീർ കാണാതിരിക്കില്ലെന്ന്
ഉത്സാഹത്തോടെ മുൻപോട്ടു തന്നെ

കാലും മുട്ടും മുറിച്ച
മുൾപ്പടർപ്പിനോട്
പരാതിയെന്തിനു ?
മുള്ളില്ലെന്ന് കരുതിയതു ഞാനല്ലേ?
ചെടിയൊന്നും പറഞ്ഞില്ലല്ലോ
ചാടി കളിക്കെന്നോ
നോവില്ലെന്നോ ഒന്നും

ഓരോ മുറിപ്പാടും
ഓരോ നോവും
ഒരോർമ്മ മാത്രമായി
കാഴ്ചകളിൽ കൗതുകം നിറച്ചു
യാത്ര ഇനിയും മുൻപോട്ടു തന്നെ.