Friday, October 24, 2008

സമാന്തര രേഖകള്‍

"ഓരോ ജീവിതവും ഇങ്ങനെ സ്നേഹം തേടിയുള്ള അലച്ചില്‍ മാത്രമാണൊ?കടല്‍ കരയിലൂടെ അലസമായി നടക്കുമ്പോള്‍ എപ്പോളെങ്കിലും അരികില്‍ വന്നു അടിഞ്ഞേക്കാവുന്ന ഒരു ശംഖ് പോലെ .തിരകള്‍ക്കപ്പുറം എവിടെയോ അതുണ്ട്.മനസ്സ് തേടി അലയുന്ന സ്നേഹം.വ്യവസ്ഥകളില്ലാതെ എന്നും കൂടെ ഉണ്ടാവുന്ന ഒന്ന്.മനസ്സ് കൊണ്ടെങ്കിലും എന്നും കൂടെ ചേര്‍ത്ത് വയ്ക്കാന്‍ ഒരാള്‍...ഒരിക്കലും പക്ഷെ ഈ ജീവിത യാത്രയില്‍ കണ്ടെത്താന്‍ ആവണം എന്നില്ല.ആഗ്രഹിക്കാം ..കാത്തിരിക്കാം ..അത് മനസ്സിന്റെ മാത്രം അവകാശമാണ്.പക്ഷെ കിട്ടണമെന്ന് ശഠിക്കരുത്..." ഇതായിരുന്നു ആ ഡയറിയിലെ അവസാനത്തെ വരികള്‍.

അഞ്ചാം
ക്ലാസ് മുതല്‍ എഴുതിയിരുന്ന ഡയറി കുറിപ്പുകള്‍ അവിടെ അവസാനിച്ചു.പിന്നെ ആ മനസ്സിന്റെ സുതാര്യത നഷ്ടമായി പോയോ?പിന്നെയും കുറെ കുറിപ്പുകള്‍ കണ്ടു.ചില ചിതറിയ ചിന്തകളും കവിത ശകലങ്ങളും ഇഷ്ടമായ വാചകങ്ങളും ഒക്കെ അവിടവിടെയായി കണ്ടിരുന്നു.പിന്നെ എപ്പോളോ മഞ്ഞ പനി പിടിച്ചു ആശുപത്രിയില്‍ ചിലവാക്കിയ ദിവസങ്ങളില്‍ ..ഒറ്റക്കായപ്പോള്‍ അവള്‍ എഴുതി കൂട്ടിയ പലതും.കഥയോ യാഥാര്‍ത്ഥ്യമോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല..വീണ്ടും വീണ്ടും ആ വരികളില്‍ കൂടെ കടന്നു പോയപ്പോള്‍ സ്വന്തം കൈ രേഖകള്‍ പോലെ ആ മനസ്സ് തെളിഞ്ഞു വന്നു.

പേജുകള്‍ക്കിടയില്‍ നിന്നും ഊര്‍ന്നു വീണ പനിനീര്‍ പൂവിന്റെ കരിഞ്ഞ ഇതളുകള്‍.ക്രോസ് സ്ടിച്ചിന്റെ തുണിയില്‍ പാതി തയ്ച്ചു നിര്‍ത്തിയ കുറെ അക്ഷരങ്ങള്‍..പെറ്റു പെരുകാനായി മാനം കാണാതെ കാത്തു വച്ചൊരു മയില്‍ പീലി തുണ്ട് ..അവള്‍ സമ്മാനിച്ച്‌ പോയതാണ് ഇവയൊക്കെ.

ശ്രദ്ധിക്കപ്പെടാന്‍ ഒന്നും ഉണ്ടായിരുന്നില്ല അവളില്‍.ഒരു സാധാരണക്കാരി..അത് കൊണ്ട് തന്നെ ആവണം ഒന്നിച്ചു പഠിച്ച മൂന്നു വര്‍ഷങ്ങളില്‍ ഒരിക്കല്‍ പോലും അവള്‍ മനസ്സിലേക്ക് കടന്നു വരാതിരുന്നത്.തന്റേതു വളരെ വിശാലമായ ലോകമായിരുന്നല്ലോ.പ്രസ്ഥാനവും ആദര്‍ശങ്ങളും പിരിയാതെ ഒപ്പം ഉണ്ടാവാറുള്ള വലിയൊരു സുഹൃദ് വലയവും ഒരിക്കലും അവസാനിക്കാത്ത ചര്‍ച്ചകളും..തിരക്കുകള്‍ ഒഴിഞ്ഞ നേരം ഇല്ലായിരുന്നു.അതിനിടക്ക് പലപ്പോളും പഠനം ഒരു സൈഡ് ബിസിനസ് ആയി മാറുന്നുണ്ടായിരുന്നു.ക്ലാസ് തീര്‍ന്നു പിരിഞ്ഞ അവസാന ദിവസം.എല്ലാവരും സാഹിത്യ ചുവയുള്ള വാചകങ്ങളില്‍ യാത്രാമൊഴികള്‍ പറഞ്ഞപ്പോള്‍ അവള്‍ മാത്രം മൗനം കൊണ്ടെന്തോ പറയാതെ പറയുന്നുണ്ടായിരുന്നു.അതെന്തെന്നു മനസ്സിലക്കാന്‍ തനിക്കു കഴിഞ്ഞില്ലന്നു മാത്രം.ബസ് വളവു തിരിഞ്ഞു കാഴ്ചയില്‍ നിന്ന് മറയും വരെ അവള്‍ പിന്തിരിഞ്ഞു നോക്കി കൊണ്ടേ ഇരുന്നു.ആ നേരത്ത് എന്തിനെന്നറിയാത്ത ഒരു അസ്വസ്ഥത മനസ്സില്‍ പടര്‍ന്നു കയറി..

ജീവിതത്തിന്റെ ഇരു ദിശകളിലേക്ക് നടന്നു തുടങ്ങിയപ്പോള്‍ ആയിരുന്നു അവര്‍ പരസ്പരം അറിഞ്ഞു തുടങ്ങിയത്.അവളുടെ കത്തുകള്‍ ഒക്കെ കവിതയും സ്വപ്നവും കൂടി കുഴഞ്ഞ ഒരു മായിക ലോകമാണ് അയാള്‍ക്ക് മുന്‍പില്‍ തുറന്നു വച്ചത്..തിരിച്ചു ഹരിയുടെ കത്തുകളില്‍ നിറയെ രാഷ്ട്രീയവും..പ്രസ്ഥാനത്തിന്റെ സ്വപ്നങ്ങളും ആദര്‍ശങ്ങളും ഒക്കെ ആയിരുന്നു.മറുപടി അയച്ചാലും ഇല്ലെന്കിലും അവളുടെ കത്തുകള്‍ വന്നു കൊണ്ടേ ഇരുന്നു.പുതിയതായി വായിച്ച പുസ്തകത്തെ പറ്റി,രാത്രിയില്‍ തിമിര്‍ത്തു പെയ്ത മഴയുടെ സംഗീതത്തെ പറ്റി,അമ്പലകുളത്തിലെ മീന്‍ കുഞ്ഞുങ്ങളുടെ കുറുമ്പിനെ പറ്റി....അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത വിഷയങ്ങള്‍ ഉണ്ടായിരുന്നു അവള്‍ക്കു എഴുതുവാന്‍..തിരക്കുകള്‍ക്കിടയില്‍ അവന്‍ എഴുതാന്‍ മറന്നതോ,വരികളിലെ പിശുക്കോ ഒന്നും അവള്‍ കര്യമാക്കിയതില്ല.

പിന്നെ ജോലി കിട്ടി ചെന്നൈ നഗരത്തിന്‍റെ തിരക്കുകളില്‍ അലിഞ്ഞു.ജീവ ശ്വാസം പോലെ കൊണ്ട് നടന്ന രാഷ്ട്രീയം പോലും മറന്നു.ആദര്‍ശങ്ങള്‍ പലതും കാറ്റില്‍ പറന്നു.പെണ്ണിനേക്കാള്‍ പൊന്നും പണവും മാറ്റ് കൂട്ടിയ ഒരു വിവാഹവും നടന്നു ഇതിനിടയില്‍.അപ്രതീക്ഷിതമായി വീണ്ടും അവളെ കണ്ടു മുട്ടി..നഗരത്തില്‍ പുതിയതാണെന്ന് വിളിച്ചോതുന്ന എടുപ്പും നടപ്പുമെല്ലാം.കണ്ട നേരം അവള്‍ടെ കണ്ണുകളില്‍ നക്ഷത്രങ്ങള്‍ പൂത്തു ഉലഞ്ഞത് കണ്ടില്ലെന്നു നടിച്ചു..അപൂര്‍വമായി കണ്ടു മുട്ടിയ നേരങ്ങളില്‍ ഒക്കെയും ധൃതിയില്‍ നടന്നു അകലാന്‍ ആയിരുന്നു താന്‍ ശ്രമിച്ചത്.അകലാന്‍ ശ്രമിക്കും തോറും അടുക്കുന്നത് പോലെ..എന്തിനെ ആണ് ഭയപ്പെടുന്നത്..ഒരു സൌഹൃദത്തിനു അപ്പുറം ഒന്നും ഉണ്ടായിട്ടില്ലലോ.വാക്കിലോ പ്രവര്‍ത്തിയിലോ മറിച്ചൊരു സൂചന അവളില്‍ നിന്നും ഉണ്ടായിട്ടില്ല.പിന്നെയും എന്താണ്?സ്വന്തം മനസ്സിനെ ആണോ താന്‍ ഭയക്കുന്നത്.ചിന്തിക്കാന്‍ പോലും ആഗ്രഹിക്കാത്ത എന്തോ ഒന്ന് മനസ്സില്‍ ഒളിപ്പിച്ചിട്ടുണ്ടോ?മനസ്സിനെ ശാസിച്ചു ഉറങ്ങാന്‍ ശ്രമിച്ചു .

ഒരു ഞായറാഴ്ച വൈകുന്നേരം ..സമയം കൊല്ലാനായി മറീന ബീച്ചില്‍ ചുറ്റി തിരിഞ്ഞപ്പോള്‍ വീണ്ടും അവള്‍ മുന്‍പില്‍.വെറുതെ എന്തൊക്കെയോ പറഞ്ഞു.ഭാര്യ ,കുട്ടികള്‍ ,അച്ഛന്‍ ,അമ്മ എല്ലാവരെയും പറ്റി അവള്‍ ചോദിച്ചു..എന്തെങ്കിലും തിരികെ ചോദിക്കാതിരുന്നാല്‍ മോശമല്ലേ..അവള്‍ സംസാരിച്ചു നിര്‍ത്തുമ്പോള്‍ തങ്ങള്‍ക്കിടയില്‍ നിറയുന്ന നിശബ്ദതയെ അയാള്‍ ഭയന്നിരുന്നു..മടിച്ചാണെങ്കിലും ചോദിച്ചു കുടുംബം?അവള്‍ ചിരിച്ചു.അച്ഛനും അമ്മയും നാട്ടിലാണ്.വിവാഹം?ചോദ്യം ഇടയില്‍ മുറിഞ്ഞു.കഴിച്ചില്ല..എന്ത് കൊണ്ടെന്നു ചോദിയ്ക്കാന്‍ ഉള്ള ധൈര്യം തനിക്കു നഷ്ടമായി..ചോദിയ്ക്കാന്‍ മറന്ന ഒരു പാട് ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മനസ്സിലേക്ക് തിരയടിച്ചു കയറുക ആയിരുന്നു ആ നേരത്ത്..

അവള്‍ എന്തൊക്കെ ആണ് പറഞ്ഞത്.ഒന്നും കേട്ടില്ല.നഷ്ടപ്പെടുത്താന്‍ ആവാത്ത പോലെ തീവ്രമായി ആരും പ്രണയിച്ചില്ല എന്ന് എപ്പോളോ പറഞ്ഞിരുന്നോ.ഓര്‍മ്മയില്ല.ഒന്ന് തൊടാന്‍ ആഗ്രഹിച്ചു നീട്ടിയ വിരല്‍ തുമ്പുകള്‍ ശൂന്യതയില്‍ ചിത്രം വരച്ചു.എപ്പോളാണ് അവള്‍ യാത്ര പറഞ്ഞു പിരിഞ്ഞത്..ഒന്നും ഓര്‍മ്മയില്ല.

തിരിഞ്ഞു
നടന്നു ഒന്നു ചേരാന്‍ കഴിയാത്ത വണ്ണം ഒരു പാട് ദൂരം എതിര്‍ ദിശകളിലേയ്ക്ക് നമ്മള്‍ നടന്നിരിക്കുന്നു ഹരി..ഇത്ര നാളും എന്‍റെ മാത്രം സ്വകാര്യമായ അഹങ്കാരമായി ഞാന്‍ കൊണ്ട് നടന്നിരുന്നു ഈ സ്നേഹം..അതെനിക്കെന്നും കൂട്ടായിരുന്നു.പക്ഷെ ഇന്നലെ ആ ജ്വലകളെ ഞാന്‍ നിന്റെ കണ്ണില്‍ കണ്ടു..എല്ലാം പറയാതെ പറയുന്നുണ്ടായിരുന്നു നിന്‍റെ കണ്ണുകള്‍.ആ കുറച്ചു നിമിഷങ്ങളില്‍ നമ്മള്‍ ഒരു ജന്മം ഒന്നിച്ചു ജീവിച്ചു തീര്‍ത്തത് പോലെ.നീ പലപ്പോളും പറയാറില്ലേ ..കൈകുമ്പിളിലെ വെള്ളം പോലെ ആണ് സ്നേഹമെന്ന്.അമര്‍ത്തി പിടിച്ചു സ്വന്തമാക്കാന്‍ നോക്കുമ്പോള്‍ തുള്ളിയില്ലാതെ നഷ്ടമാവുമെന്ന്.എനിക്കെന്നെ ഭയമാണ് ഹരി..ഇത്രയരികെ നീ ഉള്ളപ്പോള്‍...ആ സ്നേഹം ഞാന്‍ അറിഞ്ഞു കഴിഞ്ഞപ്പോള്‍..വെറും സാധാരണക്കാരിയായ എനിക്ക് പിടിച്ചു നില്ക്കാന്‍ ആയെന്നു വരില്ല..അറിയാതെ എങ്കിലും ഒരു നിമിഷം ഇറുക്കി അടച്ചു സ്വന്തമാക്കാന്‍ ശ്രമിച്ചു പോയെങ്കിലോ?കൈകുമ്പിളില്‍ ഒരു നിമിഷതെയ്ക്ക് എങ്കിലും നിറഞ്ഞു തുളുമ്പിയ ഈ സ്നേഹം നഷ്ടപ്പെടുത്താന്‍ എനിക്ക് വയ്യ..അത് കൊണ്ട് ഈ കുറിപ്പുകള്‍ നിനക്ക് സമ്മാനിച്ച്‌ ഞാന്‍ യാത്ര ആവുകയാണ്....ഇനിയൊരു ജന്മത്തിനായി കാത്തിരിക്കാം എന്നും ഞാന്‍ പറയുന്നില്ല.കാരണം ഒരിക്കലും ഒന്ന് ചേരാന്‍ ആവാത്ത സമാന്തര രേഖകള്‍ ആണ് നമ്മള്‍..ഇത്ര അരികെ ഉണ്ടായിരുന്നിട്ടും...ഇത്ര മേല്‍ പരസ്പരം അറിഞ്ഞിട്ടും ഒന്ന് ചേരാന്‍ ആവാത്ത നാം ഇനിയൊരു ജന്മത്തില്‍ ഒന്നിക്കുമെന്ന് വിശ്വസിക്കുവാന്‍ എനിക്കെന്തു കൊണ്ടോ കഴിയുന്നില്ല..അവളുടെ കത്തിലെ കറുത്ത അക്ഷരങ്ങള്‍ അവന്‍റെ ഹൃദയത്തിലേയ്ക്ക് നടന്നു കയറി .