Saturday, November 21, 2020

നിനക്കായി മാത്രം

 

നിനക്കായി മാത്രം പകുത്തു വയ്ക്കുന്നു ,
ഈ പാതിരാക്കാറ്റിൻറെ തണുപ്പിനെ ,
നിലാവിന്റെ സ്നേഹ സ്പർശനത്തെ ,
മിഴിയിണകളിൽ മയങ്ങുമീ സ്വപ്നങ്ങളെ,
സൂര്യകാന്തിപ്പൂക്കളെ, പിന്നെ
വായിച്ചു വായിച്ചു ചേർത്ത് പിടിച്ചുറങ്ങുമീ പുസ്തകങ്ങളെ

കാറ്റ്

 

മുരിങ്ങയിലകൾ കൊഴിയുന്ന
ഉച്ച നേരങ്ങളിൽ കാറ്റ് മൗനിയാകും,
ചെമ്പകച്ചോട്ടിലും
പേരയുടെ ചില്ലയിലും ഒളിച്ചു കളിക്കും,
ആളൊഴിഞ്ഞ കുളക്കടവിൽ
സ്വപ്നം കണ്ടിരിക്കും ...

ചില നേരങ്ങളിൽ

 

ചില നേരങ്ങളിൽ,
ചിലർ മിണ്ടിതുടങ്ങുമ്പോൾ,
നിശബ്ദമാവുന്നു നാഴികമണികൾ .
ഒരു കോഫീഷോപ്പിലെ
മേശയ്ക്കിരുവശത്തേയ്ക്കുമായി
നമ്മളെ പകുക്കാം .
ചൂടുള്ളൊരു കാപ്പിക്കൊപ്പം
പ്രിയപ്പെട്ടൊരു ഈണമാകും നിന്റെ ശബ്ദം
പുസ്തകങ്ങൾ, സിനിമകൾ
പ്രണയങ്ങൾ, യാത്രകൾ
തിരകൾ തീരത്തോടെന്ന പോലെ
നമ്മൾ കഥകൾ പറയും
ജനലിനപ്പുറം
മഴയും മഞ്ഞും
കാറ്റും വെയിലും
നമ്മളറിയാതെ കടന്നു പോകും

വളർന്നു വളർന്നു വലുതായിട്ടും

 

വളർന്നു വളർന്നു വലുതായിട്ടും
ഉപ്പോളം വരില്ല ഉപ്പിലിട്ടതെന്ന
അമ്മൂമ്മച്ചൊല്ലെന്നെ വിട്ടു പോയതേയില്ല
ഞാനെനിക്ക് തന്നെ വല്യേട്ടനും
കുഞ്ഞാങ്ങളയുമായ്
ചേച്ചിയും അനുജത്തിയുമായി
സ്നേഹിച്ചും ശാസിച്ചും ലാളിച്ചും
ചേർത്ത് പിടിക്കാൻ കൈകൾക്കായി കാത്തിരിക്കാതെ
സ്വയം ചേർത്ത് പിടിച്ചു
താങ്ങില്ലാത്തതിനാൽ ഒരുനാളും
തളർച്ചയറിഞ്ഞതേയില്ല

പെയ്തൊഴിയുന്നു

 

ഒരിലത്തണൽ പോലുമില്ലാത്ത
ഉച്ചവെയിൽപ്പരപ്പിൽ
ഒരു മഴത്തുള്ളിയെ ധ്യാനിക്കുന്നു
മഴയായി ഞാൻ പെയ്തൊഴിയുന്നു

ആകാശം

 

കടലൊന്നാകെ ഉള്ളിലടക്കിയിട്ടുണ്ടെന്നു
ആകാശം കണ്ടാൽ തോന്നുകയേ ഇല്ല
തിരയിളക്കങ്ങളേയും മീൻ സ്വപ്നങ്ങളെയും ഒളിപ്പിച്ചിട്ട്
മുറ്റമാകെ നിലാവ് വിതറി
നക്ഷത്ര വിളക്കുകളും തൂക്കി

മിന്നാമിനുങ്ങു

 

ഓലത്തുമ്പിൽ മിന്നാമിനുങ്ങുകളുടെ സമ്മേളനം .
നിന്റെ ഇരുൾ വഴികളിൽ കൂട്ടാകുന്നൊരു
മിന്നാമിനുങ്ങായാൽ മതിയെന്ന് തോന്നിയെനിക്ക്

കുളം

 

കനൽ മണമുള്ള നട്ടുച്ച ,
വെയിൽ സ്വപ്നങ്ങളിൽ മയങ്ങുന്നൊരു കുളം,
പായൽപ്പച്ച തണുപ്പ് ,
കുളക്കരയിൽ , ഒറ്റമരക്കൊമ്പിൽ,
ധ്യാനത്തിലൊരു പൊന്മാൻ .
 

ചെമ്പരത്തി


അതിരിലൊരു നാടൻ ചെമ്പരത്തി
പൂത്തോ തളിർത്തോ എന്നാരും തിരയാറില്ല
'കൊടും വേനലിലും ഒരുതുള്ളി വെള്ളമാരും പകരാറില്ല
കരിഞ്ഞുണങ്ങി ഇലകൾ കൂമ്പി
പെയ്യാൻ പോകുന്ന മഴക്കാലത്തേക്കു
പച്ചപ്പിനെ പ്രാണനിൽ ഒളിപ്പിക്കും
മഴയെത്തിയെന്നാർത്തു വളരുമ്പോൾ
തൊടിയാകെ കാട് പിടിച്ചെന്നാരോ
കോതി ഒതുക്കും ..

തനിച്ചിരിക്കുമ്പോളെല്ലാം വീടെന്നോടു സംസാരിച്ചു തുടങ്ങും

 


തനിച്ചിരിക്കുമ്പോളെല്ലാം വീടെന്നോടു സംസാരിച്ചു തുടങ്ങും
അടുക്കള ചൂടുള്ള കൈകളാൽ കെട്ടിപ്പിടിക്കും
നീറിയും പുകഞ്ഞും വെന്തും പൊടിഞ്ഞും
പിന്നെയും ബാക്കിയാവുന്നുണ്ട് ജീവിതമെന്നു പറയും
കാത്തു കാത്തിരുന്നു പിടഞ്ഞത് മതിയെന്ന് ഉമ്മറം
ഇളം തണുപ്പുള്ളൊരു ഉമ്മ വയ്ക്കും നെറ്റിയിൽ
നട്ടു നനച്ച പൂക്കളും തൊടിയിലെ കാറ്റും
നിന്റേതു മാത്രമല്ലേയെന്നു സ്നേഹിക്കും
രാവിൽ പലവേള കണ്ണുനീരിൽ നനഞ്ഞ തലയിണ
പോകെ പോകെ പ്രിയം പകർന്നൊരു കൂട്ടാകും
ഉറക്കമുറി ഇഷ്ടപ്പെട്ട പുസ്തകവുമായി , പതുപതുത്തൊരു
പുതപ്പിനുള്ളിൽ ചേർത്ത് പിടിക്കും
കുളിമുറി മാത്രം കാണുന്നുണ്ട് ഇപ്പോളും
കണ്ണ് ചുവക്കുന്നതും കവിൾ നനയുന്നതും
തൊട്ടാവാടി ഇന്നൊരു പക്വതയെത്തിയ വീട്ടമ്മയായെന്നു
'അമ്മ പറയുമ്പോൾ, കുളിമുറി ആരും കേൾക്കാതെ
അമർത്തി ചിരിക്കും , പിന്നെ
പനിനീർ സുഗന്ധമായി കണ്ണോരം കവിളോരം
ചേർത്ത് പിടിച്ചു കാതിൽ സ്വകാര്യങ്ങൾ പറയും.
മുതിർന്നു പോയെന്നു ലോകം പറയുമ്പോളും
ജെംസ് മിട്ടായിക്കും ബാലരമക്കും
കുഞ്ഞുങ്ങളോട് തല്ലുകൂടുന്നൊരെന്നെ
മറ്റാരും അറിയില്ലെന്ന് വീട്
ഉറങ്ങാൻ തുടങ്ങുന്ന എന്നെ ജനാല അടുത്ത് വിളിക്കും
ആകാശം കാട്ടി കൊതിപ്പിക്കും
ചിറകു നീർത്തി പറക്കാൻ പറയും
നക്ഷത്രങ്ങളും ചന്ദ്രനും , മേഘ തുണ്ടുകളും കാട്ടി
കൊതിപ്പിക്കും
ജീവിതം തന്ന ഭാരങ്ങൾ മറന്നു പോകും
ഒരു തൂവൽച്ചിറകായി ഞാൻ ആകാശത്തേയ്ക്ക് പറക്കും.