Saturday, February 20, 2016

അവശേഷിപ്പ്

ഇരുൾ  തിളച്ചു തൂകിയ രാത്രി 
പകലിരമ്പങ്ങൾ ഒടുങ്ങി 
വിജനമായ നിരത്തുകൾ
കൃത്യമായ  ഇടവേളകളിൽ 
ചുവപ്പും പച്ചയും മഞ്ഞയും
നിറഭേദങ്ങൾ 
റോഡിനപ്പുറം ഉറങ്ങാത്ത കോഫീ ഷോപ്പ്
ചോക്ലേറ്റ് കേക്കും കോൾഡ് കോഫീയുമായി
മേശയ്ക്കിരുവശത്തേക്കുമെന്നെ
പകുക്കുന്നു
പതിഞ്ഞ ശബ്ദത്തിലെ പോപ്‌ മ്യൂസിക്കിനൊപ്പം 
വാദിയും പ്രതിയുമാക്കുന്നു

ചോദ്യങ്ങളിൽ കുരുക്കിയും
ഉത്തരങ്ങളിൽ കുഴക്കിയും
കൂട്ടുമ്പോഴും  കുറയ്ക്കുമ്പോഴും 
ബാക്കിയാവുന്ന ഞാൻ
കളിനേരങ്ങളിൽ
പാമ്പും ഗോവണിയുമായി
രൂപാന്തരപെട്ടു
കയറ്റിറക്കങ്ങളുടെ
ആവേഗങ്ങളിൽ  രസിക്കുന്നു.

കഥയെന്നും കവിതയെന്നും മാറ്റി,
മാറ്റിയെഴുതുന്നു
എന്നിട്ടും
ഒറ്റമരത്തിലെ
അവസാനത്തെ ഇലയുടെ
കരിഞ്ഞു തുടങ്ങിയ
ഇല ഞരമ്പുകളിൽ
ഞാൻ
ഞാൻ മാത്രമെന്നൊരു
കുറിപ്പ്  മാത്രം
മനസിലാക്കലിൻറെ 
മനസിലാക്കപ്പെടലിൻറെ
കൈവഴികളിൽ
വഴിതെറ്റി
വരിതെറ്റിയൊരു
കാറ്റിന്റെ കയ്യൊപ്പാകുന്നു.

അവശേഷിച്ച ചോക്ലേറ്റ് കേക്കിനൊപ്പം
കാപ്പിയുടെ രസമുള്ള ചവർപ്പും നുണഞ്ഞു
രാത്രി സൂര്യനെ
ചുണ്ടിൽ ചേർത്തു
ട്രാഫിക് ലൈറ്റിന്റെ   ചുവപ്പിലേക്ക്
നടന്നു കയറുന്നു ...