Saturday, May 28, 2011

കലാകാരനും പ്രണയവും

കവിയുടെ ആദ്യ പ്രണയം കവിതയോടാണ്
ആവേശം കാവ്യ ഭംഗിയോടും
ലയവും താളവുമായി
ഒന്നാകാന്‍ കൊതിക്കുന്നവള്‍
അവന്‍റെ സങ്കല്പഗോപുരത്തിന്റെ
അടഞ്ഞ വാതിലിനു മുന്നില്‍
കാത്തിരിക്കുക മാത്രം ചെയ്യും

കഥാകാരന്റെ മനസ്സെന്നും
കഥാപാത്രങ്ങള്‍ക്കും
അവരുടെ ജീവിത സഞ്ചാരങ്ങള്‍ക്കും
ഒപ്പം ഉഴറി നടക്കും
അവരുടെ ചിരിയും കണ്ണീരും
നെഞ്ചില്‍ നിറയ്ക്കും
അവരുടെ ഒപ്പം ഓടി തളരും
പ്രണയിനിക്കായി പകുത്തു നല്‍കാന്‍
നിമിഷങ്ങള്‍ എവിടെ?

ചിത്രകാരന്റെ മനസ്സില്‍
മഴവില്‍ നിറങ്ങളാണ്
മനസ്സ് മുഴുവന്‍
ക്യാന്‍വാസിലാക്കാന്‍
കൊതിച്ചുഴലും,
പ്രണയിനിയുടെ മനസ്സ്
അവിടെ വിരിയുന്ന മഴവില്ല്
നോവില്‍ നിറയുന്ന കാര്‍മേഘങ്ങള്‍
പെയ്തൊഴിയുന്ന മഴ
അവളുടെ പുഞ്ചിരി പൂക്കള്‍
അവന്റെ സുഗന്ധം കൊതിക്കുന്ന
അവളുടെ നിശ്വാസം
ഒന്നും കണ്ടെന്നു വരില്ല.

ശില്പ്പിയോ
അവന്റെ ധ്യാനത്തില്‍
സ്ത്രീ സൌന്ദര്യമുണ്ട്
ഓരോ കല്ലിലും
ജീവന്‍ തൊട്ടുണര്‍ത്താനുള്ള
വെമ്പലുണ്ട്
അളവുകളില്‍ പൂര്‍ണ്ണതയുള്ള
അവന്റെ ശില്പങ്ങള്‍ക്ക് മുന്‍പില്‍
പ്രണയിനി തോറ്റു പോകുന്നു
അവളുടെ സ്വപ്നങ്ങളും.

Sunday, May 22, 2011

ജീവിതം

നാളെ നാളെയെന്നുള്ള ചിന്തയില്‍
കാണാതെ പോകുന്ന ഇന്നുകളെ
ഈ നിമിഷമെന്നെ സൌന്ദര്യത്തെ
ചുറ്റും പാടി പറക്കുന്ന കിളികളെ
പുഞ്ചിരിക്കുന്ന പൂക്കളെ
തലോടുന്ന കാറ്റിനെ
ഉമ്മ വയ്ക്കുന്ന സൂര്യനെ
ഒന്ന് കണ്ടു കണ്‍ നിറയ്ക്കാതെ
ഓടിയെത്തുവാന്‍ മരണമല്ലാതെ
മറ്റൊരു ലക്ഷ്യമില്ലെന്നു
മറക്കുന്നു നാം!!

കരുണ നിറഞ്ഞ നോട്ടം
ഒരു സ്നേഹ സ്പര്‍ശം
ഏതു വേനലും
മറവിയിലാഴ്ത്തുമൊരു പുഞ്ചിരി
സര്‍വ്വ ദുഖങ്ങളും തുടച്ചു മാറ്റുന്നൊരു
ആശ്ലേഷം
ഇത്രയേ വേണ്ടൂ
ജീവിതമെന്ന സത്യത്തെ അറിയാന്‍!

Friday, May 6, 2011

ഞാനും ദൈവവും

ഉണര്‍വ്വിലും ഉറക്കത്തിലും
ശാസിച്ചും സ്നേഹിച്ചും
തല്ലിയും തലോടിയും
നിഴലിനെക്കാള്‍ ചേര്‍ന്നൊഴുകുന്ന
ഈ സ്വരം ആരുടെതാണ്?

സ്വപ്നാടനത്തിലെന്നെ പോലെ
ദിക്കറിയാതെ ഒഴുകുമ്പോളൊക്കെ
കൈ പിടിച്ചു നേര്‍വഴി കാട്ടും,
ആള്‍ക്കൂട്ടത്തില്‍ ഒറ്റയ്ക്കാണ്
ഒറ്റയ്ക്കാണെന്ന്
തേങ്ങി കരയുമ്പോള്‍  
നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തുന്ന നീ
എന്‍റെ ദൈവമല്ലാതെ മറ്റാരാണ്‌?

സ്നേഹിക്കാനും പ്രണയിക്കാനും
പിണങ്ങാനും വാശി പിടിക്കാനും
നോവുമ്പോള്‍ ഒന്ന് കരയാനും
കഴിയണ്ടേ ദൈവത്തിനു?

എനിക്കൊരിക്കലും പ്രവേശനമില്ലാത്ത
ശ്രീകോവിലിലെ
നിറഞ്ഞു കത്തുന്ന വിളക്കുകള്‍ക്കും
ചന്ദനത്തിരികള്‍ക്കും ഇടയില്‍
ശ്വാസം മുട്ടിക്കില്ല നിന്നെ ഞാന്‍

നമുക്കൊരുമിച്ചു ഇരിക്കണം
കൈകോര്‍ത്തു നടക്കണം
നിന്‍റെ ഹൃദയമിടിപ്പുകള്‍
എനിക്ക് താരാട്ട് തീര്‍ക്കണം
എന്‍റെ മുടിച്ചുരുളുകളില്‍
നിനക്കൊരു സ്വര്‍ഗ്ഗവും

മനുഷ്യനും ദൈവത്തിനുമിടയില്‍
എന്തിനാണിത്ര അകലം?
എനിക്കും നിനക്കുമിടയില്‍
അര്‍ത്ഥമറിയാത്ത മന്ത്രങ്ങളും
അതുരുക്കഴിക്കുവാന്‍
ഒരു പുരോഹിതനും വേണ്ട.