Monday, January 31, 2011

പിണക്കങ്ങള്‍

എന്തിനാണിത്ര പിണക്കം?
കൂടുതല്‍ ഇണങ്ങാന്‍
പിണക്കങ്ങള്‍ക്ക്‌ ഒടുവില്‍
ഉമ്മകള്‍ കൊണ്ട് പൊള്ളിച്ചു
വാശിയോടെ നെഞ്ചോടു
ചേര്‍ക്കുകയില്ലേ നീ?

അങ്ങനെ ഇണങ്ങിയും പിണങ്ങിയും
ഒടുവിലൊരു നാള്‍
നിന്‍റെ ഉമ്മകളുടെ തീയില്‍ ഉരുകി
ദേഹവും രൂപവും നഷ്ടമായി
വേര്‍പിരിയാനാവാതെ ഒന്നാകില്ലേ നമ്മള്‍..

Thursday, January 27, 2011

മതില്‍ക്കെട്ട്

നമുക്കിടയില്‍ ഒരു
ചില്ല് പാളി മാത്രം
പാറി വീഴുന്നൊരു പൂമ്പൊടി പോലും
തുടച്ചു മാറ്റുവാന്‍ വ്യഗ്രത പൂണ്ടു നാം
ആദ്യ കാലങ്ങളില്‍

കാലം ചെല്ലവേ
രണ്ടു ലോകങ്ങള്‍
അതിന്റെ സ്വകാര്യതകള്‍
കാറ്റും മഴയും
വേനലും മഞ്ഞും
തുടച്ചു മിനുക്കാന്‍
ആരുമേ പണിപ്പെടാത്ത ചില്ല് പാളി
സുതാര്യത നഷ്ടപ്പെട്ടൊരു
മതില്‍ക്കെട്ട് തീര്‍ത്തു

വാക്കുകള്‍ പണ്ടേ മുറിഞ്ഞ നമുക്കിടയില്‍
കാഴ്ചയും മറഞ്ഞു അകലുകയാണ്.

Wednesday, January 26, 2011

വാടാമലരുകള്‍

മണ്ണും സ്വപ്നങ്ങളും
പുതുതാണ്
അവിടെ വേരോടാന്‍
പുതിയ മുളകള്‍ പൊട്ടാന്‍
ഇനിയെത്ര കാലം?

ബാല്‍ക്കണിയുടെ ഇത്തിരി ചതുരത്തില്‍
മേഘങ്ങളും നിലാവും സ്വപ്നം കണ്ടു
ചില്ലകളും ഇലകളുമൊതുക്കി
അളന്നു മുറിച്ചു കിട്ടിയ ഇത്തിരി മണ്ണില്‍
പൂത്തുലയാതെ,പടരാതെ വളര്‍ന്നവളല്ലേ നീ

അറ്റമില്ലാത്ത ആകാശ കാഴ്ചകളും
അളന്നു തിരിക്കാത്ത മണ്ണും
കനിവായി ഒഴുകുന്ന തെളിനീര്‍ ചാലും
നെഞ്ചോടു ചേര്‍ത്ത് തഴുകുന്ന സൂര്യ രശ്മികളും
സ്വപ്ന സുഗന്ധമുള്ള
വാടാ മലരുകളായി വിടരുമോ?

Sunday, January 16, 2011

സ്വപ്നം

എന്‍റെ  സ്വപ്നം
ഓമനത്തം ഉള്ളൊരു പെണ്‍കുഞ്ഞു
ചിരിച്ചും കരഞ്ഞും
മാറില്‍ ചേര്‍ന്ന് പാല്‍ നുകര്‍ന്നും
ഓടിക്കളിക്കുന്നൊരു കിലുക്കാംപെട്ടി

അവനു മോഹം
ക്യാന്‍വാസില്‍ മഴവില്‍ നിറങ്ങളില്‍
വിരിയുന്നൊരു മകളെ
ടീനേയ്ജ് ഭ്രമങ്ങളിലെയ്ക്കൊരിക്കലും
പടര്‍ന്നു കയറാത്തവള്‍

കൂടണയാന്‍ വൈകുന്ന സന്ധ്യകളില്‍
തീയെരിക്കേണ്ട നെഞ്ചില്‍
മതിലിനപ്പുറത്തെ ചൂളം വിളിയില്‍
രക്ത സമ്മര്‍ദം ഉയര്‍ത്തേണ്ട
ഐസ്ക്രീമും സൗന്ദര്യവും വില്‍ക്കുന്ന
പാര്ളരുകളെ ഭയപ്പെടേണ്ട
ഓര്‍ക്കുട്ട്, ഫേസ്ബുക്ക്‌,
എണ്ണിയാല്‍ ഒടുങ്ങാത്ത ചാറ്റ് റൂമുകള്‍
ദുര്ഭൂതങ്ങള്‍ ഇവയലട്ടാതെ ഉറങ്ങണം

അച്ഛന്‍ വരച്ച വരയ്ക്കപ്പുറം
വളര്‍ന്നു പടരാതെന്‍ മകള്‍
എന്നുമീ പാല്‍ പുഞ്ചിരി പൊഴിക്കണം

തര്‍ക്കങ്ങള്‍ക്കും കണ്ണുനീരിനും ഒടുവില്‍
നീല കണ്ണുകള്‍ ഉള്ളൊരു
ബാര്‍ബിയെ വാങ്ങാന്‍ തീരുമാനിച്ചു

Wednesday, January 12, 2011

വലകള്‍

അകപ്പെട്ടാല്‍ പുറത്തേയ്ക്കുള്ള വഴി
മറന്നേ പോകുന്ന
അന്തമില്ലാത്ത വലയ്ക്കുള്ളില്‍
ഒളിഞ്ഞും മറഞ്ഞും
പേര് മാറ്റിയും
പ്രണയവും ജീവിതവും നെയ്യുന്നവര്‍

കവിത ചൊല്ലിയും
കഥ പറഞ്ഞും
നഷ്ടസ്വപ്നങ്ങളില്‍ വെറുതെ വിതുമ്പിയും
പ്രണയക്കരുക്കള്‍ നീക്കുന്നു

കളി വീണ്ടും പഴയത് തന്നെ
ഏണിയും പാമ്പും
ഏണിപ്പടികള്‍ കയറി നീ മുകളിലേയ്ക്കും,
പാമ്പിന്‍ വായില്പ്പെട്ടു ഞാന്‍ താഴേയ്ക്കും