Tuesday, March 26, 2013

തേൻ മിഠായികൾ

 പൊട്ടിയ ഒരു കല്ലുപെൻസിൽ
പച്ചക്കുപ്പിവളപ്പൊട്ടുകൾ
തടിയിൽ തീർത്ത
തിളങ്ങുന്ന കണ്ണുകളുള്ള
മാൻപേട
മിഠായി കടലാസ്സു കോർത്തൊരു മാല
ജീവിത സഞ്ചാരത്തിൽ
മുനകളൊടിഞ്ഞു മിനുസമാർന്ന
വെള്ളാരങ്കല്ലുകൾ

പെറ്റു പെരുകുമെന്നു
കള്ളം പറഞ്ഞു
കൂടെ പോന്ന മയിൽപീലികൾ
ജീവിതത്തിന്റെ ചെറിയ ഇടവേളയിൽ മാത്രം
എനിക്കും നിനക്കും മധുരിച്ച
പുഴവക്കത്തെ ചക്കരക്കല്ലുകൾ

നാലായി മടക്കിയ
മടക്കുകൾ പിഞ്ചിയ
റോസിലും ഇളം നീലയിലും
സ്നേഹ സൌഹൃദങ്ങൾ പകർന്ന
നിന്റെ അക്ഷരങ്ങൾ
കാലപ്പഴക്കത്തിൽ അവയിൽ നിന്നും
ചോർന്നു പോയ
സ്വപ്നങ്ങളും പ്രതീക്ഷകളും

എല്ലാ വാതിലുകളും തുറന്നിട്ടിട്ടും
പടി കടന്നു പോകില്ലെന്നുറച്ചു
മനസ്സിന്റെ കാണാമൂലയിൽ
ഒളിച്ചിരിക്കുന്നൊരു കാറ്റ്
മൌനത്തിൽ കുതിർന്നു
ഒച്ചയനക്കങ്ങൾ ഇല്ലാത്ത
ദിനങ്ങളിൽ
അനുവാദമില്ലാതെ വീശിയടിക്കുന്നു

ഏതിരുളിലും വഴികാട്ടിയാവുന്നു
ആത്മാവിലെരിയുന്ന കെടാവിളക്ക്
ശൈത്യത്തിൽ
കടുത്ത ഹിമാപാതങ്ങളിൽ
ഉറഞ്ഞുറഞ്ഞു പോകാതെ
പ്രാണനും ചൂടുമായി
നെഞ്ചിലൊരു നെരിപ്പോട്

ഇന്നലെകളുടെ മാറാല
തുടച്ചും
അടുക്കിയൊതുക്കിയും
പടിയിറങ്ങുമ്പോൾ
കാലിൽ തടയുന്നതൊരു
കടലാസ്സു പൊതി
പൊതി നിറയെ
റോസ് നിറത്തിൽ
തേൻ മിഠായികൾ
നാവിലും നെഞ്ചിലും അലിഞ്ഞു
സ്നേഹം നിറയ്ക്കുന്നു

വലിയ നോവുകളിൽ ഉലയാത്ത മനസ്സ്
ചെറിയ സന്തോഷങ്ങളിൽ പാറിപ്പറക്കുന്നു

Saturday, March 9, 2013

ആ മരം ഈ മരം

മരത്തെ അതിന്റെ വേരില്‍ നിന്ന് അടര്‍ത്തി മാറ്റി സ്വന്തമാക്കാന്‍ ശ്രമിക്കുന്ന നിഷ്ഫലതയെ എന്ത് പേരിട്ടു വിളിക്കും നാം.

വിത്തിട്ടു
വെള്ളമൊഴിച്ച്
വളമിട്ടു
കള പറിച്ചു
കാത്തു സൂക്ഷിച്ചവര്‍..

ജീവിത സായാഹ്നത്തില്‍,വളര്‍ന്നു പന്തലിച്ച വൃക്ഷത്തിന്റെ കൂറ്റന്‍ വേരുകളില്‍ അവസാന നാളുകള്‍ കഴിക്കുന്നു.വേനലില്‍  തണലായും,മഴയില്‍ കുടയായും അവര്‍ക്ക് മുന്‍പില്‍ ആ വൃക്ഷം.അണ്ണാറക്കണ്ണനും കിളികളും കൂനന്‍ ഉറുമ്പും വരെ അവകാശം കൈപ്പറ്റിയ ശേഷം ബാക്കിയാവുന്ന പഴങ്ങള്‍ അവരുടെ പശിയടക്കുന്നു.

                                       ഇനിയൊന്നും വേണ്ട,ഈ മരത്തണലിലാണ്  അന്ത്യമെന്ന് കരുതിയവര്‍. ചിത കൂട്ടുന്നത്‌ ഇതിന്റെ ചില്ലകള്‍ കൊണ്ടെന്നു കരുതിയവര്‍,പെട്ടന്നൊരു ദിവസം കുടിയൊഴിക്കപ്പെടുന്നു.പോകാന്‍ മറ്റൊരിടം ഇല്ലാത്തവര്‍..ഇനിയൊരു മരം പോറ്റി പുലര്‍ത്താന്‍ ആയുസ്സും ആരോഗ്യവും ഇല്ലാത്തവര്‍.ഉള്ളുരുകിയിട്ടുണ്ടാവില്ലേ മരത്തിന്റെ ..

ആകാശത്തെ തൊടുന്ന ചില്ലകളും അതിലെ ആയിരക്കണക്കായ ഇലകളും മാത്രമല്ല ഒരു മരം.ചില്ലകളില്‍ കൂട് കൂട്ടിയ എണ്ണമറ്റ കിളികളാണ്.അവരുടെ കിളിക്കൂടുകളും,അതില്‍ നാളെയുടെ പ്രതീക്ഷയുമായി വിരിയാനിരിക്കുന്ന കിളി മുട്ടകളുമാണ്.പറക്കമുറ്റാതെ,ആഹാരത്തിനായി അമ്മയെ കാത്തിരിക്കുന്ന കുഞ്ഞുങ്ങളുമാണ് .ദൂരെ ഒരിടത്ത് വേടന്റെ വലയില്‍ കുടുങ്ങി,ഇനി ഒരു നാളും
മടങ്ങി വന്നീ കൂടിനെയും കുഞ്ഞുങ്ങളെയും കാണാന്‍ ആവില്ലെന്നുരുകുന്ന അമ്മയുടെതുമാണ്.


കാലം അകക്കാമ്പില്‍ വീഴ്ത്തിയ ആഴമുള്ള മുറിവുകളില്‍ താമസമാക്കിയ അണ്ണാറക്കണ്ണന്മാരുമാണ്.അവരുടെ ചിലപ്പും കുസൃതിയും വാലിളക്കിയുള്ള ഓട്ടവുമാണ്.

നിത്യ ശത്രുതയില്‍ ആയിട്ടും ഒരേ മരച്ചുവട്ടില്‍ മാളം തീര്‍ത്ത പാമ്പും എലിയുമാണ് .അവര്‍ കളിക്കുന്ന ആദിമമായ ജീവന്മരണ കളിയുമാണ് .പാമ്പ് അവിടെ തന്നെ ഉണ്ടെന്നു അറിഞ്ഞിട്ടും പുതിയൊരു മാളം തേടി എലി പോകാത്തത് എന്ത് കൊണ്ടാവും?ആയുസ്സിനെക്കള്‍ വലുതാവും ചിലര്‍ക്കെങ്കിലും സ്വന്തം വേരുകള്‍.

എപ്പോഴും  തിരക്കിട്ടോടി,പരസ്പരം രഹസ്യം പറഞ്ഞു നടക്കുന്ന എണ്ണമറ്റ ഉറുമ്പുകളുമാണ് .ഓടി ഓടി നമ്മള്‍ എത്തുന്നത്‌ മരണത്തിലെയ്ക്കാണെന്ന് ഓര്‍മ്മിച്ചെങ്കില്‍
ഇങ്ങനെ ഓടുമായിരുന്നോ?പിന്‍ഗാമികള്‍ക്കായി കാത്തു വയ്ക്കുക എന്നതാണോ പ്രധാനം,ജീവിക്കുക എന്നൊന്നില്ലേ?

ഓണം കഴിഞ്ഞേറെ ആയിട്ടും,അഴിക്കാന്‍ മറന്ന അപ്പുറത്തെ വീട്ടിലെ ഉണ്ണിയുടെ ഊഞ്ഞാലുമാണ് .ആ ഇത്തിരി പോന്ന ഊഞ്ഞാലില്‍ അവന്റെ സന്തോഷങ്ങളും സങ്കടങ്ങളും ഉണ്ട്.ഇനിയൊരിക്കലും കൂട്ട് കൂടാന്‍ വരാതെ,പെട്ടെന്ന് ഒരു ദിവസം അമ്പോറ്റിക്കൊപ്പം പോയ കുഞ്ഞു പെങ്ങള്‍ ഉറങ്ങുന്നതും ആ മരച്ചുവട്ടില്‍ ആണ്.നാളെയൊരിക്കല്‍,അച്ചനുപേക്ഷിച്ച കുഞ്ഞാണെന്ന അറിവ് നെഞ്ചിലൊരു കല്ലാകുമ്പോള്‍ ,അവനൊരു ആശ്വാസമാകാന്‍ ഈ മരമല്ലാതെ ആരാണ് ഉണ്ടാവുക?

എന്നിട്ടും എന്നിട്ടും എല്ലാത്തില്‍ നിന്നും അടര്‍ത്തി മാറ്റപ്പെടുന്നു മരം.ഇലകള്‍ തൊഴുകൈകളായി ഭൂമി നിറഞ്ഞൊഴുകി.വേരുകള്‍ കാരുണ്യം തേടി പ്രാര്‍ഥനയില്‍ ആകാശത്തെയ്ക്കുയര്‍ന്നു.