Saturday, September 18, 2010

കുഞ്ഞ്

വിതയ്ക്കുന്നവനും വിത്തും

ഒരു കാലവും അനുവാദം

ചോദിക്കാറില്ല ഈ മണ്ണിനോട് ..

മഴയും വെയിലും മഞ്ഞും

ആഞ്ഞു പതിക്കുമ്പോള്‍

ധ്യാന മൂകമിരിക്കുമീ ഭൂമി


ജന്മ ബന്ധത്താല്‍ നീയെന്നോടും

കര്‍മ്മ ബന്ധത്താല്‍ ഞാന്‍ നിന്നോടും

ബന്ധിക്കപ്പെട്ടിരിക്കുന്നെങ്കിലും കുഞ്ഞേ,

ഒരു മാത്ര പോലും നീ എന്റേതെന്നു

കരുതുന്നതില്ല ഞാന്‍

മുറിഞ്ഞു പോയ പൊക്കിള്‍കൊടി

എനിക്ക് നല്‍കുന്നത്

വയറും മനസ്സും നിറഞ്ഞൊരു കാലത്തിന്‍റെ

ഓര്‍മ്മപ്പൊട്ടുകള്‍ ആണ്



ഒന്‍പതു മാസക്കാലം

എന്റെ ശ്വാസം നിന്റെതും

എന്‍റെ ജീവരക്തം നിന്‍റെ ജീവനുമായിരുന്നു

ലോകത്തിന്‍റെ മായക്കാഴ്ചകള്‍ കാണാതെ

നിന്‍റെ ഹൃദയമിടിപ്പിനും

പാദ സ്പര്‍ശനത്തിനും മാത്രമായി

കാതോര്‍ത്തു കഴിഞ്ഞൊരു കാലം



പിന്നെ വേദനയുടെ അന്ത്യത്തില്‍

നമ്മള്‍ രണ്ടായി ..

നീ ജനിച്ചു എന്ന അത്യാഹ്ലാദം

നാമിനിയൊന്നല്ല എന്ന തിരിച്ചറിവ്



ഇനി നിനക്ക് അകന്നു പോകണം

നിന്‍റെ ആകാശവും ഭൂമിയും തേടി

നിന്‍റെ ചിന്തയ്ക്കും ബുദ്ധിക്കും മേലെ

നിഴല്‍ പാടുകള്‍ വീഴ്ത്താതെ

അകന്നു മാറാന്‍

എന്‍റെ സ്നേഹം എന്നോട് പറയുന്നു ..



എങ്കിലും നിന്‍റെ കണ്ണിനു വെളിച്ചവും

പാതയില്‍ വിളക്കുമാകാന്‍

അവസാന ശ്വാസം വരെ

അമ്മയുടെ നെഞ്ചിലൊരു നേരിപ്പോടെരിയുന്നു ..