Friday, January 24, 2014

ഏകതാരകം

വൈകുന്നേരത്തെ കാറ്റും കൊണ്ട് പ്രാവിനോടും  കാക്കയോടും കാര്യവും പറഞ്ഞു തെളിഞ്ഞു തെളിഞ്ഞു വരുന്ന അമ്പിളി മാമനെ നോക്കി കുഞ്ഞി ചെക്കന്റെ കയ്യും പിടിച്ചു നടക്കാൻ എന്ത് രസമെന്നൊ.പെട്ടെന്നാണ് ഒരു വിളി വന്നത്..മനോജ്‌ ആണ് ..
  "Auntie we are moving out tomorrow..."
"Ohh! is it"
"Where are u moving to"
"Near to school"
"okii..."
"I will miss u auntie."
"Hey, you will get a new auntie over there ..don't  worry"

മങ്ങിയ മുഖവുമായി അവൻ അങ്ങനെ നിന്നു ..കുഞ്ഞിന്റെ കയ്യും പിടിച്ചു ഞാൻ വീട്ടിലേക്കു നടന്നു..

ജീവിതം ശെരിക്കും പറഞ്ഞാൽ വലിയൊരു തമാശ ആണ്..ഒരു ബന്ധത്തിന്റെയും പേരില്ലാതെ ചിലര് നമ്മുടെ ആരൊക്കെയോ ആകുന്നു.ഒരു കടപ്പാടും ഉത്തരവാദിത്വവുമില്ലാതെ കണക്കില്ലാതെ സ്നേഹിക്കുന്നു.
ഒരു പുതിയ സൗഹൃദം തുടങ്ങുവാനോ,പഴയതൊന്നു  പൊടി  തട്ടി എടുക്കാനോ ഒന്നും കഴിയാത്ത വണ്ണം ഞാൻ എന്നിലേയ്ക്ക് എന്നിലേയ്ക്ക് ഒതുങ്ങി തുടങ്ങിയിരിക്കുന്നു..അവിടെ ഒറ്റപ്പെടലും വേദനയുമൊന്നുമില്ല..ഏകാന്തതയുമായി ഞാൻ പ്രണയത്തിലാണെന്നതാണ് സത്യം.ഒന്നും വേണമെന്ന മോഹമില്ലാത്ത മനസ്സ്.ഇനിയൊന്നിനും പിടിച്ചു ഉലയ്ക്കൻ കഴിയാത്ത ഒരു സ്വാസ്ഥ്യം.

ജീവിതത്തിൽ ആദ്യമായി ഞാൻ എന്നെ പ്രണയിക്കുക ആയിരുന്നു..ഇത്ര കാലം ആരുടെ ഒക്കെയോ ഇഷ്ടം പോലെ ആകാൻ ശ്രമിച്ച ഞാൻ അതൊക്കെ എന്നെന്നെത്തെക്കുമായി  അവസാനിപ്പിച്ചിരിക്കുന്നു.അത് കൊണ്ട് തന്നെ ഒറ്റയ്ക്കാവാൻ എനിക്ക് ഞാനുമായി സംസാരിച്ചിരിക്കാൻ സ്നേഹിക്കാൻ വല്ലാത്ത കൊതി..ഒരിക്കലും നൃത്തം പഠിച്ചിട്ടില്ലാത്ത ഞാൻ ,ഒരു ചുവടു പോലും എവിടെയും വയ്ക്കാത്തവൽ സ്വയം മറന്നു നൃത്തം ചെയുന്നു. ബാൽക്കണിയിലെ ഇത്തിരി ലോകത്തിൽ കാറ്റും മഴയും മഞ്ഞും ആസ്വദിക്കുന്നു..രാത്രി ഉറങ്ങും മുൻപ് ഒരു നക്ഷത്രത്തെ കണ്ടാൽ സന്തോഷമായി.അതിരാവിലെ ഉണർന്നാൽ ഓടി വന്നു ബാൽക്കണിയിൽ നോക്കും ..മായാൻമടിക്കുന്നൊരു ചന്ദ്രനും, ദൂരെ ദൂരെ നിന്ന് പുഞ്ചിരി പൊഴിച്ച് ഒന്ന് കണ്ണടയ്ക്കുമ്പോൾ ഓടി വന്നെന്റെ നെറ്റിയിൽ ഉമ്മ വയ്ക്കുന്ന നക്ഷത്രവും ...ജീവിതം മനോഹരമാകാൻ വേറൊന്നും വേണ്ടാന്നു തോന്നി തുടങ്ങിയ ദിവസങ്ങൾ.

ആ ദിവസങ്ങളിൽ  എപ്പോഴെങ്കിലും ആകാം ആ കുടുംബം അവിടെ എത്തിയത്..അതോ അതിനു മുന്പാണോ?..അറിയില്ല..പുറം ലോകം എന്നിൽ ചലനങ്ങള ഒന്നും ഉണ്ടാക്കാത്ത ഒരു കാലമായിരുന്നു അത് ...അന്ന് പതിവ് പോലെ രാത്രിയിൽ കുഞ്ഞിന്റെ തുണികള കഴുകി വിരിച്ച ശേഷം ദൂരെ ദൂരെ എന്റെ മാത്രം സ്വന്തമായ ഏകാതാരകത്തെ കണ്ചിമ്മാതെ  കണ്ടു നില്ക്കുക ആയിരുന്നു...എതിർ  വശത്തുള്ള  അപ്പാര്റ്റ്മെന്റിൽ നിന്നും കേട്ട കളിചിരികൾ എന്ത് കൊണ്ടോ എന്നെ ആകര്ഷിച്ചു..ഒരു കുട്ടിയും അവന്റെ അച്ഛനും അമ്മയും ആകാശത്തേക്ക് നോക്കി നില്ക്കുന്നു...ആഹ അപ്പോൾ ഇങ്ങനെ വേറെ ആളുകളും ഉണ്ട് ..അപ്പോൾ നീ എന്റെ മാത്രം സ്വന്തം അല്ല അല്ലെ...കാറ്റും മലയും കാടും നക്ഷത്രങ്ങും ചന്ദ്രനുമൊക്കെ എല്ലവരുടെതുമല്ലേ ...ആണോ...സൌകര്യമില്ല  അങ്ങനെ സമ്മതിച്ചു തരാൻ ...അവരെ നോക്കി ഒന്ന് ചിരിച്ചു ഞാൻ ഉറങ്ങാൻ പോയി .

ഒരു പുസ്തകത്തെ നെഞ്ചോടു ചേർത്ത് വച്ച്,ആ വരികളിൾ  മനസ്സിനെ ചേർത്ത് വച്ച്, പിഞ്ചു  കുഞ്ഞു അമ്മയോട് ചേർന്ന് ഉറങ്ങും പോലെ സ്വസ്ഥമായ എന്റെ രാത്രികൾ ...സ്ത്രീകള് മധ്യവയസ്സിൽ എത്തുമ്പോൾ കൂടുതൽ പക്വത പ്രാപിക്കുന്നു എന്നും ജീവിതത്തെ പ്രണയിക്കുന്നു എന്നും പറയുന്നത് എത്ര സത്യമാണ് ..അത് വരെയുള്ള അരക്ഷിത ബോധം , അവനവനെ എവിടെ എങ്ങനെ അടയാളപ്പെടുത്തണം എന്ന അറിവില്ലായ്മ ഒക്കെ പെട്ടന്നൊരു നാൾ മാഞ്ഞു പോകുന്നു..എന്നും എല്ലായ്പ്പോഴും എന്തിനോ വേണ്ടി തിരഞ്ഞു കൊണ്ടിരുന്ന മനസ്സും കണ്ണുകളും ശാന്തമാകുന്നു.ഇനിയൊന്നും തേടി അലയേണ്ടതില്ല എന്ന തിരിച്ചറിവ് ,അത് നല്കുന്ന സമാധാനം ,അതെത്ര വലുതെന്നൊ..

പിന്നെയുള്ള ദിവസങ്ങള് ഞാൻ മെല്ല മെല്ലെ അവരുമായി കൂട്ടായി..വാക്കുകളാൽ അധികം അശുദ്ധമാക്കപ്പെടാത്ത ഒരു സൗഹൃദം ..സ്കൂളിൽ പോകുമ്പോൾ ആ കുട്ടിയുടെ യാത്ര പറയല...അവന്റെ അച്ഛന്റെയും അമ്മയുടെയും   ഇണക്കങ്ങൽക്കും  പിണക്കങ്ങൾക്കും  ഞാനും സാക്ഷിയായി..ഓഫീസിലേക്ക് പോകുമ്പോൾ ഒക്കെയും സ്നേഹവും കാരുണ്യവും നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചിരുന്നു ആ മനുഷ്യൻ .കാമം ഇല്ലാത്ത നിഷ്കളങ്കമായ സ്നേഹം എന്നത് എത്ര വലിയ താങ്ങാണ് ...എനിക്കവരുടെ പേര് പോലും അറിയില്ല..ആ കുട്ടിയുടേത് ഒഴികെ.എന്നിട്ടും അവരെനിക്കു ആരൊക്കെയോ ആയിരുന്നു..

രാവിലെ ബാൽക്കണിയുടെ ഇത്തിരി ചതുരത്തിൽ തൊട്ടു തലോടി  സ്നേഹിക്കപ്പെടാൻ കാത്തിരിക്കുന്ന എന്റെ ചെടികൽ.ഒരു  ജന്മത്തിലും എനിക്കെത്തിപ്പെടാൻ കഴിയാത്ത വിശുദ്ധിയോടെ,വിരൽ തുമ്പുകളിൽ നൈര്മല്ല്യം നിറയ്ക്കുന്ന തുളസി..മഞ്ഞു കാലത്തും അതി രാവിലെ വെള്ളമൊഴിക്കുമ്പൊൽ ആന്റി ആ ചെടികൾക്ക് തണുക്കും ...ഒന്ന് വെയിൽ വീണിട്ടു ഒഴിക്കെന്നു പറയുന്ന, ഒരു കുഞ്ഞിനു മാത്രം അവകാശപ്പെടാവുന്ന കുസൃതി.
പകൽ നേരങ്ങളിൽ പണികൾ ഒഴിഞ്ഞു കുഞ്ഞും ഉറങ്ങുന്ന നേരത്ത് ആകാശത്ത് മേഘങ്ങൾ വരയുന്ന ചിത്രങ്ങൾ നോക്കി സ്വയം മറന്നിരിക്കുമ്പോൾ മുകളിൽ നിന്ന് എന്ത് കാഴ്ചയാണ് ആകാശത്ത് എനിക്ക് കൂടെ പറഞ്ഞു തരൂ എന്നൊരു കുശലം ...ആ കാഴ്ചകൾ ഒരാള്ക്കും കാട്ടി കൊടുക്കാൻ ആവില്ലെന്ന് എങ്ങനെ പറയും ...മറുപടി ഒരു പുഞ്ചിരി മാത്രം ....പനി  പിടിച്ചു,പുതപ്പിനുള്ളിൽ ചുരുണ്ട് ചുക്ക് കാപ്പിയുമായി ഇരിക്കുമ്പോൾ ,അകലെ നിന്ന് നെറ്റിയിലൊന്നു തൊട്ടു പനിചൂടറിയാൻ ശ്രമിക്കുന്നൊരാൾ ..ഒന്നുമില്ല ഒന്നുറങ്ങി ഉണരുമ്പോൾ പോകുമെന്ന് ചേർത്ത് അണയ്ക്കുന്നൊരു ആശ്വസിപ്പിക്കൽ .

ജീവിതമേ, നിന്നെ ഞാൻ എങ്ങനെ സ്നേഹിക്കാതിരിക്കും ..എവിടെ നിന്നൊക്കെയോ എന്നിലേക്കൊഴുകി എത്തുന്ന സ്നേഹ സ്പര്ശം..ഇങ്ങനെ ഇങ്ങനെ പരസ്പരം സ്നേഹിച്ചു ഞങ്ങൾ കഴിയാൻ തുടങ്ങിയിട്ട് വർഷങ്ങൾ എത്ര കഴിഞ്ഞു.ഒരിക്കലും വീട്ടിലേയ്ക്ക് കടന്നു ചെല്ലുകയോ ഫോണ്‍ വിളിച്ചു സംസരിക്കയൊ ചെയ്തില്ല..സത്യത്തിൽ അതിന്റെ ഒന്നും അവശ്യം ഉണ്ടായിരുന്നില്ല...വാക്കുകൾക്കു അതീതമായി സ്നേഹം ഉണ്ടായിരുന്നു അവിടെ..വർഷത്തിലെ 2 വെക്കഷൻ കാലം,അത് തന്ന വിരഹം ചില്ലറയല്ല..പൊടി പിടിച്ചു കിടക്കുന്ന വീടിനെ ഒന്ന് നോക്കാതെ,കരിഞ്ഞു തുടങ്ങുന്ന ചെടികളിലെയ്ക്ക് കണ്ണയക്കാതെ എന്നെ നോക്കി നില്ക്കുന്ന അവളുടെ കണ്ണുകളിൽ കണ്ണുനീരിന്റെ തിളക്കം ഉണ്ട്..

ഒക്കെ അടുക്കി ഒതുക്കുന്നതിന്റെ തിരക്കുകൾക്കിടയിലും ഏറെ നേരം ഞങ്ങൾ പരസ്പരം നോക്കി നിന്നിരിക്കണം ...
"Auntie I want to see baby"  എന്ന് പറഞ്ഞു മനോജും ഇടയ്ക്കിടെ വന്നു പോയി..എന്നത്തേയും പോലെ പൂക്കാരി അമ്മൂമ്മ കൊണ്ട് വന്ന മുല്ലപ്പൂ മാല എടുത്തു അവളെന്റെ നേരെ നീട്ടി കാണിച്ചു...ഇന്നിപ്പോൾ അവസാന ദിവസമാണ്..ഇനി അവളെ കാണുമോ എന്നെങ്കിലും ...എങ്കിലും മുല്ലപ്പൂക്കൾ എന്റെ മുടിയിൽ വയ്ക്കാൻ തോന്നിയില്ല.ചെടിയിൽ കാറ്റിന്റെ തലോടലേറ്റ് ആടി കുണുങ്ങി   നില്ക്കുന്ന പൂക്കളെ കാണാൻ ആണ് എനിക്കിഷ്ടം ..

Packers and movers  വന്നു.സാധനങ്ങൾ ഒക്കെ കൊണ്ട് പോയി ..ഒഴിഞ്ഞു കിടന്ന വീട് കഴുകി വൃത്തിയാക്കി..ഇനിയൊന്നും ചെയ്യാനില്ലാത്ത ശൂന്യതയിൽ ഞങ്ങളുടെ കണ്ണുകൾ  വീണ്ടും ഇടയുന്നു..അസ്തമിക്കാറായ സൂര്യനെ ചൂണ്ടി കാട്ടിയപ്പോൾ വിതുമ്പി പോയ ചുണ്ടുകൾക്ക് ഞാൻ എന്ത് പകരം നല്കും..
മുഖങ്ങളേ മാറുന്നുള്ളൂ ..ഒരു പ്രവാഹമായി എന്നെയും നിന്നെയും എന്നും തൊട്ടു  തലോടി സ്നേഹം ഉണ്ടാകും.സൂര്യ ചന്ദ്രന്മാര്ക്കും നക്ഷത്രങ്ങൾക്കും ഉദയം പോലെ തന്നെ അനിവാര്യമാണ് അസ്തമയവും..ഇന്നുദിക്കുന്ന സൂര്യൻ തന്നെ ആണോ നാളെ ഉദിക്കുന്നത്..ആവണമെന്നില്ല..കൂടി ചേരൽ പോലെ അനിവാര്യമാണ് ഈ വേർപിരിയലും .വീട് പൂട്ടി അവർ ഇറങ്ങുമ്പോൾ ഇരുൾ  പരന്നിരുന്നു..അകന്നു പോകുന്ന കാറിനെ  കാഴ്ച മറയുവോളം ഞാൻ നോക്കി നിന്നു.എന്റെ മനസ്സില് ശൂന്യതയോ വേദനയോ തോന്നിയില്ല എന്നതാണ് അത്ഭുതം .അകലെ ആകാശത്ത് എന്നെ തന്നെ നോക്കി കണ്ണ് ചിമ്മുന്നുണ്ടായിരുനു എന്റെ ഏകതാരകം..

ജീവന്റെ ഏതോ തുടിപ്പിൽ നമ്മൾ അറിയുന്ന പ്രണയം..അവനവനിൽ നിറഞ്ഞു തുളുമ്പുന്ന ഒന്ന്..അത് പിന്നെ ദൂരെ ദൂരെ ഒരിക്കലും കയ്യെത്തിപ്പിടിക്കാൻ ആവാത്ത ചന്ദ്രനേയും നക്ഷത്രങ്ങളെയും ,ഒരിക്കലും ഒന്നിനും ആര്ക്കും സ്വന്തമാകാത്ത കാറ്റിനെയും മലനിരകളെയും പ്രണയിപ്പിക്കുന്നു..ഒരു നാളും പിരിയാതെ, ജീവിതത്തെ ,ചുറ്റുപാടുകളെ സഹജീവികളെ ,അവനവനെ തന്നെ വേദനകളിൽ നിന്ന് പൊതിഞ്ഞു പിടിക്കുന്നു..സ്വപ്നങ്ങളിലേയ്ക്കു ചേർത്ത് പിടിക്കുന്നു...ഒരിക്കലും അണയാതെ, ആകാശ താഴ്വരയിൽ വിരിഞ്ഞു നില്ക്കുന്ന എകതാരകമായി..