Sunday, July 31, 2011

കുയില്‍ പാട്ടിലൊരു പ്രണയം

സൂഫിസത്തെ പറ്റിയുള്ള ഒരു പുസ്തകം വായിക്കുകയാണ് ഞാന്‍.പലതും തിരഞ്ഞു നടന്നപ്പോള്‍ കയ്യിലെത്തിയ ഒരു പുസ്തകം.അതില്‍ വായിച്ച ജലാലുദ്ദീന്‍ റൂമിയുടെ മനോഹരമായ ഒരു കഥ നിങ്ങളുമായി പങ്കു വയ്ക്കാം എന്ന് കരുതി..കഥ ഇങ്ങനെ ആണ് ..
അനുരാഗി വന്നു പ്രണയിനിയുടെ വാതിലില്‍ മുട്ടി.
"ആരാണ് വാതിലില്‍ മുട്ടുന്നത്?".അകത്തു നിന്ന് പ്രണയിനി ചോദിച്ചു.
"ഇത് ഞാനാണ്,വാതില്‍ തുറക്ക്".അനുരാഗി പറഞ്ഞു.
പക്ഷെ വാതില്‍ തുറന്നില്ല.കാരണമറിയാതെ ദുഖിതനായി അലഞ്ഞ അയാള്‍ വീണ്ടും പ്രതീക്ഷയോടെ വാതിലില്‍ തട്ടി.

"ആരാണ്?"
"ഞാന്‍"
അപ്പോഴും വാതില്‍ തുറന്നില്ല.വേദനയോടെ തിരിച്ചു പോയ അനുരാഗി വാതില്‍ തുറക്കാത്തത്തിന്റെ പൊരുള്‍ തേടി യാത്ര ആയി.അന്വേഷണത്തിനൊടുവില്‍ രഹസ്യം
ആത്മാവില്‍  അറിഞ്ഞ അനുരാഗി പ്രണയിനിയുടെ വാതില്‍ക്കല്‍ ഓടിയെത്തി.
വീണ്ടും പഴയ ചോദ്യം."ആരാണ് വാതിലില്‍ മുട്ടുന്നത്?"
"നീ,നീ തന്നെ ആണിത്" അനുരാഗി പറഞ്ഞു.

വാതില്‍ മലര്‍ക്കെ തുറന്നു.ഇതിനകത്ത് രണ്ടു പേര്‍ക്ക് ഇടമില്ലല്ലോ എന്ന് പ്രണയിനി ഓര്‍മ്മപ്പെടുത്തി.
                                പ്രണയത്തെ പറ്റിയുള്ള നിര്‍വ്വചനങ്ങള്‍ ഓരോരുത്തര്‍ക്കും ഓരോന്നാണ്.ജീവിതത്തിന്റെ പല ഏടുകളില്‍ പലതും നമ്മള്‍ കേട്ടറിയുന്നു,അനുഭവിച്ചറിയുന്നു .എന്തോ ഇത് അതിമനോഹരമായി തോന്നി.അനുരാഗിയും പ്രണയിനിയും ഒന്നാകുന്ന അവസ്ഥ.എത്ര മനോഹരം.

സൌഹൃദവും പ്രണയവും ഒക്കെ തുടങ്ങാന്‍ എളുപ്പമാണ്.മുന്‍പോട്ടു കൊണ്ട് പോകാന്‍ പലപ്പോഴും വിഷമം ആകുന്നു.ഒരാളെ സ്നേഹിക്കുമ്പോള്‍,അയാളുടെ ഗുണങ്ങളെ മാത്രമല്ല ദോഷങ്ങളെയും നമ്മള്‍ ഉള്‍ക്കൊള്ളണം എന്നാണ് പറയുക..ഞാനും നീയും ഒന്നാകുക എന്ന അവസ്ഥ അതിലും എത്രയോ ഉയര്‍ന്നതാണ്.നിന്നെ വിരല്‍ ചൂണ്ടി കുറ്റപ്പെടുത്താന്‍ ഞാന്‍ എന്ന അവസ്ഥ ഇല്ലാതാകുന്നു.ഗുണ ദോഷങ്ങള്‍ നമ്മുടെതാണ്‌..നമ്മുടേത്‌ മാത്രം.

പുസ്തകങ്ങള്‍ വായിച്ചിരിക്കുമ്പോള്‍ അതില്‍ നിന്ന് ചിന്തയിലേക്കും,സ്വപ്നങ്ങളിലെയ്ക്കും വഴുതി വീഴുന്ന പുതിയ ശീലത്തിലാണ് ഞാന്‍.പണ്ട് ഒരു മണിക്കൂര്‍ കൊണ്ട് വായിച്ചു തീരുന്ന പലതും ഇപ്പോള്‍ ദിവസങ്ങള്‍ കൊണ്ട് മാത്രം തീര്‍ക്കാന്‍ കഴിയുന്നതിനു കാരണവും ഇതാണ്.ജീവിതമെന്ന മഹാത്ഭുതം.ഒക്കെ കഴിഞ്ഞു എന്ന് നമ്മള്‍ ചിന്തിക്കുന്നിടത്താകും പലതിന്റെയും തുടക്കം.ദുഖത്തിന്റെ അന്തമില്ലാത്ത കടല്‍ എന്ന് കരുതി മുങ്ങി മരിക്കാന്‍ മനസ്സ് കൊണ്ട് തയ്യാറെടുക്കുമ്പോള്‍ കാല്‍ കീഴില്‍ ഉറപ്പുള്ള മണ്ണ്.ഓരോ നിമിഷവും ജീവിതം പുതിയ പാഠങ്ങള്‍ നല്‍കുന്നു.നഗരത്തിന്റെ തിരക്കില്‍,ജോലിയുടെ ഓട്ടത്തില്‍ എനിക്കെന്നെ നഷ്ടമായി എന്ന് കരുതിയിരുന്ന കാലം ഉണ്ടായിരുന്നു.നഗരമോ ഗ്രാമമോ ഒന്നുമല്ല നമ്മുടെ കണ്ണും കാതും തുറന്നു വച്ചാല്‍ മാത്രം മതി എന്നതാണ് സത്യം..

രാവിലെ ഞങ്ങളുടെ കമ്പനി കോമ്പൌണ്ടില്‍ പ്രണയം നിറച്ച ഒരു കുയില്‍ നാദം കേള്‍ക്കാറുണ്ട്.എത്ര തിരക്കിട്ട് ഓടിയാലും,അത് കേള്‍ക്കുമ്പോള്‍ ഒരു ചെറു പുഞ്ചിരി വിടരും.രണ്ടു വശത്തും നിറഞ്ഞു പൂത്തു നില്‍ക്കുന്ന ഗുല്‍മോഹര്‍ ഒന്ന് കണ്‍ നിറച്ചു കണ്ടു,ഈയിടെ മാത്രം പൂത്തു തുടങ്ങിയ ചെമ്പകത്തില്‍ നിന്നൊരു പൂവ് ഇറുത്തു എടുത്താണ് എന്റെ ദിവസങ്ങള്‍ തുടങ്ങുക.കുറച്ചു ദിവസമായി രാവിലെ കുയില്‍ നാദം കേള്‍ക്കാനില്ല..ആകെ ഒരു അസ്വസ്ഥത.കമ്പനിയുടെ ഗേറ്റ് കടക്കുമ്പോള്‍ ഇന്നെങ്കിലും ..നീ ഇവിടെ എവിടെ എങ്കിലും ഉണ്ടെന്നു അറിഞ്ഞാല്‍ മതി..രണ്ടാമത്തെ ദിവസം ദുഖങ്ങളെ പ്രതിരോധിക്കാനുള്ള മനസ്സിന്റെ സ്ഥിരം തന്ത്രം വന്നു.ഹും ഇത് വല്ലതും ഒരു കാര്യമാണോ.കുയിലിനു വേണമെങ്കില്‍ പാടും ,നൂറു കൂട്ടും പണികള്‍ കിടക്കുന്നു.ആര്‍ക്ക് നേരം ഇതൊക്കെ ശ്രദ്ധിക്കാന്‍.പക്ഷെ അടുത്ത ദിവസം ഗേറ്റ് കടന്ന എന്റെ കാലുകളുടെ വേഗത കുറഞ്ഞു.പൂവിറുക്കാന്‍ താല്പര്യം തോന്നിയില്ല..ചുറ്റുമുള്ള മരങ്ങളിലെയ്ക്ക് എന്റെ കണ്ണുകള്‍ പരതി നടന്നു.എവിടെ ആണ് നീ? ആ സ്വരമൊന്നു കേള്‍ക്കാതെ,എന്റെ മനസ്സ് നോവുന്നു..നിന്റെ പാട്ടൊന്നു മാത്രം എന്റെ പ്രഭാതത്തെ എത്ര മനോഹരമാക്കിയിരുന്നെന്നോ.ഇല്ല കാറ്റിന്റെ ചൂളം കുത്തല്‍ മാത്രം..ഉച്ചക്ക് ഊണിനു ശേഷമുള്ള നടത്തം,കൂട്ടത്തില്‍ ആരെങ്കിലും മരങ്ങള്‍ വെട്ടിയോ എന്നും പുതിയ കെട്ടിടം പണി വല്ലതും തുടങ്ങിയോ എന്നും അന്വേഷിച്ചു ഞാന്‍.

ഒന്നും ഉണ്ടായിട്ടില്ല.പിന്നെ എവിടെ പോകാന്‍ ആണ്.പക്ഷിയല്ലേ.അതിനു എവിടെ വേണമെങ്കിലും പോയ്ക്കൂടെ.ആകാശവും ഭൂമിയും സ്വന്തമായവ.പുതിയ ഇടം തേടിയിരിക്കാം.ആവോ.ഇന്നലെ എന്റെ പിറന്നാള്‍ ആയിരുന്നു.ഗേറ്റ് കടന്നെത്തുമ്പോള്‍ വാശിയോടെ ഒരു കൂവല്‍..ഹാ എന്റെ മനസ്സ് നിറഞ്ഞു.ഇത്ര ദിവസം കേള്‍ക്കാത്തതിന്റെ സങ്കടം മുഴുവന്‍ ഉരുകി പോയെന്നു പറഞ്ഞാല്‍ മതിയല്ലോ.കണ്ണ് നിറഞ്ഞു തുളുമ്പി.എനിക്ക് കിട്ടിയ ഏറ്റവും വില പിടിച്ച പിറന്നാള്‍ സമ്മാനം..ഒരു കൈ കുടന്ന നിറയെ ചെമ്പനീര്‍ പൂക്കള്‍ എന്റെ ഹൃദയത്തിലേക്ക് കോരിയിട്ടൊരു പിറന്നാള്‍ ദിനം..ഇതല്ലേ പ്രണയം..ഇത് മാത്രം..

Sunday, July 17, 2011

മഴത്തോര്‍ച്ച

മനസ്സിന്നു
മഴ മാഞ്ഞൊരു ആകാശം
കണ്ണ് നീരിന്റെ പേമാരി
നോവിന്റെ മിന്നലാട്ടങ്ങള്‍
ഹൃദയം തകര്‍ക്കുന്ന
ഇടിമുഴക്കങ്ങള്‍
സര്‍വ്വവും കടപുഴക്കിയെറിയുന്ന
കാറ്റിന്റെ കോലാഹലങ്ങള്‍.

ആടി തിമിര്‍ത്തതിനൊടുവില്‍
നിശബ്ദതയുടെ മേലങ്കിയണിഞ്ഞു
നൊമ്പരങ്ങളുടെ പടിയിറക്കം
ഉള്ളിലുറങ്ങിയ വിത്തില്‍
ആദ്യത്തെ മുള

ഇനിയും പെയ്തു തോരാന്‍
ഇടി മുഴക്കവുമായി എത്തിയേക്കാം
ഒരു മഴക്കാലം,എങ്കിലും
വിരിയാതിരിക്കില്ലൊരു മഴവില്ല്
പുഞ്ചിരിക്കാതിരിക്കില്ല പൂക്കള്‍
ഒഴുകാതിരിക്കില്ല ജീവിതം..

Thursday, July 14, 2011

ഏകാന്തതയുടെ തുരുത്തുകള്‍

തിളയ്ക്കുന്ന വെയിലില്‍
ശൂന്യമായ വഴിയില്‍
ലക്ഷ്യമില്ലാതെ നടക്കുമ്പോള്‍,

ചെരിഞ്ഞു വീഴുന്ന മഴത്തുള്ളികള്‍
ചിത്രം വരയ്ക്കുന്ന ചുവരില്‍
എന്നെ മാത്രം തിരഞ്ഞിരിക്കുമ്പോള്‍,

മുറ്റം നിറയുന്ന
മഴവെള്ളത്തില്‍
സ്വപ്നം നിറച്ച കടലാസ്സു വള്ളം
മഴയുടെ ഏറ്റിറക്കങ്ങളില്‍
മുങ്ങി താഴുമ്പോള്‍,

രാത്രിയുടെ ഇരുള്‍ ചായത്തില്‍
നിഴലുകള്‍ ഇഴ പിരിയുമ്പോള്‍
പാതി വിടര്‍ന്ന
പൂവിന്‍ കവിളില്‍
ഉമ്മ വച്ചെത്തുന്ന കാറ്റ്
എന്നെ മാത്രം പൊതിയുമ്പോള്‍,

ചാന്ദ്രസ്വപ്നത്തില്‍
നെഞ്ചോടു ചേര്‍ത്തൊരു
മയില്‍‌പീലി തുണ്ടില്‍
പ്രാണനെ
ചേര്‍ത്തു വച്ചുറങ്ങുമ്പോള്‍,

ഈ തുരുത്തുകളില്‍ ഒക്കെയും
ഏകാന്തതയുമായി
ഞാന്‍ പ്രണയത്തിലാണ്.

Sunday, July 3, 2011

ജീവിതം

ഒന്നു നില്‍ക്കെന്റെ കുഞ്ഞേ
ഈ പ്രഭാതമെത്ര സുന്ദരം
കാതോര്‍ത്താല്‍ കേള്‍ക്കാമൊരു
കിളിപ്പാട്ട്,
കവിളില്‍ ചുവപ്പണിഞ്ഞു
സുന്ദരിയാകുന്നൊരു ആകാശം
സൂര്യന്റെ ആദ്യ കിരണങ്ങളെ
വാരിപ്പുണരുന്ന ഭൂമി
ഇലത്തുമ്പില്‍ അടരാന്‍  മടിക്കുമൊരു
മഞ്ഞിന്‍ കണം
പാതി വിരിഞ്ഞ മൊട്ടിനുള്ളില്‍
തുമ്പിക്കൊരു തേന്‍ കുടം

 ഇതൊന്നും കാണാതെ,
കേള്‍ക്കാതെ,അറിയാതെ
ചടുതിയില്‍ പായുന്നോരെന്റെ
ചേലത്തുമ്പില്‍ പിടിച്ചു നിര്‍ത്തി
കഥ പറയാന്‍ ആഞ്ഞത്
ജീവിതമല്ലാതെ മറ്റാരാണ്‌?

നാളെയാകട്ടെ
ഇന്നോരല്പം ധൃതിയിലാണെന്നു അറിഞ്ഞു കൂടെ ?

വീണ്ടും വഴി തടഞ്ഞു പറയുന്നു ജീവിതം!
എത്ര നാളായി ഒന്നു കണ്ടിട്ട്
മുഖത്തോട് മുഖം നോക്കിയിട്ട്
ഒരു കഥയും കിന്നാരവും പറഞ്ഞിട്ട്
എന്നും കണ്ടിട്ടും കാണാത്ത പോലെ
എങ്ങോട്ടെയ്ക്കാണ് ഈ ഓട്ടം?