Thursday, November 5, 2009

കൂട്..

ഒരു കൂട്..
കാറ്റിനു വിറളി പിടിപ്പിക്കാന്‍ ആവാത്തത്ര താഴെ
മണ്ണിന്‍റെ നെഞ്ചോടു ചേര്‍ന്നൊരു കൂട്
അര്‍ത്ഥശൂന്യമായ വാക്കുകള്‍ കൊണ്ട് നിറയാത്ത
മൗനം നിറഞ്ഞു തുളുമ്പുന്ന ഒരു കൂട്

തിരക്കുകള്‍ക്കിടയില്‍ സ്വയം നഷ്ടമാവുമ്പോള്‍ ഒക്കെയും
ഓടി അണയാന്‍, എനിക്ക് ഞാന്‍ ആയിരിക്കാന്‍
വിലക്കുകള്‍ ഇല്ലാത്തൊരു
ഏകാന്തതയുടെ തുരുത്ത്..

ആര്‍ത്തിരമ്പി വന്നു,നിമി നേരം കൊണ്ട് കയ്യടക്കി
തല്ലിത്തകര്‍ത്തു പതഞ്ഞൊഴുകി
നിര്‍വ്വികാരമായി മടങ്ങുന്ന
കടലിന്‍റെ കാണപ്പുറത്തു ഒരു കൂട്

ദുഃഖങ്ങള്‍ എല്ലാമൊരു തുണ്ട് കടലാസ്സില്‍ ആക്കി
തീനാമ്പുകളെ ഊട്ടി
ഓര്‍മ്മകളുടെ മേലെ ഒരു കമ്പിളി പുതപ്പിട്ട്
സ്വച്ചമായുറങ്ങാന്‍ എനിക്കൊരിടം
അവിടെ നിലാവിന്‍റെ കുളിരും
കാറ്റിന്‍റെ ഈണവും മാത്രം...

14 comments:

 1. ചില നേരങ്ങളിലെങ്കിലും ഇങ്ങനെ ഇരു കൂട് വേണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്..പക്ഷെ എത്ര ഓടി എവിടെ പോയി ഒളിച്ചിരുന്നാലും എന്ത് കാര്യം..ശൂന്യാമായിരിക്കുന്നിടത്ത് എല്ലാ എനര്‍ജ്ജിയും കേന്ദ്രീകരിക്കുമെന്ന് ആണ് തമോഗര്‍ത്തങ്ങള്‍ എന്ന് കേട്ടിട്ടില്ലെ? (ബ്ലാക്ക് ഹോള്‍സ്) ..അപ്പോള്‍ എന്താ സംഭവിക്കുന്നത്..മാസ്സ് കൂടും അത് എക്സീഡ് ചെയ്യുമ്പോ..അപ്പോ അത് ഒരു വലിയ പൊട്ടിത്തെറിയിലവസാനിക്കും പിന്നെ അവിടെ നിന്ന് പുതിയ പ്രപഞ്ചം ഉണ്ടാകും.അങ്ങനെ ആകെ നോക്കുമ്പോള്‍ .ബെറ്റര്‍ ഇവിടെ എങ്ങാനും ഒരു കൂട് കൂട്ടുന്നതാണ് നല്ലതെന്ന് തോന്നുന്നു..

  ReplyDelete
 2. മുകളിലെ കമന്റിനോട് യോജിക്കുന്നു.
  അതാ സത്യമെന്നു തോന്നുന്നു. എങ്കിലും, അത് സയന്‍സല്ലേ, വെറുതെ അങ്ങനെ തമോഗര്‍ത്തങ്ങളിലൂടെ പുതിയൊരു പ്രപഞ്ചമുണ്ടാക്കാതെ, ഒരു കുഞ്ഞുകൂട് ആഗ്രഹിക്കാമല്ലോ :)

  - സസ്നേഹം
  സന്ധ്യ

  ReplyDelete
 3. സ്വന്തമായി ഒരിടം, ഒരല്പം സമയം..ഒന്ന് ശ്വസിക്കാന്‍..ബാധ്യതകള്‍, ചുമതലകള്‍ ഇതൊക്കെ തല്‍ക്കാലത്തേക്ക് മറന്നു, വിശ്രമിക്കാന്‍, ശാന്തമായി ഉറങ്ങാന്‍..
  കവിത ഇഷ്ടപ്പെട്ടു..:)

  ReplyDelete
 4. valare hridyam...ente ullilullathum
  enikku parayanavathe poyathum....
  athu sreeja paranhirikkunnu....
  angane orupadu perude swapnagalkku
  oru vilambaram ayi ee kavitha marunnu......
  nandan

  ReplyDelete
 5. രസമുണ്ട് വായിക്കാന്‍

  ReplyDelete
 6. ഇത് ശരിയല്ലാട്ടൊ..

  എന്റെ സ്വപ്നങ്ങൾ തട്ടിയെടുക്കുന്നത്..

  ReplyDelete
 7. വൃത്തനിബദ്ധമല്ലെങ്കിലും എത്രസത്യസുന്ദരമായി ഭവതി പകര്‍ത്തിയിരിക്കുന്നത് എന്റെ ചിന്തകള്‍ തന്നെയല്ലേ എന്നു ശങ്കിച്ചുപോവുന്നു. രാത്രി ഉറങ്ങുമ്പോള്‍ പോലും എന്റെ കിടപ്പുമുറിയുടെ മുറിയുടെ വാതില്‍ സാക്ഷയിടാന്‍ മകള്‍ അനുവദിക്കുന്നില്ല. അവളുടെ സ്നേഹം കൊണ്ട് ഞാനൊരു തുറന്നിട്ട കൂട്ടില്‍ ജീവിക്കുന്നു.

  ReplyDelete
 8. എന്തിനാ വെറുതെ
  ഇങനെ ഓരോന്ന് ചിന്തിക്കണേ
  എന്ന് ചോദിയ്ക്കുന്നവരെ ഇത്തരം കവിതകള്‍ കേള്പ്പിക്കരുത്
  വട്ടാണെന്ന് പറഞ്ഞു കളയും നമുക്ക്

  ReplyDelete
 9. kavyaalmakam... sundaram...emakalil swapnaththinte thunt.

  ReplyDelete
 10. നമ്മള്‍ സത്യത്തില്‍ ഒരു വാര്‍ത്തമാനത്തിന്റെ കൂട്ടിലല്ലേ ആ കൂടുനഷ്ടപ്പെട്ടാല്‍ മറ്റൊരു കൂട് സുഖകരമായിരിക്കില്ല

  ReplyDelete
 11. ഓര്‍മ്മകളുടെ മേലെ ഒരു കമ്പിളി പുതപ്പിട്ട്
  സ്വച്ചമായുറങ്ങാന്‍ എനിക്കൊരിടം
  അവിടെ നിലാവിന്‍റെ കുളിരും
  കാറ്റിന്‍റെ ഈണവും മാത്രം
  മനോഹരം/

  ReplyDelete
 12. "ദുഃഖങ്ങള്‍ എല്ലാമൊരു തുണ്ട് കടലാസ്സില്‍ ആക്കി
  തീനാമ്പുകളെ ഊട്ടി
  ഓര്‍മ്മകളുടെ മേലെ ഒരു കമ്പിളി പുതപ്പിട്ട്
  സ്വച്ചമായുറങ്ങാന്‍ എനിക്കൊരിടം
  അവിടെ നിലാവിന്‍റെ കുളിരും
  കാറ്റിന്‍റെ ഈണവും മാത്രം..."

  സുന്ദരമായ വരികള്‍! എഴുത്ത് നിര്‍ത്തരുത് കേട്ടോ ശ്രീ. നല്ല കഴിവുണ്ട്. ശ്രീയുടെ കവിതകള്‍ വായിക്കാനായി ഇന്നു മുതല്‍ ഞാനും കാത്തിരിക്കുന്നു.

  ReplyDelete
 13. കൂട് ഇല്ലാതെയായാല്‍ പിന്നെ സങ്കടമാണ്. എല്ലാര്‍ക്കും വേണമൊരു സ്വകാര്യക്കൂട്

  ReplyDelete